ad
Deshabhimani

Articles

അതിജീവനത്തിന്‍റെ കേരള സ്റ്റോറി

അതിജീവനത്തിന്‍റെ കേരള സ്റ്റോറി

Life Mission
avatar
പിണറായി 
വിജയൻ

Published on Feb 23, 2026, 09:35 PM | 4 min read

ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട രണ്ടു ദിനങ്ങളാണ് നമ്മുടെ മുന്നിലുള്ളത്. ലൈഫ് മിഷൻ മുഖേന 10 വർഷത്തിനുള്ളിൽ അഞ്ചുലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന പ്രഖ്യാപനം. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ടവർക്കായി കൽപ്പറ്റയിൽ സർക്കാർ നിർമിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനം. രണ്ടും കേവലമായ ചടങ്ങുകളല്ല. മനുഷ്യന്റെ അതിജീവനവും ജീവനോപാധികളും ഉറപ്പാക്കുന്ന സാമൂഹ്യ ഇടപെടലുകളുടെ സാക്ഷാൽക്കാരമാണ്.


സ്വന്തമായി ഒരു തുണ്ട് ഭൂമിയും സുരക്ഷിതമായ വീടും എന്നത് സാധാരണ മനുഷ്യന്റെ വലിയ സ്വപ്‌നമാണ്. അത്‌ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഏകോപിതരൂപം എന്ന നിലയിലാണ് 2017ൽ സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ആരംഭിച്ചത്. അഞ്ചുലക്ഷം വീടുകൾ എന്ന അഭിമാനസംഖ്യയിൽ എത്തുമ്പോൾ എണ്ണപ്പെടുന്നത് ചുവരുകളും മേൽക്കൂരകളുമല്ല. 20 ലക്ഷത്തിൽപ്പരം മനുഷ്യരുടെ ജീവിതമാണ്.


മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ മനുഷ്യന്റെ നിസ്സഹായതയുടെ ആഴം കാട്ടിയ ദുരന്തമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണുനീർ നമ്മുടെയാകെ വേദനയായി. ഇന്ന് കൽപ്പറ്റ പട്ടണത്തിനുസമീപം ഉയർന്ന ടൗൺഷിപ് സാങ്കേതികമായി കെട്ടിടസമുച്ചയമാണെന്ന് വിശേഷിപ്പിക്കാമെങ്കിലും അത് ‘ആരും ഒറ്റയ്‌ക്കല്ല’ എന്ന സമൂഹത്തിന്റെ ഉറച്ച വാക്കാണ്. ദുരന്തനിവാരണവും പുനരധിവാസവും അടിയന്തരസഹായമായി ഒതുങ്ങാതെ, മാന്യമായ ജീവിതത്തിലേക്കുള്ള പൂർണ പുനഃപ്രവേശനമാകണമെന്ന തീരുമാനത്തിന്റെ പ്രായോഗിക രൂപമാണത്.


കിടപ്പാടമില്ലാത്തവർക്ക് വീടും ദുരന്തബാധിതർക്ക്‌ സുരക്ഷിതമായ പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകുമ്പോൾ, പറഞ്ഞത് ചെയ്യുമെന്ന വാക്കാണ് പാലിക്കുന്നത്. വികസനം എന്നത് കൂട്ടിയും കിഴിച്ചും അവതരിപ്പിക്കുന്ന കണക്കുകളല്ല; മറിച്ച് പിന്നിലായവരെ മുന്നിലാക്കുന്നതാണ് എന്ന തിരിച്ചറിവാണ് നേട്ടങ്ങളുടെ അടിസ്ഥാനം. ഇതിനെ ഭരണനേട്ടത്തിന്റെ ആഘോഷംമാത്രമായി കാണുന്നതിനുപകരം, മനുഷ്യജീവിതത്തിന്റെ ഗൗരവവും മനുഷ്യത്വത്തിന്റെ പ്രാധാന്യവും സംരക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവായി സർക്കാർ കാണുകയാണ്. നാടിന്റെ പല ഭാഗങ്ങളിലും ദുരന്തങ്ങൾ സംഭവിക്കാറുണ്ട്; പുനരധിവാസ വാഗ്‌ദാനങ്ങൾ ഉയരാറുണ്ട്. എന്നാൽ, വാഗ്ദാനങ്ങൾ യാഥാർഥ്യമായും വീടുകളായും പുതുജീവിതങ്ങളായും മാറുന്ന ഇടപെടലുകൾ എളുപ്പം കണ്ടെത്താനാകില്ല. ആ അർഥത്തിൽ കേരളത്തിന്റെ ദുരന്തനിവാരണമാതൃകയും പൊതുവായ ക്ഷേമപ്രവർത്തനങ്ങളും രാജ്യത്തെ ഏറ്റവും തിളക്കമുള്ളതാണ്.


