ad
Deshabhimani

Articles

മാനവികതയുടെ പന്തുരുളട്ടെ...

മാനവികതയുടെ പന്തുരുളട്ടെ...

Football
avatar
പുത്തലത്ത് ദിനേശൻ

Published on Jun 09, 2026, 10:51 PM | 4 min read

ഇന്ന് ലോകജനതയെ പരസ്‌പരം ബന്ധിപ്പിക്കുന്ന ഒന്നായി ഫുട്ബോള്‍ മാറിയിരിക്കുന്നു. മൂന്നു രാഷ്‌ട്രങ്ങള്‍ സംയുക്തമായി നടത്തുന്നുവെന്ന സവിശേഷത ഈ ലോകകപ്പിനുണ്ട്. മറ്റു പല കായികവിനോദങ്ങളും അതത് രാജ്യത്തിന്റെ ഭാഗമായി നിന്ന്‌ ആരാധകവൃന്ദം രൂപപ്പെടുമ്പോള്‍, അത്തരം അതിര്‍ത്തികളെല്ലാം ഭേദിച്ച് സാര്‍വദേശീയമായ മാനത്തിലേക്ക് ജനതയെ നയിക്കുന്നുവെന്നതും ഫുട്ബോളിന്റെ പ്രത്യേകതയാണ്. സാര്‍വദേശീയ മാനവികതയുടെ അടയാളമായി ഫുട്ബോള്‍ ലോകകപ്പ് മാറുകയാണ്. ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെയുമെല്ലാം കൊടികള്‍ പാറുന്ന നാടായി കേരളം മാറുന്നത് ഇതിന്‌ ഉദാഹരണമാണ്.


​ജീവിതത്തില്‍ അധ്വാനിച്ച് തളരുന്ന തൊഴിലാളികള്‍ക്ക് ഉന്മേഷം നല്‍കുന്ന ഒന്നായാണ് മാര്‍ക്‌സ്‌ ഫുട്ബോളിനെ വിഭാവനം ചെയ്‌തത്. 1866ല്‍ ജനീവയില്‍ ചേര്‍ന്ന സാര്‍വദേശീയ തൊഴിലാളിസംഘടനയുടെ സമ്മേളനത്തില്‍ മാര്‍ക്‌സ്‌ അവതരിപ്പിച്ച പ്രമേയത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: ‘‘തൊഴിലാളികള്‍ പ്രഭാതംമുതല്‍ തൊഴിലില്‍ വ്യാപൃതരാണ്. മനസ്സിനും ശരീരത്തിനും ഉന്മേഷം നല്‍കാന്‍ കാല്‍പ്പന്തുകളിക്ക് കഴിയും. അതുകൊണ്ട്, തൊഴിലാളി യൂണിയനുകള്‍ തങ്ങളുടെ പ്രാദേശികഘടകങ്ങളോടൊപ്പം ഫുട്ബോള്‍ ക്ലബ് നിര്‍ബന്ധമായും രൂപീകരിക്കണം.’’ തൊഴിലാളിസംഘടനകള്‍ ഫുട്ബോളിനെ അവരുടേതായ കായികവിനോദമായി ഏറ്റെടുക്കുകയായിരുന്നു.


