Deshabhimani

Articles

എൽഡിഎഫ്‌ സർക്കാർ

കരുതലേകുന്ന സർക്കാരിന് ഹൃദയാഭിവാദ്യങ്ങൾ

kerala the extreme povertyfree state in india
avatar
എൻ ചന്ദ്രൻ

Published on Nov 08, 2025, 12:00 AM | 2 min read

കേരളപ്പിറവിദിനത്തിൽ മലയാളികളുടെ മാതൃഭൂമിയെ ചരിത്രപരമായി അടയാളപ്പെടുത്താൻ എൽഡിഎഫ്‌ സർക്കാരിന് സാധിച്ചതിൽ മലയാളികൾക്കെല്ലാം അഭിമാനിക്കാം. അതിദാരിദ്ര്യമുക്തമായ നവകേരളം, സാമൂഹ്യസമത്വത്തിലൂന്നി കേരളീയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുകയാണ്. സമൂഹത്തിൽ എല്ലാ വിഭാഗങ്ങൾക്കും സമാനമായ അവസരങ്ങളും വിഭവങ്ങളും ഉറപ്പാക്കുന്ന സർവതലസ്പർശിയായ വികസനമാണ് പിണറായി സർക്കാർ യാഥാർഥ്യമാക്കുന്നത്.


​കർഷകത്തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളെയാകെ സർക്കാർ കരുതലോടെ ചേർത്തുപിടിക്കുകയാണ്. സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽനിന്ന്‌ 2000 ആക്കിയത് നിരാലംബർക്ക്‌ ആശ്വാസമാണ്. സംസ്ഥാനത്ത് 62 ലക്ഷത്തിലേറെയുണ്ട് ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ. അവരുടെ കൈകളിലേക്ക് നവംബറിൽ ഒരുമാസത്തെ കുടിശ്ശികയടക്കം 3600 രൂപ ലഭിക്കും. കേന്ദ്രസർക്കാർ സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴാണ് പിണറായി സർക്കാർ പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്.


രണ്ടാം പിണറായി സർക്കാർ ഒറ്റയടിക്ക് 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കി. സാമൂഹ്യക്ഷേമ പെൻഷന്റെ ചരിത്രത്തിൽ യുഡിഎഫിന് അവകാശപ്പെടാനാകുന്നത് വെറും 100 രൂപ വർധനമാത്രം


​1980ൽ ഇ കെ നായനാർ സർക്കാർ കര്‍ഷകത്തൊഴിലാളി ക്ഷേമപെന്‍ഷന് രാജ്യത്താദ്യമായി തുടക്കമിടുമ്പോൾ 45 രൂപയായിരുന്നു പെന്‍ഷന്‍തുക. തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയ വേളയിലെല്ലാം പെന്‍ഷന്‍തുക വര്‍ധിപ്പിച്ചു. 1987ല്‍ 60 രൂപയായും ’96ൽ 120 രൂപയായും 2007ൽ 130 രൂപയായും 2008ൽ 200 രൂപയായും 2009ൽ 250 രൂപയായും 2010ൽ 300 രൂപയായും 2011ൽ 400 രൂപയായും വർധിപ്പിച്ചു. 2016ൽ എൽഡിഎഫ്‌ പ്രകടനപത്രികയില്‍, സാമൂഹ്യക്ഷേമ പെന്‍ഷനുകളെല്ലാം 1000 രൂപയാക്കി വർധിപ്പിക്കുമെന്ന് വാഗ്ദാനം നൽകി. ഒന്നാം പിണറായി സര്‍ക്കാര്‍ ആ വാഗ്ദാനം നിറവേറ്റിയെന്നുമാത്രമല്ല, യുഡിഎഫ് കാലത്ത് വരുത്തിയ 18 മാസത്തെ കുടിശ്ശിക തീർക്കുകയും ചെയ്തു. ആ സർക്കാർ പെൻഷൻ 1600 രൂപയാക്കി. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ ഒറ്റയടിക്ക് 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കി. സാമൂഹ്യക്ഷേമ പെൻഷന്റെ ചരിത്രത്തിൽ യുഡിഎഫിന് അവകാശപ്പെടാനാകുന്നത് വെറും 100 രൂപ വർധനമാത്രം.


​എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ അർഹതപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമപെൻഷന്റെ തണലിലേക്ക് കൊണ്ടുവന്നു. ഗുണഭോക്താക്കളുടെ എണ്ണം 62 ലക്ഷത്തിലേറെയായി. അതത്‌ മാസത്തെ പെൻഷൻ എല്ലാ മാസവും 20 മുതൽ വിതരണം ചെയ്യാൻ പിണറായി സർക്കാർ തീരുമാനിച്ചു. 2016ലാണ് ക്ഷേമപെൻഷൻ വീട്ടിൽ എത്തിച്ചുനൽകുമെന്ന വാഗ്ദാനം എൽഡിഎഫ് നൽകിയത്. ആവശ്യപ്പെട്ട ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾവഴി പെൻഷൻ വീട്ടിലെത്തിച്ചു.


Social Security Pension


​കർഷകത്തൊഴിലാളി ക്ഷേമപെൻഷൻ അടക്കമുള്ള സാമൂഹ്യക്ഷേമ പെൻഷനുകളിലൂടെ സംസ്ഥാനത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കരുതലേകുന്ന നടപടികൾ യാഥാർഥ്യമാക്കാൻ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ നിലപാടുകളും മുദ്രാവാക്യങ്ങളും പ്രക്ഷോഭങ്ങളും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. പ്രതിപക്ഷം കേന്ദ്രസർക്കാരിനോടൊപ്പംനിന്ന് ക്ഷേമപെൻഷൻ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. സാമൂഹ്യക്ഷേമ പെൻഷനെതിരായുള്ള യുഡിഎഫ് നിലപാട് പണ്ടുമുതലേ ഉള്ളതാണ്. അത് തുടരുന്നതിന്റെ ഭാഗമായാണ്, ക്ഷേമപെൻഷൻ വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവും പെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടാണെന്ന് യുഡിഎഫ് കൺവീനറും പറയുന്നത്. ​


​കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുക, മലയാളികളെ പട്ടിണിക്കാരാക്കി മാറ്റുക തുടങ്ങിയുള്ള കേരളവിരുദ്ധ അജൻഡകളാണ് ആർഎസ്എസ്–ബിജെപി നേതൃത്വം കേന്ദ്രസർക്കാരിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫാകട്ടെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കേരളവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയാണ്. അത്തരമൊരു പശ്ചാത്തലത്തിലും കുടിശ്ശികയൊന്നും വരുത്താതെ പെൻഷൻതുക ഗണ്യമായി വർധിപ്പിച്ചുനൽകുന്ന സർക്കാർ ജനപക്ഷത്ത് നിൽക്കുകയാണ്.


കർഷകത്തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾ എൽഡിഎഫ്‌ സർക്കാരിന് തുടർച്ചയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്, പിണറായി സർക്കാർമാത്രം 1400 രൂപയുടെ വർധന ക്ഷേമപെൻഷനിൽ വരുത്തി എന്ന തിരിച്ചറിവിലാണ്. 35 വയസ്സുമുതൽ പാവപ്പെട്ട സ്ത്രീകൾക്ക് സുരക്ഷാ പദ്ധതിയിലൂടെ എല്ലാ മാസവും നൽകുന്ന ആയിരം രൂപയും വിദ്യാർഥികൾക്കുള്ള സഹായങ്ങളുംമറ്റും അധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്കാണ് എത്തിച്ചേരുന്നത്. പാവപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്ന ഈ കരുതൽതന്നെയാണ് നവകേരള സൃഷ്ടി.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home