ad
Deshabhimani

Articles

നേർവഴി

ഇ‍ൗ ഉപരോധത്തിലും തകരില്ല കേരളം

ldf protest
avatar
എം വി ഗോവിന്ദൻ

Published on Jan 14, 2026, 10:56 PM | 3 min read

സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 10 വർഷമായി അധികാരത്തിലുള്ള പിണറായി സർക്കാർ കേരളത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന വികസന– ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. സംസ്ഥാനത്തിന് അർഹമായ വിഹിതം കേന്ദ്രം യഥാസമയം നൽകിയിരുന്നുവെങ്കിൽ ഇതിലും കൂടുതൽ വികസന– ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനാകുമായിരുന്നു. എന്നാൽ, രാഷ്ട്രീയവിരോധംമൂലം കേരളത്തിന് അർഹമായ നികുതിവിഹിതവും ഗ്രാന്റുകളും നൽകാനോ കടമെടുപ്പുപരിധി ഉയർത്താനോ മോദിസർക്കാർ തയ്യാറായില്ല. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ധനകാര്യ ഫെഡറലിസം എന്ന ആശയത്തെ ചവിട്ടിമെതിക്കുകയാണ് മോദിസർക്കാർ. കേരളത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്നത്‌ സാമ്പത്തിക ഉപരോധംതന്നെ. വെനസ്വേലയ്‌ക്കും ഇറാനും ക്യൂബയ്‌ക്കുംമറ്റുമെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിനുസമാനമായ ഉപരോധംതന്നെയാണ്, ഇടതുപക്ഷം ഭരിക്കുന്നുവെന്ന കാരണത്താൽ മോദിസർക്കാർ കേരളത്തിനെതിരെ ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ തകർക്കാനുള്ള ആസൂത്രിതനീക്കമാണിത്‌.


​കേന്ദ്രവിഹിതം കുത്തനെ 
വെട്ടിക്കുറച്ചു

​ഇതുസംബന്ധിച്ച് നിരവധി കണക്കുകൾ നിരത്താനാകും. അതിലേക്ക് വിശദമായി കടക്കുന്നില്ല. ചില വസ്തുതമാത്രം നിരത്താം. കഴിഞ്ഞ അഞ്ചുവർഷത്തിനകം 57,000 കോടി രൂപയാണ്‌ കേന്ദ്രം വെട്ടിക്കുറച്ചത്‌. കഴിഞ്ഞ 10 വർഷത്തേതെടുത്താൽ ഒരുലക്ഷം കോടിയിലധികം രൂപയുടെ വെട്ടിക്കുറവ്‌. കേരളത്തിൽ വസിക്കുന്ന ഓരോ പൗരനും ലഭ്യമാകേണ്ട സൗകര്യങ്ങളും ക്ഷേമനടപടികളുമാണ് ഇതുവഴി നിഷേധിക്കപ്പെട്ടത്. 10–ാം ധന കമീഷൻ കേന്ദ്രനികുതിയുടെ 3.8 ശതമാനം കേരളത്തിന് അനുവദിച്ചെങ്കിൽ 15–ാം കമീഷനാകുമ്പോൾ 1.9 ശതമാനമായി കുറച്ചു. ഇക്കാരണത്താൽമാത്രം 2024–-25ൽ 27,000 കോടിയുടെ വരുമാന നഷ്‌ടം സംസ്ഥാനത്തിനുണ്ടായി. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവും പകുതിയായി കുറച്ചു. കേരളത്തിന്റെ വരുമാനത്തിൽ കേന്ദ്രവിഹിതം 2021-–22ൽ 34 ശതമാനമായിരുന്നത്‌ ഇപ്പോൾ 27 ശതമാനമായി. ബിജെപി സഖ്യം ഭരിക്കുന്ന ബിഹാറിൽ കേന്ദ്രവിഹിതം 74 ശതമാനവും ത്രിപുരയിൽ 73 ശതമാനവും അസമിൽ 63 ശതമാനവുമായി വർധിച്ചപ്പോഴാണ്‌, കേരളത്തിന്‌ അതിന്റെ മൂന്നിലൊന്നിലും കുറവുമാത്രം അനുവദിക്കുന്നത്. 16 സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതമായി 50 ശതമാനത്തിലധികം ലഭിക്കുമ്പോഴാണ് കേരളത്തോട് ക്രൂരമായ അവഗണന.