​ഗാന്ധിജിക്ക് രാഷ്‌ട്രീയപോരാട്ടത്തിനുള്ള വേദികൂടിയായിരുന്നു ഫുട്ബോള്‍ മൈതാനം. വര്‍ണവെറിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ ട്രെയിനില്‍നിന്ന് പുറത്താക്കപ്പെട്ട ഗാന്ധിജി അതിനെതിരായുള്ള പോരാട്ടത്തിനും തയ്യാറായി. എന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാൻ ആളുകള്‍ സന്നദ്ധമല്ലാത്ത നിലയുണ്ടായി. തന്റെ ആശയങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കാമെന്ന് അദ്ദേഹം ചിന്തിച്ചു. ദക്ഷിണാഫ്രിക്കൻ ജനതയുടെ ജീവിതത്തിലേക്ക് ഗാന്ധിജി കണ്ണോടിച്ചു. അവിടെ ജനങ്ങള്‍ ഏറ്റവും കൂടിച്ചേരുന്ന ഇടം ഫുട്ബോള്‍ മൈതാനങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഫുട്ബോള്‍ മത്സരത്തിനിടയിലുള്ള ഇടവേള സാധ്യതയായി ഗാന്ധിജി കണ്ടു. അങ്ങനെ സ്വന്തമായി ഫുട്ബോള്‍ ടീംതന്നെ രൂപപ്പെടുത്താൻ നേതൃത്വം നല്‍കി. ആയിരങ്ങള്‍ തിങ്ങിക്കൂടുന്ന മൈതാനത്തില്‍ മത്സരങ്ങളുടെ ഇടവേളകളില്‍ ഗാന്ധിജി മൈക്കിലൂടെ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‌ തയ്യാറായി. ഗാന്ധിജിക്ക് ഫുട്ബോള്‍ മൈതാനം തന്റെ ആശയപ്രചാരണത്തിന്റെ കര്‍മഭൂമികൂടിയായിരുന്നു.


​അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതവുമായി ഇത്രയേറെ കൂടിച്ചേര്‍ന്ന കായികവിനോദങ്ങള്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഓരോ നാടിന്റെയും ജനജീവിതങ്ങളുടെ സവിശേഷതയ്‌ക്കനുസരിച്ച് ഉയര്‍ന്നുവന്നതാണ് അവരുടെ ഫുട്ബോള്‍ ശൈലികള്‍. ലോക ഫുട്ബോള്‍ എക്കാലത്തും ആദരവോടെ ഓര്‍ക്കുന്ന പെലെ, തന്റെ ദാരിദ്ര്യപൂര്‍ണമായ ജീവിതത്തില്‍ എങ്ങനെയാണ് ഫുട്ബോള്‍ ഇടപെട്ടതെന്ന് വ്യക്തമാക്കുന്നുണ്ട്: ‘‘ഫുട്ബോള്‍ ലഹരിയായിരുന്നു. ആ ലഹരി രക്തധമനികളില്‍ പ്രവേശിച്ചാല്‍ മറ്റൊന്നും ഓര്‍മയിലുണ്ടാകില്ല. പന്തും മൈതാനത്തെ ടച്ച് ലൈനുകളും വലയും പോസ്റ്റും മാത്രമേ മനസ്സില്‍ കാണുകയുള്ളൂ. മറ്റെല്ലാം മാഞ്ഞുപോകും. വിശപ്പും ദാഹവുമെല്ലാം മാറ്റുന്ന ഒറ്റമൂലിയായിരുന്നു ഫുട്ബോള്‍.’’ ദാരിദ്ര്യത്തെ മറന്ന് ജീവിക്കാനുള്ള ലഹരിയായിരുന്നു ലാറ്റിനമേരിക്കക്കാര്‍ക്ക് ഫുട്ബോള്‍. തെരുവോരങ്ങളിലെ ഇടുങ്ങിയ ഇടങ്ങളില്‍ കുട്ടികളുടെ വലിയ കൂട്ടത്തിനിടയില്‍ പന്തുതട്ടി വളര്‍ന്നവരായിരുന്നു ബ്രസീലുകാര്‍. ഈ ജീവിതത്തില്‍നിന്നാണ് കുറുകിയ പാസുകളിലൂടെ മുന്നേറുന്ന ബ്രസീലിയന്‍ ശൈലി രൂപപ്പെടുന്നത്. പരിക്കുകളെ അതിജീവിച്ചെത്തിയ സൂപ്പർ താരം നെയ്‌മർ ഉൾപ്പെടെയുള്ള സംഘമാണ്‌ ഇക്കുറി ബ്രസീലിനായി ലോകകപ്പിന്‌ എത്തുന്നത്‌.


