ജനഹിതമറിയുന്ന ഇടതുപക്ഷം


എം വി ഗോവിന്ദൻ
Published on Feb 25, 2026, 11:10 PM | 3 min read
കേരളത്തിൽ എന്തുകൊണ്ടാണ് എൽഡിഎഫ് ഭരണത്തുടർച്ച എന്ന മുദ്രാവാക്യം ജനങ്ങൾക്കുമുമ്പിൽ വയ്‌ക്കുന്നത് എന്നതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂജപ്പുരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനം. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ഒരുവർഷത്തിനുശേഷം 2017 മെയ് 23ന് തുടങ്ങിയ ലൈഫ് ഭവനപദ്ധതിയിൽ അഞ്ചുലക്ഷം വീടുകൾ നിർമിച്ചുനൽകാൻ കഴിഞ്ഞതിന്റെ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഒരുലക്ഷത്തിലധികം വീടുകൾ നിർമാണഘട്ടത്തിലാണ്. അതായത് ഒമ്പതുവർഷത്തിനകം 5,00,364 വീടുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. എല്ലാ ദിവസവും ശരാശരി 152 വീടാണ് നിർമിച്ചത്. ഓരോ 10 മിനിറ്റിലും ഒരു വീട് നിർമിച്ചു. മുതലാളിത്തഭരണത്തിനുകീഴിൽ വീട് എന്നത് സാധാരണക്കാർക്ക് സഫലീകരിക്കപ്പെടാത്ത സ്വപ്‌നം മാത്രമാകുന്ന ലോകത്താണ് കേരളം ഈ അത്ഭുതം കാട്ടിയത്.
ദേശാഭിമാനി ആ വാർത്തയ്‌ക്ക് നൽകിയ തലക്കെട്ട് "അഞ്ചുലക്ഷം സ്വപ്‌നങ്ങൾക്ക് ഇനി സുരക്ഷിത മേൽവിലാസം’ എന്നായിരുന്നു. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിൽ നിർമിക്കുന്ന 410 വീടിന്റെ ആദ്യഘട്ടം പൂർത്തിയായ 178 വീട് മാർച്ച് ഒന്നിന് കൈമാറുകയാണ്. മരിച്ചുകഴിഞ്ഞതിനുശേഷമുള്ള സ്വർഗമല്ല, ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വർഗം സൃഷ്ടിക്കാനാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കുന്നത്. ഈ ദിശയിലുള്ള ഒരു ചെറിയ പ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്.

പാവപ്പെട്ട ജനങ്ങളെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് നയിക്കുക എന്നത് സിപിഐ എമ്മിന്റെ, എൽഡിഎഫിന്റെ പ്രഖ്യാപിതനയമാണ്. ഇതിന്റെ ഭാഗമായാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത്. ഗൗരവമായ ആലോചനയുടെയും സമഗ്രമായ ആസൂത്രണത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഫലമായാണ് ഈ നേട്ടങ്ങൾ. ഉദാഹരണത്തിന് 1956ൽ തൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ സമ്മേളനം അംഗീകരിച്ച രേഖയാണ് 1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്ക് വഴികാട്ടിയായത്. ആ രേഖയിൽ പറഞ്ഞ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ പിണറായി സർക്കാർ വേണ്ടിവന്നുവെന്നതും ചരിത്രമാണ്. ജനക്ഷേമനടപടികളായാലും വികസനപദ്ധതികളായാലും നടപ്പിൽവരുത്തുന്നതിൽ മുൻനിന്ന് പ്രവർത്തിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളും സർക്കാരുകളുമാണ്. കേരളത്തിന്റെ വികസനത്തിനുവേണ്ടി ഗൗരവമായ ആലോചനകളും ചർച്ചകളും നടത്തുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണ്. ഈ ചർച്ചകളുടെ ഏറ്റവും പ്രധാന ജനകീയരൂപമാണ് അന്താരാഷ്ട്ര പഠന കോൺഗ്രസുകൾ.
