ad
Deshabhimani

Articles

നേർവഴി

വികസനംതന്നെ മുഖ്യം

cpim
avatar
എം വി ഗോവിന്ദൻ

Published on Jan 21, 2026, 10:50 PM | 3 min read

സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം കഴിഞ്ഞ 16, 17, 18 തീയതികളിലായി തിരുവനന്തപുരത്തെ ഇ എം എസ് അക്കാദമിയിലാണ് ചേർന്നത്. സാർവദേശീയ–ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനം ചെയ്ത കേന്ദ്രകമ്മിറ്റി അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ചർച്ച നടത്തി. അസമിലും പുതുച്ചേരിയിലും ബിജെപി സർക്കാരുകളെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുകയെങ്കിൽ, പശ്ചിമബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും തോൽപ്പിക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്കരിക്കുക. അതിനായി സിപിഐ എംഎൽ ഉൾപ്പെടെ എല്ലാ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യകക്ഷികളെയും അണിനിരത്താൻ സിപിഐ എം മുൻകൈയെടുക്കും. തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടിൽ തുടർന്ന് ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ ശ്രമിക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.


കേരളത്തിലെ രാഷ്ട്രീയസാഹചര്യവും ചർച്ച ചെയ്‌തു. എൽഡിഎഫ് സർക്കാരിനെ തുടർച്ചയായ മൂന്നാംവിജയത്തിലേക്ക് നയിച്ച് ചരിത്രംകുറിക്കുകയെന്ന സുപ്രധാന ലക്ഷ്യമാണ് കേന്ദ്രകമ്മിറ്റി മുന്നോട്ടുവച്ചത്. രാജ്യത്ത് നിലവിലുള്ള ഏക ഇടതുപക്ഷസർക്കാരാണ് കേരളത്തിലേത്. അത് നിലനിർത്തുക എന്നത് ഇ‍ൗ രാഷ്ട്രീയസാഹചര്യത്തിൽ വളരെ പ്രധാനമാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. കേരള സർക്കാർ പിന്തുടരുന്ന വികസന ക്ഷേമ രാഷ്ട്രീയത്തോടൊപ്പം പുരോഗമനരാഷ്ട്രീയവും അധികാരവികേന്ദ്രീകരണവും അവകാശസംരക്ഷണവും ഉൾച്ചേർന്നതാണ് പ്രസിദ്ധമായ കേരള മോഡൽ. നവ ഉദാരവാദ, കോർപറേറ്റ് അനുകൂല നയങ്ങൾക്കൊപ്പം ഹിന്ദുത്വരാഷ്ട്രീയത്തിനും ഊന്നൽനൽകുന്ന കേന്ദ്രനയങ്ങൾക്കുള്ള ബദലാണ് കേരള മോഡൽ.


kerala


അതുകൊണ്ടുതന്നെ ഇത് സംരക്ഷിക്കേണ്ടത് അതീവപ്രധാനമാണ്. കേരള മോഡലിന്റെ ചരിത്രപ്രധാനമായ ഉപലബ്ധിയാണ് അതിദാരിദ്ര്യനിർമാർജനം. കഴിഞ്ഞ കേരളപ്പിറവിദിനത്തിലാണ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യമുക്തമാകുന്നത്. പാർടി കേന്ദ്രകമ്മിറ്റി യോഗം കേരള സർക്കാരിന്റെ നേട്ടത്തെ അഭിനന്ദിച്ചു. കേരളത്തിന് ലഭിക്കേണ്ട അർഹമായ വിഹിതംപോലും കേന്ദ്രം തടഞ്ഞുവയ്‌ക്കുകയും നൽകാതിരിക്കുകയും ചെയ്യുമ്പോഴാണ് എൽഡിഎഫ് സർക്കാരിന്റെ ഇ‍ൗ നേട്ടമെന്ന് കേന്ദ്രകമ്മിറ്റി എടുത്തുപറഞ്ഞു. സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും ജനപക്ഷസമീപനവുമാണ് ഇതിലൂടെ തെളിഞ്ഞത്‌. ഇതേനയത്തിന്റെ തുടർച്ചയാണ്, കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കില്ലെന്ന പ്രഖ്യാപനമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.


