ad
Deshabhimani

Articles

ഹൃദയത്തിൽനിന്നുള്ള വാക്കുകളാണ്‌ ജനങ്ങളെ സ്വാധീനിക്കുന്നത്‌.

ഇന്നത്തെ ഇന്ത്യയിൽ ഇംഗ്ലീഷിൽ സംസാരിച്ചാൽ എന്താണ്‌ പ്രയോജനം?

kisan
avatar
സാജൻ എവുജിൻ

Published on Dec 31, 2025, 02:09 PM | 2 min read

പാർലമെന്റ്‌ അംഗങ്ങൾ ഉൾപ്പടെ മണിമണിയായി ഇംഗ്ലീഷിൽ സംസാരിക്കണമെന്ന്‌ ചിലർ ഉപദേശിക്കുന്നു. മികച്ച വിദ്യാഭ്യാസം നേടിയതിന്റെ ലക്ഷണമാണത്രെ ആംഗലേയവാണിയിൽ ഇടതടവില്ലാതെ സംസാരിക്കാനുള്ള കഴിവ്‌. മലയാളികൾ ആരെങ്കിലും ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ വിക്കലോ വിറയലോ ഉണ്ടായാൽ അതോടെ അവരെ ചവുട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നതാണ്‌ അനുഭവം.


ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ അവസരം ലഭിച്ച ഒരാളാണ്‌ ഇതെഴുതുന്നത്‌. മലയാളികളിൽ ഒഴികെ മറ്റാരിലും ഇത്ര പ്രകടമായി ഇ‍ൗ ഭാഷാ അടിമത്തം കണ്ടിട്ടില്ല. ഇംഗ്ലീഷ്‌ ഒഴികെയുള്ള അന്യഭാഷകൾ സംസാരിക്കുന്നവരെ പുച്ഛിക്കുകയും ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്നവരെ ആരാധിക്കുകയും ചെയ്യുന്നതാണ്‌ നമ്മുടെ രീതി. ഇംഗ്ലീഷിൽ അസഭ്യം പറയുന്നതുപോലും നമുക്ക്‌ വലിയ സംഭവമാണ്‌. കൊളോണിയൽ കോംപ്ലക്‌സ്‌ എന്നല്ലാതെ എന്ത്‌ പറയാൻ.


അതുപോകട്ടെ. ഇന്നത്തെ ഇന്ത്യയിലെ രാഷ്‌ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യത്തിൽ ഇംഗ്ലീഷിൽ മാത്രം നന്നായി സംസാരിച്ചിട്ട്‌ എന്ത്‌ കാര്യം? ഉത്തരേന്ത്യയിൽ ഒരിടത്തും ഇംഗ്ലീഷ്‌ പറഞ്ഞിട്ട്‌ കാര്യമില്ല. ഡൽഹിയിലെ കേന്ദ്രസർക്കാർ ഓഫീസുകളിൽ സിവിൽസർവീസ്‌ ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന യോഗങ്ങളിലാണ്‌ ഇപ്പോൾ ഇംഗ്ലീഷിൽ ആശയവിനിമയം നടക്കുന്നതെന്ന്‌ ഇ‍ൗ രംഗത്തുള്ള സുഹൃത്തുക്കൾ പറയുന്നു.


ഉത്തരേന്ത്യയിൽ ‘ബിജെപി’ എന്ന്‌ പോലും പറയാറില്ല. ‘ഭാജപാ’ എന്ന്‌ പറഞ്ഞാലേ ആളുകൾക്ക്‌ മനസ്സിലാകൂ. കേന്ദ്രസർക്കാർ രേഖകളിലെല്ലാം ഒന്നാം ഭാഷ ഹിന്ദിയായി. ആദായനികുതി റിട്ടേണിന്‌ മറുപടിയായി ലഭിക്കുന്ന ഇന്റിമേഷനിൽപോലും ഹിന്ദിക്കാണ്‌ പ്രമുഖ്യം. ഡൽഹിയിൽ പ്രമുഖരുടെ വാർത്താസമ്മേളനങ്ങളെല്ലാം ഹിന്ദിയിലായി.


ഇനി പൊതുപ്രവർത്തകരുടെ കാര്യം എടുത്താലും ഹിന്ദിയിൽ സംസാരിക്കാൻ അറിയാത്തവരുടെ സ്ഥിതി കഷ്ടമാണ്‌. രാജ്യത്തെ ബഹുഭൂരിപക്ഷത്തോട്‌ സംവദിക്കണമെങ്കിൽ ഹിന്ദി പഠിക്കണം(ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും). കേരളത്തിൽ ജീവിക്കാനും ഹിന്ദി പരിജ്ഞാനം അനിവാര്യമായി മാറുകയാണ്‌. ഹിന്ദിയിൽ മാത്രം ഒതുക്കേണ്ടതില്ല. ബംഗാളി, മറാത്തി, ഉറുദു അടക്കമുള്ള ഭാഷകൾ പഠിക്കുന്നതും പൊതുപ്രവർത്തകർക്ക്‌ പ്രയോജനം ചെയ്യും.


