മനുഷ്യത്വത്തിന്റെ ചോദ്യങ്ങൾ ഉയരും...

രാവുണ്ണി
Published on Sep 15, 2025, 10:36 PM | 2 min read
‘നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണം
സത്യം പറയുവാൻ തോന്നലുണ്ടാവണം'
എന്നു പ്രാർഥിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന മഹതിയാണ് ഡോ. എം ലീലാവതി. അറിവും ആത്മബലവും പകർന്ന് എത്രയോ തലമുറകളിലെ എഴുത്തുകാരുടെ അകക്കണ്ണ് തുറപ്പിച്ച പ്രതിഭ. ശിഷ്യപരമ്പരകൾക്ക് ആത്മജ്ഞാനത്തിന്റെ വെളിച്ചംപകർന്ന മഹാഗുരുനാഥ. എഴുത്തുകാരായ ഞങ്ങളുടെ പോറ്റമ്മ. അപാരമായ മാതൃത്വമാണ് ടീച്ചറുടെ മുഖതേജസ്സ്. പുല്ലിലും പുഴുവിലും പൂമ്പാറ്റയിലും ഈശ്വരദർശനം അനുഭവിക്കുന്ന ദാർശനിക.
ഉറച്ച നിലപാടുകൾ സ്വീകരിക്കേണ്ട സന്ദർഭങ്ങളിലൊന്നും ഒരു പതർച്ചയും ഒരു കാലത്തും ഉണ്ടായിട്ടില്ല. അധികാരത്തിന്റെ ഉഗ്രശാസനങ്ങൾക്ക് വഴങ്ങാത്ത ധീരതയുടെ പേരാണ് ലീലാവതി എന്നത്. തന്റെ ശരികളിൽ എപ്പോഴും ഉറച്ചുനിന്നിട്ടുണ്ട്. മനുഷ്യരെ വിഭജിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന എല്ലാത്തിനുമെതിരെ എഴുത്തുകൊണ്ടും പ്രഭാഷണംകൊണ്ടും ടീച്ചർ പൊരുതിയിട്ടുണ്ട്. തൽക്കാല ലാഭം നോക്കി അവർ നിശ്ശബ്ദത പാലിച്ചിട്ടില്ല. ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ സ്ത്രീക്ക് തുല്യനീതി വേണമെന്ന് ദൃഢമായ ശബ്ദത്തിൽ ആവർത്തിച്ചുപറഞ്ഞു. സ്ത്രീ അവഗണിക്കപ്പെട്ട എല്ലായിടത്തും ടീച്ചറുടെ പ്രതിഷേധശബ്ദം മുഴങ്ങിയിട്ടുണ്ട്.
അൽപ്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ള ആർക്കും സ്വസ്ഥതയോടെ ജീവിക്കാനാകാത്ത ഭീകരാവസ്ഥയാണ് ഗാസ സമ്മാനിക്കുന്നത്. ഉടൽ ചിതറുന്ന കുഞ്ഞുങ്ങൾ, മരുന്നിനും ഭക്ഷണത്തിനും വരി നിൽക്കുന്നവരിലേക്ക് വന്നുവീഴുന്ന ബോംബുകൾ... എത്ര ഭയാനകമാണ് നാം ജീവിക്കുന്ന ലോകം. ആ പരമസങ്കടമാണ് 98–ാം പിറന്നാൾദിനത്തിൽ ആശംസാവചസ്സുകളുമായി വരുന്ന എല്ലാവരെയും വിലക്കി പ്രാർഥനാനിരതമായ മനസ്സുമായി ഒറ്റയ്‌ക്കിരിക്കാൻ ലീലാവതി ടീച്ചറെ പ്രേരിപ്പിച്ചത്. ലോകത്തെ ഏതു കുഞ്ഞിന്റെയും നിലവിളി തന്റെ സ്വന്തം കുഞ്ഞിന്റേതുതന്നെ എന്ന് തിരിച്ചറിയുന്ന ലോകമാതൃത്വത്തെ തിരിച്ചറിയാൻ സംഘപരിവാറിന്റെ വിചാരധാരകൾക്കൊന്നുമാകില്ലതന്നെ. ഫാസിസ്റ്റുകൾക്ക് വെറുപ്പിന്റെയും പകയുടെയും ഭാഷമാത്രമേ അറിയൂ. മാരകായുധങ്ങളുടെ ഒച്ചയാണ് അവർക്ക് ശംഖനാദം. ഹിംസ്രജന്തുക്കളെപ്പോലെ മാംസത്തിനും ചോരയ്ക്കും ആർത്തിപൂണ്ട് പാഞ്ഞുനടക്കുന്നവർക്ക് മനുഷ്യത്വത്തിന്റെ സ്വരം തിരിച്ചറിയാനാകില്ല. കൊലയാളികളാണ് അവർക്ക് ദൈവങ്ങൾ.