cpim protest


കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായും മൂന്ന് വിഷയങ്ങൾ ഉയർത്താനാണ് പാർടി തീരുമാനം. ഏറ്റവും പ്രധാനം കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുകയും അതിന് തുടർച്ചയുണ്ടാകാൻ എൽഡിഎഫിനെത്തന്നെ അധികാരത്തിലേറ്റണം എന്നതുമാണ്. 62 ലക്ഷംപേർക്ക് ക്ഷേമപെൻഷനും 31 ലക്ഷംപേർക്ക് സ്ത്രീസുരക്ഷാ പെൻഷനും യുവതയ്‌ക്ക് കണക്ട്‌ ടു വർക്ക് സ്കോളർഷിപ്പും അഞ്ചുലക്ഷംപേർക്ക് ലൈഫ് വീടുകളും അഞ്ചുലക്ഷത്തോളംപേർക്ക് പട്ടയവും തുടങ്ങി ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത നവകേരളത്തിലേക്കാണ് സംസ്ഥാന സർക്കാർ നയിക്കുന്നത്. ഈ നയങ്ങൾ ശക്തമായി മുന്നോട്ട്‌ കൊണ്ടുപോകുമെന്ന പ്രഖ്യാപനമാണ് ചൊവ്വാഴ്ച നിയമസഭയിൽ ഗവർണർ വായിച്ച നയപ്രഖ്യാപനപ്രസംഗത്തിലുമുള്ളത്. സാമൂഹികനീതിയും ക്ഷേമവും ഉറപ്പാക്കി സമഗ്രവും സന്തുലിതവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കി നവകേരളം നിർമിക്കുമെന്ന നിശ്ചയദാർഢ്യമാണ് നയപ്രഖ്യാപനത്തിൽ.


farmers and workers protest against labour codes


രണ്ടാമത്തെ പ്രധാന വിഷയം, കേരളത്തിന് അർഹമായ വിഹിതംപോലും നിഷേധിക്കുന്ന കേന്ദ്രത്തിന്റെ തെറ്റായ നയത്തെ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാണിക്കുക എന്നതാണ്. കേന്ദ്ര നികുതിവിഹിതം, ഗ്രാന്റ്‌, പദ്ധതിവിഹിതം എന്നിവയിലെല്ലാം വലിയ കുറവാണ് കേന്ദ്രം വരുത്തിയത്. പ്രതികാരബുദ്ധിയോടെയാണ് കേരളത്തോട് കേന്ദ്രം പെരുമാറുന്നത്. നേർവഴിയിലെ മുൻലക്കങ്ങളിൽ പലകുറി പരാമർശിച്ച കണക്കുകൾ ഇവിടെ വീണ്ടും പറയുന്നില്ല. ധനകാര്യ ഫെഡറലിസത്തിന്റെ എല്ലാ തത്വങ്ങളും കാറ്റിൽപ്പറത്തുന്ന കേന്ദ്രസമീപനത്തെ ജനങ്ങൾക്കുമുമ്പിൽ വിശദീകരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രനയങ്ങൾക്ക് ബദലുയർത്തി നേട്ടങ്ങൾ സ്വന്തമാക്കുന്ന കേരളത്തെ തകർക്കുകയെന്ന മോദിസർക്കാരിന്റെ നയത്തിനെതിരെ ജനങ്ങളെ അണിനിരത്തണം. ചൊവ്വാഴ്ച നയപ്രഖ്യാപനപ്രസംഗം നിയമസഭയിൽ അവതരിപ്പിച്ചപ്പോൾപ്പോലും ഗവർണർ കൈക്കൊണ്ട സമീപനം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായിരുന്നു. മന്ത്രിസഭ അംഗീകരിച്ച നയരേഖ വായിക്കാൻ ബാധ്യസ്ഥനായ ഗവർണർ, തന്നിഷ്ടപ്രകാരം ചില കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നുമാത്രമല്ല, ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധംമൂലം സംസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ഭാഗങ്ങളും നിയമസഭ പാസാക്കിയ ബില്ലുകൾ വർഷങ്ങളായി ഗവർണർ തടഞ്ഞുവച്ച സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ച കാര്യവുമാണ് ഗവർണർ ഗില്ലറ്റിൻ ചെയ്തത്. കേന്ദ്രസർക്കാരും അവരുടെ പ്രതിനിധിയായ ഗവർണറും എല്ലാംതന്നെ കേരളത്തിന്റെ മുന്നേറ്റത്തെ തടയാനും തകർക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഇതിൽനിന്നുതന്നെ മനസ്സിലാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രധാന വിഷയമാക്കാനാണ് തീരുമാനം


