ക്രൂരസ്ഥലംമാറ്റങ്ങൾക്ക് അറുതി വേണം

എം വി ശശിധരൻ
Published on Aug 18, 2026, 01:30 AM | 3 min read
യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നുമാസം എത്തുമ്പോഴേക്കും മൂന്നു ജീവനക്കാർക്കാണ് സ്ഥലംമാറ്റംമൂലം ജീവൻ നഷ്ടപ്പെട്ടത്; സർക്കാർ ഭീകരതയുടെ ഇരകൾ. ചൊക്ലി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ദീപലേഖയുടെ അനുഭവം നോക്കാം. മേക്കുന്ന് പിഎച്ച്സിയിൽനിന്ന് സ്ഥലംമാറി വന്നത് 2026 ഫെബ്രുവരി പത്തിനാണ്. അതിനിടെ വാഹനാപകടത്തിൽ കാലിന്റെ എല്ലുപൊട്ടി മൂന്നുമാസമായി ചികിത്സയിലായിരുന്നു. ഒരുവർഷം മാത്രമേ വിരമിക്കാനുള്ളൂ. ഇതൊക്കെ സ്ഥലംമാറ്റാതിരിക്കാൻ നിയമപരമായ കാരണങ്ങളാണ്. കോഴിക്കോട് മേപ്പയൂരിൽ താമസിക്കുന്ന ദീപലേഖയെ എന്നിട്ടും, 80 കിലോമീറ്ററോളം അകലെ മട്ടന്നൂരിലേക്ക് ആദ്യം മാറ്റി. വയ്യാത്ത കാലുമായി ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസിൽ അപ്പീൽ നൽകി. എന്നാൽ, വീണ്ടും സ്ഥലംമാറ്റി– പിണറായിയിലേക്ക്. ചൊക്ലി പഞ്ചായത്തിലെ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനെത്തിയ ദീപലേഖ തന്റെ അനുഭവം പറയവെ കുഴഞ്ഞുവീണ് മരിച്ചു.
കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് ഓഫീസറായിരുന്ന സുബിൻ ലാലായിരുന്നു ആദ്യ ഇര. അകലത്തേക്ക് മാറ്റിയതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയാണ് മറ്റൊരു ഇര. തെരഞ്ഞെടുപ്പുഫലം വന്ന് ഒരാഴ്‌ചയ്ക്കകം ആശാലതയെ സ്ഥലംമാറ്റി. കലക്ടറേറ്റിൽ എല്ലാ കാര്യങ്ങളിലും വളരെ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന ആശാലതയെ ഒരുകാരണവുമില്ലാതെ മാറ്റുകയും ഓഫീസിൽ ഒറ്റപ്പെടുത്തുകയും ചെയ്‌തു. ഇത് അവരിൽ മനോവ്യഥയും മാനസികസംഘർഷവും സൃഷ്ടിച്ചു; ആത്മഹത്യയിൽ കലാശിക്കുകയും ചെയ്‌തു.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ, ക്രിമിനൽ ഗുണ്ടാസംഘങ്ങളെപ്പോലെ എൻജിഒ അസോസിയേഷൻകാർ ശിശുരോഗവിഭാഗത്തിൽ അതിക്രമിച്ചുകയറുകയും കുട്ടികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോ. രാധാമണിക്കുനേരെ ആക്രോശിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതേത്തുടർന്ന് കുഴഞ്ഞുവീണ ഡോ. രാധാമണി, തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന വയനാട് ബത്തേരി ട്രൈബൽ ഓഫീസിലെ പട്ടികവർഗക്കാരനായ ഓഫീസ് അറ്റൻഡന്റ് സന്തോഷിനെ അപേക്ഷയില്ലാതെ ദൂരസ്ഥലത്തേക്ക് മാറ്റുന്ന ക്രൂരതയും കാട്ടി. ആഗസ്ത് ഏഴിന് ഉത്തരവിറങ്ങി, ഒരാഴ്‌ച കഴിഞ്ഞപ്പോൾ സന്തോഷ് മരിച്ചു.
മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമാണ് ഈ ക്രൂരതയ്‌ക്കെല്ലാം ഉത്തരവാദിത്വം. ‘സ്ഥലംമാറ്റം ഇനിയും ഉണ്ടാകും; പണ്ടൊക്കെ നമ്മൾ ഭരണത്തിലെത്തിയാൽ ഇതെല്ലാം മറന്നുപോകും, ഇനി മറക്കില്ല; തയ്യാറായി ഇരുന്നോ' എന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയ ആഗസ്ത് അഞ്ചിനുശേഷമാണ് അനുചരന്മാരുടെ അക്രമങ്ങളും ഭീഷണിയും സ്ഥലംമാറ്റങ്ങളും ഭീതിദമായി നടന്നത്. ആശാലതയും ദീപലേഖയും സന്തോഷുമെല്ലാം നമ്മെ വിട്ടുപിരിഞ്ഞതും ഡോ. രാധാമണി അതിക്രമം നേരിട്ടതുമെല്ലാം അതിനുശേഷമാണെന്നു കാണണം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾവരെ ഓഫീസുകളിൽ കയറി ഭീഷണിയും പരാക്രമവും കാണിക്കുന്നു.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ഒരുവർഷത്തിനകം സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡം കൊണ്ടുവരികയും മിക്കവാറും എല്ലാ വകുപ്പിലും ഓൺലൈൻവഴി സ്ഥലംമാറ്റം നടപ്പാക്കുകയും ചെയ്‌തു. അതോടെ സ്ഥലംമാറ്റം സുതാര്യവും അഴിമതിരഹിതവുമായി. അതിനെയെല്ലാം പാടേ അട്ടിമറിച്ചാണ് ‘ഭരണസൗകര്യാർഥം' എന്ന പേരിൽ യുഡിഎഫ് സർക്കാർ ജീവനക്കാരെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റുന്നത്. തെരഞ്ഞെടുപ്പുഫലം വന്ന മെയ് നാലിനുതന്നെ എൻജിഒ അസോസിയേഷൻ ലെറ്റർ ഹെഡിൽ നേതാക്കൾ പേര് വച്ച് കത്ത് നൽകുകയും അത് സൂചനയിൽ കാണിച്ച് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കുകയും ചെയ്‌തു; സിവിൽ സർവീസിൽ ഇൗ പ്രവണത ആദ്യത്തേതാണ്.
വനിതകൾ, ഭിന്നശേഷിക്കാർ, വിധവകൾ, രോഗികൾ, വിരമിക്കാൻ മാസങ്ങൾമാത്രമുള്ളവർ, പട്ടികജാതി–-വർഗ വിഭാഗക്കാർ തുടങ്ങി നിയമപരമായ മുൻഗണനയും പരിഗണനയും അർഹിക്കുന്നവരെപ്പോലും വിദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. അഴിമതിയും രാഷ്ട്രീയവൈരവും മറ്റു താൽപ്പര്യങ്ങളുമാണ് ഇതിനുപിന്നിൽ. എൻജിഒ അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റിനെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങിച്ചതിനെ തുടർന്ന് വിജിലൻസ് അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പുഫലം വന്ന് ഒരാഴ്ചയ്ക്കകത്താണ്.
20,000ത്തിലധികംപേരെയാണ് ഇതിനകം സ്ഥലംമാറ്റിയത്. ഡയറക്ടർമുതൽ പാർട്ട് ടൈം ജീവനക്കാർവരെ ഇതിൽപ്പെടും. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീനയെ നിക്ഷിപ്തതാൽപ്പര്യങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാൽ എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബ് ചീഫ് കൺസൾട്ടന്റിന്റെ പോസ്റ്റിലേക്ക് തരംതാഴ്-ത്തി നിയമിച്ച് പ്രതികാരം ചെയ്‌തു. അവരുടെ ജൂനിയറിന് ഡയറക്ടറുടെ ചുമതലയും നൽകി. സമാനമായ കാര്യമാണ് അഗ്നി രക്ഷാസേനയിൽ നടന്നതും. സ്വതന്ത്രവും നിയമപരവുമായി കാര്യങ്ങൾ ചെയ്‌തിരുന്ന സീനിയർ ഓഫീസറായ ഹെഡ് ക്വാർട്ടർ ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) അരുണിനെ മാറ്റി ജൂനിയറെ അവിടെ നിയമിച്ചു. പല വകുപ്പുകളിലും ഇത് തുടരുകയാണ്.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ചീഫ് സെക്രട്ടറിയുടെ ഒഴിവിലേക്ക് നിയമിച്ച വിചിത്ര ഉത്തരവും ഇറങ്ങി. ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിലും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഇതുവരെയില്ലാത്ത ലെയ്‌സൺ ഓഫീസർ തസ്തികകളുണ്ടാക്കി സ്വന്തക്കാരെ നിയമിച്ചു; അഴിമതിക്കാണ് ലെയ്‌സൺ സമ്പ്രദായം.
