പുതുയുഗപ്പിറവിക്ക് ഇടതുപക്ഷവഴി

കെ വി സുധാകരൻ
Published on Sep 17, 2025, 01:02 AM | 3 min read
സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യസംസ്ഥാനം എന്ന പദവികൂടി ലഭിച്ചതോടെ, കേരളം ഒരിക്കൽക്കൂടി മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാവുകയാണ്. സമഗ്ര കാർഷിക ബന്ധ നിയമം, വിദ്യാഭ്യാസനിയമം, ആരോഗ്യപരിപാലന മികവ് എന്നിവയിലൂടെ 1957ലെ ഇ എം എസ് ഗവൺമെന്റിന്റെ കാലംമുതൽ രൂപപ്പെട്ടുവന്ന ‘കേരള മോഡൽ' വികസനപാതയിലെ മറ്റൊരു നാഴികക്കല്ലാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്കുള്ള ചുവടുവയ്പ്. കമ്യൂണിസ്റ്റ് പാർടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും അതിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റുകളുടെയും ആർജവവും ദീർഘദർശിത്വവും പ്രതിജ്ഞാബദ്ധതയും എങ്ങനെയാണ് കേരളത്തെ മൗലികമായി പുരോഗതിയിലേക്ക് കൊണ്ടുപോകുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണംകൂടിയാണ് ഇത്.
ഐക്യകേരളം സാക്ഷാൽക്കരിക്കപ്പെടുന്നതിനു മുമ്പുതന്നെ കേരളം ഏതു ദിശയിലാണ് പോകേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാർടി. 1956 ജൂൺ 21 മുതൽ 23 വരെ തൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടി സംസ്ഥാന സമ്മേളനം "പുതിയ കേരളം പടുത്തുയർത്താനുള്ള നിർദേശങ്ങൾ’ എന്ന രേഖ അംഗീകരിച്ചത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. പിന്നീട് ഐക്യകേരളം രൂപീകരിച്ചശേഷം അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാർടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും നേതൃത്വത്തിലുള്ള സർക്കാരുകൾ വിവിധ നിയമനിർമാണങ്ങളും നടപടികളുമായി മുന്നോട്ടുപോയതും ഇതേ കാഴ്ചപ്പാടോടെതന്നെ.

1957ൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് (ഏപ്രിൽ അഞ്ച്) ആറാംനാളിൽ (ഏപ്രിൽ 11) ‘കുടിയിറക്കൽ നിരോധന ഓർഡിനൻസ്' കൊണ്ടുവന്നു. പാട്ടക്കാരും വാരക്കാരും കുടിയാന്മാരുമായ 36 ലക്ഷത്തോളം പാവപ്പെട്ട മനുഷ്യർക്കാണ് അതിന്റെ ഗുണം ലഭിച്ചത്. പിന്നീട് സമഗ്ര കാർഷിക ബന്ധ ബിൽ 1957 ഡിസംബർ 21ന് അന്നത്തെ റവന്യുമന്ത്രി കെ ആർ ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി. ഈ നിയമംവഴി പാട്ടക്കാർക്ക് ഭൂമിക്ക് ഉടമസ്ഥാവകാശം ലഭിച്ചു. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചു. കൂടുതലുള്ള ഭൂമി സർക്കാർ ഏറ്റെടുക്കുകയും അത് ഭൂരഹിതർക്ക് നൽകുകയും ചെയ്‌തു. ’57ൽത്തന്നെ വിദ്യാഭ്യാസനിയമം പാസാക്കി. മാനേജ്മെന്റുകളുടെ ചൂഷണം അവസാനിപ്പിച്ച് സ്വകാര്യ എയ്ഡഡ് അധ്യാപകർക്ക് സർക്കാർ നേരിട്ട് ശമ്പളം കൊടുത്തു. എട്ടാംക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കി. അങ്ങനെ വിദ്യാഭ്യാസം ജനാധിപത്യവൽക്കരിക്കുകയും സാർവത്രികമാക്കുകയും ചെയ്തു. പിന്നീട് ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ’67ൽ രണ്ടാമതും വന്നപ്പോഴാണ് പത്താംക്ലാസുവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത്. ഇതേത്തുടർന്ന് മലബാറിലടക്കം കൂടുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരികയും അവിടങ്ങളിൽ സാധാരണക്കാരുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം പ്രാപ്തമാവുകയും ചെയ്തു. എന്നാൽ, 1960ൽ വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള പട്ടം താണുപിള്ള സർക്കാർ വിദ്യാഭ്യാസനിയമത്തിൽ വെള്ളംചേർത്ത് പരിഷ്കരിക്കുകയും അത് സ്വകാര്യ–എയ്ഡഡ് സ്ഥാപനങ്ങളിൽ കോഴസമ്പ്രദായത്തിന് വഴിയൊരുക്കുകയും ചെയ്തു.