bjp congress alliance


മൂന്നാമതായി, കേന്ദ്രത്തിന്റെ ഫെഡറൽവിരുദ്ധ–കേരളവിരുദ്ധ സമീപനത്തെ ചെറുക്കുന്നതിനുപകരം എൽഡിഎഫ് സർക്കാരിനെ ദ്രോഹിക്കാൻ മോദിസർക്കാരുമായി കൈകോർക്കുന്ന മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ സമീപനത്തെക്കുറിച്ചും എൽഡിഎഫ് പ്രചാരണം ശക്തമാക്കും. കേരളത്തിനുള്ള പരിമിതമായ സഹായംപോലും തടയാനുള്ള ഇടപെടലാണ് പാർലമെന്റിലും പുറത്തും കോൺഗ്രസ്‌ നടത്തിയത്. മാത്രമല്ല, വർഗീയകക്ഷിയായ ആർഎസ്എസ്–-ബിജെപി കൂട്ടുകെട്ടിനെ എതിർക്കുന്നതിനുപകരം അവരുമായി ഒളിഞ്ഞുംതെളിഞ്ഞും സഹകരിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പും തുറന്നുകാട്ടണമെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനം.


കോൺഗ്രസ് ഭരണകാലത്ത് കേരളത്തിന്റെ നാശമാണ് നാം കണ്ടത്. ഇക്കാര്യം ജനങ്ങളോട് തുറന്നുപറയാനും പാർടിയും എൽഡിഎഫും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിപിഐ എമ്മിന്റെ എല്ലാ തലത്തിലുമുള്ള നേതാക്കൾ ഗൃഹസന്ദർശനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടറിയാനും അവരിലുള്ള ചില തെറ്റിദ്ധാരണകൾ നീക്കാനും ഈ സന്ദർശനം ഉപകരിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായി എൽഡിഎഫിന്റെ മൂന്ന് മേഖലാ വികസന മുന്നേറ്റജാഥകൾ പര്യടനം നടത്തുകയാണ്. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന വടക്കൻ മേഖലാ ജാഥയ്‌ക്ക് ഞാനും മധ്യമേഖലാ ജാഥയ്‌ക്ക് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും തെക്കൻ മേഖലാ ജാഥയ്‌ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമാണ് നേതൃത്വം നൽകുന്നത്. മേൽപ്പറഞ്ഞ മൂന്ന്‌ വിഷയങ്ങൾക്കൊപ്പം നവകേരള നിർമാണത്തിനുള്ള വ്യക്തമായ പദ്ധതിയും എൽഡിഎഫ് ജനങ്ങൾക്കുമുമ്പിൽ വയ്‌ക്കും. കഴിഞ്ഞ രണ്ടുതവണയും വാഗ്ദാനംചെയ്ത കാര്യങ്ങൾ പൂർണമായും നടപ്പാക്കിയെന്ന അഭിമാനത്തോടെയാണ് ജനങ്ങളെ സമീപിക്കുന്നത്. ജനങ്ങൾ വീണ്ടും എൽഡിഎഫിനെത്തന്നെ പിന്തുണയ്‌ക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.



Deshabhimani
Home