വാർത്തകൾ മാത്രമല്ല, മനോരമയുടെ ചരിത്രവും വ്യാജം

കെ വി സുധാകരൻ
Published on Oct 20, 2025, 10:39 PM | 3 min read
മാധ്യമങ്ങളിലെ കെട്ടിച്ചമയ്ക്കുന്ന വാർത്തകൾ (cooked up news)ക്ക് മാധ്യമങ്ങളുടെ ചരിത്രത്തോളം പഴക്കമുണ്ട്. കള്ളവാർത്തകൾ പടച്ചുവിട്ട് തങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് പൊതു അഭിപ്രായം രൂപപ്പെടുത്തുക, തെറ്റിദ്ധാരണ ഉണ്ടാക്കുക, വിവാദങ്ങൾ ഉണ്ടാക്കുക, തെറ്റായ കാര്യങ്ങൾ ഉദ്ധരിച്ചും വ്യാജചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തിയുമൊക്കെയാണ് വാർത്തകൾ കെട്ടിച്ചമയ്ക്കുന്നത്. ഇതുവഴി വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പ്രചാരം വർധിപ്പിക്കുകയായിരുന്നു ആദ്യകാലത്ത് പത്രങ്ങൾ ചെയ്തിരുന്നതെങ്കിൽ, പിൽക്കാലത്ത് ഇതിൽ രാഷ്ട്രീയംകൂടി കടന്നുവന്നുവെന്നുമാത്രം. മലയാള മനോരമ നടത്തിവരുന്ന വാർത്താനിർമിതിയുടെ പിന്നാമ്പുറങ്ങളിലാകട്ടെ, ഈ എല്ലാ ചേരുവകളും അടങ്ങിയിട്ടുണ്ട്.
അർധസത്യങ്ങളെ വളച്ചൊടിച്ചും അസത്യങ്ങളെ ആഘോഷിച്ചും മനോരമ നടത്തുന്ന വാർത്താനിർമിതി വ്യവസായത്തിന് രാഷ്ട്രീയത്തിന്റെ, വിശേഷിച്ച്, കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമാണ് മുഖ്യമായും ഉള്ളത്. പ്രചാരം വർധിപ്പിക്കാൻ നടത്തിയ ചെപ്പടിവിദ്യകളിൽനിന്നാണ് മഞ്ഞപ്പത്രങ്ങളുടെ തുടക്കമെങ്കിൽ, ഇവിടെ മനോരമയ്ക്ക് കറകളഞ്ഞ കമ്യൂണിസ്റ്റ് വിരോധം മാത്രമാണ് വ്യാജവാർത്തകൾക്ക് വിളനിലമാകുന്നത്. ‘കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കുടിച്ച് ആത്മഹത്യ ചെയ്യും' എന്നു പറഞ്ഞ പത്രാധിപരുടെ ഓർമകൾ മനസ്സിൽ കൂടുകൂട്ടിയിട്ടുള്ളവരാണല്ലോ പുതുതലമുറ എഡിറ്റർമാരും. ആ പത്രാധിപർക്ക് പക്ഷേ, ആത്മഹത്യ ചെയ്യേണ്ടി വന്നില്ല. കാരണം, 1957ൽ കമ്യൂണിസ്റ്റ് പാർടി സർക്കാർ അധികാരത്തിൽ എത്തുന്നതിനുമുന്പേ 1953ൽ അദ്ദേഹം മരിച്ചു.
1957ലെ ഇ എം എസ് സർക്കാർ സമഗ്ര കാർഷികബന്ധ നിയമവും വിദ്യാഭ്യാസനിയമവും അടക്കമുള്ള നടപടികളിലൂടെ ഭൂരിപക്ഷം ജനങ്ങൾക്കും ക്ഷേമ ഐശ്വര്യങ്ങൾ നൽകിയപ്പോഴാണ് വലതുപക്ഷ രാഷ്ട്രീയക്കാർ വിമോചനസമരം ഉണ്ടാക്കുകയും അതിനാവശ്യമായ എരിവും പുളിയും വ്യാജവാർത്തകളിലൂടെ മനോരമയടക്കം പ്രചരിപ്പിക്കുകയും ചെയ്തത്.
