ad
Deshabhimani

Articles

m v govindan vikasana munnetta jadha

നാട്‌ ആശിക്കുന്നത്‌ തുടർഭരണം

 ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദന് പാലക്കാട് നഗരത്തിൽ നൽകിയ സ്വീകരണത്തിൽനിന്ന്
avatar
എം വി ഗോവിന്ദൻ

Published on Feb 18, 2026, 11:00 PM | 3 min read

കേരളത്തിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പര്യടനം നടത്തിയ മൂന്ന് മേഖലാ വികസന മുന്നേറ്റ ജാഥകളും സമാപിച്ചു. എന്റെ നേതൃത്വത്തിൽ നടന്ന വടക്കൻ മേഖലാ ജാഥയാണ് ആദ്യം തുടങ്ങി അവസാനം സമാപിച്ചത്‌. ഫെബ്രുവരി ഒന്നിന് കാസർകോട് കുമ്പളയിൽനിന്ന് ആരംഭിച്ച് ആറു ജില്ലകളിലെ 60 നിയമസഭാ മണ്ഡലത്തിലൂടെ സഞ്ചരിച്ച് പാലക്കാട് വടക്കഞ്ചേരിയിൽ 16ന് സമാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ തൃശൂർ ചേലക്കരയിൽനിന്ന് ആരംഭിച്ച തെക്കൻ മേഖലാ ജാഥ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 47 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് 15ന് തിരുവനന്തപുരത്ത് സമാപിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള മധ്യമേഖലാ ജാഥ പത്തനംതിട്ടയിൽനിന്ന്‌ തുടങ്ങി നാലു ജില്ലകളിലെ 33 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് 14ന് എറണാകുളത്ത് സമാപിച്ചു. എൽഡിഎഫ് ഉയർത്തുന്ന തുടർഭരണം ഉറപ്പാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ജാഥകൾക്ക് കഴിഞ്ഞുവെന്ന് നിസ്സംശയം പറയാം.


ജാഥകളിൽ ഞങ്ങൾ ജനങ്ങളോട് സംസാരിച്ചത് മൂന്നു കാര്യങ്ങളാണ്. 10 വർഷം എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് പ്രധാനമായും വിശദീകരിച്ചത്. പവർകട്ടില്ലാത്ത, ശുദ്ധജലവും റേഷനും പാഠപുസ്തകങ്ങളും മുടങ്ങാത്ത കേരളം. രണ്ടാമതായി, ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയും വ്യാപിപ്പിക്കുകയും മുടങ്ങാതെ നൽകുകയും ചെയ്തു. ലൈഫ് പദ്ധതിയിൽ അഞ്ചുലക്ഷം പേർക്ക് വീടും അത്രയുംതന്നെ പേർക്ക് പട്ടയവും നൽകി. മൂന്നാമതായി വർഗീയലഹളയില്ലാത്ത, മാനവികതയുടെയും മതനിരപേക്ഷതയുടെയും തുരുത്തായി കേരളത്തെ സംരക്ഷിച്ചുനിർത്താനും സർക്കാരിന്‌ കഴിഞ്ഞു.


Ldf Vikasana Munnetta Jadha binoy viswam


ജാഥയിലെ വമ്പിച്ച ജനപങ്കാളിത്തവും സർക്കാരിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു. രാഷ്ട്രീയം നോക്കാതെ എല്ലാ പ്രദേശത്തും വികസന നേട്ടങ്ങൾ എത്തിച്ചതിനോടുള്ള പ്രതികരണമാണ് ഈ ജനക്കൂട്ടമെന്നതിൽ സംശയമില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കേരളത്തോട് കടുത്ത രാഷ്ട്രീയവിവേചനം കാണിക്കുമ്പോൾ കേരള സർക്കാർ എതിരാളികളോട് പകപോക്കുന്ന സമീപനമല്ല കൈക്കൊണ്ടത്. അതായത് എൽഡിഎഫ് ജയിച്ചാൽ മൊത്തം ജനങ്ങളുടെ ജയമാണെന്ന വികാരമാണ് നാട്ടിൻപുറങ്ങളിൽ കണ്ടത്. മൗലികമായ വികസനമുന്നേറ്റം ജനങ്ങളുടെ നേരിട്ടുള്ള അനുഭവമാണ്. അതുകൊണ്ടുതന്നെ, ശരിയെന്ന്‌ വിശ്വസിച്ച് അധികാരമേൽപ്പിക്കാൻ കഴിയുന്നത്‌ എൽഡിഎഫിനെയാണെന്നും ജനങ്ങൾ തിരിച്ചറിയുന്നു. ഭരണവിരുദ്ധവികാരം ഇല്ലെന്ന് അവരുടെ അഭിപ്രായപ്രകടനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിന് കനുഗോലുവിന്റെ സർവേയൊന്നും ആവശ്യമില്ലെന്നർഥം.