1980ൽ ഇ കെ നായനാർ സർക്കാരാണ് രാജ്യചരിത്രത്തിലാദ്യമായി കർഷകത്തൊഴിലാളികൾക്ക് 45 രൂപ പെൻഷൻ അനുവദിച്ചത്. അത് വർധിപ്പിച്ചാണ് ഇപ്പോൾ 1600 രൂപ നൽകുന്നത്. അന്ന് ഈ പെൻഷൻതന്നെ പ്രത്യുൽപ്പാദനപരമല്ല എന്നു പറഞ്ഞ് ആക്ഷേപിച്ച കോൺഗ്രസുകാർതന്നെയാണ് ഇപ്പോൾ അൽപ്പം വൈകിയാൽ പെൻഷൻ മുടങ്ങിയേ എന്ന് വലിയ വായിൽ നിലവിളിക്കുന്നത്.

1987ലെ നായനാർ സർക്കാരായിരുന്നു കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്ക് കൈപിടിച്ചുയർത്തിയത്. 1989 ജനുവരി 26ന് എറണാകുളത്ത് തുടക്കംകുറിച്ച ഈ യജ്ഞം 1991 ഏപ്രിൽ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ചേർന്ന മഹാസമ്മേളനത്തിലെ പ്രഖ്യാപനത്തോടെ ചരിത്രത്തിൽ സ്ഥാനംപിടിച്ചു. അന്ന് നവസാക്ഷരയായ ചേലക്കോടൻ ആയിഷയാണ് മുഖ്യമന്ത്രി ഇ കെ നായനാരുടെ സാന്നിധ്യത്തിൽ കേരളം സമ്പൂർണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചത്. ഇതിനുമുമ്പുതന്നെ 1989 ജൂൺ 18ന് കോട്ടയം രാജ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ആദ്യനഗരമായും 1990 ഫെബ്രുവരി ഒന്പതിന് എറണാകുളം സമ്പൂർണ സാക്ഷരത കൈവരിച്ച ആദ്യജില്ലയായും മാറിയിരുന്നു.
പ്രാദേശികവികസനത്തിൽ മാതൃകാവ്യതിയാനംതന്നെ സൃഷ്ടിച്ച ജനകീയാസൂത്രണം നടപ്പാക്കിയതാകട്ടെ 1996 ലെ നായനാർ സർക്കാരായിരുന്നു. സംസ്ഥാനത്തിന്റെ 40 ശതമാനം ഫണ്ടും അധികാരങ്ങളും താഴേക്കുനൽകി തദ്ദേശസ്ഥാപനങ്ങളെ പ്രാദേശിക സർക്കാരുകളുടെ പദവിയിലേക്ക് ഉയർത്തി.
