ad
Deshabhimani

Articles

എം ബി
ശ്രീനിവാസൻ 
ജന്മശതാബ്ദി
ഇന്ന്

സ്‌മേര മധുമയ
 കാന്തിമയിൽ

m b sreenivasan
avatar
വി ടി മുരളി

Published on Sep 18, 2025, 10:46 PM | 3 min read

​മഹാനായ സംഗീതസംവിധായകൻ എം ബി ശ്രീനിവാസന്റെ ജന്മശതാബ്ദി വർഷമാണിത്. 1925 സെപ്തംബർ 19ന് ആന്ധ്രപ്രദേശിലെ ചിത്തൂരിൽ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച എം ബി എസ്, 1988 മാർച്ച് ഒന്പതിന് ലക്ഷദ്വീപിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ യഥാർഥ നാമം മനമധുരൈ ബാലകൃഷ്ണൻ ശ്രീനിവാസൻ എന്നാണ്. ബാല്യ-കൗമാരകാലം മാറ്റിവച്ചാൽ ജീവിതത്തിന്റെ ചെറിയ കാലയളവിൽ എന്തൊക്കെയാണ് ഈ മനുഷ്യൻ ചെയ്തുവച്ചിരിക്കുന്നതെന്ന് അത്ഭുതം തോന്നും. സിനിമാ സംഗീതസംവിധായകനെന്ന നിലയിലാണ് നാം അദ്ദേഹത്തെ ഓർക്കുന്നതും പരിഗണിക്കുന്നതും ആഘോഷിക്കുന്നതും. നാം അവഗണിച്ചുകളയുന്നത് അദ്ദേഹത്തിന്റെ ആശയലോകത്തെയാണ്. എല്ലാ ഗാനരചയിതാക്കളെയും സംഗീതസംവിധായകരെയും ഓർക്കുന്നതുപോലെ പത്തോ പതിനഞ്ചോ പാട്ടുകൾ പാടി അല്ലെങ്കിൽ പ്രക്ഷേപണം ചെയ്ത്‌ നമ്മളത്‌ അവസാനിപ്പിക്കുന്നു. സിനിമയിൽ സംവിധായകന്റെ നിർദേശമനുസരിച്ച് ചില രംഗങ്ങൾക്കായി സംഗീതം ഒരുക്കുമ്പോൾത്തന്നെ സംഗീതത്തിന്റെ അതിവിശാല ലോകത്തെ ചേർത്തുപിടിക്കുകയാണ് എം ബി എസ് ചെയ്തത്. ക്വയർ സംഗീതം, പശ്ചാത്തലസംഗീതം എല്ലാത്തിലും വ്യാപരിക്കാൻ അദ്ദേഹം സമയം കണ്ടെത്തി.


​സാമൂഹ്യവീക്ഷണമുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തി അത് നാടുമുഴുവൻ പ്രചരിപ്പിക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ചു. ഇങ്ങനെയൊരു സാമൂഹ്യവീക്ഷണം അദ്ദേഹത്തിനുണ്ടായത് വിദ്യാർഥികാലംമുതലുള്ള കമ്യൂണിസ്റ്റ് പാർടി ബന്ധംകൊണ്ടുകൂടിയായിരിക്കണം. വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയിൽ എത്തുകയും സംഗീതരംഗത്തെ മികച്ച ട്രേഡ് യൂണിയനിസ്റ്റാകുകയും ‘ഇപ്റ്റ’ എന്ന സാംസ്‌കാരിക സംഘടനയുടെ പ്രവർത്തകനും നേതാവും ആകുകയും ചെയ്‌തു. സിനിമ മ്യൂസിഷ്യൻസ് യൂണിയൻ സംഘടിപ്പിക്കുകയും ഇന്ത്യൻ പെർഫോമിങ്‌ റൈറ്റ്സ്‌ സൊസൈറ്റിയുടെ ദേശീയ നേതാവുമായി. ദേശീയ നേതാവായിരുന്ന സൈഫുദ്ദീൻ കിച്ചുലുവിന്റെ മകൾ സഹീദ കിച്ചുലുവിനെ വിവാഹം ചെയ്തതും അക്കാലത്ത്‌ വിപ്ലവംതന്നെ. എ കെ ജി പാർലമെന്റ്‌ അംഗമായിരിക്കെ അദ്ദേഹത്തിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.


