ad
Deshabhimani

Articles

ഗിഗ് തൊഴിൽ സംസ്കാരത്തിന്റെ ക്രൂരമായ മുഖങ്ങളാണ് ഈ രണ്ട് സ്ഥാപനങ്ങളിലൂടെയും തുറന്നുകാട്ടപ്പെടുന്നത്.

കോറോ ഹെൽത്തും ടാൽറോപ്പും നൽകുന്ന പാഠം: പുതിയ ലേബർ കോഡുകളും മാറുന്ന തൊഴിൽ സംസ്കാരവും

employees
എസ് എസ് അനിൽ

Published on Jul 27, 2026, 10:20 AM | 4 min read

ആധുനിക കോർപ്പറേറ്റ് തൊഴിൽ മേഖലയിലെ ജീവനക്കാർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അപ്രതീക്ഷിതമായ കൂട്ടപ്പിരിച്ചുവിടലുകളും ശമ്പള കുടിശ്ശികകളും. അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലും കേരളം ആസ്ഥാനമായ ടാൽറോപ്പിലും സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ ഇന്ത്യൻ തൊഴിൽ രംഗത്ത് വരാനിരിക്കുന്ന കരിനിഴലിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്. തൊഴിലാളികളെ കേവലം 'ഉപയോഗിച്ച് വലിച്ചെറിയുന്ന' ഗിഗ് തൊഴിൽ സംസ്കാരത്തിന്റെ ക്രൂരമായ മുഖങ്ങളാണ് ഈ രണ്ട് സ്ഥാപനങ്ങളിലൂടെയും തുറന്നുകാട്ടപ്പെടുന്നത്.


കോറോ ഹെൽത്ത്: അദൃശ്യനായ ഉടമയും ഗിഗ് തൊഴിൽ സംസ്കാരവും


അമേരിക്കൻ മെഡിക്കൽ കോഡിംഗ് കമ്പനിയായ കോറോ ഹെൽത്ത് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,000 കോടി രൂപയുടെ ലാഭമാണ് കൊയ്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ശാഖകളുള്ള ഈ കമ്പനി, പെട്ടെന്നൊരു ദിവസമാണ് കൊച്ചിയിൽ നിന്ന് 600 പേരെയും കോഴിക്കോട് നിന്ന് 300 പേരെയും ഉൾപ്പെടെ 900-ഓളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. 20,000 രൂപ മുതൽ 1,00,000 രൂപ വരെ ശമ്പളം വാങ്ങിയിരുന്ന ജീവനക്കാരാണ് ഇതിലൂടെ വഴിയാധാരമായത്.


ഈ പിരിച്ചുവിടലിലെ ഏറ്റവും വിചിത്രമായ കാര്യം ഇതിന്റെ ആസൂത്രണമാണ്. 'ഇൻഡിക്യൂബ്' എന്ന കമ്പനി ലീസിനെടുത്ത് സബ് ലീസ് നൽകിയ കെട്ടിടത്തിലാണ് കൊച്ചി, കോഴിക്കോട് ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. ഇൻഡിക്യൂബ് എന്ന കമ്പനി കെട്ടിടങ്ങൾ ലീസിനെടുത്ത് വൻകിട കമ്പനികൾക്ക് സബ് ലീസ് നൽകുന്ന സ്ഥാപനമാണ്. വിദേശ കമ്പനികൾ പലതും ഈ രീതിയിലാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. അതായത് ഇൻഡിക്യൂബിലെ ഉദ്യോഗസ്ഥർക്ക് കോറോ ഹെൽത്ത് എന്ന കമ്പനിയുമായി നേരിട്ട് ബന്ധമില്ല എന്ന് ചുരുക്കം.


കോറോ ഹെൽത്തിലെ ജീവനക്കാർ രാവിലെ 9 മണിക്കാണ് ജോലിക്ക് ഹാജരാകേണ്ടത്. വൈകിട്ട് 6 മണി വരെയാണ് ഔദ്യോഗിക സമയമെങ്കിലും ദിവസവും അത് 8 മണിവരെ നീളും. ശനിയും ഞായറും അവധിദിനങ്ങളാണ്. പക്ഷേ എല്ലാ ശനിയാഴ്ചകളിലും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഹാജരാകാൻ മുകളിൽ നിന്നും നിർദ്ദേശം വരും. ഞായറാഴ്ചയും നിർബന്ധം തുടരുമെങ്കിലും കേരളത്തിൽ ജീവനക്കാർ അത് അംഗീകരിക്കാറില്ല. പിരിച്ചുവിടലിന്, ഇതും അധികാരികളെ ചൊടിപ്പിച്ച ഒരു ഘടകമാണ്. കൂടുതൽ സമയജോലിക്കും അവധിദിന ജോലിക്കും ഓവർടൈം വേതനമോ പ്രത്യേക ആനുകൂല്യങ്ങളോ ഒന്നും തന്നെ നൽകാറില്ല.


