മാതൃഭാഷയെന്ന അവകാശം


അശോകൻ ചരുവിൽ
Published on Mar 05, 2026, 10:37 PM | 2 min read
ആശങ്കകൾക്കൊടുവിൽ ഗവർണർ ഒപ്പുവച്ചതിലൂടെ ഔദ്യോഗിക ഭാഷാ ബിൽ നിയമമായിരിക്കുകയാണ്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മുഹൂർത്തം. അങ്ങനെ 2016–26 എൽഡിഎഫ് സർക്കാർ മലയാളഭാഷയ്‌ക്കും കേരളസംസ്കാരത്തിനും മുന്നോട്ടുകുതിക്കാനുള്ള ഒരു പടവുകൂടി പണിതിരിക്കുന്നു. നിസ്സംശയം പറയാം: ഭൂപരിഷ്കരണം, വിദ്യാഭ്യാസപരിഷ്കരണം, അധികാരവികേന്ദ്രീകരണം, ക്ഷേമപെൻഷനുകൾപോലെ ഇത് ചരിത്രത്തിൽ നക്ഷത്രശോഭയോടെ അടയാളപ്പെടുത്തപ്പെടും.
കാരണം മേൽപ്പറഞ്ഞ പരിഷ്കരണങ്ങളം പരിവർത്തനങ്ങളുമെല്ലാം ദേശീയപ്രസ്ഥാനം ജനങ്ങൾക്ക് നൽകിയ സ്വപ്‌നങ്ങളും മുദ്രാവാക്യങ്ങളുമാണ്. മാതൃഭാഷ എന്നത് നമ്മുടെ ഫെഡറൽ ഘടനയുടെ അടിസ്ഥാനമാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ അജൻഡയായിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ മറ്റു പല ദേശീയ അജൻഡകളും എന്നപോലെ ഇക്കാര്യവും അവഗണിച്ചു. ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രക്ഷോഭവും പോട്ടി ശ്രീരാമുലു എന്ന രക്തസാക്ഷിയും വേണ്ടിവന്നു അത് നടപ്പാക്കാൻ.

കേരളം പിറന്ന് 1957ൽ ഇ എം എസ് സർക്കാർ വന്നതുമുതൽ ആരംഭിച്ചതാണ് മലയാളത്തെ ഔദ്യോഗികഭാഷയാക്കാനുള്ള പരിശ്രമങ്ങൾ. ആ സർക്കാരിനെ പാതിവഴിയിൽ പിരിച്ചുവിട്ടത് കേരളത്തിന്റെ കുതിപ്പിനുണ്ടാക്കിയ ആഘാതം ചെറുതല്ല. പിന്നീട് ഇടവിട്ടുവന്ന ഓരോ ഇടതുപക്ഷ സർക്കാർകാലത്തും ഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്താനുള്ള നിരന്തരമായ പ്രവർത്തനങ്ങൾ നടന്നതായി കാണാം. കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടെ ജീവിതാവകാശത്തെ ഒരൽപ്പംപോലും ഹനിക്കാതെ ഒരു ഔദ്യോഗിക ഭാഷാനിയമം രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമം ആവശ്യമുള്ള കാര്യമാണ്. അങ്ങനെ സമഗ്രമായ ഒരു നിയമം തയ്യാറാക്കി നിയമസഭ പാസാക്കുന്നത് 2025 ഒക്ടോബറിലാണ്.
ഏറെ വൈകിയാണ് ഗവർണർ ഇപ്പോൾ ബില്ലിൽ ഒപ്പുവച്ചിരിക്കുന്നത്. ഗവർണർപദവിയെ പ്രതിപക്ഷപാർടികൾ നയിക്കുന്ന സംസ്ഥാന സർക്കാരുകളെയും അവിടത്തെ ജനങ്ങളെയും പ്രതിസന്ധിയിലാക്കാനുള്ള ഉപാധിയും ഉപകരണവുമായിട്ടാണല്ലോ ബിജെപി സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന സർക്കാർ ഏകകണ്ഠമായി പാസാക്കിയ ബില്ലിനെ തെറ്റായി വ്യാഖ്യാനിച്ച് ഇവിടത്തെ ഭാഷാന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നടന്നു. കോൺഗ്രസ്, ബിജെപി പാർടികളും ചില വലതുമാധ്യമങ്ങളും അത്തരം നീക്കങ്ങൾക്ക് പിൻബലമായി നിന്നു. ബിൽ വായിച്ചുപോലും നോക്കാതെ തികഞ്ഞ രാഷ്ട്രീയോദ്ദേശ്യത്തോടെ ബില്ലിനെതിരെ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ വന്നു.
