മണിപ്പുരിനെ ചോരയിൽ മുക്കി സംഘപരിവാർ രാഷ്ട്രീയക്കളി

എം പ്രശാന്ത്
Published on May 26, 2026, 11:25 PM | 3 min read
രാഷ്ട്രപതിഭരണം അവസാനിപ്പിച്ച് ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റശേഷവും മണിപ്പുർ അശാന്തമാണ്. കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന മെയ്‌തി–കുകി സംഘർഷം ഇപ്പോൾ നാഗാ ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന മേഖലകളിലേക്കുകൂടി പടർന്നു. കുകി ഗോത്രവിഭാഗവും നാഗാ വിഭാഗക്കാരുമായുള്ള ഏറ്റുമുട്ടൽവാർത്തകളാണ് ഇപ്പോൾ മണിപ്പുരിൽനിന്ന് പുറത്തുവരുന്നത്. അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്നത് ഇപ്പോഴും വിദൂരസ്വപ്‌നമാണ്.
ഇംഫാൽ താഴ്‌വരയും അതിനെ ചുറ്റിയുള്ള മലനിരകളും അടങ്ങുന്നതാണ് മണിപ്പുരിന്റെ ഭൂപ്രകൃതി. തന്ത്രപ്രധാനമായ ഇൗ അതിർത്തിസംസ്ഥാനത്തെ ആകെ ജനസംഖ്യ 35 ലക്ഷം വരും. ജനസംഖ്യയിൽ 42 ശതമാനത്തോളം ഹിന്ദുവിശ്വാസികളും അത്രയുംതന്നെ ക്രൈസ്‌തവരുമാണ്. മെയ്‌തി വിഭാഗത്തിൽ മൂന്നുലക്ഷത്തോളവും കുകി, നാഗാ ഗോത്രവിഭാഗക്കാരിൽ ഭൂരിഭാഗവും ക്രൈസ്‌തവ വിശ്വാസികളാണ്. 2023 മേയിൽ മെയ്‌തി– കുകി ഏറ്റുമുട്ടലിലേക്ക് മണിപ്പുർ കടക്കുംമുന്പ് താഴ്‌വരയിലും തലസ്ഥാനമായ ഇം-ഫാലിലും എല്ലാ വിഭാഗവും സൗഹാർദത്തോടെ കഴിഞ്ഞിരുന്നു. 2017ൽ സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലെത്തിയശേഷമാണ് മണിപ്പുരിൽ സംഘർഷത്തിന്റെ വിത്തുകൾ പാകിത്തുടങ്ങിയത്. ഹിന്ദു ഭൂരിപക്ഷ മെയ്‌തി വിഭാഗക്കാരിൽ സ്വാധീനമുറപ്പിച്ച സംഘപരിവാർ രണ്ടു തീവ്രസംഘടനകൾക്ക് രൂപംനൽകി– ആരംബായ് തെംഗോലും മെയ്‌തി ലീപുണും. മെയ്‌തികളുടെ തനത് സാംസ്‌കാരികത വീണ്ടെടുക്കുകയെന്ന ആശയാടിത്തറയിലൂന്നി ഇൗ സംഘടനകൾ നീങ്ങിയതോടെ ക്രൈസ്‌തവർ ശത്രുപക്ഷത്തായി. അതിൽത്തന്നെ താഴ്‌വരയിൽ കൂടുതലായുള്ള കുകി ക്രൈസ്‌തവരെയാണ് മെയ്‌തി സംഘടനകൾ ലക്ഷ്യമിട്ടത്.
കുകികളെ മ്യാൻമറിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരായും കൊക്കെയ്‌ൻ കടത്തുകാരായ നാർക്കോ ടെററിസ്റ്റുകളായും മെയ്‌തി സംഘടനകൾ ചിത്രീകരിച്ചു. ഇവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ സർക്കാർതലത്തിലുമുണ്ടായി. മെയ്‌തികളെ എസ്‌ടി പട്ടികയിൽ ഉൾപ്പെടുത്തുന്നത് സർക്കാരിന് പരിഗണിക്കാമെന്ന മണിപ്പുർ ഹൈക്കോടതി വിധിയാണ് 2023 മേയിൽ വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്. മൂന്നുവർഷത്തിന് ഇപ്പുറവും സംഘർഷത്തിന് അയവില്ല. സംസ്ഥാന ജനസംഖ്യയിൽ 30 ശതമാനത്തിലേറെ വരുന്ന നാഗാ വിഭാഗക്കാർ മെയ്‌തി–കുകി സംഘർഷത്തിൽ ഇതുവരെ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ചില സമീപകാല സംഭവങ്ങൾ നാഗാ വിഭാഗക്കാരെക്കൂടി സംഘർഷത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന സംഘപരിവാർ തന്ത്രമാണ് ഇതിനുപിന്നിൽ.