ഫെബ്രുവരി 21നും 22നും അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസ് തിരുവനന്തപുരത്ത് നടന്നു. 46 വിഷയങ്ങളിൽ പ്രത്യേക സെഷനുകളും നാല് വിഷയങ്ങളിൽ സിന്പോസിയവും നടന്നു. ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരും രാഷ്ട്രീയ–സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ബഹുജനസംഘടനാ പ്രവർത്തകരും അടക്കം 3000 പേരാണ് ഈ ചർച്ചകളിലും സംവാദങ്ങളിലും പങ്കാളികളായത്. ഇതിനുമുമ്പ് എട്ടു ജില്ലകളിൽ സമാനമായ ചർച്ചകളും സംവാദങ്ങളും നടന്നു. അതുകൂടി കണക്കിലെടുത്താൽ ഏകദേശം 20,000 പേരാണ് ഈ പ്രക്രിയയിൽ ഭാഗഭാക്കായത്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതി എന്തായിരിക്കണമെന്ന് നിശ്ചയിക്കാനുള്ള വിപുലമായ കൂട്ടായ്മയാണ് ഇവിടെ നടന്നത്. യുഡിഎഫോ എൻഡിഎയോ ഇത്തരമൊരു ആശയസംവാദം നടത്തിയതിന് ഉദാഹരണങ്ങൾ ഒന്നുമില്ല.

നരസിംഹറാവു സർക്കാർ 1991ലാണ് ആഗോളവൽക്കരണനയങ്ങൾ ഇന്ത്യയിൽ നടപ്പാക്കാൻ തുടങ്ങിയത്. 1994ലാണ് എ കെ ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദ്യ പഠന കോൺഗ്രസ് നടന്നത്. 1956ൽ ഐക്യകേരളം രൂപംകൊണ്ടു. അതിനുശേഷം 1957ലും ’67ലും കമ്യൂണിസ്റ്റ് സർക്കാരുകൾ ജന്മിത്വഭൂപ്രഭുത്വം അവസാനിപ്പിച്ചു. എന്നാൽ, അതിനുശേഷം സർവതോമുഖമായ പുരോഗതിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താൻ കമ്യൂണിസ്റ്റ് പാർടിക്ക് കഴിഞ്ഞില്ലെന്നും അതിലേക്കുള്ള ചുവടുവയ്പാണ് ആദ്യ അന്താരാഷ്ട്ര പഠന കോൺഗ്രസ് എന്നുമാണ് മുഖ്യസംഘാടകനായ ഇ എം എസ് അന്ന് വിശദീകരിച്ചത്. തുടർന്ന് 2005ലും 2011ലും 2016ലും രണ്ടും മൂന്നും നാലും പഠന കോൺഗ്രസുകൾ നടന്നു. 2016ലെ നാലാം പഠന കോൺഗ്രസിന്റെ നിഗമനങ്ങളാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചത്. "വേണം നമുക്കൊരു പുതുകേരളം; മതനിരപേക്ഷ അഴിമതിരഹിത കേരളം’ എന്ന ആശയമാണ് ഈ പ്രകടനപത്രികയിൽ പറഞ്ഞത്. അതിൽ പറഞ്ഞ 600 കർമപദ്ധതികളിൽ 580ഉം പ്രാവർത്തികമാക്കിയാണ് തുടർഭരണം ഉറപ്പിച്ചത്. ഇനിയും ഭരണത്തുടർച്ച ലഭിക്കേണ്ടതിന്റെ പ്രാധാന്യമെന്തെന്നും ഇനി എന്തൊക്കെ വികസനപദ്ധതികളും ക്ഷേമനടപടികളും നയംമാറ്റങ്ങളുമാണ് വേണ്ടതെന്നുമാണ് അഞ്ചാം പഠന കോൺഗ്രസ് ചർച്ച ചെയ്തത്.
