പ്രതിപക്ഷത്തിന്റെ കൊട്ടിപ്പാട്ടുകാർ


എം വി ഗോവിന്ദൻ
Published on Jan 28, 2026, 10:52 PM | 3 min read
സമഗ്രവികസനത്തിലും ജനക്ഷേമത്തിലും ഊന്നിയ നവകേരള നിർമാണത്തിലേക്കാണ് എൽഡിഎഫ് സർക്കാർ നാടിനെ നയിക്കുന്നത്. ലോകത്തിലെ വികസിതരാഷ്ട്രങ്ങൾക്കൊപ്പം കേരളത്തിലെ ജനജീവിതവും സൗകര്യങ്ങളും വളർത്തിയെടുക്കാനാണ് ശ്രമം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വൻനേട്ടം കൊയ്ത സംസ്ഥാനമായി കേരളം വളർന്നു. ഈ മേഖലയിലെ ചില സൂചികകളിൽ അമേരിക്കയെപ്പോലും വെല്ലുന്ന നേട്ടം കൈവരിച്ചു. ഈ വികസന–ക്ഷേമ തുടർച്ച നിലനിർത്താൻ എൽഡിഎഫിന് മൂന്നാമൂഴം നൽകണമെന്നാണ് ഞങ്ങൾ ജനങ്ങളോട് പറയുന്നത്. ഈ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനാണ് മൂന്ന് മേഖലാ വികസന മുന്നേറ്റ ജാഥകൾ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്നത്.
എന്നാൽ, എന്തു വിലകൊടുത്തും എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷം എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മാത്രമാണെന്ന് ധരിക്കരുത്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ഇതേ മനോഗതി പങ്കുവയ്‌ക്കുന്നവരാണ്. അതിൽ അസ്വാഭാവികതയില്ല. കോൺഗ്രസും ബിജെപിയും കൈകോർത്ത് എൽഡിഎഫിനെ നേരിടുന്നുവെന്ന അസ്വാഭാവികതയാണ് ദൃശ്യമാകുന്നത്. ഇന്നത്തെ കോൺഗ്രസാണ് നാളത്തെ ബിജെപി എന്നതിന് നിരവധി ഉദാഹരണങ്ങൾ ദേശീയരാഷ്ട്രീയത്തിൽ കാണാം. അതിപ്പോൾ കേരളത്തിലും ആവർത്തിക്കുകയാണ്. ഏറ്റവും അസ്വാഭാവികം ഭൂരിപക്ഷം മാധ്യമങ്ങളും അവരുടെ ധർമം മറന്ന്, പ്രതിപക്ഷത്തിനൊപ്പം ഒട്ടിനിന്ന് എൽഡിഎഫ് സർക്കാരിനെ നിരന്തരം എതിർക്കുകയാണ് എന്നതാണ്. വലതുപക്ഷത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുന്ന അച്ചടിമാധ്യമങ്ങൾമാത്രമല്ല, ടെലിവിഷൻ മാധ്യമങ്ങളും എൽഡിഎഫിനെ താറടിക്കാൻ മത്സരിക്കുകയാണ്. അതോടൊപ്പം കോൺഗ്രസ്, ബിജെപി നേതാക്കളെ വെളുപ്പിച്ചെടുക്കാനും ഇവർ മത്സരിക്കുകയാണ്.
എൽഡിഎഫ് ഭരണകാലത്ത് കേരളം നടത്തിയ മുന്നേറ്റം അംഗീകരിക്കാനുള്ള വിമ്മിട്ടം, പ്രതിപക്ഷത്തെപ്പോലും കവച്ചുവയ്‌ക്കുന്ന രീതിയിലാണ് വലതുപക്ഷമാധ്യമങ്ങൾ പ്രകടിപ്പിച്ചത്
ഞങ്ങളെ മാധ്യമങ്ങൾ വിമർശിക്കുന്നതിൽ തെറ്റൊന്നുമില്ല. തെറ്റുകൾ, വീഴ്ചകൾ ഞങ്ങൾക്ക് പറ്റിയിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നതിലോ വിമർശിക്കുന്നതിലോ പരാതിയുമില്ല. എന്നാൽ, നിഷ്പക്ഷത അവകാശപ്പെടുകയും ആ മുഖംമൂടിയൊക്കെ അഴിച്ചുവച്ച് പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമായി മാധ്യമങ്ങൾ എൽഡിഎഫ് നേതാക്കളെയും സർക്കാരിനെയും വിമർശിക്കുന്നതാണ് കാണുന്നത്. ഊഹങ്ങളും വ്യാജനിർമിതികളും നടത്തി എൽഡിഎഫിനെ സംശയനിഴലിൽ നിർത്താനാണ് ഇവർ മത്സരിക്കുന്നത്. അതിദാരിദ്ര്യനിർമാർജനംപോലെ ലോകത്തിൽത്തന്നെ അപൂർവനേട്ടം കൈവരിച്ചതുപോലും ഒരു നേട്ടമല്ലെന്ന് ചിത്രീകരിക്കാൻ യുഡിഎഫ് പത്രം നടത്തിയ ശ്രമം നാം കണ്ടതാണ്. ഇതേ പത്രംതന്നെയാണ് ലൈഫ് മിഷനെ താറടിച്ചുകാണിക്കാൻ വീട് ലഭിച്ചവർ തെരുവിൽ ജീവിക്കുന്നുവെന്ന സചിത്രറിപ്പോർട്ടും പ്രസിദ്ധീകരിച്ചത്. എൽഡിഎഫ് ഭരണകാലത്ത് കേരളം നടത്തിയ മുന്നേറ്റം അംഗീകരിക്കാനുള്ള വിമ്മിട്ടം, പ്രതിപക്ഷത്തെപ്പോലും കവച്ചുവയ്‌ക്കുന്ന രീതിയിലാണ് വലതുപക്ഷമാധ്യമങ്ങൾ പ്രകടിപ്പിച്ചത്.