നമ്മുടെ സംഗീതാധ്യാപകർ ഇപ്പോഴും വിഷയങ്ങളില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. തങ്ങളുടെ മുന്നിലെ വിദ്യാർഥികളെ എങ്ങനെ കലാസ്വാദനത്തിന്റെ പൊതുവഴിയിലെത്തിക്കാം എന്നതിനെക്കുറിച്ച് അവർക്കൊന്നും ഇപ്പോഴും ആലോചനയില്ല


​കമ്യൂണിറ്റി സിങ്ങിങ് എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന സംഗീതസമ്പ്രദായത്തെക്കുറിച്ച് വളരെ കൃത്യമായ അറിവും കാഴ്ചപ്പാടുമുണ്ടായിരുന്നു. കമ്യൂണിറ്റി സിങ്ങിങ്ങിന്റെ അടിസ്ഥാനം അധ്യാപകരിലൂടെ എങ്ങനെ വികസിപ്പിച്ചെടുക്കണമെന്ന് അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. നമ്മുടെ സംഗീതാധ്യാപകർ ഇപ്പോഴും വിഷയങ്ങളില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. തങ്ങളുടെ മുന്നിലെ വിദ്യാർഥികളെ എങ്ങനെ കലാസ്വാദനത്തിന്റെ പൊതുവഴിയിലെത്തിക്കാം എന്നതിനെക്കുറിച്ച് അവർക്കൊന്നും ഇപ്പോഴും ആലോചനയില്ല. യുവജനോത്സവങ്ങൾകൂടി ഇല്ലെങ്കിൽ നമ്മുടെ സംഗീതത്തിന്റെയും ഇതര കലകളുടെയും സ്ഥിതി എന്താകുമായിരുന്നുവെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.


​എം ബി എസിനെ ഓർക്കുമ്പോഴെല്ലാം സംഗീതത്തിന്റെ അസാധാരണ–സാമൂഹ്യ വഴികളെക്കുറിച്ചും ചിന്തിക്കാതെ വയ്യ. ഒരു കലാകാരൻ രൂപപ്പെട്ടുവരുന്നതും പുതിയ പുതിയ സൗന്ദര്യശാസ്ത്രങ്ങൾ മെനയുന്നതും ഏതേത് വഴികളിലൂടെ സഞ്ചരിച്ചാണെന്ന കാര്യം നമ്മൾ ശ്രദ്ധിക്കാറുണ്ടോ. കൂടിവന്നാൽ നമ്മൾ അവരുടെ ഗുരുനാഥന്മാരെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കും. പലരും തങ്ങളെ അഭ്യസിപ്പിച്ചവരെത്തന്നെ നിഷേധിച്ച്‌ പുതുവഴികളിലൂടെ സഞ്ചരിച്ച് ചരിത്രത്തിൽ ഇടംപിടിച്ചവരാണ്. ദേവരാജനും കെ രാഘവനും അർജുനനും ദക്ഷിണാമൂർത്തിയും ബാബുരാജുമെല്ലാം വ്യത്യസ്തതകൾ സൃഷ്ടിക്കുന്നത് അവരുടെ ജീവിതത്തിൽനിന്നുതന്നെയാണെന്ന് ഞാൻ കരുതുന്നു. അവരുടെ സിനിമാസംഗീതത്തിന്റെ വെള്ളിവെളിച്ചത്തിൽ നാം അവരുടെ പൂർവചരിത്രം മറക്കുന്നു. ആ വ്യത്യസ്‌തതകളറിയാൻ ഇവരുടെ ജീവിതവും പഠിക്കണം. എം ബി എസിന്റെ ശതാബ്ദിവർഷം ആഘോഷിക്കേണ്ടത് വെറുതെ പാട്ടുപാടിമാത്രമല്ല. പുതുതലമുറയെ ചിന്തകളിലേക്ക് നയിക്കുകയും ചെയ്തുകൊണ്ടാകണം. അത് സമകാലിക സംഗീതത്തെക്കുറിച്ചുള്ള പഠനംകൂടിയായി മാറും.