സർക്കാരിന്റെ നടപടികളിലൂടെ സാധാരണക്കാരും പാവപ്പെട്ടവരും കൂടുതൽ ഉയരങ്ങളിലേക്ക് വരികയും കാലങ്ങളായി എല്ലാതരത്തിലും അധീശത്വം പുലർത്തിയിരുന്ന സമ്പന്ന ഭൂപ്രഭുവർഗത്തിന് അത് നഷ്ടപ്പെടുകയും ചെയ്യുമെന്ന് വന്നതോടെയാണ് വിമോചനസമരത്തിന് അന്നത്തെ മനോരമയടക്കം തീപിടിപ്പിച്ചത്. പിന്നീടുള്ള എല്ലാ ഘട്ടങ്ങളിലും ഏതെല്ലാം പുരോഗമന നടപടികൾ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ വ്യാജവാർത്തകളിലൂടെയും കള്ളപ്രചാരണങ്ങളിലൂടെയും ആ സർക്കാരുകളെ എങ്ങനെയൊക്കെ ഇകഴ്ത്തിക്കാട്ടാമോ അതൊക്കെ ഇവർ ചെയ്തു. പ്രത്യക്ഷത്തിൽ പുരോഗമനജാട പ്രദർശിപ്പിക്കുന്നതിലും ഒട്ടും പുറകിലല്ല ഇക്കൂട്ടർ. പി കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസും തൊട്ട്, വി എസ് അച്യുതാനന്ദനും പിണറായി വിജയനും വരെയുള്ളവരെ ഒക്കെ നുണകളും തെറ്റിദ്ധാരണകളും പരത്തി അധിക്ഷേപിക്കുകയെന്നത് തങ്ങളുടെ ധർമമാണെന്ന് വിശ്വസിച്ച് പ്രവർത്തിക്കുകയാണ് മനോരമ. ‘ധർമോസ്മത് കുലദൈവതം' എന്ന പത്രത്തിന്റെ ആപ്തവാക്യത്തിന്റെ സത്യാനന്തരകാല വ്യാഖ്യാനമാണ് കമ്യൂണിസ്റ്റ് വിരുദ്ധതാ ധർമം.
‘പി കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്?' എന്ന ദുരർഥ സൂചന ഒളിപ്പിച്ചുവച്ചായിരുന്നു കൃഷ്ണപിള്ളയെയും കമ്യൂണിസ്റ്റ് പാർടിയെയും അധിക്ഷേപിച്ചത്. എ കെ ജിക്കെതിരെ 21–-ാം നൂറ്റാണ്ടിൽപ്പോലും ഒരു വഷളൻ യുവനേതാവ് പറഞ്ഞ അധിക്ഷേപം ഈ പത്രം കൊണ്ടാടി. ഇ എം എസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഷെയറുകൾ മകൻ ശ്രീധരന് നൽകി എന്ന അസംബന്ധ വാർത്ത നൽകി ഇ എം എസിനെ ഓഹരിക്കച്ചവടക്കാരനാക്കാൻ ശ്രമിച്ചു. ഓഹരി കുംഭകോണം നടത്തിയ ഹർഷദ് മേത്ത വാർത്തകളിൽ നിറഞ്ഞുനിന്ന സമയത്താണ് ഇ എം എസിന്റെ വിൽപ്പത്രം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ ഈ വാർത്ത നൽകിയത്. കെഎസ്‌കെടിയു നടത്തിയ നെൽവയൽ സംരക്ഷണസമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ വി എസിനെ വെട്ടിനിരത്തലുകാരൻ എന്നു പറഞ്ഞ് ആക്ഷേപിച്ചു എന്നുമാത്രമല്ല, പിന്നീട് കമ്യൂണിസ്റ്റ് പാർടി നേതാക്കളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നതിനുള്ള ഒരു പദമായും ഇത് വികസിപ്പിച്ചെടുത്തു.
പിണറായി വിജയൻ മുഖ്യമന്ത്രിയായ കാലംമുതൽ (അതിനു മുമ്പേതന്നെ തുടങ്ങിയിരുന്നു) എൽഡിഎഫ് സർക്കാരിനെതിരെ കൊണ്ടുപിടിച്ച വ്യാജവാർത്താ ഉൽപ്പാദനകേന്ദ്രമായി മനോരമ മാറി. ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന ഹരിതം, ആർദ്രം, ലൈഫ് മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ നാലു മിഷനുകൾക്കെതിരെ എന്തെല്ലാം നുണക്കഥകൾ ഈ പത്രം മെനഞ്ഞു? 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെയും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഘട്ടമായപ്പോൾ കൊച്ചുകുട്ടികൾക്കുപോലും പരിഹാസം തോന്നുന്ന ‘സ്വർണക്കടത്ത്'കഥകൾ മെനഞ്ഞു. അവിടെ കൈപൊള്ളിയിട്ടും മനോരമ അടങ്ങിയില്ല.