vikasana munnetta jadha josek mani


വിവാദങ്ങളിലല്ല, മറിച്ച് വികസനത്തിലാണ് ജനങ്ങൾക്ക് താൽപ്പര്യമെന്ന് അനുഭവവേദ്യമായ പല സന്ദർഭങ്ങളും ജാഥയിലുണ്ടായി. യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്ന നുണകളെ വസ്തുതകൾ നിരത്തി വിശദീകരിച്ചപ്പോൾ ജനങ്ങൾ കാതുകൂർപ്പിച്ചു. പ്രതിപക്ഷനേതാവും യുഡിഎഫും അവരുടെ ഭരണകാലമാണ് സുവർണകാലമെന്നും കേരളത്തെ ആ പഴയകാലത്തേക്ക് നയിക്കണമെന്നും പറയുന്നതിനോട് ഒരു ആഭിമുഖ്യവും ജനങ്ങൾക്കില്ല. പവർകട്ടിന്റെയും പാഠപുസ്തകമില്ലായ്മയുടെയും അവതാളത്തിലായ റേഷൻവിതരണത്തിന്റെയും കാലത്തേക്ക് തിരിച്ചുപോകാൻ ആർക്കും താൽപ്പര്യമില്ലെന്ന് വ്യക്തം. അതായത് ജാഥ ഉയർത്തിയ വിഷയങ്ങളും അതിനോട് അനുകൂലമായി ജനങ്ങൾ നടത്തിയ വൻ പ്രതികരണവും യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ അങ്കലാപ്പിലാഴ്‌ത്തി. അതിന്റെ പ്രതിഫലനമാണ് ശബരിമല വിഷയത്തിൽമാത്രം അവർ കേന്ദ്രീകരിക്കുന്നത്. സ്വർണക്കൊള്ള, അയ്യപ്പസംഗമം, ശബരിമലയിലെ യുവതീപ്രവേശം എന്നീ വിഷയങ്ങൾ തരാതരംപോലെ ഉയർത്തി വിശ്വാസിസമൂഹത്തിന്റെ വോട്ട് നേടാൻ കഴിയുമോ എന്നാണ് അവർ നോക്കുന്നത്. അതോടൊപ്പം ന്യൂനപക്ഷ വർഗീയശക്തികളുമായി പരസ്യമായി യുഡിഎഫ് സഖ്യമുണ്ടാക്കുന്നു. പ്രതിപക്ഷത്തിന്റെ ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും.