ലൈഫ് ഭവനപദ്ധതി


സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയാണ് ലൈഫ് മിഷൻ. 2026 ഫെബ്രുവരി 21 വരെ 6,04,046 കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ ഭവനനിർമാണ ധനസഹായം അനുവദിച്ചു. ഇതിൽ അഞ്ചുലക്ഷത്തിലധികം വീടുകൾ പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനമാണ് ഇന്നു നടക്കുന്നത്. വീടുകൾക്കുപുറമെ ഭവനസമുച്ചയങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു. നാലു ഭവനസമുച്ചയങ്ങൾ പൂർത്തിയായി. ഒരു ഭവനസമുച്ചയം വിലയ്ക്ക് വാങ്ങി ഗുണഭോക്താക്കൾക്ക് കൈമാറി. പത്തെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതിനുപുറമെ തദ്ദേശഭരണസ്ഥാപനങ്ങൾ/സന്നദ്ധസംഘടനകൾ, പാർട്‌ണർഷിപ്/ സ്പോൺസർഷിപ് എന്നിവയിലൂടെ 13 സമുച്ചയങ്ങൾ പൂർത്തിയാക്കി കൈമാറി. സർക്കാർ ആരംഭിച്ച ‘മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിന്റെ ഭാഗമായി 29.20 ഏക്കർ തദ്ദേശഭരണസ്ഥാപനങ്ങൾക്ക്/ ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകി. നിരവധി സംഘടനകളും സുമനസ്സുകളും ഇതിന്റെ ഭാഗമാകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.


വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്രമായിട്ടാണ് ‘ലൈഫ്' നടപ്പാക്കുന്നത്. എല്ലാം ചേർത്ത് ഗുണഭോക്താക്കൾക്ക് നാലുലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുന്നു. സങ്കേതങ്ങളിലും ദുർഘടപ്രദേശങ്ങളിലും വസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് ആറുലക്ഷമാണ് ആനുകൂല്യം. ലൈഫ് പദ്ധതിക്കായി 2017–-18 മുതൽ കഴിഞ്ഞദിവസംവരെയുള്ള ആകെ ചെലവ് 20,831.60 കോടി രൂപയാണ്. അതിൽ 2488.90 കോടിയാണ് കേന്ദ്രവിഹിതം. ബാക്കി 18,342.70 കോടി സംസ്ഥാനവിഹിതമാണ്. അതിൽ ഹഡ്കോയിൽനിന്നെടുത്ത വായ്പയും ഉൾപ്പെടും. പരിമിതമായി ലഭിക്കുന്ന പിഎംഎവൈ ഗ്രാമീണ, നഗര പദ്ധതികളുടെ വിഹിതം, പിഎം ജന്മൻ പദ്ധതിയിൽനിന്നുള്ള 2.11 കോടി എന്നിവ ഒഴിച്ചാൽ നമ്മുടെ സംസ്ഥാനത്തിന്റെ പദ്ധതിയാണിത്. കേരളം ഇവിടെ വേറിട്ടുനിൽക്കുകയാണ്. ഇത്തരമൊരു സമ്പൂർണ പാർപ്പിടപദ്ധതി രാജ്യത്ത്‌ മറ്റൊരിടത്തുമില്ല. ഉള്ള ചിലത്‌ ഇതുപോലെ ലക്ഷ്യത്തിലെത്തുന്നുമില്ല.

കൽപ്പറ്റ ടൗൺഷിപ്


വയനാട് ജില്ലയിലെ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു. അനവധി ജീവനുകളും സ്വപ്‌നങ്ങളും നഷ്ടപ്പെട്ട ആ ദുരന്തദിനംമുതൽതന്നെ സർക്കാർ സാധ്യമായ എല്ലാ ഊർജവും വിനിയോഗിച്ചു. വിവിധ രക്ഷാപ്രവർത്തന ഏജൻസികൾ, സന്നദ്ധസംഘടനകൾ, ജനങ്ങളുടെ നിസ്സീമമായ സഹകരണം– ഇവയെല്ലാം ചേർന്നാണ് ആദ്യഘട്ട ദുരിതാശ്വാസം കാര്യക്ഷമമായി പൂർത്തിയാക്കിയത്.