‘കത്തി’യുടെ റെക്കോഡിങ് സമയത്ത്‌ കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞു. അതിലെ മൂന്നു പാട്ടുകളുടെയും കമ്പോസിങ്‌ മുതൽ ശബ്ദലേഖനംവരെ ഒപ്പം ഞാനുണ്ടായിരുന്നു. പാട്ടിന്റെ ഭാവപൂർണതയ്‌ക്കായി ചെറിയ മിനുക്കുപണികൾ നടത്തുന്നതെങ്ങനെയെന്ന് ഞാൻ മനസ്സിലാക്കിയത് അന്നാണ്


എം ബി എസിനെ നേരിട്ടറിയാമായിരുന്നെങ്കിലും ​അദ്ദേഹത്തിന്റെ ഒരു പാട്ട് പാടിയിട്ടുണ്ടെങ്കിലും അത് ഒരാത്മബന്ധം ഒന്നുമായിരുന്നില്ല. അതിനുള്ള അവസരമെനിക്ക് ലഭിച്ചിരുന്നില്ല. എന്നാൽ, പാട്ടുകളിലൂടെ വളരെ അടുത്ത ഹൃദയബന്ധം എനിക്കുണ്ടായിരുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘കത്തി’ എന്ന ചെറുകഥ പള്ളിക്കര വി പി മുഹമ്മദ് സിനിമയാക്കിയപ്പോൾ അതിൽ ഒ എൻ വി എഴുതി എം ബി എസ് സംഗീതം നൽകിയ പാട്ടുപാടാൻ എനിക്കവസരമുണ്ടായി. ‘പൊന്നരളിപ്പൂവൊന്നു മുടിയിൽ ചൂടി’ എന്ന ആ ഗാനം പൂർണമായും മറവിയിലേക്ക് പോയിട്ടില്ല. എം ബി എസിന്റെയും ഒ എൻ വിയുടെയും പാട്ടുകൾ തെരഞ്ഞെടുക്കുമ്പോൾ പലരും ‘പൊന്നരളിപ്പൂവി’നെ ലിസ്റ്റിൽ ചേർക്കാറുണ്ട്. ‘കത്തി’യുടെ റെക്കോഡിങ് സമയത്ത്‌ കൂടുതൽ അടുത്തിടപഴകാൻ കഴിഞ്ഞു. അതിലെ മൂന്നു പാട്ടുകളുടെയും കമ്പോസിങ്‌ മുതൽ ശബ്ദലേഖനംവരെ ഒപ്പം ഞാനുണ്ടായിരുന്നു. പാട്ടിന്റെ ഭാവപൂർണതയ്‌ക്കായി ചെറിയ മിനുക്കുപണികൾ നടത്തുന്നതെങ്ങനെയെന്ന് ഞാൻ മനസ്സിലാക്കിയത് അന്നാണ്. കർണാടകസംഗീത കൃതികളിലെ സംഗതികളല്ല, മറിച്ച് കഥാപാത്രത്തിന്റെ ഭാവാത്മകതയും സംസ്‌കാരവും ജീവിതസംഘർഷങ്ങളുമാണത് പ്രതിഫലിപ്പിക്കുന്നതെന്ന്‌ ഇത്തരം സംഗീതസംവിധായകരിലൂടെയാണ് മനസ്സിലാക്കിയത്.


​പാട്ടുകളെ സ്വരങ്ങളായി കാണുന്നതിനു പകരം പാട്ടുകളിലെ സംഗീതത്തിന്റെ സ്വരങ്ങളെ ദൃശ്യങ്ങളായാണ് അദ്ദേഹം കണ്ടത്. കേൾവിയിലൂടെ ഉള്ളിൽ പിറക്കുന്ന കാഴ്ചകൾ. കവിയുടെ വരികളിലെ ദൃശ്യങ്ങളായിമാത്രമല്ല അത് സ്വരൂപിക്കുന്നത്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ സംഗീതത്തിൽ പ്രതിഫലിക്കുന്ന ദൃശ്യങ്ങൾക്കൊപ്പമെത്താൻ ഛായാഗ്രാഹകനോ സംവിധായകനോ കഴിഞ്ഞില്ലെന്നുവരാം. വാക്കിനെക്കുറിച്ചും വാക്ക് അതിന്റെ ഭാവഗരിമയോടെ സംഗീതത്തിൽ എവിടെ പ്രതിഷ്ഠിക്കണം എന്നതിനെക്കുറിച്ചുമുള്ള പഴയ പാഠങ്ങൾ ഇപ്പോൾ തകിടംമറിച്ചുകഴിഞ്ഞു. പഴയവർ നടന്ന വഴിയിൽത്തന്നെ നടക്കണമെന്ന് നിർബന്ധം പിടിക്കുന്നതിൽ അർഥമില്ലെങ്കിലും അവരുടെ ലക്ഷ്യങ്ങളിൽനിന്ന് അതിനെ പാടേ മാറ്റുന്നത് ശരിയല്ല. ഇ‍ൗ ധാരണ ബലപ്പെടുത്തുന്നത് ഇത്തരം പഴയ സംഗീതസംവിധായകരിലൂടെയാണ്‌. ചെറിയ സമയമാണെങ്കിലും എം ബി എസിന്റെ സാമീപ്യവും എന്നിൽ ഒരുപാട് മാറ്റമുണ്ടാക്കിയിട്ടുണ്ട്. പാശ്ചാത്യ–ഭാരതീയ–നാടോടി– കോറൽ സംഗീതത്തിലും കവിതയിലും ഭാഷയിലും ചരിത്രത്തിലുമെല്ലാം പ്രാവീണ്യമുള്ള ഒരാളുടെ സാമീപ്യമായിരുന്നു അത്.