ശബരിമല സ്വർണമോഷണക്കേസ് മാത്രം പരിശോധിച്ചാൽ പക്ഷപാതിത്വം മനസ്സിലാകും. ഈ വിഷയം വന്നപ്പോൾത്തന്നെ സിപിഐ എം നിലപാട് വ്യക്തമാക്കി. ശരിയായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടണം. കുറ്റക്കാർ ആരായാലും അവരെ സംരക്ഷിക്കാൻ സിപിഐ എം തയ്യാറാകില്ല എന്ന് പാർടി നിലപാട് വ്യക്തമാക്കി. ഇപ്പോഴും നിലപാട് അതുതന്നെയാണ്. അന്വേഷണം എസ്ഐടിയെ ഏൽപ്പിക്കണമെന്ന് ഹൈക്കോടതിയിൽ നിലപാട് എടുത്തതും സർക്കാരായിരുന്നു. എന്നാൽ, സിപിഐ എമ്മുമായി ബന്ധമുള്ള ദേവസ്വം ബോർഡ് അംഗങ്ങളുംമറ്റും അറസ്റ്റിലാകുകയും മുൻമന്ത്രി ഉൾപ്പെടെ ചോദ്യംചെയ്യലിന് വിധേയമാകുകയും ചെയ്തപ്പോൾ അതൊക്കെ ലീഡ് വാർത്തയാക്കിയ മാധ്യമങ്ങൾ, യുഡിഎഫ് നേതാക്കളുടെ പേരുവന്നപ്പോൾ കണ്ടില്ലെന്നു നടിച്ച് അപ്രധാനമായി കൈകാര്യം ചെയ്‌തു. എന്നാൽ, എസ്ഐടി അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്കും തന്ത്രിയിലേക്കും എത്തിയപ്പോഴാണ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞത്. ഇത് ഏറ്റുപിടിച്ച മാധ്യമങ്ങൾ രണ്ടുപേരെ ഉൾപ്പെടുത്തി അന്വേഷകസംഘം വികസിപ്പിച്ചതിൽ സംശയമുയർത്തി.

പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നുവെന്നും പുതുതായി അന്വേഷകസംഘത്തിൽ ഉൾപ്പെടുത്തിയ രണ്ടുപേർക്ക് പാർടി ബന്ധമുണ്ടെന്നും തെറ്റായി റിപ്പോർട്ട് ചെയ്തു. ഈ രീതിയെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചുതന്നെ രൂക്ഷമായി വിമർശിച്ചു. എസ്ഐടി അന്വേഷണം ശാസ്‌ത്രീയവും നിഷ്പക്ഷവുമാണെന്നും അതിൽ പൂർണതൃപ്തിയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാത്രമല്ല, അന്വേഷകസംഘത്തിന്മേൽ അനാവശ്യസമ്മർദങ്ങൾ ചെലുത്തരുതെന്ന് മാധ്യമങ്ങളെ ഓർമിപ്പിച്ച ഹൈക്കോടതി, മാധ്യമവിചാരണയുടെ നിഴലിലല്ല അന്വേഷണം നടക്കേണ്ടതെന്നും ശരിയായി നിരീക്ഷിച്ചു. കൂടുതൽ സമയം അനുവദിച്ചതും അന്വേഷകസംഘം വിപുലീകരിച്ചതും കോടതിയാണെന്ന് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ഓർമിപ്പിച്ചു. സമീപകാലത്ത് കോടതിയിൽനിന്ന് മാധ്യമങ്ങൾക്കെതിരെ ഉണ്ടായ ശക്തമായ വിമർശമായിരുന്നു ഇത്. ഈ വാർത്ത വലതുപക്ഷമാധ്യമങ്ങൾ പൂർണമായും തമസ്കരിച്ചു.