​ജനതയുടെ ആള്‍ക്കൂട്ട സംസ്‌കാരത്തില്‍നിന്നാണ് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഉയര്‍ന്നുവരുന്നത്. ആവേശത്താല്‍ ആര്‍ത്തുവിളിക്കുന്ന കാണികളിലേക്കുള്ള മാറ്റം അര്‍ജന്റീനയുടെ സംഭാവനയാണ്. നിലംപറ്റിയ ചെറിയ പാസുകള്‍, സൂക്ഷ്‌മമായ ചലനങ്ങള്‍, തുളച്ചുകയറുന്ന നീക്കങ്ങള്‍, എതിരാളിയെ വട്ടം കറക്കുന്ന ഡ്രിബ്ലിങ്ങുകള്‍ ഇവയെല്ലാം ഒത്തുചേര്‍ന്നതാണ് അര്‍ജന്റീനയുടെ ശൈലി. ഈ രീതികളിലൂടെ പിന്‍നിരയില്‍നിന്ന് മുന്‍നിരയിലേക്ക് പന്തുകള്‍ നീങ്ങിക്കൊണ്ടേയിരിക്കും. അര്‍ജന്റീനയുടെ ഈ ശൈലി, ലോകഫുട്ബോളിനെ അടക്കി ഭരിക്കുന്നതാണ് കഴിഞ്ഞ ലോകകപ്പില്‍ നാം കണ്ടത്. തുടക്കത്തില്‍ പരാജയപ്പെട്ടിട്ടും തിരിച്ചുവന്ന ആത്മവിശ്വാസത്തിന്റെ കരുത്തുകൂടിയാണ് അര്‍ജന്റീനിയന്‍ ഫുട്ബോള്‍. മറഡോണയും ചെ ഗുവേരയുടെ ചിത്രങ്ങളുമെല്ലാം ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു. ഫുട്ബോളും വിപ്ലവവുമെല്ലാം പരസ്‌പരം ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് ലാറ്റിനമേരിക്കക്കാര്‍ക്ക്. അര്‍ജന്റീനയുടെ രാഷ്‌ട്രീയചരിത്രവുമായി ചേര്‍ന്നുപോകുന്ന ഒന്നുകൂടിയാണ് ഫുട്ബോള്‍. മറഡോണയുടെ ഇടതുപക്ഷ നിലപാടുകള്‍ അങ്ങനെ രൂപപ്പെട്ടുവരുന്നതാണ്. സ്വന്തം വേരുകളില്‍നിന്ന് സാര്‍വലൗകികമായി തീരുന്ന ഒന്നാണ് ലാറ്റിനമേരിക്കയുടെ ഈ ശൈലികള്‍ എന്നു കാണാം. ​ചെ ഗുവേരയെ പച്ചകുത്തി തന്നിലേക്ക് സ്വാംശീകരിക്കുകയാണ് മറഡോണ ചെയ്‌തത്. ‘‘ചെ ഗുവേരയെ കലാസൃഷ്‌ടിയായാണ് പച്ചകുത്തിയത്.


പക്ഷേ, സത്യത്തില്‍ അദ്ദേഹം എന്റെ നെഞ്ചിലാണുള്ളത്’’ എന്നു പറയുകയുണ്ടായി. ഉയരക്കുറവിനെ മറികടക്കാന്‍ മുന്നോട്ടുതള്ളിയ നെഞ്ചിന്‍കൂടുകള്‍ നല്‍കുന്ന ആക്രമണോത്സുകമായ ശരീരഘടന മറഡോണയുടെ കേളീശൈലിയായി വിലയിരുത്തിയിട്ടുണ്ട്. മെസിയുടെ ശൈലിയാകട്ടെ, പന്തിനെ തന്നോട് ചേര്‍ത്തുനിര്‍ത്തുന്നതാണ്‌. പന്തിനെ ഓമനിക്കുന്ന നീക്കങ്ങളാണ് മെസിയുടേത്. അര്‍ജന്റീനിയന്‍ ശൈലിയുടെ കരുത്തും വൈവിധ്യവുമാണ് ഈ പ്രതിഭകളില്‍ നിഴലിക്കുന്നത്.