രാവിലെ ജോലിക്ക് ഹാജരായിക്കഴിഞ്ഞാൽ പണിയുമായി ബന്ധപ്പെട്ട അനൗൺസ്മെന്റുകൾ വരാറുണ്ട്. 2026 ജൂലൈ 3-ന് പതിവുപോലെ ഹാജരായ ജീവനക്കാർ ജോലി തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് പിരിച്ചുവിടൽ അറിയിപ്പ് ലഭിക്കുന്നത്. എല്ലാവരെയും പിരിച്ചുവിടുന്നതായും നഷ്ടപരിഹാരമായി ഒരു തുക അക്കൗണ്ടുകളിൽ വരവ് വച്ചിട്ടുണ്ടെന്നുമായിരുന്നു അനൗൺസ്മെന്റ്. മാനേജർ മുതൽ താഴോട്ടുള്ള മുഴുവൻ ജീവനക്കാരുടെയും ഓഫീസിലേക്കുള്ള പ്രവേശനാനുമതിയും കമ്പനി നിമിഷങ്ങൾക്കകം ബ്ലോക്ക് ചെയ്തു. സ്ഥാപനത്തിനകത്ത് ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് പുറത്തിറങ്ങാനുള്ള 'ഫേസ് ആക്സസ്' കൂടി തടഞ്ഞതിനാൽ, ഇൻഡിക്യൂബ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അവരിൽ പലർക്കും പുറത്തുകടക്കാനായത്.


ഓഫീസിൽ ഉയർന്ന ഉദ്യോഗസ്ഥർ ആരുമില്ലാത്ത, ഉടമ അജ്ഞാതമായ ഒരു പശ്ചാത്തലത്തിൽ, കൃത്യമായ 'ഗിഗ് തൊഴിൽ സംസ്കാരം' നടപ്പിലാക്കുകയായിരുന്നു കമ്പനി ചെയ്തിരുന്നത്. 'പെർഫോമൻസ്' ചൂണ്ടിക്കാണിച്ച് ആളുകളെ പുറത്താക്കുന്നത് അവിടെ പതിവായിരുന്നെങ്കിലും മാനേജർമാർ ഉൾപ്പടെയുള്ള 900 പേരെ ഒന്നിച്ച് ഒഴിവാക്കിയത് ആദ്യ സംഭവമായിരുന്നു.


ഈ വിഷയത്തിൽ കേരള തൊഴിൽ വകുപ്പ് മന്ത്രി നടത്തിയ ഓൺലൈൻ ചർച്ചയിൽ സ്ഥാപനം നഷ്ടത്തിലായതിനാലാണ് പൂട്ടിയതെന്ന വാദമാണ് മാനേജ്മെന്റ് ഉയർത്തിയത്. എന്നാൽ 1,000 കോടിയുടെ ലാഭക്കണക്ക് സംഘടനകൾ ചൂണ്ടിക്കാണിച്ചപ്പോൾ, "അമേരിക്കൻ കമ്പനിക്ക് ഇന്ത്യൻ നിയമം എങ്ങനെ ബാധകമാകും?" എന്ന ധിക്കാരപരമായ ചോദ്യമാണ് മാനേജ്മെന്റിൽ നിന്നുണ്ടായത്.


ടാൽറോപ്പ്: തകർന്നുവീണ സിലിക്കൺ വാലി സ്വപ്നം


കോറോ ഹെൽത്ത് സംഭവത്തിന് തൊട്ടുപിന്നാലെയാണ് കേരളം ആസ്ഥാനമായുള്ള, ഇക്കോസിസ്റ്റം ഡെവലപ്‌മെന്റ് കമ്പനിയായ ടാൽറോപ്പിൽ നിന്നുള്ള വാർത്തകൾ പുറത്തുവരുന്നത്. കേരളത്തെ 'സിലിക്കൺ വാലി'യാക്കുമെന്ന അവകാശവാദത്തോടെ പുറത്തുനിന്നുള്ള നിക്ഷേപങ്ങൾ സ്വീകരിച്ച് പ്രവർത്തിച്ചിരുന്ന കമ്പനിയായിരുന്നു ഇത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വരവോടെ തങ്ങൾ AI യുഗത്തിന് അനുയോജ്യമല്ലെന്ന വിചിത്രമായ ന്യായം പറഞ്ഞാണ്, 250 കോടിയുടെ ഈ ഇക്കോസിസ്റ്റം കമ്പനിയും അതിന് കീഴിലുള്ള 21 കമ്പനികളും പൂട്ടിയിടുന്നതായി മാനേജ്മെന്റ് പ്രഖ്യാപിച്ചത്.


