ജാഥ ജനങ്ങളോട് പറയുന്നത്


എം വി ഗോവിന്ദൻ
Published on Feb 04, 2026, 10:42 PM | 3 min read
എൽഡിഎഫ് സർക്കാരിന്റെ മൂന്നാം തുടർഭരണത്തിന് കാഹളമൂതി കേരള വികസന മുന്നേറ്റ ജാഥ സംസ്ഥാനത്ത് പര്യടനം നടത്തിവരികയാണ്. ഞാൻ നേതൃത്വം നൽകുന്ന വടക്കൻ മേഖലാ ജാഥ ഫെബ്രുവരി ഒന്നിന് കാസർകോട് കുമ്പളയിലും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേതൃത്വം നൽകുന്ന തെക്കൻ മേഖലാ ജാഥ മൂന്നിന് തൃശൂർ ചേലക്കരയിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നയിക്കുന്ന മധ്യമേഖലാ ജാഥ ആറിന് പത്തനംതിട്ടയിൽ ആരംഭിക്കും. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കേരളം മാറിയതിന്റെ യഥാർഥ ചിത്രം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നതിനൊപ്പം ക്ഷേമത്തിലും വികസനത്തിലും ഉൗന്നി, നവ ഉദാരനയങ്ങൾക്ക് ബദലുയർത്തി, കേരളത്തെ എങ്ങനെയാണ് നവകേരളത്തിലേക്ക് നയിക്കുന്നതെന്ന കാര്യമാണ് പ്രധാനമായും ജനങ്ങളോട് വിശദീകരിക്കുന്നത്. വടക്കൻ മേഖലാ ജാഥ തുടങ്ങുന്നതിന് രണ്ടുദിവസംമുമ്പ് അവതരിപ്പിച്ച കേരള ബജറ്റും ജാഥ തുടങ്ങിയ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റും സ്വാഭാവികമായും ജാഥയിലെ പ്രധാന വിഷയങ്ങളായി മാറുകയും ചെയ്തു.

ജനക്ഷേമത്തിലും സമ്പത്തിന്റെ തുല്യമായ വിതരണത്തിലും ഊന്നിയായിരുന്നു സംസ്ഥാന ബജറ്റ്. എന്നാൽ, കോർപറേറ്റ് ക്ഷേമത്തിലും അവർക്കുള്ള നികുതിയിളവിലും അവരിൽ സമ്പത്ത് കേന്ദ്രീകരിക്കാനും ഉതകുന്നതായിരുന്നു കേന്ദ്ര ബജറ്റ്. സാധാരണ ജനങ്ങളെ പരമാവധി ചേർത്തുനിർത്താനും സംരക്ഷിക്കാനുമാണ് കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ശ്രദ്ധിച്ചതെങ്കിൽ, ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ പരമാവധി ഇല്ലാതാക്കി, ക്ഷേമനടപടികളും വികസനത്തിനായുള്ള മൂലധന നിക്ഷേപവും വെട്ടിക്കുറച്ച് ‘സാമ്പത്തിക അച്ചടക്കം’ പാലിക്കാനാണ് നിർമല സീതാരാമൻ തുടർച്ചയായ ഒമ്പതാംതവണയും അവതരിപ്പിച്ച ബജറ്റ് ശ്രദ്ധിച്ചത്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറും ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്കുശേഷം അമേരിക്കയുമായി വ്യാപാര കരാറും പ്രഖ്യാപിച്ച് ഇന്ത്യൻ കർഷകന്റെയും വ്യാവസായിക മേഖലകളുടെയും നട്ടെല്ലൊടിക്കുന്ന സമീപനമാണ് മോദിസർക്കാർ സ്വീകരിച്ചത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ള 90 ശതമാനം ഇറക്കുമതി ഉൽപ്പന്നങ്ങൾക്കും അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്കും ചുങ്കം കുറയ്ക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്തു. അതായത് കേന്ദ്ര ബജറ്റിന്റെ പ്രസക്തിതന്നെ നഷ്‌ടപ്പെടുത്തുന്നതാണ് ഈ വ്യാപാര കരാറുകൾ.