​യൂറോപ്പിലെ ബ്രസീലെന്ന് വിശേഷിപ്പിക്കുന്ന രാജ്യമാണ് പോര്‍ച്ചുഗല്‍. യൂറോപ്പിന്റെ തനതുശൈലിയില്‍നിന്ന് മാറിനില്‍ക്കുന്ന പോര്‍ച്ചുഗലിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകത്തെ ജനകീയപോരാട്ടങ്ങളോട് ഐക്യപ്പെടുന്ന പ്രതിഭകൂടിയാണ് റൊണാൾഡോ. തന്റെ വാർത്താസമ്മേളനത്തിനിടയില്‍ ബഹുരാഷ്‌ട്ര കമ്പനികളുടെ കോളകള്‍ എടുത്തുമാറ്റിയ രംഗം നമ്മുടെയെല്ലാം മനസ്സിലുണ്ട്. അതേസമയം, യൂറോപ്യന്‍ ഫുട്ബോളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്‌ ആഫ്രിക്കയുടെ മണ്ണില്‍നിന്ന് യൂറോപ്പില്‍ എത്തിയവരാണ്. കൊളോണിയല്‍ ചൂഷണവും ഫ്യൂഡല്‍ അധിനിവേശങ്ങളുമെല്ലാം തകര്‍ത്തെറിഞ്ഞ ജീവിതമാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളുടേതും. പ്രതീക്ഷ നഷ്‌ടപ്പെടുന്ന യുവതലമുറയ്‌ക്ക് അതിജീവനത്തിന്റെ ജീവിതവഴികൂടിയാണ് ഫുട്ബോള്‍. ആഫ്രിക്കയില്‍നിന്ന് ഫുട്ബോള്‍ തട്ടി മികച്ച നിലയിലേക്ക് വളരുന്നതിന്റെ അടയാളങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ക്ക് യൂറോപ്യന്‍ ക്ലബ്ബുകളില്‍ സ്ഥാനം ലഭിക്കും. ഇവയിലൂടെ അവര്‍ ജീവിതദുരിതങ്ങളെ മറികടക്കും. ഇന്ന് യൂറോപ്യന്‍ ഫുട്ബോളില്‍ നിറഞ്ഞുനില്‍ക്കുന്ന എംബാപെയെയും ലുക്കാക്കുവിനെയുംപോലുള്ള നിരവധി താരങ്ങള്‍ യൂറോപ്പില്‍ എത്തിച്ചേര്‍ന്നത് ഈ വഴിയിലൂടെയാണ്.


​യൂറോപ്പില്‍ ഒരുകാലത്ത് യുദ്ധക്കളംപോലെയായിരുന്നു ഫുട്ബോള്‍. അപകടങ്ങളുടെ പരമ്പര അവിടെ ഉണ്ടായിക്കൊണ്ടേയിരുന്നു. 1314ല്‍ എഡ്വേര്‍ഡ് രണ്ടാമന്‍ രാജാവ് ബ്രിട്ടനില്‍ ഫുട്ബോള്‍തന്നെ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് ജീവിതം മുഴുവന്‍ തടങ്കലെന്നായിരുന്നു അക്കാലത്തെ നിയമം. ഇത്തരമൊരു സാഹചര്യത്തിലാണ് മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റിന്റെ രംഗപ്രവേശത്തെ അവര്‍ സ്വാഗതം ചെയ്‌തത്. ‘ക്രൂരതയുടെ കളി’യായ ഫുട്ബോളില്‍നിന്ന് വ്യത്യസ്‌തമായ ഒന്ന് എന്നനിലയില്‍ ബ്രിട്ടനില്‍ ക്രിക്കറ്റ് വ്യാപിച്ചു. അവിടെനിന്നാണ് ബ്രിട്ടീഷ് കോളനികളില്‍ പടര്‍ന്നുകയറിയ ക്രിക്കറ്റിന്റെ ജ്വരം ഉണ്ടാകുന്നത്.


