ad
Deshabhimani

Articles

വർ​ഗീയത വോട്ടാക്കാൻ യുഡിഎഫ് ശ്രമം

വർ​ഗീയത വോട്ടാക്കാൻ യുഡിഎഫ് ശ്രമം

election days
എം വി ​ഗോവിന്ദൻ

Published on Dec 06, 2025, 11:18 PM | 2 min read

മുസ്ലിംലീഗിന്റെ "മതനിരപേക്ഷതാ’യോഗ്യത തദ്ദേശ തെരഞ്ഞെടുപ്പിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് എഴുതിയത് "ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാ’ണ്. നവംബർ നാലിന് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ തലക്കെട്ടുതന്നെ ഈ അർഥത്തിലുള്ളതായിരുന്നു. കാസർകോട് മുനിസിപ്പാലിറ്റിയിലെ ലീഗ് സ്ഥാനാർഥിക്കുവേണ്ടി മതം പറഞ്ഞ് വോട്ട് പിടിക്കുന്നതും അതിനെതിരെ ഉയർന്ന എതിർപ്പുമായിരുന്നു വാർത്തയുടെ ഉള്ളടക്കം. മതനിരപേക്ഷ പരിവേഷമുണ്ടായിരുന്ന മുസ്ലിംലീഗ് മതരാഷ്ട്രവാദികളുടെ പാതയിലേക്ക് നീങ്ങുകയാണെന്നതിന് വ്യക്തമായ തെളിവാണ് ഈ വാർത്ത. ലീഗിന്റെ ഈ മാറ്റത്തിന് പ്രധാന കാരണം ജമാഅത്തെ ഇസ്ലാമിയുമായി അവരുണ്ടാക്കിയ ബന്ധമാണെന്ന് കാണാൻ വലിയ വിശകലനപാടവമൊന്നും ആവശ്യമില്ല.


ഒമ്പതരവർഷമായി അധികാരത്തിന് പുറത്തുനിൽക്കുന്ന മുസ്ലിംലീഗിനും കോൺഗ്രസിനും എങ്ങനെയും അധികാരത്തിൽ വരണം. അതിന് ആരുമായും കൂട്ടുകൂടാൻ അവർ തയ്യാറാണ്. അതിന്റെ ഭാഗമാണ് ദേശീയ പ്രസ്ഥാനവും പിന്നീട് കോൺഗ്രസും മതനിരപേക്ഷ കക്ഷികളും മതരാഷ്ട്രവാദികളായി ദൂരെനിർത്തിയ ജമാഅത്തെ ഇസ്ലാമിയുമായി മുസ്ലിംലീഗും കോൺഗ്രസും പരസ്യ സഖ്യമുണ്ടാക്കിയിട്ടുള്ളത്.

​കേരളത്തിലുടനീളം മൂന്നിലൊന്ന് പഞ്ചായത്തുകളിൽ, അതായത്‌ 330 തദ്ദേശസ്ഥാപനങ്ങളിലെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി സഖ്യത്തിലാണ് യുഡിഎഫ്.


നൂറിലധികം പഞ്ചായത്തുകളിൽ രഹസ്യസഖ്യവുമുണ്ട്. അതായത് പ്രാദേശികമായ നീക്കുപോക്കല്ല, സംസ്ഥാന വ്യാപകമായ സഖ്യത്തിലാണ് അവർ ഏർപ്പെട്ടിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമിയുമായല്ല മറിച്ച് വെൽഫെയർ പാർടിയുമായാണ് സഖ്യമെന്ന് പറഞ്ഞ് ന്യായീകരിക്കാനാണ് യുഡിഎഫ് നേതാക്കളുടെ ശ്രമം. "ഞങ്ങൾക്ക് ആർഎസ്എസുമായല്ല, ബിജെപിയുമായാണ് ബന്ധം’ എന്നു പറയുന്നതിനു സമാനമാണ് ഈ വാദം.


​ആർഎസ്എസുമായിപ്പോലും ചർച്ച നടത്താൻ മടിയില്ലാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനം. ബാബ്റി മസ്ജിദ് തകർക്കുകയും ഗുജറാത്തിൽ ന്യൂനപക്ഷവേട്ട നടത്തുകയും ചെയ്തതിനുശേഷമാണ് ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നേരിട്ട് ചർച്ച നടത്തിയത്. വെൽഫെയർ പാർടി രൂപീകരണസമ്മേളനത്തിൽപ്പോലും ബിജെപി നേതാക്കളെ ക്ഷണിച്ച പ്രസ്ഥാനമാണത്.


ആർഎസ്എസിനെപ്പോലെതന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ തയ്യാറാകാത്ത ജമാഅത്തെ ഇസ്ലാമി, മതരാഷ്ട്രവാദമാണ് മുന്നോട്ടുവയ്ക്കുന്നത്. ആർഎസ്എസ് ഹിന്ദുരാഷ്ട്രമാണ് ലക്ഷ്യമാക്കുന്നതെങ്കിൽ ജമാഅത്തെ ഇസ്ലാമി ഇസ്ലാമികരാഷ്ട്രമാണ് ലക്ഷ്യമാക്കുന്നത്. മതനിരപേക്ഷത, ജനാധിപത്യം എന്നീ ആശയങ്ങൾക്ക് എതിരായ അബുൾ അഅ്ല മൗദൂദിയുടെ വിചാരഗതിയാണ് ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്.


