വലതുപക്ഷപ്രചാരണവും ഇടതുപക്ഷ നിലപാടും

പ്രതീകാത്മക ചിത്രം

പുത്തലത്ത് ദിനേശന്‍
Published on Mar 27, 2026, 12:00 AM | 4 min read
കള്ളപ്രചാരവേലകളുമായി വലതുപക്ഷശക്തികളും അവരുടെ മാധ്യമങ്ങളും എല്‍ഡിഎഫിനെതിരെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേരത്തേ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഓര്‍ക്കുന്നത് നന്നാകും. സ്‌പ്രിംഗ്ലര്‍, എഐ കാമറ, സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ച, നവകേരള സര്‍വേക്കെതിരെയുള്ള കേസ്, ബ്രൂവറി കേസ്, തുരങ്കപാതയ്‌ക്കെതിരായ കേസ്, മസാല ബോണ്ട് കേസ്, ശബരിമല അന്വേഷണം സിബിഐക്ക് വിടണമെന്ന കേസ്, ലൈഫ് പദ്ധതിക്കെതിരായ കേസ്, എക്സാലോജിക് പ്രശ്നം തുടങ്ങിയവയെല്ലാം കോടതി ചവറ്റുകുട്ടയിൽ എറിയുകയായിരുന്നുവെന്ന യാഥാര്‍ഥ്യം ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.
ശബരിമല സ്വര്‍ണക്കടത്തും വലതുപക്ഷവും
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തിന്റെ പ്രധാന പ്രചാരണവിഷയമായ ശബരിമല സ്വര്‍ണമോഷണ കേസ് ഇന്ന് അവര്‍ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്? ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമലയെ അന്താരാഷ്ട്ര തീര്‍ഥാടനകേന്ദ്രമാക്കി വികസിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചു. ഇതിലൂടെയുണ്ടാകുന്ന പ്രശസ്തിയും വരുമാനവുമെല്ലാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയെന്നതായിരുന്നു അതിന്റെ ലക്ഷ്യം. അത് വലിയ അംഗീകാരം നേടുന്ന ഘട്ടത്തിലാണ് പ്രതിപക്ഷനേതാക്കളുമായി ബന്ധമുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ദ്വാരപാലകപീഠം കാണാനില്ലെന്ന കാര്യവുമായി രംഗത്തുവന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പീഠം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് ലഭിച്ചു. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലപാടുകൂടി കണക്കിലെടുത്ത് കോടതി പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തെ എല്ലാ ഘട്ടത്തിലും കോടതി ശ്ലാഘിച്ചു. എല്‍ഡിഎഫുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തപ്പോഴും അന്വേഷണത്തിന് ഉറച്ച പിന്തുണയുമായി എല്‍ഡിഎഫ് നിലകൊണ്ടു. അന്വേഷണം മുന്നോട്ടുപോയപ്പോള്‍ വലതുപക്ഷനേതാക്കളുമായി ബന്ധമുള്ളവരും അതിന്റെ പരിധിയില്‍പ്പെട്ടു. അന്വേഷണത്തെ പിന്തുണച്ച യുഡിഎഫും ബിജെപിയും അതോടെ അന്വേഷണത്തിനെതിരെ രംഗത്തുവന്നു. വിശ്വാസത്തെ രാഷ്ട്രീയാവശ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നവരില്‍നിന്നും അഴിമതിയെ പിന്തുണയ്‌ക്കുന്നവരില്‍നിന്നും വ്യത്യസ്തമാണ് എല്‍ഡിഎഫിന്റെ നിലപാടെന്ന് ഇത് വ്യക്തമാക്കി.
ഈ കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയെല്ലാം എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും പാര്‍ടി മാറ്റിനിര്‍ത്തി. കുറ്റപത്രം സമര്‍പ്പിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും പരസ്യമായി പറഞ്ഞു. എന്നാല്‍, ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ യുഡിഎഫിനും ബിജെപിക്കും കഴിഞ്ഞില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു നിയമവും കൊണ്ടുവന്നില്ല എന്ന കാര്യവും ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്.
വലതുപക്ഷത്തിന്റെ പരാജയം ബിജെപിക്ക് ഗുണമോ?
