ജനങ്ങളിൽനിന്ന് പഠിക്കും


എം സ്വരാജ്
Published on Dec 15, 2025, 02:35 PM | 3 min read
തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയം പ്രതീക്ഷിച്ചതല്ല. മികച്ച വിജയം എൽഡിഎഫ് അർഹിച്ചിരുന്നു. എന്നാൽ, ജനവിധി മറിച്ചാണുണ്ടായത്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തെരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല. ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കി വോട്ടു ചെയ്യണമെന്നത് ആത്യന്തികമായി ജനങ്ങളുടെ തീരുമാനമാണ്. ജനവിധി അംഗീകരിക്കുന്നതോടൊപ്പം ആവശ്യമായ പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന് ഊർജമായി സ്വീകരിക്കുകയാണ് ഇടതുപക്ഷത്തിന്റെ പതിവ് രീതി. വിജയാഹ്ലാദത്തിൽ മതിമറക്കുകയും പരാജയത്തിൽ നിരാശരായി പിന്തിരിയുകയും ചെയ്യുന്ന ശൈലി ഇടതുപക്ഷത്തിനില്ല. ഓരോ തെരഞ്ഞെടുപ്പ് പരാജയവും യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാനും ആവശ്യമായ തിരുത്തലുകൾ വരുത്താനുമുള്ള അവസരമായാണ് ഇടതുപക്ഷം ഉപയോഗപ്പെടുത്താറ്. ജനങ്ങൾക്കിടയിൽ വ്യാമോഹങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതും പ്രധാനമാണ്. തെരഞ്ഞെടുപ്പ് സമയത്തെ പരിഗണനാ വിഷയങ്ങളിൽ നാടിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്കായിരിക്കണം മേൽക്കൈ ലഭിക്കേണ്ടതെന്നത് ഇടതുപക്ഷത്തിന്റെ മാത്രം ആഗ്രഹമായി മാറിക്കൂടാ. അത് ജനങ്ങളുടെ അവകാശമാണ്. അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തിയേ തീരൂ.
നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തെരഞ്ഞെടുപ്പിൽ മുഖ്യപരിഗണനാ വിഷയമായില്ല എന്നു കരുതി അതൊന്നും ഉപേക്ഷിക്കാനാകില്ല. അർഹിക്കുന്നത്ര വോട്ട് ലഭിച്ചില്ല എന്നതുകൊണ്ട് മഹത്തായ വികസന പദ്ധതികളും ലോകോത്തരമായ ക്ഷേമ പ്രവർത്തനങ്ങളും വേണ്ടെന്നു വയ്ക്കാനും കഴിയില്ല. വികസന ക്ഷേമ കാര്യങ്ങളിൽ എൽഡിഎഫ് സർക്കാരിന് ലോക മാതൃകയായി പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് പക്ഷങ്ങൾക്കപ്പുറം കേരളം അംഗീകരിക്കുന്ന യാഥാർഥ്യമാണ്. ഇക്കഴിഞ്ഞ ഒമ്പതരക്കൊല്ലം ഒരു നവകേരളം ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ കടുത്ത ഇടതുപക്ഷ വിമർശകർപോലും അംഗീകരിക്കും.
ഇന്ത്യയിൽ പിഎസ്‌സി വഴി നടക്കുന്ന ആകെ നിയമനങ്ങളുടെ 42 ശതമാനവും കേരളത്തിലാണെന്നത് അവിശ്വസനീയമായ ഒരു യാഥാർഥ്യമാണ്. 2016 മുതൽ ഇതുവരെ പിഎസ്‌സി വഴി നിയമനം കിട്ടിയത് മൂന്ന് ലക്ഷത്തിൽപ്പരം മലയാളികൾക്കാണ് എന്നറിയുമ്പോഴാണ് ഇടതുപക്ഷ ഭരണത്തിന്റെ മികവ് ബോധ്യമാകുക. എല്ലാ രംഗങ്ങളിലും ഇത്തരത്തിൽ സർവകാല റെക്കോഡുകൾ സ്ഥാപിച്ചുകൊണ്ടാണ് എൽഡിഎഫ് ഭരണം മുന്നേറിയത്. ആരോഗ്യരംഗത്തെ നേട്ടങ്ങളുടെ കാര്യത്തിൽ നാം ലോകോത്തര നിലവാരത്തിൽ എത്തിയതും ഇക്കാലത്താണ്. ഇന്ത്യയിലെ ഏറ്റവും മികച്ച 10 സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിൽ നിന്നാണെന്നതും കേരളത്തിലെ സ്കൂളുകളിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികൾ ആയി മാറിയതും 5 ലക്ഷത്തോളം ഭവനരഹിതർക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർഥ്യമായതും ഇക്കാലത്താണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹിക്കുന്ന വോട്ട് കിട്ടിയില്ല എന്നതുകൊണ്ട് മേൽപ്പറഞ്ഞ വികസന ക്ഷേമ പ്രവർത്തനങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന് അർഥമില്ല.
