ജൂൺമഴയിൽ കുളിച്ച്...


വൈഷ്‌ണവ് ബാബു
Published on Jun 28, 2026, 04:31 AM | 3 min read
ജൂൺ പെയ്തൊഴിയുമ്പോൾ മലയാള സിനിമാഹൃദയത്തിൽ വിങ്ങലായി പെയ്യുന്നൊരോർമയുണ്ട്. അഭിനയത്തിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഴമറിയുന്ന സുകുമാരന്റെ കാലം മായ്ക്കാത്ത ഓർമകൾ. ജൂണിൽ ജനിക്കുകയും മറ്റൊരു ജൂണിന്റെ അന്ത്യത്തിൽ വിടപറയുകയും ചെയ്ത സുകുമാരൻ ‘നിർമാല്യ’ത്തിലെ അപ്പുവിൽ തുടങ്ങി ‘ബന്ധന’ത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ഏറ്റുവാങ്ങി. പൊള്ളിക്കുന്ന സംഭാഷണങ്ങളും മുഖഭാവങ്ങളും അദ്ദേഹത്തെ മില്ലേനിയൻസിന്റെ ഹീറോയാക്കി. മല്ലിക സുകുമാരൻ എന്ന ജീവിതസഖിയുടെ സിനിമാജീവിതത്തിലും ആ സാന്നിധ്യമുണ്ട്. അരവിന്ദന്റെ ‘ഉത്തരായന’ത്തിൽ തുടങ്ങി ഇന്നും അഭിനയയാത്ര തുടരുന്ന മല്ലികയുടെ ഓരോ ചുവടിലും ആ ജൂൺമഴ നിർത്താതെ പെയ്യുന്നു.
സിനിമയിലെ ആഭ്യന്തര പരാതിപരിഹാരസംവിധാനങ്ങളുടെ ആവശ്യകതയെക്കുറിച്ചും സ്ത്രീയുടെ സാമ്പത്തികസ്വാതന്ത്ര്യത്തെക്കുറിച്ചും മടിയില്ലാതെ മല്ലിക സംസാരിക്കും. ‘അമ്മ’ സംഘടനയിൽ നീതിക്കായുള്ള പോരാട്ടത്തിൽ പദവികളേക്കാൾ ആത്മാഭിമാനത്തിന് മുൻഗണന നൽകി പടിയിറങ്ങിയപ്പോൾ തന്റേതായ അഭിപ്രായത്തിൽ ഉറച്ചുനിൽക്കാനും അവർക്കായി. സിനിമാജീവിതത്തെക്കുറിച്ച് മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു.
അരനൂറ്റാണ്ടിലേറെ നീണ്ട യാത്ര
അരവിന്ദനെന്ന പ്രതിഭയുടെ മുന്നിൽ അഭിനയത്തിന്റെ ആദ്യക്ഷരം നുകരുമ്പോൾ ഒത്തിരി ആശങ്കകളും സംശയങ്ങളുമുണ്ടായിരുന്നു. നിർദേശപ്രകാരം അഭിനയിച്ചു. ഫസ്റ്റ് ടേക്ക് ഓകെയായി. അതിനുശേഷം കെ ജി ജോർജിന്റെ കുറെ ചിത്രങ്ങൾ. അന്ന് പല നടിമാരും ‘ഹീറോയിൻ’ സ്വപ്‌നവുമായി നടക്കുമ്പോൾ സ്വഭാവ കഥാപാത്രങ്ങളോടായിരുന്നു എനിക്ക് താൽപ്പര്യം. സിനിമ മാറി; ഒരു ഘട്ടത്തിനിപ്പുറം സ്ത്രീകഥാപാത്രങ്ങൾ നായകന്മാർക്ക് പ്രണയിക്കാനും വിവാഹം കഴിക്കാനും നൃത്തം ചെയ്യാനുമുള്ള അവസരത്തിനുമാത്രമായി. പക്ഷേ, പുതുതലമുറയുടെ കൂടെ അഭിനയിക്കുമ്പോൾ അവരിലെ പുതിയ ആശയങ്ങൾ അത്ഭുതപ്പെടുത്താറുണ്ട്. അവരിലൂടെ ഞാനിന്നും പഠിച്ചുകൊണ്ടിരിക്കുന്നു.