ഇത്തരമൊരു ഘട്ടത്തിലാണ് കോർപറേറ്റുകളെയും അതിസമ്പന്നരെയും സഹായിക്കുന്ന നവഉദാര യുക്തിക്ക് വിരുദ്ധമായി ജനപക്ഷനയം ഉയർത്തിപ്പിടിക്കുന്ന ബജറ്റ് കേരളം അവതരിപ്പിച്ചത്. വയോധികർക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കും ക്ഷേമപെൻഷൻ, സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് സ്‌കോളർഷിപ് എന്നിവ ഉറപ്പുവരുത്തുന്നതോടൊപ്പം അങ്കണവാടി വർക്കർ–ഹെൽപ്പർമാർ, ആശാ വർക്കർ, സാക്ഷരതാ പ്രേരക്, പ്രീ പ്രൈമറി അധ്യാപകർ, ആയമാർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവരുടെ ഓണറേറിയം വർധിപ്പിച്ചു. ജീവനക്കാർക്ക് ഡിഎ കുടിശ്ശിക നൽകുമെന്നു പ്രഖ്യാപിച്ചു. അതുപോലെതന്നെ വിദ്യാർഥികൾക്കും അസംഘടിത മേഖലയിലും മോട്ടോർവാഹനരംഗത്തും പണിയെടുക്കുന്നവർക്കും ഇൻഷുറൻസ്, മെഡിസെപ് പദ്ധതി പുതിയ മേഖലയിലേക്ക് വ്യാപിപ്പിച്ചത് തുടങ്ങി ക്ഷേമത്തിലും സുരക്ഷിതത്വത്തിലും ഉൗന്നുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന ബജറ്റിലുള്ളത്. രാജ്യത്ത് ആദ്യമായി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദവിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി.

ക്ഷേമകാര്യത്തിൽമാത്രമല്ല, വികസനകാര്യത്തിലും വൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. വിഴിഞ്ഞം പദ്ധതി, പ്രതിരോധ ഇടനാഴി, റെയർ എർത്ത് കോറിഡോർ, ഹൈഡ്രജൻ വാലി, ആർആർടിഎസ് അടിസ്ഥാനമാക്കിയുള്ള അതിവേഗ റെയിൽ, എംസി റോഡ് വികസനം എന്നിവ അതിൽ പ്രധാനമാണ്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് ഈ പദ്ധതികളൊക്കെ കേരളം വിഭാവനം ചെയ്‌തത്.
ഈ ജനക്ഷേമ പദ്ധതികളെ സഹായിക്കുന്നതിനു പകരം ശിക്ഷിക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടത്. പ്രത്യേകിച്ചും മോദിസർക്കാർ, ഈ ബജറ്റിലും അത് തുടരുന്നു. ബജറ്റിനുമുന്നോടിയായി കേരള ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു നൽകിയ നിവേദനത്തിൽ 29 ആവശ്യം അക്കമിട്ട് നിരത്തിയിരുന്നു. അതിലൊന്നുപോലും പരിഗണിക്കാതെ, ഇന്ത്യൻ ബജറ്റ് ഭൂപടത്തിൽനിന്ന് കേരളത്തെ മായ്ച്ചുകളയുകയായിരുന്നു മോദിസർക്കാർ. ഏഴ് അതിവേഗ റെയിൽ പാതകൾ പ്രഖ്യാപിച്ചപ്പോൾ, അതിൽ കേരളം ഉൾപ്പെട്ടില്ല. ഇ ശ്രീധരനെ മുൻനിർത്തി കേരളത്തിന്റെ കെ റെയിൽ പദ്ധതിക്കുപകരം മോദിസർക്കാർ പ്രത്യേക അതിവേഗ റെയിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി മന്ത്രിമാരും നേതാക്കളും പ്രചരിപ്പിച്ചെങ്കിലും അതുമുണ്ടായില്ല. ആരോഗ്യരംഗത്ത് വികസിതരാജ്യങ്ങളെപ്പോലും വെല്ലുന്ന നേട്ടം കൊയ്ത കേരളത്തിന് എയിംസ് പ്രഖ്യാപനം ഇക്കുറിയും ഉണ്ടായില്ല.

