വെട്ടുന്നത് കുതികാൽ


സി കെ ദിനേശ്
Published on Jan 11, 2026, 10:40 PM | 3 min read
കേരളത്തിലെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്റംഗങ്ങളും 2024 ഫെബ്രുവരിയിൽ ഡൽഹിയിൽ നടത്തിയ പ്രക്ഷോഭത്തിന്റെ തുടർച്ചയാണ് തിങ്കളാഴ്‌ച പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നടക്കുന്ന എൽഡിഎഫ് സമരം. അനർഹമായത് ഒന്നും വേണ്ട, പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ കിട്ടിയേ മതിയാകൂ.
പാർലമെന്റിൽ മറുപടി പറയുമ്പോഴും ജനപ്രതിനിധികൾ അടക്കമുള്ളവർ നിവേദനം നൽകുമ്പോഴും എല്ലാം അനുവദിക്കാമെന്ന് പറയുന്നു. കാരണം, ഇവയൊന്നും നിഷേധിക്കുന്നതിൽ ഭരണഘടനാപരമായി ന്യായമില്ലെന്ന് കേന്ദ്രസർക്കാരിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് പുറത്ത് ചിരിച്ച് അകമേ ഗൂഢപദ്ധതികൾ മെനയുന്നു. അവഗണനയിലും ബദലുയർത്തുന്ന സംസ്ഥാനത്തിന്റെ കുതികാൽ തന്നെയാണ് വെട്ടുന്നത്.
എൻഡിഎ ഭരിക്കുന്ന ഇരുപതോളം സംസ്ഥാനങ്ങൾക്കും വാരിക്കോരി വിഭവങ്ങൾ നൽകുന്ന കേന്ദ്രം, അവർക്ക് ഭരണമില്ലെന്ന ഒറ്റക്കാരണത്താൽ ബാക്കി സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ജനങ്ങളുടെ മുഖത്തേക്ക് തുപ്പുന്നു. 2024ലെ സമരകാലത്തേക്കാൾ കൂടുതൽ വരിഞ്ഞുമുറുക്കാനാണ് ശ്രമം. ഒടുവിൽ തൊഴിലുറപ്പ് പദ്ധതിയിൽ അടക്കം അത് കണ്ടു.

അർഹമായ കേന്ദ്രവിഹിതം ഉൾപ്പെടെ ഉപയോഗിച്ച് ജനക്ഷേമ പരിപാടികൾ നടപ്പാക്കുകയും അത് ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നത് കണ്ടതോടെയാണ് കേരളത്തിന്റെ മുന്നേറ്റത്തിന് തടയിടാനുള്ള നീക്കങ്ങൾ ശക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നൽകുന്ന സംരംഭങ്ങളുടെ വായ്പകളും സര്‍ക്കാരിന്റെ വായ്പകളായി കണക്കാക്കുമെന്ന നിബന്ധന 2022 മാര്‍ച്ച് 31ന് കേന്ദ്ര ധനമന്ത്രാലയം അടിച്ചേൽപ്പിച്ചു. ഭരണഘടനാ വിരുദ്ധമായ ഇൗ നീക്കത്തിലൂടെ കിഫ്ബി, കെഎസ്എസ്‌പിഎല്‍ (പെന്‍ഷന്‍ കമ്പനി) എന്നീ സംരംഭങ്ങളെ പ്രതിസന്ധിയിലാക്കുകയായിരുന്നു ലക്ഷ്യം. ഇതുവഴി 2021 – -22 ൽ 12,000 ത്തോളം കോടിയും 2024–25 ൽ 7000 കോടിയും വെട്ടി. ലൈഫ് ഭവന പദ്ധതി അഞ്ചുലക്ഷം എന്ന ലക്ഷ്യത്തിലേക്ക് കടക്കുമ്പോൾ 70 ശതമാനത്തിലധികം തുക ചെലവഴിക്കുന്ന സംസ്ഥാനം ഒരു ബ്രാൻഡിങ്ങിനും തയ്യാറായില്ല. കേന്ദ്ര ബ്രാൻഡ് വയ്ക്കാൻ വിസമ്മതിച്ചതിനാൽ വിഹിതം തടഞ്ഞു. സംസ്ഥാനം 40 ശതമാനംവരെ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളിലും ബ്രാൻഡിങ് തന്നെ വില്ലൻ.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്, 5,900 കോടി വെട്ടി. കിഫ്ബി, പെന്‍ഷന്‍ കമ്പനി വായ്പകളുടെ പേരിലാണ് കടാനുമതിയിൽ വെട്ടിക്കുറവെന്ന് കേന്ദ്രം കത്തയച്ചു. ആകെ 17,000 കോടിയാണ് കുറയുക.
കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളുമായി 25 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിലുള്ളത്. 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. വരുമാനം വർധിപ്പിക്കാനുള്ള സംസ്ഥാന ശ്രമത്തെ സി ആൻഡ് എജിയും റിസർവ് ബാങ്കും പ്രകീർത്തിച്ചത് അതുകൊണ്ടാണ്. വരുമാനത്തിന്റെ 53 മുതൽ 73 ശതമാനംവരെ കേന്ദ്രം നൽകുന്ന സംസ്ഥാനങ്ങളും ഇൗ രാജ്യത്തുണ്ടെന്നതാണ് വിവേചനത്തിന്റെ ഉത്തമ ഉദാഹരണം. ഇത്തരം സമീപനങ്ങളെ ജനങ്ങളുടെ മുന്നിൽ തുറന്നുകാണിച്ച്, വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം നടത്തുകയെന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള പോംവഴി.
കേന്ദ്രം നിഷേധിച്ചവ
എന്‍എച്ച്എം– 636.88 കോടി
ക്ഷേമ പെന്‍ഷന്‍ വിഹിതം – 324
നെല്ല് സംഭരണ സബ്സിഡി – 1,206.69
എസ്‌എസ്‌കെ – 1,148.13
ജൽജീവന്‍ മിഷൻ – 974.68
പോഷണ്‍ അഭിയാന്‍ – 200
എസ്ടി പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് – 25.43
വിവിധ സ്കീമുകളിലായി ആകെ – 5,784 കോടി രൂപ.
പിടിച്ച ഐജിഎസ്ടി റിക്കവറി – 965 കോടി.
മുണ്ടക്കൈ പുനരധിവാസത്തിന് സഹായം
ദേശീയപാതയ്ക്ക് ഭൂമിയേറ്റെടുത്ത 6,000 കോടിക്കും,
ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരിൽ വെട്ടിക്കുറച്ച 3,300 കോടിയ്ക്കും പകരം വായ്പ.
(മൂലധന ചെലവ് വായ്പ, എൻഎച്ച്‌എം, യുജിസി പരിഷ്കരണം തുടങ്ങി കേരളം ചെലവാക്കിയ തുക 4700 കോടിയോളം വേറെ. തൊഴിലുറപ്പ് പദ്ധതിയുടെ അധിക ബാധ്യത വഴി 3,000 കോടികൂടി പുതുതായി അടിച്ചേൽപ്പിച്ചു)
കേന്ദ്രത്തിനും അംഗീകരിക്കേണ്ടിവന്നു
നിതി ആയോഗിന്റെ ദേശീയ മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക, സുസ്ഥിര വികസന സൂചിക, ആരോഗ്യ സൂചിക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവ് സൂചിക എന്നിവയിൽ ഉന്നത സ്ഥാനം. പബ്ലിക് അഫയേര്‍സ് ഇന്‍ഡെക്സ്, കൂടുതല്‍ സൗജന്യ ചികിത്സയ്ക്ക് കേന്ദ്ര ആരോഗ്യ മന്ഥന്‍ പുരസ്കാരം. ഇന്ത്യാ ടുഡേ ഹാപ്പിനെസ്സ് ഇന്‍ഡക്സ് സര്‍വേയിൽ ഉന്നത സ്ഥാനം.
കേന്ദ്രം കണ്ണടയ്ക്കുന്നവ
റബര്‍ കര്‍ഷകർക്ക് സഹായം.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിഹിതം.
( കേരളം–1200 കോടി, കേന്ദ്രം – 130 കോടി )
എയിംസ് ( ഭൂമിയും രേഖകളും നൽകിയിട്ടും )
കോച്ച് ഫാക്ടറി, മൂന്നാം റെയിൽപ്പാത,
അതിവേഗ പാത, ശബരി പാത,
കൂടുതൽ ട്രെയിനുകൾ, വിഴിഞ്ഞം റിങ് റോഡ്.