ഒരടിപോലും മുന്നേറാൻ യുഡിഎഫിനോ പ്രതിപക്ഷത്തിനോ കഴിയുന്നില്ല. എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളം മുന്നേറരുതെന്ന വാശിയാണ് അവർക്ക്. കേരളം നേടിയ ലോകോത്തര നേട്ടങ്ങളെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അതോടൊപ്പം നൊബേൽ സമ്മാനജേതാവായ അമർത്യ സെന്നും കോൺഗ്രസിന്റെ സമുന്നതനേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യരും നടത്തിയ പ്രസ്താവനകൾമാത്രം നോക്കിയാൽ മതി എൽഡിഎഫ് ഭരണം കേരളത്തെ എങ്ങനെയാണ് മാറ്റിത്തീർത്തത് എന്നു മനസ്സിലാക്കാൻ. വലതുപക്ഷമാധ്യമങ്ങൾ മറച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും ഇവർ പറഞ്ഞ അഭിപ്രായങ്ങൾ ജനങ്ങൾ മനസ്സിലാക്കും. രാജ്യത്തെതന്നെ ഉയർന്ന വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിൽ അതിശയിപ്പിക്കുന്ന നേട്ടമാണ് നേടിയതെന്നും അമർത്യ സെൻ അഭിപ്രായപ്പെട്ടു. ദാരിദ്ര്യനിർമാർജനത്തിലും ആയുർദൈർഘ്യത്തിലും പ്രതിശീർഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസ്വാതന്ത്ര്യത്തിലും അവകാശത്തിലും പുലർത്തുന്ന ഉന്നതനിലവാരവും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിലുള്ള ശുഷ്കാന്തിയും കേരളത്തിന്റെ പ്രത്യേകതയാണെന്നും അമർത്യ സെൻ പറഞ്ഞു.


Ldf Vikasana Munnetta Jadha malappuram


കേരളമാതൃകയെക്കുറിച്ച് ലോകത്തെ അറിയിച്ച വ്യക്തികളിൽ ഒരാൾകൂടിയായ അമർത്യ സെൻ, വിഷൻ 2031ൽ നടത്തിയ ഈ അഭിപ്രായപ്രകടനങ്ങൾ എൽഡിഎഫ് സർക്കാരിനുള്ള വലിയ അംഗീകാരമാണ്. അതോടൊപ്പം മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവന വികസനജാഥയിൽ ഞങ്ങൾ ഉയർത്തിയ മുദ്രാവാക്യം വസ്തുതാപരമാണെന്ന പ്രഖ്യാപനമായിരുന്നു. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ആയിരിക്കുമെന്നു പറഞ്ഞ് എൽഡിഎഫിന് തുടർച്ചയായി മൂന്നാംഭരണംകൂടി കിട്ടുമെന്നാണ് മണിശങ്കർ അയ്യർ പറഞ്ഞത്. കേരളം രൂപംകൊണ്ട് 75 വർഷം തികയുന്ന 2031ൽ കേരളവികസനം എന്തായിരിക്കണമെന്ന് ചർച്ച ചെയ്യുന്ന അന്താരാഷ്ട്രസമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസിന് നാടിനെ മുന്നോട്ടുനയിക്കാനാകില്ലെന്ന വ്യക്തമായ സന്ദേശമാണ് മണിശങ്കർ അയ്യർ നൽകിയത്. കേരളത്തിലുള്ളത്‌ മികച്ച ഭരണമാണെന്നും മണിശങ്കർ അയ്യർ പറഞ്ഞു.


കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവും സാമ്പത്തിക രാഷ്ട്രീയ വിദഗ്‌ധനുമായ പരകാല പ്രഭാകർ പറഞ്ഞത് കേരളവികസനം രാജ്യത്തിനുതന്നെ മാതൃകയാണെന്നാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് എന്താണ്? കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണം മികച്ചതാണെന്നും ഇ‍ൗ സർക്കാർ തുടരാനാണ്‌ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ്. ബഹുഭൂരിപക്ഷം രാജ്യങ്ങളും കേന്ദ്രത്തിലെ മോദിസർക്കാരും പിന്തുടരുന്ന കോർപറേറ്റ് അനുകൂല നവ ഉദാരനയത്തിന് ബദൽ ഉയർത്തുന്ന കേരളമാതൃക ലോകോത്തരമാണെന്നും അത് സംരക്ഷിക്കേണ്ടത് കാലഘട്ടം ജനങ്ങളിൽ അർപ്പിക്കുന്ന കടമയാണെന്നുമാണ് അമർത്യ സെന്നിനെപ്പോലുള്ളവർ ഓർമിപ്പിക്കുന്നത്. വികസന മുന്നേറ്റ ജാഥയിലൂടെ ഞങ്ങൾ പറയാൻ ശ്രമിച്ചതും ഇതുതന്നെയാണ്.



Deshabhimani
Home