ആയുർവേദ മേഖലയിൽ മൂന്ന് എയിംസ് പ്രഖ്യാപിച്ചെങ്കിലും കേരളത്തിലില്ല. 21,000 കോടി രൂപയുടെ പ്രത്യേക പാക്കേജും അനുവദിച്ചില്ല. ധാതുഖനനത്തിൽ കേരളത്തെ ഉൾപ്പെടുത്തിയെങ്കിലും സന്തോഷത്തേക്കാൾ ആശങ്കയാണ് ഉയരുന്നത്. പൊതുമേഖലയിൽ ഖനനം ലക്ഷ്യമിട്ട കേരളത്തിന്റെ പദ്ധതി തകർത്ത് സ്വകാര്യ മേഖലയ്ക്ക് നൽകുകയാണോ കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
ബജറ്റിനൊപ്പം സമർപ്പിച്ച 16–ാം ധന കമീഷൻ ശുപാർശകളും കേരളത്തിന്റെ താൽപ്പര്യത്തിന് എതിരാണ്. സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന ആവശ്യം നിരാകരിച്ചു. കേന്ദ്രം അത് 41 ശതമാനത്തിൽ നിർത്തിയിരിക്കുന്നു. റവന്യു കമ്മി ഗ്രാന്റ് പൂർണമായും നിർത്തലാക്കി. ഇങ്ങനെ ഏത് കോണിലൂടെ നോക്കിയാലും കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തികനയങ്ങൾക്കെതിരെ ബദലുയർത്തുന്ന സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കി ബദലുയർത്താനുള്ള ശേഷി തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. കടലാമ പരിചരണത്തിന് കേരളത്തിന് പ്രത്യേക കേന്ദ്രം പ്രഖ്യാപിച്ച നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റുകളും ട്രോളുകളും വീഡിയോകളുംമാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
കേന്ദ്രം ഭരിച്ച സർക്കാരുകൾ, അത് കോൺഗ്രസായാലും ബിജെപിയായാലും കേരളത്തെ അവഗണിക്കുക പതിവാണ്. ബിജെപി സർക്കാർ ക്രൂരമായി കേരളത്തെ അവഗണിച്ചപ്പോഴും അതിനെതിരെ ഒന്നിച്ചുനിന്ന് പൊരുതാൻ കോൺഗ്രസ് തയ്യാറാകാത്തത് ഇരുവരും പിന്തുടരുന്നത് ഒരേ നവ ഉദാരനയം ആയതിനാലാണ്. നിയമസഭയിൽപ്പോലും ജനക്ഷേമനയങ്ങൾക്കെതിരായ കോൺഗ്രസിന്റെ സമീപനം നാം കണ്ടു. അപ്രധാന വിഷയങ്ങളുയർത്തി കേന്ദ്ര അവഗണനയ്‌ക്കെതിരായ യോജിച്ച ശബ്ദം ഇല്ലാതാക്കാനാണ് കഴിഞ്ഞദിവസം യുഡിഎഫ് തയ്യാറായത്. ലോക്‌സഭയിൽ ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ശബ്ദിക്കുന്നതിനുപകരം ചൈനാവിഷയം ഉയർത്തി മോദിസർക്കാരിനെ രക്ഷിക്കാനാണ് രാഹുൽഗാന്ധി തയ്യാറായത്. കോൺഗ്രസ് പ്രതിപക്ഷമായിരിക്കുന്നതാണ് മോദിസർക്കാരിന്റെ ഗ്യാരന്റി. കോർപറേറ്റ് അനുകൂല ജനവിരുദ്ധനയങ്ങൾക്ക് കോൺഗ്രസ് പിന്തുണയുള്ളപ്പോൾ ബിജെപി എന്തിന് ഭയക്കണം. ബിജെപിക്കെതിരെ ബദലുയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ തകർക്കാൻ ഇവർ ഇരുകൂട്ടരും നടത്തുന്ന ശ്രമം ജാഥയിലുടനീളം ഞങ്ങൾ ജനങ്ങളോട് വിശദീകരിക്കും.