​അത്യന്തം അപകടകരമായ മൗദൂദിസമാണ് ഭീകരവാദപ്രസ്ഥാനങ്ങളായ താലിബാനും ഐഎസിനും അൽ ഖായ്ദക്കും ബൊക്കോഹറമിനും ബ്രദർ ഹുഡിനും പ്രത്യയശാസ്ത്രാടിത്തറ നൽകിയിട്ടുള്ളത്. അത്തരമൊരു പ്രസ്ഥാനവുമായാണ് യുഡിഎഫ് ബന്ധമുണ്ടാക്കിയിട്ടുള്ളത്. ഇത് അപകടകരമാണെന്ന് മുസ്ലിം സമുദായത്തിലെ വലിയ വിഭാഗംതന്നെ കരുതുന്നുണ്ട്. പരമ്പരാഗത സുന്നി, മുജാഹിദ് സംഘടനകളും നേതാക്കളും എതിർപ്പുമായി രംഗത്തുവരികയുണ്ടായി.


ഏറ്റവും അവസാനമായി, യുഡിഎഫിനെയും കോൺഗ്രസിനെയും ഭൂരിപക്ഷം വിഷയങ്ങളിലും പിന്തുണയ്‌ക്കുന്ന എം എൻ കാരശേരിപോലും ഈ അവിശുദ്ധകൂട്ടുകെട്ട് യുഡിഎഫിന് വിനയാകുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ, മുൻ നിലപാടുകൾ അവർ ഉപേക്ഷിച്ചെന്ന് പറഞ്ഞ് കൂട്ടുകെട്ടിനെ പരസ്യമായി ന്യായീകരിക്കുകയാണ് പ്രതിപക്ഷനേതാവും മുസ്ലിംലീഗ് അധ്യക്ഷനും. ഇതിന്റെ ഫലമായി മുസ്ലിംലീഗ് പ്രവർത്തകരും അണികളും ജമാഅത്തെ ഇസ്ലാമിയുടെ വർഗീയനിലപാടിലേക്ക് അതിവേഗം മാറുകയാണെന്ന് തെളിയിക്കുന്നതാണ് ആദ്യം ഉദ്ധരിച്ച ന്യൂ ഇന്ത്യൻ എക്സ്പ്രസ് വാർത്ത. അതായത് ലീഗിന്റെയും യുഡിഎഫിന്റെയും പ്രത്യയശാസ്ത്ര- രാഷ്ട്രീയനേതൃത്വമായി ജമാഅത്തെ ഇസ്ലാമി മാറുകയാണെന്നാണ് ഈ വാർത്ത സൂചിപ്പിക്കുന്നത്. കേരളസമൂഹത്തിന് അത്യന്തം ആപത്താണിത്.


​ഇതേ പത്രം നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച മറ്റൊരു വാർത്തയുടെ തലക്കെട്ട് ലീഗിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചായിരുന്നു. നേരത്തേ ജമാഅത്തെ ഇസ്ലാമിയെ നഖശിഖാന്തം എതിർത്ത സംഘടനയായാണ് മുസ്ലിംലീഗ് അറിയപ്പെട്ടിരുന്നത്. അക്കാലത്താണ് മുസ്ലിംലീഗിന്റെ ഇന്നത്തെ വൈസ് പ്രസിഡന്റ്‌ സൈദലവി പുസ്‌തകം എഴുതിയത്.


2005ൽ പുറത്തിറങ്ങിയ പുസ്‌തകത്തിന്റെ പേര് "ജമാഅത്തെ ഇസ്ലാമി ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്’ എന്നായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യ -മതനിരപേക്ഷവിരുദ്ധ നിലപാടിനെതിരായ വിമർശമായിരുന്നു കൃതി. ഈ നയം ഉപേക്ഷിച്ച് മുസ്ലിംലീഗ് നേരത്തേ എതിർത്ത ശക്തികളുമായി ഇപ്പോൾ കൈകോർത്തിരിക്കുകയാണ്. ലീഗിന്റെ ഇരട്ടത്താപ്പിന്, പ്രത്യയശാസ്ത്രവഞ്ചനയ്‌ക്ക് ഏറ്റവും പുതിയ ഉദാഹരണമാണിതെന്നാണ് "ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ വാർത്ത പറയുന്നത്.


സൈദലവിയുടെ വീടുള്ള മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിൽ രണ്ട്‌ വാർഡുകളിൽ വെൽഫെയർ പാർടി സ്ഥാനാർഥികൾ യുഡിഎഫിന്റെ സ്ഥാനാർഥികളാണ്. മുസ്ലിംലീഗിന്റെ ദേശീയ ഉപാധ്യക്ഷൻ കെ പി എ മജീദിന്റെ വീടിരിക്കുന്ന വാർഡിൽപ്പോലും വെൽഫെയർ പാർടി സ്ഥാനാർഥിയാണുള്ളത്.


അതായത് പരസ്യമായ സഖ്യത്തിലൂടെ മതരാഷ്ട്രവാദികൾക്ക്, മുരത്ത വർഗീയവാദികൾക്ക് പൊതുസമൂഹത്തിൽ അംഗീകാരം നേടിക്കൊടുക്കാനാണ് മുസ്ലിംലീഗും യുഡിഎഫും തയ്യാറായിട്ടുള്ളത്. നാടിനെ വലിയ ആപത്തിലേക്കാണ് ഇവർ നയിക്കുന്നത്. അതിനാൽ ഈ അവിശുദ്ധസഖ്യത്തിനെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും വിധിയെഴുതുമെന്നുതന്നെയാണ് പ്രതീക്ഷ.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home