ഇപ്പോൾ നടപ്പായിരിക്കുന്ന ഭാഷാനിയമം മലയാളികളുടെമാത്രമല്ല; ഇവിടെ താമസിക്കുന്ന എല്ലാ ഭാഷാവിഭാഗങ്ങളുടെയും മാതൃഭാഷാവകാശത്തെ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് എന്നതാണ് വാസ്തവം. ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനും ഔദ്യോഗിക സംവിധാനങ്ങളിൽ ഇടപെടാനുമുള്ള സൗകര്യം കൂടുതൽ സംരക്ഷിച്ചുകൊണ്ടാണ് ഈ നിയമം നിർമിച്ചിരിക്കുന്നത്
കേരളീയർ ഒരുകാലത്തും ഭാഷാസങ്കുചിതവാദികൾ ആയിരുന്നിട്ടില്ലെന്ന സത്യമാണ് വിമർശകർ മറക്കുന്നത്. മതത്തെ എന്നപോലെ, ഭാഷയെയും മുൻനിർത്തിയുള്ള വിഭാഗീയരാഷ്ട്രീയം ശക്തിപ്പെടുന്ന സാഹചര്യത്തിൽ അത്തരം പ്രവണതകൾക്കെതിരെ എക്കാലവും നിലയുറപ്പിച്ചിട്ടുള്ളവരാണ് മലയാളികൾ. ഇപ്പോൾ നടപ്പായിരിക്കുന്ന ഭാഷാനിയമം മലയാളികളുടെമാത്രമല്ല; ഇവിടെ താമസിക്കുന്ന എല്ലാ ഭാഷാവിഭാഗങ്ങളുടെയും മാതൃഭാഷാവകാശത്തെ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് എന്നതാണ് വാസ്തവം. ഭാഷാന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനും ഔദ്യോഗിക സംവിധാനങ്ങളിൽ ഇടപെടാനുമുള്ള സൗകര്യം കൂടുതൽ സംരക്ഷിച്ചുകൊണ്ടാണ് ഈ നിയമം നിർമിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനമായ ഭാഷാന്യൂനപക്ഷ വിഭാഗം തമിഴ് ജനതയാണ്. ഭാഷാഭിമാനത്തിൽ ആർക്കും പിറകിലല്ലാത്ത അവർ ഈ നിയമത്തിനെതിരെ ഒരാശങ്കയും പ്രകടിപ്പിച്ചിട്ടില്ല എന്നത് മറ്റുള്ള എതിർപ്പുകളുടെ രാഷ്ട്രീയോദ്ദേശ്യത്തെ വ്യക്തമാക്കുന്നു.
നിരന്തരമായ പ്രക്ഷോഭങ്ങളുടെയും സമ്മർദത്തിന്റെയും ഫലമായാണ് ഗവർണർ ഇപ്പോൾ ഈ ബില്ലിൽ ഒപ്പുവച്ചിരിക്കുന്നത്. അക്കാര്യത്തിൽ വിവിധ ഭാഷാസംഘടനകളും അവയുടെ ഐക്യമലയാള പ്രസ്ഥാനവും പുരോഗമന കലാസാഹിത്യപ്രസ്ഥാനവും വലിയ അഭിനന്ദനം അർഹിക്കുന്നു. ബിൽ ഒപ്പുവച്ച് നിയമമാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണം, ജില്ലകളിൽ ഭാഷാഭിമാന വാരാചരണം, ലോക്ഭവൻ മാർച്ച്, ലോക്ഭവനുമുന്നിൽ പ്രതിഷേധ ധർണ എന്നിവ നടത്തി. കേരളത്തിലെ സമുന്നതരായ സാംസ്കാരികപ്രതിഭകൾ ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നുകണ്ടപ്പോൾ നിഷേധാത്മകസമീപനമാണ് ഗവർണർ സ്വീകരിച്ചത്.
പുതിയ ഔദ്യോഗിക ഭാഷാനിയമത്തിലൂടെ സംസ്കാരത്തിന്റെ പുതുയുഗത്തിലേക്ക് കേരളം പ്രവേശിച്ചിരിക്കുകയാണ്. മാതൃഭാഷ എന്നാൽ കേവലം ആശയവിനിമയത്തിനുള്ള ഉപാധിയല്ല. ഒരു മനുഷ്യന് ജീവിതാവലംബമായ സംസ്കാരവുമായുള്ള ജൈവബന്ധമാണത്. മറ്റു ഭാഷകളിലേക്കും സംസ്കാരങ്ങളിലേക്കും അങ്ങനെ ലോകമാനവികതയിലേക്കുമുള്ള വാതിലാണ്. ഈയൊരു കുതിപ്പിന് മലയാളിയെ പ്രാപ്തരാക്കിയ കേരളത്തിലെ ഇടതുപക്ഷസർക്കാരിന് ഒരെളിയ സാംസ്കാരികപ്രവർത്തകൻ, എഴുത്തുകാരൻ എന്നനിലയിൽ നന്ദി പറയുന്നു.