കഴിഞ്ഞ നാലുവർഷത്തിനിടയ്ക്കുമാത്രം രണ്ടുലക്ഷം കോടിയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയതെന്ന് അഞ്ചാം പഠന കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പല നിർദേശങ്ങളും പഠന കോൺഗ്രസിൽ ഉയർന്നു. നികുതിയേതര വരുമാനം വർധിപ്പിച്ചും ചെലവ് കാര്യക്ഷമമാക്കിയും സഹകരണമേഖലയെ ഉപയോഗപ്പെടുത്തിയും മുന്നോട്ടുപോകാനാകണം. ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന കേന്ദ്രമായി സംസ്ഥാനം മാറണം. അതോടൊപ്പം പശ്ചാത്തലവികസനത്തിനുള്ള മൂലധനനിക്ഷേപത്തിന് കിഫ്ബിക്കുപുറമെ എന്ത് സംവിധാനം കൊണ്ടുവരാനാകുമെന്നതിനെക്കുറിച്ചും നിർദേശങ്ങൾ ഉയർന്നു. ഉന്നതവിദ്യാഭ്യാസമേഖല മെച്ചപ്പെടുത്തുന്നതിനോടൊപ്പം ശാസ്ത്രസാങ്കേതിക ഗവേഷണത്തിന് ഊന്നൽ നൽകണം. തൊഴിൽമേഖലയും വ്യവസായമേഖലയും സർവകലാശാലകളും യോജിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും പഠന കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമം മെച്ചപ്പെടുത്തുന്നതിന് പല നിർദേശങ്ങളും മുന്നോട്ടുവച്ചു. ഭിന്നശേഷിസംരംഭങ്ങൾക്ക് പ്രത്യേക ബ്രാൻഡിങ് ഏർപ്പെടുത്തണമെന്നത് അത്തരത്തിലുള്ള നിർദേശമാണ്. വികസനത്തിന് ഊന്നൽ നൽകുമ്പോഴും പരിസ്ഥിതിസംരക്ഷണം പ്രധാനമാണെന്ന ആശയവും ഉയർന്നു. ഇതോടൊപ്പം മതനിരപേക്ഷതയാണ് കേരളത്തിന്റെ ഡിഎൻഎ എന്നും അത് സംരക്ഷിക്കാനും വിപുലീകരിക്കാനുമുള്ള ചർച്ചകളും മൂർത്തമായ ചില നിർദേശങ്ങളും പഠന കോൺഗ്രസിലുണ്ടായി. ഫെബ്രുവരി 15 മുതൽ 17 വരെ സംസ്ഥാന ആസൂത്രണ കമീഷൻ സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിലും സമാനമായ നിർദേശങ്ങൾ ഉയർന്നു. ഇവയെല്ലാം പരിശോധിച്ച് പ്രായോഗികവും കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യവുമായ നിർദേശങ്ങൾ എൽഡിഎഫിന്റെ പ്രകടനപത്രികയുടെ ഭാഗമാക്കാൻ കഴിയുമോ എന്നും പരിശോധിക്കും.
കണ്ണൂരിൽ ചേർന്ന സിപിഐ എമ്മിന്റെ 23–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി 2022 മാർച്ചിൽ എറണാകുളത്ത് ചേർന്ന പാർടി സംസ്ഥാന സമ്മേളനം മുന്നോട്ടുവച്ച "നവകേരളത്തിനായുള്ള പാർടി കാഴ്ചപ്പാട്’ എന്ന രേഖയും 2025ൽ മധുരയിൽ ചേർന്ന 24–ാം പാർടി കോൺഗ്രസിന്റെ ഭാഗമായി കൊല്ലത്ത് ചേർന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച "നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖയും വികസിത മധ്യ വരുമാന രാഷ്ട്രങ്ങൾക്കുസമാനമായി കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിലേക്കുള്ള വഴിയാണ് തിരുവനന്തപുരത്ത് ചേർന്ന അന്താരാഷ്ട്ര പഠനകോൺഗ്രസും വിഷൻ 2031ഉം ചൂണ്ടിക്കാട്ടിയത്. ഈ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ എൽഡിഎഫിന്റെ ഭരണത്തുടർച്ച അനിവാര്യമാണ്. ജനങ്ങൾ അതിന് തയ്യാറാകുമെന്ന് ഉറപ്പാണ്.