ഇപ്പോഴിതാ, വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിയപ്പോൾ നുണഫാക്ടറിയിലെ യന്ത്രങ്ങൾ തേച്ചുമിനുക്കിത്തുടങ്ങി. പിണറായിക്കും മകൾക്കും എതിരെ നടത്തിവന്ന ദുരാരോപണങ്ങളുടെ മുനയൊടിഞ്ഞു എന്നുമാത്രമല്ല, സുപ്രീംകോടതിതന്നെ ഇതിനെല്ലാം ഒത്താശ ചെയ്തവരുടെ ചെവിക്കു പിടിക്കുകകൂടി ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ മകനെയും വലിച്ചിഴയ്‌ക്കുന്നത്.
മനോരമ ആഘോഷപൂർവം കൊണ്ടുവന്ന വാർത്തതന്നെ പിറ്റേദിവസം മാറ്റിപ്പറഞ്ഞു. എന്നാൽ, വാർത്ത തെറ്റിച്ചാണ് കൊടുത്തതെന്നു പറയാനുള്ള അന്തസ്സ് കാട്ടിയില്ല. രണ്ടാമത് മറ്റൊരു കേസുമായി മുഖ്യമന്ത്രിയുടെ മകനെ കൂട്ടിക്കെട്ടാനായി ശ്രമം. എന്നാൽ, ആ കേസുണ്ടാകുമ്പോൾ മുഖ്യമന്ത്രിയുടെ മകൻ കൗമാരംപോലും പിന്നിട്ടിരുന്നില്ല എന്ന സത്യം ഓർത്തില്ല.
എൽഡിഎഫ് സർക്കാർ മൂന്നാംതവണയും ജയിച്ചുവരുമെന്ന് തെളിഞ്ഞതോടെ സത്യത്തിൽ പ്രതിപക്ഷം മാത്രമല്ല, മനോരമയും ആധിയുടെ ആഴക്കടലിലാണ്. ഇതിൽനിന്നാണ് ഇത്തരം കടലാസുപടക്കങ്ങൾ കൊണ്ടുവരുന്നത്. പത്രത്തിന്റെ ചരിത്രംതന്നെ കള്ളങ്ങളിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നവർക്ക് വെറുമൊരു വാർത്ത പടച്ചുവിടാനാണോ ബുദ്ധിമുട്ട്? ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തുറുങ്കിലടയ്‌ക്കപ്പെട്ടവരാണ് കെ സി മാമ്മൻ മാപ്പിള അടക്കമുള്ള പത്രാധിപന്മാർ എന്ന വ്യാജചരിത്രം പേർത്തും പേർത്തും പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ ഇവർ? എന്നാൽ, ഇവരുടെ ഉടമസ്ഥതയിലുള്ള ‘ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്കി'ൽ തിരിമറി നടത്തി നിക്ഷേപകരെ കബളിപ്പിച്ചതിന്റെ പേരിലായിരുന്നു ബാങ്ക് ഡയറക്ടർമാരായ കെ സി മാമ്മൻ മാപ്പിള, സി പി മാത്തൻ, കെ വി വറുഗീസ്, കെ എം ഈപ്പൻ എന്നിവരെ അറസ്റ്റ് ചെയ്തതും 1937 സെപ്തംബറിൽ മനോരമ പത്രം മുദ്രവച്ചതും. ഇക്കാര്യം മനോരമയുടെതന്നെ പഴയ താളുകളിൽ ഇപ്പോഴും കാണാൻ കഴിയും. അന്ന് മാപ്പെഴുതിയും ദിവാൻ സി പി രാമസ്വാമി അയ്യരെ താലോലിച്ചും ചെയ്തുകൂട്ടിയ കാര്യങ്ങളും ചരിത്രത്തിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വെട്ടുകിളിശല്യത്തെപ്പറ്റി മുഖപ്രസംഗം എഴുതി ജനങ്ങളെ ഉദ്ബുദ്ധരാക്കിയതും അടിയന്തരാവസ്ഥയെ പാടിപ്പുകഴ്‌ത്തിയതിന്റെ പേരിൽ ഇന്ദിരാഗാന്ധിയുടെ എ പ്ലസ് സർട്ടിഫിക്കറ്റ് വാങ്ങി പരസ്യങ്ങൾ തരപ്പെടുത്തിയതുമൊക്കെ ചരിത്രത്തിൽത്തന്നെയുണ്ട്. ഇതൊക്കെയുള്ള മനോരമയാണ് ‘ധർമമാണ് ഞങ്ങളുടെ കുലദൈവം' എന്ന് ഉരുവിട്ടുകൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമധർമം നിർവഹിക്കുന്നത്. സത്യാനന്തരകാലത്തിലേക്ക് മനോരമ നൽകുന്ന സംഭാവനകൾക്ക് സ്തുതി പാടുകതന്നെ വേണം.