കേരളത്തിലുടനീളമുള്ള 38 'വില്ലേജ് പാർക്കുകൾ' പൂട്ടിയതോടെ 300-ലധികം തൊഴിലാളികളാണ് തൊഴിൽരഹിതരായത്. ഇവർക്ക് 4 മാസം മുതൽ 11 മാസം വരെയുള്ള ശംബള കുടിശ്ശികയാണ് നൽകാനുണ്ടായിരുന്നത്. കമ്പനിയുടെ ദുബായ് ഓഫീസിലെ ജീവനക്കാർക്ക് വരെ ശംബളക്കുടിശ്ശികയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഗുരുതരമായ മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ പോലും ശംബളക്കുടിശ്ശിക തീർത്തുനൽകാതെ ജീവനക്കാരെ വഞ്ചിക്കുന്ന സമീപനമാണ് കമ്പനി സ്വീകരിച്ചത്. എറണാകുളം, തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ലേബർ ഓഫീസുകളിൽ പരാതികളുടെ പ്രവാഹമായതോടെ കമ്പനി ലേബർ വകുപ്പിന്റെ നിർദ്ദേശങ്ങളോട് പോലും പ്രതികരിക്കാതെയായി. ഒടുവിലാണ്, കോറോ ഹെൽത്ത് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ ജീവനക്കാർ തെരുവിലിറങ്ങാൻ നിർബന്ധിതരായത്.


തന്ത്രപരമായ പദവികളും അവകാശ ധ്വംസനങ്ങളും


കോറോ ഹെൽത്തിൽ പ്രതിസന്ധികൾ ചോദ്യം ചെയ്യാൻ സാധ്യതയുള്ള മാനേജർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഒന്നിച്ച് ഒഴിവാക്കിയപ്പോൾ, ടാൽറോപ്പിൽ ചോദ്യം ചെയ്യുന്ന ജീവനക്കാരെ തന്ത്രപൂർവം കമ്പനിയുടെ 'ഡയറക്ടർമാർ' ആക്കി മാറ്റുന്ന രീതിയാണ് സ്വീകരിച്ചത്. മുതലാളിത്തത്തിന്റെ ഈ തന്ത്രങ്ങൾക്ക് പിന്നിലെ ലക്ഷ്യം ഒന്നേയുള്ളൂ; തൊഴിലാളികളെ 'തൊഴിലാളി' എന്ന നിയമപരമായ നിർവചനത്തിൽ നിന്ന് തന്നെ ഒഴിവാക്കുക. ഡയറക്ടറോ മാനേജറോ ആക്കി അവർക്ക് തൊഴിലാളികൾക്ക് ലഭിക്കേണ്ട നിയമപരമായ പരിരക്ഷകൾ പോലും നഷ്ടപ്പെടുത്തുക. ഇത്തരത്തിൽ അവകാശങ്ങൾ കവർന്നെടുത്ത് അവരെ വഴിയാധാരമാക്കുന്ന രീതിയാണ് രണ്ട് കമ്പനികളും പിന്തുടർന്നത്.