​ആധുനികതയുടെ മൂല്യബോധങ്ങളുടെ വരവ് യൂറോപ്യന്‍ ഫുട്ബോളിനെ മാറ്റിമറിച്ചു. സാങ്കേതികമായ അറിവുകളെ ഫുട്ബോളിന്റെ പരിശീലനവുമായി ബന്ധിപ്പിച്ച് അവര്‍ മുന്നോട്ടുപോയി. പ്രൊഫഷണലിസത്തിന്റെ ഈ വഴികളിലൂടെ വിജയംമാത്രം ലക്ഷ്യംവച്ച് യൂറോപ്യന്‍ ഫുട്ബോള്‍ മുന്നേറി. ലോകത്തെ പ്രാദേശികമായ ഫുട്ബോളിന്റെ ശൈലികളെ വിജയത്തിന്റെ ഈ രീതി ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് വൈവിധ്യമാര്‍ന്ന ശൈലികളുടെ വലിയ ലോകമായി ഫുട്ബോള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.


​ഏഷ്യന്‍ വന്‍കര ഫുട്ബോളിന്റെ തനതുശൈലികള്‍ ഏറെ സംഭാവന ചെയ്‌തിട്ടില്ല. ഹെഡറുകള്‍ പ്രധാനമായിത്തീരുന്ന ഫുട്ബോളില്‍ ഈ പരിമിതികളെയെല്ലാം വേഗംകൊണ്ടും സവിശേഷമായ ശൈലികൊണ്ടും ഊര്‍ജസ്വലമായ ചലനങ്ങള്‍കൊണ്ടും മറികടക്കാന്‍ ശ്രമിക്കുന്നവരാണ് ഏഷ്യക്കാര്‍. ഇങ്ങനെ ലോകത്തിന്റെ ജീവിതദുരിതങ്ങളുടെ വഴികൾ താണ്ടിക്കടക്കാനുള്ള ഒന്നായാണ് മൂന്നാം ലോക രാജ്യങ്ങളില്‍ ഫുട്ബോള്‍ മുന്നേറുന്നത്. മലയാളിയായ തഹ്സിൻ മുഹമ്മദ്‌ ജംഷിദ്‌ ഖത്തറിനുവേണ്ടി ബൂട്ടണിയുന്നുവെന്ന അഭിമാനവും ഇത്തവണത്തെ ലോകകപ്പിന്റെ സവിശേഷതയാണ്‌.


​കോര്‍പറേറ്റ് ആധിപത്യം ലോകജനതയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ വാരിവിതറുന്നുണ്ട്. ഇവയ്‌ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയമുന്നേറ്റങ്ങളെ വംശീയതയുടെയും വര്‍ഗീയതയുടെയും പേരുപറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നമുക്കു ചുറ്റും നടക്കുന്നത്. എന്നാല്‍, ഫുട്ബോള്‍ എന്ന മഹത്തായ കായികരൂപം വിഭജനങ്ങളെയെല്ലാം മറികടന്ന് സ്‌നേഹത്തിന്റെ നൂലുകളില്‍ മനുഷ്യനെ കോര്‍ത്തിണക്കുന്നുണ്ട്. വിഭജിച്ചുനിര്‍ത്തി വിജയംകൊയ്യുന്ന കോര്‍പറേറ്റ് രാഷ്‌ട്രീയത്തെ വെല്ലുവിളിക്കുന്ന മാനവികതയുടെ കായികവിനോദമായി ഫുട്ബോള്‍ മാറുകയാണ്.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home