ശബരിമലയിലെ സ്വർണം കടത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും അത് വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനനെയും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചത് ആരാണെന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പത്തനംതിട്ട എംപി ആന്റോ ആന്റണിയും യുഡിഎഫ് നിയമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും ഇവർക്കൊപ്പം സോണിയ ഗാന്ധിയെ കണ്ടിരുന്നു. സ്വർണം കടത്തിയ ആളും ഇത് വാങ്ങിയ ആളും ഒരേസമയം അതീവസുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ എങ്ങനെ എത്തി എന്ന ചോദ്യം ഉയർത്തേണ്ടത് മാധ്യമങ്ങളായിരുന്നു. എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം. എന്ത് നിഷ്‌പക്ഷതയാണ് ഇവർക്കുള്ളത്? യുഡിഎഫ് ഭരണകാലത്താണ് ചിതലരിച്ചു എന്നു പറഞ്ഞ് കൊടിമരം മാറ്റിസ്ഥാപിച്ചതും അതിലെ വിലപിടിപ്പുള്ള വാജിവാഹനം തന്ത്രിക്ക് നൽകിയതും. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കും മാധ്യമങ്ങൾ തയ്യാറല്ല. ശബരിമലയിലെ കളവുപോയ സ്വർണം കണ്ടെത്തുകയോ കട്ടവരെ കണ്ടെത്തി ശിക്ഷിക്കുകയോ അല്ല മറിച്ച് എൽഡിഎഫിന്റെ പ്രതിച്ഛായ എങ്ങനെയെങ്കിലും തകർത്ത് തുടർഭരണം നിഷേധിക്കാൻ കഴിയുമോ എന്ന അജൻഡമാത്രമാണ് പ്രതിപക്ഷത്തിനെപ്പോലെ ഈ മാധ്യമങ്ങൾക്കുമുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എൽഡിഎഫ് ശരാശരി 5.1 ശതമാനം വോട്ട് ഉയർത്താറുണ്ടെന്നും എന്നാൽ യുഡിഎഫിന് ശരാശരി ഒന്നരശതമാനത്തിൽ താഴെമാത്രമേ വോട്ട് ഉയർത്താൻ കഴിയാറുള്ളൂവെന്നുമായിരുന്നു പ്രണോയ് റോയിയുടെ നിരീക്ഷണം
ഇവരുടെ എൽഡിഎഫ് വിരോധത്തിന്റെ മറ്റൊരു മാതൃകകൂടി പറയാം. അദാനിയുടെ എൻഡിടിവി പ്രതിപക്ഷനേതാവിന് മുൻതൂക്കം നൽകുന്ന ഒരു സർവേ പ്രസിദ്ധീകരിച്ചപ്പോൾ, വലതുപക്ഷമാധ്യമങ്ങൾ അത് ആഘോഷിച്ചു. എന്നാൽ, ഇതേ എൻഡിടിവിയുടെ സ്ഥാപകനും തെരഞ്ഞെടുപ്പ് വിശകലനത്തിൽ പുതിയ മാതൃക രൂപപ്പെടുത്തിയ വ്യക്തിയുമായ പ്രണോയ് റോയ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ വിശകലനം അവർ കണ്ടില്ലെന്നു നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നിൽ എത്തിയെന്നതുകൊണ്ട് യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമല്ലെന്നായിരുന്നു പ്രണോയ് റോയിയുടെ വിശകലനം. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുശതമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിരീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എൽഡിഎഫ് ശരാശരി 5.1 ശതമാനം വോട്ട് ഉയർത്താറുണ്ടെന്നും എന്നാൽ യുഡിഎഫിന് ശരാശരി ഒന്നരശതമാനത്തിൽ താഴെമാത്രമേ വോട്ട് ഉയർത്താൻ കഴിയാറുള്ളൂവെന്നുമായിരുന്നു പ്രണോയ് റോയിയുടെ നിരീക്ഷണം.
ഈ നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫും യുഡിഎഫും തമ്മിലായിരിക്കും പ്രധാന പോരാട്ടം. എൽഡിഎഫിന് അനുകൂലമായതൊന്നും ജനങ്ങൾ അറിയരുതെന്ന ശാഠ്യമാണ് കേരളത്തിലെ മാധ്യമങ്ങൾക്ക്. വാർത്താതമസ്കരണത്തിന്റെ ഏതറ്റംവരെയും പോകുന്ന ഈ മാധ്യമങ്ങളാണ് പ്രതിപക്ഷത്തിന്റെ ബലം. അതിനാൽ ഈ വലതുപക്ഷമാധ്യമങ്ങളെ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുകതന്നെ വേണം. എൽഡിഎഫിന്റെ മൂന്ന് മേഖലാ ജാഥകൾ അതിനുള്ള ശ്രമംകൂടിയാണ്.