കുകി–നാഗാ സംഘർഷം
മണിപ്പുരിൽ കുകി–നാഗാ ഗോത്രവിഭാഗക്കാരുടെ ഏറ്റുമുട്ടലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറ്റുമുട്ടൽ ഇരുകൂട്ടരെയും തളർത്തിയതോടെ തനിയെ അവസാനിക്കുകയായിരുന്നു. മൂന്നുപതിറ്റാണ്ടുകാലം കുകികളും നാഗാകളുമായി കാര്യമായ സംഘർഷമുണ്ടായില്ല. ഫെബ്രുവരി ആദ്യ ആഴ്‌ചയിൽ നാഗാകൾക്ക് ഭൂരിപക്ഷമുള്ള ഉക്രുൾ ജില്ലയിൽ ഇരുവിഭാഗത്തിലെയും യുവാക്കൾ നിസ്സാരകാര്യത്തിന് ഏറ്റുമുട്ടിയതാണ് പുതിയ പ്രശ്‌നങ്ങൾക്ക് വഴിവച്ചത്. നാഗാ യുവാവിന് സംഘർഷത്തിൽ പരിക്കേറ്റു. ഇതോടെ ക്ഷുഭിതരായ നാഗാകൾ കുകി വീടുകൾക്ക് തീയിട്ടു. തിരിച്ചും ആക്രമണമുണ്ടായി. നിരവധി സർക്കാർ ഓഫീസുകളും അക്രമികൾ തകർത്തു. മെയ് 13ന് ചുരാചന്ദ്‌പുരിൽ മതചടങ്ങിൽ പങ്കെടുത്തശേഷം കാങ്‌പോക്‌പിയിലേക്ക് പോവുകയായിരുന്ന കുകി പുരോഹിതസംഘത്തിനുനേരെ ആക്രമണമുണ്ടായി. മൂന്ന് ക്രൈസ്‌തവ പുരോഹിതർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ താഡോ ബാപ്‌റ്റിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വുംതാങ് സിതൽഹൂവും ഉൾപ്പെട്ടത് സ്ഥിതിഗതി കൂടുതൽ വഷളാക്കി. ഡോ. വുംതാങ്ങിനെ കൊലപ്പെടുത്തിയത് ആരെന്നത് ഇനിയും വ്യക്തമല്ലെങ്കിലും മേഖലയിൽ കുകി–നാഗാ സംഘർഷം കൂടുതൽ കനത്തു. അന്ന് വൈകിട്ടുതന്നെ നോനി ജില്ലയിൽ കുകികൾ നാഗാ യുവാവിനെ കൊലപ്പെടുത്തി. മറ്റു രണ്ടുപേരെ പരിക്കേൽപ്പിച്ചു.
ഇതോടെ കുകി മേഖലയിൽ നാഗാ വിഭാഗക്കാരും തിരിച്ചും ബന്ദികളാക്കപ്പെട്ടു. സേനാപതി ജില്ലയിൽ 23 കുകികളെ നാഗാ വിഭാഗക്കാർ ബന്ദികളാക്കി. തിരിച്ച് കൊൻസാകുൽ ജില്ലയിൽ ഇരുപതിലേറെ നാഗാ വിഭാഗക്കാരെ കുകികളും ബന്ദികളാക്കി. തടവിലാക്കപ്പെട്ടവരിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പെട്ടു. നാഗാ പീപ്പിൾസ് ഫ്രണ്ട് നേതാവും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ലോസി ദിഖോയും ഇരുവിഭാഗങ്ങളിലെയും ക്രൈസ്‌തവ മതനേതാക്കളുമടക്കം അനുരഞ്‌ജന നീക്കങ്ങൾ നടത്തിയെങ്കിലും ബന്ദിപ്രശ്‌നം പൂർണമായും പരിഹരിച്ചിട്ടില്ല.
മെയ്‌തികൾ അധിവസിക്കുന്ന ഇംഫാൽ താഴ്‌വരയും കുകികൾ കഴിയുന്ന മലനിരകളും അതിരിടുന്ന ഭൂമികയായിരുന്നു കഴിഞ്ഞ മൂന്നുവർഷമായി മണിപ്പുരിലെ ‘യുദ്ധക്കളം.’ എന്നാൽ, നാഗാ വിഭാഗക്കാരുടെ കടന്നുവരവോടെ താഴ്‌വരയും അതിനെ ചുറ്റിയുള്ള മലനിരകളും സംഘർഷപ്രദേശമായി. വംശീയമായി ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ ഇൗവിധം രൂക്ഷമായൊരു സാഹചര്യം മണിപ്പുരിൽ മുമ്പുണ്ടാക്കിയിട്ടില്ല. കുകി, നാഗാ തീവ്രവാദ ഗ്രൂപ്പുകൾ ആയുധമെടുത്തത് പലപ്പോഴും സർക്കാർസംവിധാനങ്ങൾക്ക് എതിരെയായിരുന്നു.