തെറ്റുകൾക്കെതിരെ പ്രതികരിക്കണം
സുകുവേട്ടൻ ഇല്ലാത്ത അക്കാലത്ത് വലിയൊരു ശൂന്യതയിൽ നിന്നിട്ടുണ്ട്. അന്ന് ശക്തിയായി മുന്നോട്ടുപോയില്ലെങ്കിൽ എന്റെ കുഞ്ഞുങ്ങൾ തകർന്നുപോയേനെ. അതുകൊണ്ട് ഞാൻ അവരെ പ്രതികരിക്കാൻ പഠിപ്പിച്ചു. അനാവശ്യമായി ആരെയും വേദനിപ്പിക്കരുത്. പക്ഷേ, തെറ്റ് കാണുമ്പോൾ മൗനംപാലിക്കുകയുമരുത്. പൃഥ്വിരാജ്, എന്തും പ്ലാൻ ചെയ്തേ മുന്നോട്ടുനീങ്ങൂ. കൃത്യമായ ഹോംവർക്ക് ചെയ്തിട്ടാണ് അവൻ വരുന്നത്. ഇന്ദ്രജിത്തും വൈവിധ്യമാർന്ന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യും. സംവിധാനത്തിലേക്ക് വരണമെന്നവൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പല വലിയ പ്രോജക്ടുകളിൽ തിരക്കായതുകൊണ്ട് നീണ്ടുപോകുന്നു. രണ്ടുപേരും പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നവരാണ്.
ചെയ്തുതീർക്കാൻ കഴിയാത്തത്
മമ്മൂട്ടിയുടെ ‘ടർബോ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. അഡ്വാൻസ് വരെ വാങ്ങി. എന്നാൽ, കാലിന്റെ തേയ്മാനം കാരണം നടക്കാൻപോലും പറ്റാത്ത അവസ്ഥയായതിനാൽ പോകാനായില്ല. അതൊരു വലിയ സങ്കടമായി അവശേഷിക്കുന്നു. ആ പണം തിരിച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും വാങ്ങിയില്ല. ഇതല്ലാതെ അഭിനയജീവിതത്തിൽ വലിയ സങ്കടങ്ങളൊന്നുമില്ല. അവസരങ്ങൾ കിട്ടിയാൽ അഭിനയിക്കുന്നു, അത്രതന്നെ. ഒന്നിനോടും എനിക്ക് അമിതമായ ആഗ്രഹമില്ല. സിനിമ എന്നെ ഒരുപാട് പഠിപ്പിച്ചു. ജീവിതത്തിലെ ഓരോ നഷ്ടവും എനിക്ക് പുതിയ പാഠങ്ങളായിരുന്നു. ഞാൻ ഒരു പ്രൊഫഷണൽ ആക്ടറാണ്. കിട്ടിയ വേഷങ്ങൾ ഭംഗിയായി ചെയ്യാൻ ശ്രമിക്കും. തൃപ്തിയാണ് എന്റെ ജീവിതത്തിന്റെ മന്ത്രം. ഞാൻ ഇന്നും സിനിമയിൽ സജീവമാണ് എന്നുള്ളതുതന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. പുതിയ സംവിധായകർ വിളിക്കുമ്പോൾ പോകാൻ എനിക്ക് മടിയില്ല. എനിക്ക് സിനിമയിൽനിന്ന് കിട്ടിയത് സ്നേഹമാണ്, ബഹുമാനമാണ്. മക്കളെപ്പോലെതന്നെ എനിക്കും സിനിമ ഒരു വലിയ വികാരമാണ്. ആ വികാരം അവസാന ശ്വാസംവരെയും ഞാൻ കൊണ്ടുനടക്കും.