അതിനുപിന്നാലെ, പുനരധിവാസം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തു. ദുരന്തബാധിതർക്ക്‌ സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മാതൃകാ ടൗൺഷിപ് പടുത്തുയർത്തുകയാണ്. 2025 മാർച്ച് 27ന് കല്ലിട്ട ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം 2026 മാർച്ച് ഒന്നിന്‌ നടക്കും.


64.47 ഹെക്ടറിൽ ഉയരുന്ന ടൗൺഷിപ്പിൽ ആകെ 410 വീടുകളാണ്. ഇതിൽ 178 എണ്ണം പൂർത്തിയായി. 410ഉം പണിതീരുന്നതോടെ 1662ലധികം ആളുകൾക്ക് സുരക്ഷിതകിടപ്പാടം ലഭ്യമാകും. പൊതു റോഡുകൾ, ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതു മാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സമഗ്ര പാർപ്പിടപദ്ധതിയാണിത്‌. വയനാടിന്റെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകൾ പരിഗണിച്ചാണ് നിർമാണം. കൂടാതെ ചെറിയ ഭൂകമ്പങ്ങളെ പ്രതിരോധിക്കുന്നതരത്തിലാണ് വീടുകളുടെ രൂപകൽപ്പന.

പുനരധിവാസം വീട്‌ നിർമിക്കുന്നതിൽ ഒതുങ്ങുന്നതല്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.


ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കി. കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴുലക്ഷം രൂപവീതവും ഒന്നിൽ കൂടുതൽ കടമുറികൾ നഷ്ടമായാൽ അധികമുള്ള ഓരോ മുറിക്കും 2.5 ലക്ഷംവീതവും അനുവദിക്കുന്നു. സംരംഭകർക്ക് നഷ്ടത്തിന്റെ 50 ശതമാനംവരെ നൽകും. മാനുഫാക്ചറിങ്‌ മേഖലയിൽ പരമാവധി 20 ലക്ഷം, സർവീസ് മേഖലയിലാണെങ്കിൽ 10 ലക്ഷം, ട്രേഡ് മേഖലയിലാണെങ്കിൽ ഏഴുലക്ഷം രൂപ എന്നിങ്ങനെയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് അനുവദിക്കുന്നത്.


ദുരന്തബാധിതരുടെ കടബാധ്യതയും സർക്കാർ ഏറ്റെടുത്തു. 155 കുടുംബങ്ങളുടെ 1620 വായ്പകൾ ഏറ്റെടുത്തു. ഇതിന് ഏകദേശം 18.75 കോടി രൂപ ചെലവായി. കേന്ദ്രസർക്കാർ കടബാധ്യത എഴുതിത്തള്ളാൻ കഴിയില്ലെന്ന നിലപാട് എടുത്തപ്പോഴും സംസ്ഥാന സർക്കാർ നിസ്സംഗമായി നിന്നില്ല. കേരള ബാങ്ക് നേരത്തേതന്നെ വായ്പകൾ എഴുതിത്തള്ളി. അതിനുപുറമെയുള്ള കടങ്ങൾ തീർക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് തുക കണ്ടെത്തിയത്.


വീട് നഷ്ടപ്പെട്ടവർക്ക് വാടകവീട്ടിൽ കഴിയാൻ ഇതുവരെ ആറുകോടി 16 ലക്ഷത്തിൽപ്പരം രൂപ നൽകിയിട്ടുണ്ട്. ഒരാൾക്ക് 300 രൂപവീതം 1184 പേർക്ക് സഹായവിതരണം തുടരുന്നു; ഇതിനായി ഇതിനകം 17.7 കോടി ചെലവായി. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 13 കോടിയിൽപ്പരം രൂപ നൽകി. മാതാപിതാക്കൾ നഷ്ടപ്പെട്ട 21 കുട്ടികൾക്ക് 10 ലക്ഷം രൂപവീതം ഡിപ്പോസിറ്റായി അനുവദിച്ചു. 958 പേർക്ക് ഇപ്പോഴും ഭക്ഷണ കൂപ്പണുകൾ നൽകുന്നു. ടൗൺഷിപ്പിൽ വീട് വേണ്ടെന്നു പറഞ്ഞ 14 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം നഷ്ടപരിഹാരമായി നൽകി.