വില്ലനാകുന്ന പുതിയ തൊഴിൽ കോഡും രാഷ്ട്രീയ പശ്ചാത്തലവും


ഈ കൊടുംചൂഷണങ്ങൾക്ക് വഴിമരുന്നിട്ടത് രണ്ട് പ്രധാന ഘടകങ്ങളാണ്. ഒന്ന്, ഉടമകൾക്ക് അനുകൂലമായ പുതിയ തൊഴിൽ കോഡ്; രണ്ട്, ഭരണമാറ്റവും തൊഴിലാളിപക്ഷ സർക്കാരിന്റെ പരാജയവും. കോറോ ഹെൽത്ത് വക്താവ് തന്നെ തങ്ങളുടെ ആദ്യ പ്രതികരണത്തിൽ പുതിയ തൊഴിൽ കോഡിനെയാണ് പിരിച്ചുവിടലിന് ആധാരമായി സൂചിപ്പിച്ചത്. 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലുടമയുടെ അവകാശങ്ങൾ മാത്രം സംരക്ഷിക്കപ്പെടുമ്പോൾ, തൊഴിലാളികൾ അവിടെ വെറും തടസ്സമായി മാറുന്നു. ഈ തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾക്കെതിരെ നിരവധി പ്രക്ഷോഭങ്ങൾ രാജ്യത്ത് നടന്നിരുന്നു. ഏറ്റവും ഒടുവിൽ 2026 ഫെബ്രുവരി 12-ന് നടന്ന പണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുത്തുവെന്നാണ് പുറത്തുവന്ന കണക്കുകൾ. ഈ പണിമുടക്കുകളിൽ ഒന്നിലും അണിചേരുകയോ അതിനെ പിന്തുണക്കുകയോ ചെയ്തവരല്ല ഇപ്പോൾ കോറോഹെൽത്തിൽ നിന്നും ടാൽറോപ്പിൽ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. മുഖ്യധാരാ മാധ്യമങ്ങളാകട്ടെ അന്നൊക്കെ പണിമുടക്കുകളെ ജനവിരുദ്ധമാക്കി ചിത്രീകരിക്കുന്നതിന് മത്സരിക്കുകയായിരുന്നു. കോറോ ഹെൽത്ത് പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ട്രേഡ് യൂണിയനുകളുടെയും പണിമുടക്കുകളുടെയും ആവശ്യകത ഇപ്പോൾ നേരിട്ട് ബോധ്യമായിരിക്കുകയാണ്. പണിമുടക്കുകളെ വികൃതമായി ചിത്രീകരിച്ചിരുന്ന മാധ്യമങ്ങളാകട്ടെ ഇവിടെ നടന്ന പിരിച്ചുവിടലുകൾ പുതിയ തൊഴിൽ കോഡുകളുടെ സൃഷ്ടിയെന്ന് സമ്മതിച്ചിരിക്കുകയുമാണ്.


ഇത്തരം സ്ഥാപനങ്ങൾ ഇതുവരെ ചെയ്യാൻ മടിച്ച കാര്യങ്ങൾ ഇപ്പോൾ യാതൊരു ഭയവുമില്ലാതെ പരസ്യമായി ചെയ്യുന്നത് തൊഴിലാളിപക്ഷത്തിന് അനുകൂലമായ ഇടതുപക്ഷ ഭരണം ഇല്ലാതായതുകൊണ്ടാണ്. തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾ നടപ്പിലാക്കില്ലെന്ന് പറഞ്ഞ ഏക സംസ്ഥാന സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരായിരുന്നു എന്നത് ഇത്തരുണത്തിൽ സ്മരണീയമാണ്. തൊഴിലാളി അനുകൂല നിലപാടുകൾ സ്വീകരിച്ചിരുന്ന ഭരണം ഇല്ലാതായത് കുത്തക മുതലാളിമാർക്ക് അനിയന്ത്രിതമായ അധികാരം നൽകിയിരിക്കുന്നു.


ഈ സാഹചര്യം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര രംഗത്ത് അമേരിക്കൻ ഭരണകൂടം സ്വീകരിച്ച ഏകപക്ഷീയമായ നിലപാടുകൾക്ക് സമാനമാണ്. ഡൊണാൾഡ് ട്രംപ് ഹോർമോസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതുപോലെയുള്ള ആഗോള ഏകാധിപത്യ പ്രവണതകളുടെ പ്രാദേശിക പ്രതിഫലനങ്ങളാണ് നമ്മുടെ നാട്ടിലെ തൊഴിൽ മേഖലയിലും ദൃശ്യമാകുന്നത്.


കോറോ ഹെൽത്തും ടാൽറോപ്പും നൽകുന്ന പാഠം വ്യക്തമാണ്. കോർപ്പറേറ്റ് മൂലധനത്തിന് മുന്നിൽ തൊഴിലാളിയുടെ വിയർപ്പിനും ജീവിതത്തിനും യാതൊരു വിലയുമില്ല. ഭരണകൂടങ്ങൾ കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കുമ്പോൾ സാധാരണക്കാരായ മനുഷ്യർക്ക് നിലനിൽപ്പില്ലാതാകുന്നു. ഈ ജനവിരുദ്ധ നയങ്ങളെ ചെറുക്കാൻ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മതിയാവില്ല. അധ്വാനിച്ച് ജീവിക്കുന്ന തൊഴിലാളികളും കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കർഷകരും തൊഴിലില്ലായ്മ നേരിടുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും കൈകോർത്തുപിടിച്ചുള്ള യോജിച്ച പ്രക്ഷോഭങ്ങളിലൂടെ മാത്രമേ കോർപ്പറേറ്റ് കൊള്ളകളെയും ജനവിരുദ്ധ നയങ്ങളെയും പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂ.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home