വലതുപക്ഷം പരാജയപ്പെട്ടാല്‍ ബിജെപി ശക്തിപ്രാപിക്കുമെന്ന പ്രചാരവേലയാണ് യുഡിഎഫിനുവേണ്ടി ചിലര്‍ നടത്തുന്നത്. അരുണാചല്‍പ്രദേശിലും ഗോവയിലും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷം. എന്നാല്‍, മന്ത്രിമാരായത് ബിജെപിയായിട്ടായിരുന്നു. 10 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായിരുന്ന 10 പേരാണ് ആ പാര്‍ടി വിട്ടത്. ഇതില്‍ ഒൻപതുപേരും ചേക്കേറിയത് ബിജെപിയിലേക്കായിരുന്നു. മണിപ്പുരിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് ബിജെപിയില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയായശേഷമാണ് ആ നാട് കുരുതിക്കളമാക്കിയത്. അസമില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ നേരത്തേ കോണ്‍ഗ്രസായിരുന്നു.
മുഖ്യമന്ത്രിമാര്‍തന്നെ ബിജെപിയിലേക്ക് കൂറുമാറുന്ന ഒരു പാര്‍ടിക്ക് എങ്ങനെയാണ് ബിജെപിക്ക് പ്രതിരോധമുയര്‍ത്താനാകുക. ഭരണം നല്‍കി അധികാരവും പണവും ലഭിച്ചാല്‍ പാര്‍ടി മാറില്ലെന്ന വ്യാഖ്യാനമാണ് യുഡിഎഫ് തകര്‍ച്ചയെ തടയണമെന്ന് പറയുന്നവര്‍ അവതരിപ്പിക്കുന്നത്. പണത്തെയും അധികാരത്തെയും സ്നേഹിക്കുന്ന ആരെയും പണവും അധികാരവും നല്‍കി വിലയ്‌ക്കെടുക്കാമെന്ന കാര്യത്തെയാണ് മറച്ചുവയ്‌ക്കാന്‍ നോക്കുന്നത്.
സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് നല്‍കി ആലപ്പുഴയില്‍ വന്ന് മത്സരിച്ചയാളാണ് കെ സി വേണുഗോപാല്‍. അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലാണ് കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെയും ഒഡിഷയിലെയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാലുമാറി ബിജെപിക്ക് വോട്ട് ചെയ്ത് അവരെ വിജയിപ്പിച്ചത്. ഡല്‍ഹിയില്‍ ബിജെപിവിരുദ്ധ നിലപാട് സ്വീകരിച്ച ആം ആദ്മി പാര്‍ടിയെ തകര്‍ക്കുന്നതിന് കൂട്ടുനിന്നതും കോണ്‍ഗ്രസാണ്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് ഒരു ബിജെപി നേതാവ് പ്രഖ്യാപിച്ചു. ബിജെപി നേതാവിന്റെ അവകാശവാദം യുഡിഎഫിനെ ലക്ഷ്യംവച്ചാണെന്ന് പറയേണ്ടതില്ലല്ലോ.
മറ്റത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ജയിച്ചിട്ടും ബിജെപി ഭരിക്കുന്നത് നമ്മുടെ മുന്നിലുണ്ട്. ഇപ്പോഴും അത് തുടരുന്നുമുണ്ട്. പിന്തുണ പിന്‍വലിക്കുമെന്ന ഗീര്‍വാണങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. ഇ എം എസിനെയും എ കെ ജിയെയും പരാജയപ്പെടുത്താന്‍, ബിജെപിക്ക് പാര്‍ലമെന്റിലും നിയമസഭയിലും അംഗത്വം സംഭാവന ചെയ്യാന്‍ കോ-ലീ-ബി സഖ്യം സൃഷ്ടിച്ചവരാണ് ഇവര്‍. നേമത്തും തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലും ബിജെപിയെ വിജയിപ്പിക്കാന്‍ വോട്ട് നല്‍കിയവരാണ് ഇടതുപക്ഷത്തിനെതിരെ ബിജെപി ബന്ധം ആരോപിക്കുന്നത്. രാഷ്ട്രീയമെന്നത് അധികാരവും പണവും നേടാനുള്ള ഒന്നായി കാണുന്നവര്‍ക്ക് ബിജെപിക്ക് ബദലാകാന്‍ സാധ്യമല്ല.
സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തിനാണ് കേരളത്തില്‍ ബിജെപിക്ക് ബദലാകാനാവുക. എല്ലാ വര്‍ഗീയതയ്‌ക്കെതിരെയും മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ എല്‍ഡിഎഫിനേ കഴിയൂ. ന്യൂനപക്ഷ സംരക്ഷണമെന്നത് മതനിരപേക്ഷതയുടെ അടിസ്ഥാനശിലയായാണ് എല്‍ഡിഎഫ് കാണുന്നത്.
എസ്ഐആറും ഇടതുപക്ഷവും
പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയും ജനകീയമുന്നേറ്റം രൂപപ്പെടുത്തുകയും ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ എസ്ഐആര്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി. എന്നാല്‍, അതിനെതിരായി നിലപാട് സ്വീകരിച്ചത് കേരളവും തമിഴ്നാടും പശ്ചിമബംഗാളുമാണ്. ഈ സംസ്ഥാനങ്ങള്‍ കോടതിയിലും ഇടപെടുകയുണ്ടായി. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത്തരത്തിലുള്ള ഒരു പ്രതിരോധവും ഉയര്‍ത്തിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സിറ്റിസണ്‍ കാര്‍ഡ് ഏര്‍പ്പെടുത്തിക്കൊണ്ട് കേരളത്തിലെ ഒരാളെയും എസ്ഐആറിന്റെ മറവില്‍ ഒഴിവാക്കാന്‍ പറ്റാത്ത നിലപാട് സ്വീകരിച്ചു. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരായാണ് ബിജെപി ബന്ധമെന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നത്.
കുടുംബാധിപത്യവും യുഡിഎഫും
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി കെ ശ്യാമള മത്സരിക്കുന്പോള്‍ അത് കുടുംബാധിപത്യത്തിന്റെ ഭാഗമാണെന്ന പ്രചാരണമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തിയത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനരംഗത്ത് ഉറച്ചുനില്‍ക്കുകയും അത്തരമൊരു ജീവിതം തുടരുന്നതിന്റെ ഭാഗമായി ജീവിതസഖാവിനെ തെരഞ്ഞെടുക്കുകയും ചെയ്യുകയാണ് പി കെ ശ്യാമള ചെയ്തത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ വഴികളിലൂടെ മുന്നോട്ടുപോയ വ്യക്തിത്വത്തെയാണ് പുരുഷാധിപത്യബോധത്തിന്റെ ഭാഗമായി കുടുംബാധിപത്യമെന്ന വാദം മുന്നോട്ടുവയ്‌ക്കുന്നത്.
യുഡിഎഫിന് കുടുംബാധിപത്യം എന്ന കാര്യം പറയാന്‍ എന്തവകാശമാണുള്ളത്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ നെഹ്റുകുടുംബത്തില്‍ പിറന്നതിന്റെ പേരിലാണ് നേതാക്കളായി മാറിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വന്നത് ഏതു രാഷ്ട്രീയപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ ഭാര്യ സ്ഥാനാര്‍ഥിയായ വിവരം കേരളീയര്‍ അറിയാതെ പോയത് എന്തുകൊണ്ടാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.
എല്‍ഡിഎഫ് തുടരേണ്ടത് എന്തുകൊണ്ട്
കേരളത്തില്‍ അതിദാരിദ്ര്യം പരിഹരിച്ച് കേവല ദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള പദ്ധതികളും അവതരിപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ മാറ്റത്തിനുവേണ്ടി മാറ്റമെന്ന പ്രചാരണം നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
2011-16 കാലഘട്ടത്തിലെ യുഡിഎഫ് ഭരണം എല്ലാ മേഖലയും തകര്‍ത്തതായിരുന്നു. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എല്ലാം തകര്‍ന്നു. കെഎസ്ആര്‍ടിസിപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന നിലയിലെത്തി. ജീവനക്കാര്‍ക്ക് ശമ്പളംപോലും നിഷേധിച്ചു. വര്‍ഗീയധ്രുവീകരണം ശക്തിപ്പെട്ടു. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയായി. ഇത്തരമൊരു തിരിച്ചുപോക്ക് കേരളം ആഗ്രഹിക്കുന്നില്ല. ഏപ്രില്‍ ഒന്പത് ആ നിലപാടിന്റെ വിധിയെഴുത്താകുമെന്നതില്‍ തര്‍ക്കമില്ല. മെയ് നാല് കേരളജനതയുടെ ആഘോഷദിനവുമാകും.