എന്തതിശയമേ! ട്രംപിന്റെ സ്‌നേഹം
എത്ര മനോഹരമേ, അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാൻ
എന്ന് വാഴ്‌ത്തിപ്പാടാൻ നിയുക്തരായ ദേശാഭിമാനികളല്ലയോ സംഘിസമാജസഹോദരർ. ട്രംപങ്ങുന്ന് 25ൽനിന്ന് അമ്പതിലേക്ക് തീരുവ വർധിപ്പിച്ചെടുത്തപ്പോൾ ആനന്ദബാഷ്പം തൂകിയവർ. 50ൽനിന്ന് അത് നൂറിലേക്കെത്തുന്ന സുവർണനിമിഷം കാത്ത് പാട്ട കൊട്ടുന്നവർ. സായിപ്പിന്റെ ബൂട്ടുകൊണ്ട് ചവിട്ടുകിട്ടിയാൽ കെട്ടിപ്പിടിച്ചൊരു മുത്തം കൊടുക്കാൻ തോന്നുന്ന പൈതൃകവീര്യമുള്ളവർ. ട്രംപെശമാനനും നെതന്യാഹുത്തേവർക്കുമെതിരെ ആരെങ്കിലും മിണ്ടിയാൽ സംഘപരിവാരത്തിന് സഹിക്കുന്നതെങ്ങനെ. അവർ കുരച്ചുചാടും. ആയുധമെടുത്ത് ഇറങ്ങും. പെട്രോളും തീപ്പെട്ടിയും വടിവാളുമായി റോന്തുചുറ്റാനിറങ്ങും.
‘ഭക്ഷണത്തിനും മരുന്നിനും പാത്രം നീട്ടിനിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽനിന്നിറങ്ങുക' എന്ന ലീലാവതി ടീച്ചറുടെ ചോദ്യം ഭൂമിയിലെ എല്ലാ അമ്മമാരുടെയും ഉള്ളിൽ നീറുന്ന കനലാണ്. ആയുധങ്ങൾ ഇല്ലാതാകുന്ന കാലംവരെ, യുദ്ധാസക്തർ തുടച്ചുമാറ്റപ്പെടുന്ന കാലംവരെ, ഫാസിസ്റ്റുകൾ ഇല്ലാതാകുന്ന കാലംവരെ, കുഞ്ഞുങ്ങളുടെ നിലവിളിയാൽ ഭൂമി പൊള്ളിപ്പിടയാത്ത നാളുവരെ മനുഷ്യത്വം ബാക്കിയുള്ള എല്ലാവരും ഈ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും. ഫാസിസത്തിന്റെ ആയുധപ്പുരകൾക്ക് മനുഷ്യകുലത്തിന്റെ ഇച്ഛാശക്തിയെ നിയന്ത്രിക്കാനാകാത്ത കാലം വരികതന്നെ ചെയ്യും.