പ്രളയം വന്നപ്പോൾ രക്ഷാപ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും താളംതെറ്റാനുള്ള പ്രധാന കാരണവും തോന്നിയതുപോലെയുള്ള സ്ഥലംമാറ്റമാണ്. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തേണ്ട പൊലീസിലും അഗ്നി രക്ഷാസേനയിലും വ്യാപകമായ സ്ഥലംമാറ്റം നടത്തി. 2000ൽപ്പരം പൊലീസുകാരെയും ആകെ 3000ത്തോളം പേരുള്ള അഗ്നി രക്ഷാസേനയിലെ 1000ലധികംപേരെയും രാഷ്ട്രീയപകപോക്കലെന്നോണം സ്ഥലംമാറ്റി. ദുരിതാശ്വാസ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ട, പ്രാഥമികസൗകര്യങ്ങൾ ഒരുക്കേണ്ട റവന്യു, തദ്ദേശ വകുപ്പുകളിലെ വില്ലേജ് ഓഫീസർ, തദ്ദേശ സെക്രട്ടറി തുടങ്ങി 4500ലധികം ജീവനക്കാരെയാണ് തലങ്ങും വിലങ്ങും സ്ഥലംമാറ്റിയത്.
ആരോഗ്യവകുപ്പിലെ ഡോക്ടർമുതൽ അറ്റൻഡർവരെയുള്ളവരുടെ സ്ഥലംമാറ്റം തുടരുകയാണ്. അതിഥിത്തൊഴിലാളി ക്യാമ്പുകൾ നല്ലരീതിയിൽ നടത്തിയിരുന്ന ലേബർ വകുപ്പിലും സ്ഥിതി വ്യത്യസ്‌തമല്ല. പകരക്കാർ വന്ന് ജോയിൻ ചെയ്‌തപ്പോൾമാത്രമാണ് സ്ഥലംമാറ്റം അറിയുന്നതുപോലും. സിവിൽ സർവീസിൽനിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ യഥാസമയം ലഭിക്കാതെയാവുകയുമാണ്. ജീവനക്കാർക്ക് സാമ്പത്തിക അവകാശാനുകൂല്യങ്ങൾ നിഷേധിക്കാനും അതിനെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ശ്രമത്തിന്റെ ഭാഗവുമാണ് ഈ കൂട്ട സ്ഥലംമാറ്റം. കേരള പിഎസ്‌സിക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും, പിഎസ്‌സിയും അതുവഴി സ്ഥിരനിയമനങ്ങളും ഇല്ലാതാക്കാനാണ്.
ഒന്നരദശാബ്ദത്തിലേറെയായി വിവിധ പ്രോജക്ടുകളിലുംമറ്റും ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരെയും നിഷ്‌കരുണം പിരിച്ചുവിട്ട് സ്വന്തക്കാരെ തിരുകിക്കയറ്റാനും പണംപിരിക്കാനും ആരംഭിച്ചിരിക്കുന്നു.
ഡിജിറ്റൽ സർവേയുടെ ഭാഗമായി നിയമിച്ച 3305 പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. കഴിഞ്ഞ പത്തുവർഷം സിവിൽ സർവീസിനെ വിശ്വാസത്തിലെടുത്തും വിപുലീകരിച്ചുംകൊണ്ടുള്ള പ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവന്നത്. സിവിൽ സർവീസിൽ അഴിമതി വലിയൊരളവിൽ ഇല്ലാതാക്കാനും രാജ്യത്തെ ഏറ്റവും മികച്ച ജനപക്ഷ സിവിൽ സർവീസായി മാറ്റിയെടുക്കാനും സാധിച്ചു. ഓഖി, മഹാപ്രളയം, നിപാ, കോവിഡ്, ഉരുൾപൊട്ടൽ തുടങ്ങിയവയെയെല്ലാം അതിജീവിക്കുന്നതിൽ സിവിൽ സർവീസ് നിസ്‌തുല പങ്കുവഹിച്ചതും ഏറെ പ്രശംസ പിടിച്ചുപറ്റി.
സാമൂഹ്യജീവിതത്തിലാകെയും സിവിൽ സർവീസിൽ പ്രത്യേകിച്ചും വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിൽനിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ ജീവനക്കാരും തയ്യാറായിരിക്കുകയാണ്. സ്ഥലംമാറ്റപീഡനംമൂലം ഇനിയൊരു ജീവൻ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുത്.
(കേരള എൻജി-ഒ യൂണിയൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)