modi government


കേന്ദ്ര അവഗണനയുടെ കണക്കുകൾ എത്ര വേണമെങ്കിലും ഉദ്ധരിക്കാനാകും. അത്രമാത്രം പ്രകടമായ രാഷ്ട്രീയവിവേചനമാണ് ആർഎസ്എസ്‌ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്നത്. ഇത് കേവലം സിപിഐ എമ്മിനെയോ എൽഡിഎഫിനെയോ ലക്ഷ്യമിട്ടുള്ള വിവേചനമല്ല. ഓരോ കേരളീയനുമെതിരെയുള്ള കേന്ദ്രത്തിന്റെ യുദ്ധപ്രഖ്യാപനമാണ്‌. എൽഡിഎഫിനെ തകർത്താലേ കേരളമെന്ന മതനിരപേക്ഷതയുടെ കോട്ട തകർക്കാനാകൂ എന്ന ബോധ്യത്തിൽനിന്നാണ് ഈ ഉപരോധം. സ്വാഭാവികമായും ഈ വിവേചനത്തിനെതിരെ ഓരോ മലയാളിയും പ്രതികരിക്കേണ്ടതാണ്.


​പ്രതിപക്ഷത്തിന്റെ ഒത്താശ

​കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ യുഡിഎഫോ ഈ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസോ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധത്തിന് തയ്യാറല്ല. അവഗണനയ്‌ക്കെതിരെ യുഡിഎഫ് എംപിമാർ ശബ്‌ദമുയർത്തുന്നില്ല. മാത്രമല്ല, അവഗണനയുടെ ആഴം വർധിപ്പിക്കാനുതകുന്ന ഇടപെടലുകളും നടത്തുന്നു. മോദിസർക്കാരിന്റെ 10 വർഷത്തെ ഭരണത്തെക്കുറിച്ച് "ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി രണ്ടുവർഷംമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞത് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അറിയണം. "ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം വിവേചനം കാണിക്കുകയും അവഗണിക്കുകയുമാണ്... കർണാടകം, തെലങ്കാന, കേരളം തുടങ്ങി പ്രതിപക്ഷഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നു’ എന്നായിരുന്നു അത്‌. ദേശീയ നേതൃത്വത്തിന്റെ ഈ നയം അംഗീകരിക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതൃത്വം മോദിയുടെ വാഴ്‌ത്തുപാട്ടുകാരായി അധഃപതിച്ചിരിക്കുന്നു. സംസ്ഥാനത്തെ കോൺഗ്രസിന്റെ ഈ നിലപാട് ദേശീയമായി ബിജെപിവിരുദ്ധ വിശാലസഖ്യം കെട്ടിപ്പടുക്കുന്നതിനുപോലും തടസ്സം സൃഷ്ടിക്കുന്നു.


bjp congress alliance


​ഇന്നത്തെ കോൺഗ്രസാണ് നാളത്തെ ബിജെപിയെന്നതും ഇതോടൊപ്പം ചേർത്തുവായിക്കണം. ബിഹാറിൽനിന്ന്‌ അവസാനമായി വന്ന വാർത്ത അവിടത്തെ ആകെയുള്ള ആറ് കോൺഗ്രസ് എംഎൽഎമാരും എൻഡിഎ സർക്കാരിനൊപ്പം പോകുമെന്നാണ്. അരുണാചലിലും മധ്യപ്രദേശിലും ഗോവയിലും കൂട്ടത്തോടെ കോൺഗ്രസുകാർ ബിജെപിയിൽ ചേർന്നു. കേരളത്തിലും അതിനുള്ള സാഹചര്യമാണ് ഇവിടത്തെ കോൺഗ്രസ് നേതാക്കൾ ഒരുക്കുന്നത്‌.


കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയുമായി സഹകരിക്കുന്നത് കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക് പാലം പണിയലാണ്. മറ്റത്തൂരിൽ അതാണ് കണ്ടത്. അതിദാരിദ്ര്യമുക്ത സംസ്ഥാനമായതിനാൽ അന്ത്യോദയ അന്നയോജന പദ്ധതിക്കുകീഴിൽ ഇനി കേരളത്തിന് എന്തിന് അരി നൽകണമെന്ന ചോദ്യമുയർത്തി ആ വിഹിതം തടയാൻപോലും യുഡിഎഫ് എംപിമാർ ബിജെപിയുടെ സഹായം തേടി. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ എൽഡിഎഫ് അധികാരത്തിലുള്ളപ്പോൾ നാട് മുന്നേറരുതെന്ന ഹീനമായ ബുദ്ധിയാണ് പ്രതിപക്ഷത്തിന്റേത്. ഇതേ മനോഗതിയാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങൾക്കും. കേന്ദ്ര അവഗണന ഒരു വിഷയമാക്കാനോ അതിന്മേൽ ചർച്ചകൾ സംഘടിപ്പിക്കാനോ പൊതുബോധം വളർത്താനോ മാധ്യമങ്ങളും തയ്യാറല്ല. കേന്ദ്ര ഉപരോധത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇവർക്കുമുള്ളത്. ബിജെപിയുമായി സഹകരിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ തകർക്കാനാണ് പ്രതിപക്ഷവും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ഒരുപോലെ ശ്രമിക്കുന്നത്.


​ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രത്യക്ഷസമരത്തിന് എൽഡിഎഫ് തയ്യാറായത്. ജനുവരി 12ന് തിരുവനന്തപുരത്തെ പാളയം രക്തസാക്ഷിമണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരും ജനപ്രതിനിധികളും ഘടകകക്ഷി നേതാക്കളും സത്യഗ്രഹമിരുന്നു. കേന്ദ്രം ക്രൂരമായി അവഗണിച്ചാലും ജനപക്ഷ ബദൽ ഉപേക്ഷിക്കാനോ ജനക്ഷേമ–വികസന പ്രവർത്തനങ്ങളിൽനിന്ന്‌ പിന്നോട്ടുപോകാനോ എൽഡിഎഫ് സർക്കാർ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് സമരവേദിയിൽ ഉയർന്നുകേട്ടത്.


​തെരഞ്ഞെടുപ്പിലെ 
സുപ്രധാന വിഷയം

​ഇത് ആദ്യമായല്ല എൽഡിഎഫിന്റെ നേതൃത്വത്തിൽ കേന്ദ്ര അവഗണനയ്‌ക്കെതിരെ സമരം ചെയ്യുന്നത്. 2024 ഫെബ്രുവരിയിൽ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമാനമായ സത്യഗ്രഹം നടത്തി. കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മതന്നെ അവിടെ അന്നുണ്ടായി. സംസ്ഥാന സർക്കാർ ഒന്നടങ്കം തലസ്ഥാനത്തെത്തി കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയെന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വിരലിലെണ്ണാവുന്ന അവസരങ്ങളിൽമാത്രമാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും ഒന്നിച്ച് തലസ്ഥാനത്തെത്തി കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുള്ളത്. സാമ്പത്തിക അവഗണന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തെഴുതുക, സർക്കാർ സമിതികളിലും വേദികളിലും ഉന്നയിക്കുക തുടങ്ങി ജനാധിപത്യപരമായ എല്ലാ മാർഗങ്ങളും പരാജയപ്പെട്ടപ്പോഴാണ് ഡൽഹിയിൽ സമരപതാക ഉയർത്തിയത്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉയർത്തുന്ന ഏറ്റവും പ്രധാന വിഷയങ്ങളിലൊന്ന് ഇതായിരിക്കും. അർഹമായത് നേടുന്നതുവരെ ഈ പോരാട്ടം തുടരുകതന്നെ ചെയ്യും. ന്യായമായ ഈ പോരാട്ടത്തിൽ കേരളത്തിലെ ജനങ്ങൾ അണിചേരുമെന്നാണ് വിശ്വാസം.






Deshabhimani
Home