ബിജെപിയുടെ ലക്ഷ്യം
അടുത്ത ഫെബ്രുവരിയിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് മണിപ്പുർ. കഴിഞ്ഞ ഒന്പതുവർഷത്തിലേറെയായി ബിജെപിയാണ് സംസ്ഥാനത്ത് ഭരണത്തിൽ. സംഘപരിവാർ പടിപടിയായി ആസൂത്രണംചെയ്‌ത വംശീയ, വർഗീയ സംഘർഷം വലിയ പൊട്ടിത്തെറിയിലേക്ക് വഴിമാറിയശേഷം സംസ്ഥാനത്ത് ഇതുവരെ 260 പേർ കൊല്ലപ്പെട്ടു. നിരവധി സ്‌ത്രീകൾ ബലാത്സംഗത്തിന് ഇരയായി. പതിനായിരത്തിലേറെ വീടുകൾ പൂർണമായോ ഭാഗികമായോ തകർത്തു. ഏതാണ്ട് 60,000 പേർ അഭയാർഥിക്യാമ്പുകളിലായി. മെയ്‌തി തീവ്രസംഘടനകൾക്ക് അനുകൂലമായി പരസ്യമായി നിലകൊണ്ടിട്ടും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ നീക്കാൻ ബിജെപി കേന്ദ്രനേതൃത്വം തയ്യാറായില്ല. സംഘർഷം നിയന്ത്രിക്കുന്നതിൽ ബിജെപി സർക്കാർ പൂർണമായി പരാജയപ്പെട്ടതോടെ ജനരോഷം ശക്തമായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചു. മണിപ്പുരിലെ രണ്ട് ലോക്‌സഭാ സീറ്റിലും ബിജെപി തകർന്നടിഞ്ഞു.
ബിരേൻ സിങ്ങിനെ വൈകിയാണെങ്കിലും ബിജെപിക്ക് നീക്കേണ്ടിവന്നു. 2025 ഫെബ്രുവരിയിൽ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു.
രാഷ്ട്രപതിഭരണത്തിനെതിരെയും ജനവികാരം ഉയർന്നതോടെ വീണ്ടും സർക്കാർ രൂപീകരണത്തിന് ബിജെപി നിർബന്ധിതരായി. മെയ്‌തി വിഭാഗക്കാരനായ ഖെംചന്ദ് സിങ്ങിനെ മുഖ്യമന്ത്രിയാക്കി. കുകി വിഭാഗത്തിൽനിന്നുള്ള നെമ്‌ച കിപ്‌ചെനും നാഗാ നേതാവ് ലോസി ദിഖോയും ഉപമുഖ്യമന്ത്രിമാരായി. പുതിയ സർക്കാർ രൂപീകരണവും മണിപ്പുരിനെ ശാന്തമാക്കിയില്ല. 2023ലെ സംഘർഷത്തിൽ പലായനം ചെയ്‌തവർ ഇപ്പോഴും അഭയാർഥിക്യാമ്പുകളിൽ തുടരുകയാണ്.
ജനവികാരം ഇപ്പോഴും ബിജെപിക്ക് എതിരാണ്. ഇൗ ഘട്ടത്തിലാണ് വളരെ അപ്രതീക്ഷിതമായി നാഗാ–കുകി സംഘർഷം ഉടലെടുക്കുന്നത്. 60 നിയമസഭാ സീറ്റുള്ള മണിപ്പുരിൽ നാൽപ്പതും മെയ്‌തി വിഭാഗക്കാർ അധിവസിക്കുന്ന താഴ്‌വരയിലാണ്. കുകി–നാഗാ വിഭാഗക്കാർ കൂടുതലായുള്ള മലനിരകളിൽ പത്തുവീതം സീറ്റുകളുമുണ്ട്. താഴ്‌വരയിലെ 40 സീറ്റാണ് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത്. വംശീയസംഘർഷത്തെ മലനിരകളിലേക്ക് വഴിതിരിച്ചും താഴ്‌വരയെ സംരക്ഷിച്ചും തെരഞ്ഞെടുപ്പുനേട്ടമാണ് ബിജെപി ലക്ഷ്യംവയ്‌ക്കുന്നതെന്ന് വ്യക്തം.