62 ലക്ഷം പേർക്ക് രണ്ടായിരം രൂപ ക്ഷേമ പെൻഷൻ നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വീട്ടമ്മമാർക്കും യുവജനങ്ങൾക്കും പുതിയ ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കാനും സർക്കാർ തയ്യാറായി. കേന്ദ്ര സർക്കാരിന്റെ, സംസ്ഥാനത്തിനെതിരായ സാമ്പത്തിക ഉപരോധം നിലനിൽക്കുമ്പോഴാണ് മറ്റാർക്കും ചിന്തിക്കാനാകാത്ത ക്ഷേമ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതെന്ന് ഓർക്കണം. കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനിടയിലും ഇന്ത്യയിലെ ഏറ്റവും മികവാർന്ന മനുഷ്യ ജീവിതം സാധ്യമായ നാടായി കേരളം നിലനിൽക്കുന്നത് ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ്.
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരായ വികാരമാണെന്ന് വ്യാഖ്യാനിക്കുകയും മുഖപ്രസംഗമെഴുതുകയും ചെയ്യുന്നവരുണ്ട്. അത്തരക്കാർ പഴയ യുഡിഎഫ് ഭരണകാലത്തെ കേരളത്തിന്റെ അവസ്ഥ മറന്നുപോയവരാണ്. പവർകട്ടും ലോഡ്‌ഷെഡിങ്ങും കേരളത്തെ ഇരുട്ടിലാക്കിയ യുഡിഎഫ് കാലം തിരികെ വരണമെന്നാണ് ഈ ജനവിധിയെന്ന് വാദിക്കുന്നവരുണ്ട്. പരീക്ഷക്കാലത്തും പാഠപുസ്തകമെത്താത്ത യുഡിഎഫ് കാലം തിരിച്ചുവരാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് തർക്കിക്കുന്നവരുണ്ട്. ക്ഷേമപെൻഷൻ കിട്ടാത്ത യുഡിഎഫ് കാലത്തിനായാണ് ജനങ്ങൾ ദാഹിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.
ഇത്തരം വിലയിരുത്തലുകളെയും ദുർവ്യാഖ്യാനങ്ങളെയും അംഗീകരിക്കാനാകില്ല. എൽഡിഎഫ് ഭരണത്തിന്റെ ഭാഗമായി നാട്ടിലുണ്ടായ നല്ല മാറ്റങ്ങൾ ജനങ്ങൾ സ്വീകരിച്ചതാണ്. അതൊന്നും തിരുത്തേണ്ടതല്ല. എന്നിട്ടും തദ്ദേശ വിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജനങ്ങളിൽ നിന്നും പഠിക്കും. തിരുത്തേണ്ടത് തിരുത്തും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കുമ്പോഴും അടിത്തറയെ ബാധിക്കുന്നത്ര വലിയ പരാജയമല്ല ഇതെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണമായും രാഷ്ട്രീയ സ്വഭാവമുള്ള വോട്ടിങ് നടക്കുന്നത് ജില്ലാ പഞ്ചായത്തിലേക്കാണ്. ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മിക്കപ്പോഴും പ്രാദേശിക വിഷയങ്ങളും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനവും സ്ഥാനാർഥിയും ഒക്കെയാണ് മുഖ്യ പരിഗണനാ വിഷയങ്ങളായി കടന്നു വരാറ്. എന്നാൽ ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനതല വിഷയങ്ങളും മുന്നണികളുടെ രാഷ്ട്രീയ നയപരിപാടികളുമെല്ലാം വിലയിരുത്തപ്പെടും.
ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏഴു വീതം ജില്ലകളിൽ ജയിച്ച് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിൽ തന്നെ യുഡിഎഫിന് വിജയിക്കാനായതിൽ പകുതിയും താരതമ്യേന ചെറിയ ജില്ലകളിലാണ് എന്നു കാണാം. ജില്ലാ പഞ്ചായത്ത് ഫലം പരിഗണിച്ചാൽ കേരളത്തിലെ ഇടതുപക്ഷ മേൽക്കൈ കാര്യമായി ഉലഞ്ഞിട്ടില്ല എന്നു വ്യക്തമാണ്. രാഷ്ട്രീയമായ ഇത്തരം ഒരു മേൽക്കൈ നിലനിൽക്കുമ്പോഴും എന്തുകൊണ്ടാണ് ഗ്രാമപഞ്ചായത്തുകളിലും മറ്റും തിരിച്ചടി നേരിട്ടതെന്ന് ആഴത്തിലുള്ള പരിശോധന അനിവാര്യമാണ്.
നാടിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കു മുകളിൽ വർഗീയമായി ജനങ്ങളെ ചേരിതിരിക്കാനും വോട്ടുബാങ്കുകൾ സൃഷ്ടിക്കുവാനുമുള്ള നീക്കം കേവലം തെരഞ്ഞെടുപ്പുകൾക്കപ്പുറം നാടിനെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്. സമൂഹത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് കാലങ്ങളായി സംഘപരിവാർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കൂട്ടർ മതരാഷ്ട്രവാദത്തിന്റെ പിന്നിൽ ജനങ്ങളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ആർഎസ്എസിന്റെ കാർബൺ കോപ്പി പോലെ മറുമതരാഷ്ട്രവാദം ഉയർത്തിപ്പിടിച്ച് ആർഎസ്എസിനുകൂടി വളമാകുന്ന വികല രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമിയും കൂട്ടരും മുന്നോട്ടുവയ്ക്കുന്നത്. ഇതെല്ലാം നാടിന്റെ മതനിരപേക്ഷ അടിത്തറയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഇക്കൂട്ടരുമായെല്ലാം സഖ്യം ഉണ്ടാക്കി താൽക്കാലിക നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് തയ്യാറായത്. ഒരു തദ്ദേശ തെരഞ്ഞെടുപ്പുകൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓർക്കണം. തെരഞ്ഞെടുപ്പുകളിലെ താൽക്കാലിക നേട്ടങ്ങൾക്കപ്പുറത്ത് നാടിന്റെയും ജനങ്ങളുടെയും ഭാവി പരിഗണിക്കാൻ കഴിയുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനം അർഥമുള്ളതായി മാറുന്നത്. ഒരു തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും അടിയുറച്ച മതനിരപേക്ഷ നിലപാടിലും ജനപക്ഷ രാഷ്ട്രീയത്തിലും വെള്ളം ചേർക്കാൻ ഇടതുപക്ഷം തയ്യാറാകില്ല.
ഇതിനുമുമ്പ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പരാജയപ്പെട്ടത് 2010 ലായിരുന്നു. അന്നത്തെ പരാജയം ഇന്നത്തെ തിരിച്ചടിയേക്കാൾ ഏറെ കടുത്തതായിരുന്നു. ആ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് എൽഡിഎഫ് നടന്നുകയറിയത്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പു പരാജയം ചരിത്രത്തിന്റെ അവസാനമല്ല. സമഗ്രമായ പരിശോധനയിലൂടെ പിശകുകൾ തിരുത്തിയും ജനങ്ങളെ വിശ്വാസത്തിലെടുത്തും നവകേരള ലക്ഷ്യവുമായി ഇടതുപക്ഷം മുന്നോട്ടു പോകും. ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി ജയിച്ചേ തീരൂ.















