ചോദ്യവിരലുകൾ മടങ്ങില്ല


എ കെ രമേശ്
Published on Nov 24, 2025, 12:15 AM | 4 min read
കോഴിയെ പോറ്റാൻ തങ്ങളേക്കാൾ നല്ല കുറുക്കന്മാർ വേറെ ആരുണ്ട് എന്ന് 19–-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ വൻനഗരമായ മാഞ്ചസ്റ്ററിലെ മില്ലുടമകൾ ചോദിച്ചിരുന്നു. തങ്ങളുടെ പിഞ്ചുമക്കളെ ഫാക്ടറിക്കകത്തെ അതിസുരക്ഷിതത്വ മേഖലയിൽനിന്ന് ഫാക്ടറിപ്പുറത്തെ ദയാരഹിതവും സന്മാർഗ വിരുദ്ധവുമായ ലോകത്തിലേക്ക് വലിച്ചെറിയരുതേ എന്നപേക്ഷിച്ച് ഫാക്ടറിത്തൊഴിലാളികളെക്കൊണ്ടുതന്നെ നിവേദനം എഴുതി വാങ്ങിച്ച കഥ കാൾ മാർക്സ് എടുത്തുപറഞ്ഞിട്ടുണ്ട്.
യൂണിയനുകളിൽനിന്ന് ‘രക്ഷിക്കാൻ’
കേന്ദ്രസർക്കാർ ഇപ്പോൾ നടപ്പാക്കാൻ തീരുമാനിച്ച ലേബർ കോഡുകൾ, തൊഴിലാളി യൂണിയനുകളിൽനിന്ന് പണിയെടുക്കുന്നവരെ രക്ഷിക്കാനാണ് എന്ന നാട്യത്തിലാണ് കേന്ദ്ര സർക്കാരും അതിന്റെ പ്രചാരകരും. പക്ഷേ, സംഘപരിവാർ സംഘടനയായ ബിഎംഎസ് അടക്കം മുഴുവൻ യൂണിയനുകളും പുതിയ ലേബർ കോഡുകളെ അതിശക്തമായി എതിർത്തുപോന്നതാണ്. അവിടെയാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ജിഹ്വകൾ തൊഴിലാളിരക്ഷക ഭാവം ചമഞ്ഞ് മഹാനുണകൾ കെട്ടിയെഴുന്നള്ളിക്കുന്നത്. മുതലാളിമാർ ചിലർ അത്യാവേശിതരാണ്. ഗിഗ് മേഖല കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് എന്ന് സൊമാറ്റോ, സ്വിഗ്വി മുതലാളിമാർ ഇതിനകം പ്രസ്താവിച്ചുകഴിഞ്ഞു. നടപ്പിലാക്കുമ്പോൾ തങ്ങളുമായി ചർച്ച വേണം എന്ന മട്ടിൽ ഒരു പ്രസ്താവന ബിഎംഎസിന്റെതായി വന്നിട്ടുണ്ട്. നിയമം നല്ലതാണെങ്കിൽ പിന്നെന്തിന് ചർച്ച സംഘപുത്രാ എന്ന ചോദ്യം ബാക്കിയാണുതാനും. നാടൻ–മറുനാടൻ കുത്തകകളൊഴികെ സംഘപരിവാർ ബന്ധുക്കളിലൊന്നിനുപോലും ന്യായീകരണവുമായി രംഗത്തുവരാനാകുന്നില്ല എന്നതാണ് വസ്തുത.
തൊഴിൽ നിയമങ്ങൾക്ക് അയവ് പാേരപാേലും
തൊഴിലാളികളെ അടിമ സമാനരാക്കിത്തീർക്കുന്നതിന് പലപ്പോഴായി പല നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നാവടക്കി പണിയെടുക്കാൻ കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ജനതാ സർക്കാർ കാലത്ത് ഇൻഡസ്‌ട്രിയൽ റിലേഷൻസ് ബില്ല് കൊണ്ടുവന്നിട്ടുണ്ട്. അതിവിപുലമായ ചെറുത്തുനിൽപ്പുകൾ അവയെയൊക്കെയും തകർത്തെറിഞ്ഞിട്ടുമുണ്ട്. എന്നാൽ, തൊണ്ണൂറുകളുടെ തുടക്കത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് അത്യാവശ്യമായിരുന്ന വിദേശനിക്ഷേപം ആകർഷിക്കാനെന്ന പേരിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട രണ്ട് പ്രയോഗങ്ങളാണ് എക്സിറ്റ് പോളിസിയും പ്രൊഡ്യൂസർ റിട്ടയർമെന്റ് പ്രോഗ്രാമും. മുതലാളിമാർക്ക് തൊഴിലാളികളെ പിരിച്ചുവിടാൻ കുറേക്കൂടി അയവേറിയ നിയമങ്ങൾ, ചെറുകിട കർഷകരെ ഉൽപ്പാദന മേഖലയിൽനിന്ന് പിഴുതെറിയാൻ പാകത്തിൽ കാർഷികമേഖലയിൽ പരിഷ്കാരങ്ങൾ. ഇത്രയുമായാൽ വിദേശ നിക്ഷേപങ്ങൾ കെട്ടഴിച്ചൊഴുകിയെത്തും എന്നായിരുന്നു വാദം. മറുനാടൻ–നാടൻ കുത്തകകൾ അതിനായി ചില്ലറ പ്രചാരണങ്ങളല്ല നടത്തിയത്. അത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യയിൽ പണിയെടുക്കുന്ന സംഘടനകളെല്ലാം ഒറ്റക്കെട്ടായി നിന്നതുകൊണ്ട് അന്ന് സർക്കാരിന് ഏറെയൊന്നും മുന്നോട്ട് പോകാനായില്ല എന്നതാണ് കാര്യം.