2006ലെ വി എസ് അച്യുതാനന്ദൻ ഗവൺമെന്റ് അന്യാധീനപ്പെട്ട സർക്കാർഭൂമി തിരിച്ചുപിടിക്കാൻ നടപടികളെടുത്തു. ചേർത്തലയിലും കൊരട്ടിയിലും വടകരയിലുമൊക്കെ ഐടി പാർക്കുകൾ സ്ഥാപിച്ച് ഐടി വികസനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി. ഉമ്മൻചാണ്ടി സർക്കാർ വിൽക്കാൻ തീരുമാനിച്ച കൊച്ചി കാക്കനാട്ടെ ഇൻഫോപാർക്ക് സർക്കാർ മേഖലയിൽ നിലനിർത്തി വികസിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ നയമായി അംഗീകരിച്ചു. ഇതേ സർക്കാരിന്റെ കാലത്താണ് ജെൻഡർ ബജറ്റ് അവതരിപ്പിച്ചതും തദ്ദേശസ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം കൊണ്ടുവന്നതും.
2016ൽ പിണറായി സർക്കാർ നാല് മേഖലകളിലെ കുതിച്ചുചാട്ടം ലക്ഷ്യംവച്ച് നാലു മിഷനുകൾ ആവിഷ്കരിച്ചു. ആർദ്രം (ആരോഗ്യം), വിദ്യാകിരണം (വിദ്യാഭ്യാസം), ഹരിതകേരളം (കൃഷി), ലൈഫ് (പാർപ്പിടം) എന്നിവയാണ് അവ. പിണറായി സർക്കാർ തുടർച്ചയായി രണ്ടാംതവണ അധികാരമേറ്റെടുത്ത 2021 മെയ് 20ലെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചത് അതിദരിദ്രരില്ലാത്ത കേരളം സാക്ഷാൽക്കരിക്കുമെന്നാണ്. വിപുലമായ സർവേ നടത്തി 64,000 പേരെ കണ്ടെത്തി. അവർക്ക് ഭൂമിയും വീടും നൽകിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം നവംബർ ഒന്നിന് കേരളപ്പിറവിദിനത്തിൽ അതിദരിദ്രരില്ലാത്ത കേരളം എന്ന പദവിയിൽ നാമെത്തും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നിപായും ഓഖിയും മഹാപ്രളയവും കോവിഡുമൊക്കെ കേരളത്തെ ഗ്രസിച്ചത്. എന്നാൽ, എല്ലാ ദുരന്തമുഖങ്ങളിലും കരുതലും കാവലുമായി സർക്കാർ എല്ലാവരെയും ചേർത്തുപിടിച്ചു. പക്ഷിമൃഗാദികൾക്കുപോലും കനിവും ആശ്വാസവും പകർന്നു. ഇത്തരം ദുരന്തങ്ങളുടെ അനുഭവം ഉൾക്കൊണ്ടാണ് സർക്കാർ 2022ൽ ‘റീബിൽഡ് കേരള ഇനിഷ്യേറ്റീവ്' കൊണ്ടുവരുന്നത്.

ഇപ്പോഴിതാ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. ഏറ്റവും ഒടുവിലായി ഭൂപതിവ് നിയമ ഭേദഗതിയും കൊണ്ടുവന്നു. മലയോരജനത പതിറ്റാണ്ടുകളായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇത്. എൽഡിഎഫ് 2021ലെ പ്രകടനപത്രികയിലൂടെ മലയോരജനതയ്‌ക്ക് നൽകിയ വാഗ്ദാനമാണിത്. 1957ലെ സമഗ്ര കാർഷിക ബന്ധ നിയമത്തിനു സമാനമായ രീതിയിൽ മലയോരജനതയുടെ ജീവിതത്തിന് വലിയ ആശ്വാസവും പുത്തൻപ്രതീക്ഷകളും നൽകുന്ന നിയമമാണിത്. ദിവസങ്ങൾക്കുള്ളിൽത്തന്നെ ഈ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
ഇത്തരത്തിൽ കേരളത്തെ എല്ലാ മേഖലകളിലും മൗലികമായി പുതുക്കിപ്പണിയുന്നതിനും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള നിയമ നടപടികളും പദ്ധതികളുമാണ് എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കുന്നത്.