പാർലമെന്റിലും മറ്റും പ്രസംഗിക്കുന്പോൾ ഹിന്ദിയിൽ സംസാരിക്കുന്നതിന്റെ ഗാംഭീര്യം വേറെയാണ്‌. 2020ലെ കർഷകസമരം വിജയിക്കാൻ ഇടയായതിന്‌ ഒരു കാരണം ഹിന്ദി–പഞ്ചാബി ഭാഷകളിലെ യുട്യൂബ്‌ ചാനലുകൾ വഴി നടത്തിയ പ്രചാരണമാണ്‌. ദേശീയമാധ്യമങ്ങളിൽ ഇംഗ്ലീഷിൽ സംസാരിക്കുന്ന അവതാരകരെ മോദിസർക്കാർ കാര്യമാക്കാറില്ല. അതേസമയം ഹിന്ദിഭാഷയിലുള്ള പരിപാടികൾ സർക്കാരിന്‌ രാഷ്‌ട്രീയ ബുദ്ധിമുട്ടായാൽ ഉടൻ ഇടപെടൽ ഉണ്ടാകും.


ഹൃദയത്തിൽനിന്നുള്ള വാക്കുകളാണ്‌ ജനങ്ങളെ സ്വാധീനിക്കുന്നത്‌. ഇമ്പിച്ചി ബാവയും ഇന്നസെന്റും ഒക്കെ മലയാളത്തിൽ സംസാരിച്ച്‌ പാർലമെന്റിൽ കയ്യടി നേടിയവരാണ്‌. ഇംഗ്ലീഷ്‌ പ്രയോഗങ്ങൾ കൊണ്ട്‌ അമ്മാനമാടുന്ന തരൂർ തന്റെ ഇ‍ൗ കഴിവ്‌ പാർലമെന്റിൽ പ്രയോജനപ്പെടുത്തിയിട്ട്‌ എത്രയോ കാലമായി?


ഇനി വിദേശത്തുപോകാനാണെങ്കിൽ ഇംഗ്ലീഷ്‌ ഭാഷ പ്രചാരത്തിലുള്ള രാജ്യങ്ങളിൽ അവസരം ശോഷിച്ചു. നിലവിൽ തന്നെ ജർമൻ ഭാഷ പഠിക്കാനാണല്ലൊ നെട്ടോട്ടം. ചൈനീസ്‌, കൊറിയൻ ഭാഷകൾ അറിയുന്നവർക്ക്‌ ഭാവി ശോഭനമാകാനാണ്‌ സാധ്യത. സ്‌പാനിഷ്‌, ലാറ്റിൻ, ഫ്രഞ്ച്‌ ഭാഷകൾ അറിഞ്ഞിരിക്കുന്നതും നല്ലതാണ്‌.


ഇത്രയും പറഞ്ഞതിൽനിന്ന്‌ ഇംഗ്ലീഷിനെ തഴയണമെന്നോ പഠിക്കേണ്ടതില്ലെന്നോ വ്യാഖ്യാനിക്കരുത്‌. ലോകസംഭവവികാസങ്ങൾ മനസ്സിലാക്കാനും ആശയവിനിമയം നടത്താനും ഗവേഷണ മേഖലകളിലും ഇംഗ്ലീഷിന്‌ അതിന്റേതായ സ്ഥാനമുണ്ട്‌. ഇംഗ്ലീഷിൽ പ്രവീണ്യം നേടുന്നവർക്ക്‌ മികച്ച അവസരങ്ങളും ലഭിക്കും. എന്നാൽ ഏതെങ്കിലും ഭാഷ ഗ്രഹിക്കാനും എഴുതാനും കഴിയുന്ന പലർക്കും അതേ മികവോടെ സംസാരിക്കാൻ കഴിയണമെന്നില്ല. ഇ‍ൗ വസ്‌തുത അംഗീകരിച്ചാൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടിന്‌ പരിഹാരമാകും. ഇന്ത്യക്കാരിൽ എത്രപേർക്ക്‌ വ്യാകരണത്തെറ്റ്‌ കൂടാതെ മാതൃഭാഷയിൽ സംസാരിക്കാൻ കഴിയും? നമ്മളിൽ എത്രപേർക്ക്‌ വ്യാകരണത്തെറ്റ്‌ കൂടാതെ മലയാളത്തിൽ പ്രസംഗിക്കാൻ കഴിയും?



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home