സ്ത്രീകൾക്ക് സാമ്പത്തികസ്വാതന്ത്ര്യം
സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനമുണ്ടെങ്കിൽ അവർക്ക് ഒരു വിലയുണ്ട്. സുകുവേട്ടൻ പടുത്തുയർത്തിയ സമ്പാദ്യവും എന്റെ അധ്വാനവുംകൊണ്ട് എനിക്കൊരു വിഷമവും കൂടാതെ ജീവിക്കാം. ആർക്കും മുന്നിൽ കൈനീട്ടേണ്ട ആവശ്യമില്ല. എന്നാൽ, ഒരു സ്ത്രീ സ്വന്തം കാലിൽ നിൽക്കണമെന്നത് എന്റെ ബോധ്യമായിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായാലും സ്വന്തം തൊഴിൽ കളയരുത്. സാമ്പത്തികഭദ്രതയാണ് സ്ത്രീയുടെ ഏറ്റവും വലിയ ആയുധം. മരുമക്കളെ എപ്പോഴും ഉപദേശിക്കുന്നത് സ്വന്തം ജോലിയിൽ ശ്രദ്ധിക്കാനാണ്. അവരത് കൃത്യമായി ചെയ്യുന്നുമുണ്ട്. ഡിസൈനിങ് പരിപാടി പൂർണിമയും പ്രൊഡക്‌ഷൻ ജോലികൾ സുപ്രിയയും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എനിക്ക് വസ്തുവകകളുണ്ട്. വാടകയിൽനിന്ന് വരുമാനവുമുണ്ട്. അതുകൊണ്ട് എന്റെ കാര്യങ്ങൾ നടത്താൻ ആരെയെങ്കിലും ആശ്രയിക്കേണ്ടതില്ല. പ്രായം കൂടുമ്പോൾ ഇൗ ആത്മവിശ്വാസം വലിയ സന്തോഷമാണ്. ഇതുതന്നെയാണ് ഇക്കാലത്തുമെന്നെ ഉന്മേഷത്തോടെ നിലനിർത്തുന്നത്.
പക്വത കാണിക്കണം
ഞാനൊരിക്കലും ഒരു വിഷയത്തിലും അനാവശ്യമായി ഇടപെടാറില്ല. ആരെങ്കിലും ചോദിച്ചാൽ സത്യം മാത്രം പറയും. ഇപ്പോഴത്തെ പുതിയ നടിമാരോട് എനിക്ക് പറയാനുള്ളത്, കുറച്ചുകൂടി പക്വത കാണിക്കണം. സിനിമയെന്നാൽ വെറും ഗ്ലാമർമാത്രമല്ല. അതിനപ്പുറം ഒരു ക്രാഫ്റ്റുണ്ട്. അത് പഠിക്കണം. പുതിയ കുട്ടികൾക്ക് സിനിമയെക്കുറിച്ച് ഒത്തിരി ഐഡിയകളുണ്ട്. പക്ഷേ, ഒരു നേതാവാകാൻ ആദ്യം വേണ്ടത് ആത്മസംയമനമാണല്ലോ. അതുപോലെയാണ് സിനിമാജീവിതവും. ഞാൻ അക്കാദമിയിലോ കെഎസ്എഫ്ഡിസിയിലോ ഒന്നും പോയി കഴുത്തിൽ ചരടും കെട്ടി നടക്കാറില്ല. നമുക്ക് യോഗ്യതയുണ്ടെങ്കിൽ അംഗീകാരം തേടിവരും. സംഘടനകൾ തെറ്റുതിരുത്താൻ ശ്രമിക്കണം. അല്ലാതെ തർക്കങ്ങളുണ്ടാക്കി സമയം കളയരുത്. ജനങ്ങൾക്ക് സിനിമയെ സ്നേഹിക്കാൻമാത്രമേ അറിയൂ, അവരെ ഇതിലേക്ക് വലിച്ചിഴയ്‌ക്കരുത്.
കുടുംബത്തോടൊപ്പം
നമ്മൾ ഒരു വലിയ ലോകത്ത് ജീവിക്കുന്നു എന്ന അഹങ്കാരം വേണ്ട. മക്കൾക്കുവേണ്ടത് അമ്മയുടെ സ്നേഹംമാത്രമാണ്. അത് ഞാൻ കൊടുക്കുന്നുണ്ട്. ഓരോ ദിവസവും അവർക്കൊപ്പം ഇരിക്കുമ്പോൾ എന്റെ പ്രായം ഞാൻ മറക്കാറുണ്ട്. അതാണ് എന്റെ സന്തോഷം. ഇനിയും ഒരുപാട് കാലം മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കണം. അതിനപ്പുറം എന്തുവേണം? ജീവിതം ഒരു വല്ലാത്ത അത്ഭുതമാണ്. സിനിമ തന്ന സ്നേഹവും കുടുംബം തന്ന സന്തോഷവും ഞാനെന്നും ഓർക്കും. രാജുവിന്റെ മോൾ അലംകൃതയെ കണ്ടില്ലെങ്കിൽ എനിക്ക് സങ്കടമാണ്. നക്ഷത്രയുടെ സംസാരം കേൾക്കുമ്പോൾത്തന്നെ സമയം പോകുന്നത് അറിയില്ല.