വിവിധ സർക്കാർ വകുപ്പുകളും സർക്കാർ ഇതര ഏജൻസികളും തൊഴിലാളികളും ചേർന്ന ഏകോപിതമായ പ്രവർത്തനഫലമാണ് മാതൃകാ ടൗൺഷിപ്. ദുരന്തം സംഭവിച്ച് ഒന്നരവർഷത്തിനുള്ളിൽ ഇത്രയും വലിയ പുനർനിർമാണദൗത്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കൂട്ടായ്മയുടെ വിജയമാണ്. ദുരന്തങ്ങളെ അതിജീവിച്ച് മുന്നേറുന്ന സമൂഹത്തിന്റെ കരുത്തിനും ജനപക്ഷസർക്കാരിന്റെ പ്രതിബദ്ധതയ്ക്കും തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു.


ഒരു സർക്കാർ എന്തിനാണ് നിലനിൽക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഈ രണ്ട് നേട്ടങ്ങളിലും കാണാം. ഒരു കുടുംബത്തിന് സ്വന്തമായി ഒരു വീട് ലഭിക്കുമ്പോൾ മതിലുകളും മേൽക്കൂരയും മാത്രമല്ല; കിട്ടുന്നത്- സുരക്ഷയും മാന്യതയും ആത്മവിശ്വാസവുമാണ്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തെ വീണ്ടും ഉയർത്തിനിർത്തുമ്പോൾ, അതിനെ കേവലമായ കരുണയായല്ല, സാമൂഹിക ഉത്തരവാദിത്വത്തിന്റെ നിർവഹണമായാണ് സർക്കാർ കാണുന്നത്.


സാമ്പത്തികപ്രയാസങ്ങളും വിമർശങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടും ‘ചെയ്യാം’ എന്നു പറഞ്ഞ കാര്യങ്ങൾ പൂർത്തിയാക്കാനായ അഭിമാനമാണ് സർക്കാരിനുള്ളത്. ഒരു വീട് കൈമാറുമ്പോൾ, ഒരു കുടുംബത്തിന്റെ ഭാവികൂടി കൈമാറുകയാണ്. ടൗൺഷിപ് പണിയുമ്പോൾ, ഒരു സമൂഹത്തിന്റെ ആത്മവിശ്വാസം പുനഃസ്ഥാപിക്കുകയാണ്. ഇങ്ങനെ ഭരണത്തിന്റെ അർഥം മാറ്റിയ കാലഘട്ടമാണ്, കഴിഞ്ഞ ഒരു ദശാബ്ദക്കാലം.

കൽപ്പറ്റ ടൗൺഷിപ് ഉദ്‌ഘാടനം അടുത്തിരിക്കെ ആ ദുരന്തത്തെ നാട് എങ്ങനെ നേരിട്ടു എന്നുകൂടി ഓർക്കേണ്ടതുണ്ട്. മഹാദുരന്തത്തിന്റെ ആദ്യനാളുകളിൽത്തന്നെ കേരളം ഒറ്റക്കെട്ടായി. മന്ത്രിമാർ, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സേനാസംവിധാനങ്ങൾ, സന്നദ്ധപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങി നാനാമേഖലകളിൽനിന്നുള്ളവർ ജീവൻ പണയംവച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നത് നാടിന്റെ കൂട്ടായ്മയുടെ ഉജ്വലമായ ഉദാഹരണമാണ്.​


ആ ഘട്ടത്തിൽത്തന്നെ, ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ലോകോത്തര നിലവാരത്തിൽ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആ വാഗ്ദാനം യാഥാർഥ്യമാകുന്നതാണ്‌ നാം കാണുന്നത്. ആ ചരിത്രനിമിഷം സർക്കാരിന്റെമാത്രം നേട്ടമല്ല. രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഓരോ കൈയും പുനരധിവാസത്തിനായി അകമഴിഞ്ഞ്‌ സഹായം നൽകിയ ഓരോ മനസ്സും ചേർന്നുണ്ടാക്കിയ മഹാനേട്ടമാണ്.


ദുരന്തത്തെ അതിജീവിച്ചും വേദനയെ ശക്തിയാക്കിമാറ്റിയും മുന്നേറുന്ന നമ്മുടെ നാടിന്റെ യാത്ര, ഒറ്റക്കെട്ടായി നാം തീർത്ത ഒരു ‘റിയൽ കേരള സ്റ്റോറി’യാണ്. അത് ലോകത്തിനുമുന്നിൽ ഒരു മാതൃകയായി ഉയർന്നുനിൽക്കും. മനുഷ്യസ്നേഹവും ഉത്തരവാദിത്വവും ചേർന്നാൽ ഒരു സമൂഹത്തിന് എത്ര ഉയരത്തിൽ എത്താനാകുമെന്നതിന്റെ തെളിവായി തിളങ്ങിനിൽക്കും.



Deshabhimani
Home