​മറ്റു പല സംഗീതസംവിധായകരും അവർ തുടങ്ങിയ കാലത്ത് വരുത്തിയ മാറ്റങ്ങളിൽത്തന്നെ ഉറച്ചുനിന്നു. എന്നാൽ, എം ബി എസ്‌ എന്നും സ്വയം നവീകരിച്ചുകൊണ്ടിരുന്നു. 1960കളിലെ എം ബി എസിനെയല്ല തുടർന്നുള്ള വർഷങ്ങളിൽ നാം കാണുന്നത്. മരണംവരെ ഈ നവീകരണം തുടർന്നു. പാട്ടുകളുടെ തെരഞ്ഞെടുപ്പ് ഓരോരുത്തർക്കും വ്യത്യസ്‌തമായിരിക്കാം. അതുകൊണ്ടുതന്നെ പൊതുവേ സ്വീകരിക്കപ്പെട്ട ചില പാട്ടുകളെക്കുറിച്ചേ എല്ലാവരും പറയുകയുള്ളൂ. ഭരതന്റെ ആദ്യചിത്രമായ ‘പ്രയാണ’ത്തിൽ പ്രത്യേക മുഹൂർത്തത്തിലേക്കായി അദ്ദേഹം ചെയ്ത ‘മൗനങ്ങൾ പാടുകയായിരുന്നു’ എന്ന ഗാനമാണ് എന്റെ മനസ്സിൽ മുന്നിൽ നടക്കുന്നത്.


മൗനങ്ങൾ പാടുകയായിരുന്നു

കോടി ജന്മങ്ങളായി നമ്മൾ

പരസ്‌പരം തേടുകയായിരുന്നു’


വയലാറിന്റെ ഇ‍ൗ വരികളിൽ സംഗീതത്തിന്റെ മാസ്‌മരികലോകം സൃഷ്ടിക്കുകയായിരുന്നു എം ബി എസ്. സിനിമയിലെ ആ മുഹൂർത്തംകൂടി കണ്ടാലേ എം ബി എസ് ആ വരികളിൽ കാണിച്ച ശിൽപ്പഭംഗി അനുഭവിക്കാനാകൂ. അദ്ദേഹത്തിന്റെ സംഗീതത്തിലെ സൂക്ഷ്മഭാവ ഭൗതികതലം നമുക്കറിയണമെങ്കിൽ പാട്ടിലേക്ക് വീണ്ടും വീണ്ടും നോക്കണം, കേൾക്കണം എന്നർഥം. വെറുതെ ചില വികാരങ്ങളെ ഒരീണത്തിൽ പാട്ടാക്കുകയല്ല. ആ വികാരങ്ങളെ അദ്ദേഹം അപഗ്രഥിക്കുന്നു, പഠനവിധേയമാക്കുന്നു. വികാരങ്ങളുടെ വ്യത്യസ്‌ത തലങ്ങളിലേക്ക് പ്രവേശിക്കുന്നു. ഒരുപക്ഷേ, കവിയും സംവിധായകനും കണ്ടിട്ടില്ലാത്ത പുതിയ മാനങ്ങൾ കണ്ടെത്തുന്നു.



Deshabhimani
Home