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമടക്കം പ്രക്ഷോഭത്തിലേക്ക് വന്നതോടെ, സംഘപരിവാർ സംഘടനയെന്ന നിലയ്‌ക്ക് പൊതുപ്രക്ഷോഭങ്ങളിൽനിന്ന് അകലം പാലിച്ചിരുന്ന ബിഎംഎസ് അടക്കം മുഴുവൻ കേന്ദ്ര യൂണിയനുകളും ഐക്യസമരത്തിൽ അണിചേരാൻ നിർബന്ധിതമായി. ദൈർഘ്യമേറിയതും ത്യാഗപൂർണവുമായ പ്രക്ഷോഭങ്ങൾക്ക് ഇന്ത്യയിലെ സമസ്ത വിഭാഗം തൊഴിലാളികളും സന്നദ്ധരായി. അടിമകളാകാൻ മനസ്സില്ലെന്ന പ്രഖ്യാപനവുമായി പണിയെടുക്കുന്നവരെല്ലാം പണിമുടക്കി പ്രതിഷേധിച്ചു. 25 കോടി തൊഴിലാളികൾ പങ്കെടുത്ത ആ സമരത്തിന്റെ ഡിമാന്റുകൾ ന്യായമാണ് എന്ന് അന്നത്തെ പ്രധാനമന്ത്രിക്കുതന്നെ പറയേണ്ടിവന്നു. ആഗോള മൂലധനനാഥന്മാർ അതുകേട്ട് ഇളകിയാടി. പ്രധാനമന്ത്രിയുടെ പോളിസി പരാലിസിസിനെക്കുറിച്ചായി ചർച്ചകൾ.
പോളിസി പരാലിസിസ് ബാധിക്കാത്ത 56 ഇഞ്ച്
അങ്ങനെയാണ് പരാലിസിസ് ഒരു കാലത്തും പിടിപെടാനിടയില്ലാത്ത 56 ഇഞ്ച് നെഞ്ചളവ് സ്തുതിഗീതങ്ങൾ പെറ്റുപെരുകിയതും, പൊതു തെരഞ്ഞെടുപ്പിൽ സ്വാധീനശക്തിയായി അത് പ്രവർത്തിച്ചതും. ഇന്ത്യയിലെ 25 കോടി തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മഹാരോഷത്തിന്റെ ഉപോൽപ്പന്നം കൂടിയായാണ് 2014 ലെ എൻഡിഎ സർക്കാർ രൂപം കൊണ്ടത്. അധികാരമേറ്റ ഉടനെ തന്നെ തങ്ങളുടെ നവ ഫാസിസ്റ്റ്, കോർപറേറ്റ് നിലപാടുകൾ അതിദ്രുതം നടപ്പാക്കുകയും ഭരണഘടനാസ്ഥാപനങ്ങളെത്തന്നെ ദുർബലമാക്കുകയും ചെയ്യുകയാണ് ബിജെപി ചെയ്തത്. അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തിരുകുറ്റിയായി പ്രവർത്തിച്ച തൊഴിലാളി സംഘടനകളോട് പകതീർക്കുന്ന മട്ടിലായി നടപടികൾ. 2015 ഒക്ടോബർ 16 ന് വിളിച്ച തൊഴിൽ മന്ത്രിമാരുടെയും കമീഷണർമാരുടെയും യോഗത്തിൽ പ്രധാനമന്ത്രി സുപ്രധാന നയപ്രഖ്യാപനം തന്നെ നടത്തി. ഒരു ഫാക്ടറിയിലും മുതലാളിമാർക്ക് എടങ്ങേറുണ്ടാക്കുന്ന ഒരു പരിശോധനയും പാടില്ല. ഒപ്പിട്ടൊപ്പിട്ട് അവർക്ക് കൈ കഴയ്ക്കരുത്. അതുകൊണ്ട് നിലവിലുള്ള ഒരുപാട് റിട്ടേണുകൾ ഇനി സമർപ്പിക്കേണ്ടതില്ല.
സ്വാഭാവികമായും ഇതിനെതിരെ ശക്തമായ യോജിച്ച പ്രക്ഷോഭം ഉയർന്നു. അവിടെയാണ് ആർഎസ്എസ് അവരുടെ പ്രത്യയശാസ്ത്ര ശാഠ്യം പ്രകടിപ്പിച്ച്, പണിമുടക്കിൽനിന്ന് സംഘപരിവാർ സംഘടനകൾ മാറിനിൽക്കണമെന്ന് പ്രഖ്യാപിച്ചത്. നേതാക്കൾ മാറിനിന്നെങ്കിലും സാധാരണ തൊഴിലാളികൾ അഭൂതപൂർവമായ ഐക്യസമരത്തിൽ സകലം മറന്നൊന്നിച്ചു. രാജ്യത്തെ മുഴുവൻ തൊഴിലാളികളും എതിർക്കുന്ന ലേബർ കോഡുകൾ നിലവിലുള്ള ഭൂരിപക്ഷം ഉപയോഗിച്ച് അത്ര പെട്ടെന്ന് പാസാക്കിയെടുക്കുക എളുപ്പമായിരുന്നില്ല. എന്നാൽ, 2019 ലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അഹങ്കാരപ്പുളപ്പിൽ കൂലി സംബന്ധിച്ച ഒന്നാം കോഡ് അവർ പാസാക്കി.
അതിനിടെ കാർഷികമേഖലയിലെ കോർപറേറ്റുവൽക്കരണത്തിനുള്ള ബില്ലും തയ്യാറാക്കി വച്ചിരുന്നല്ലോ. ബ്രിട്ടീഷുകാരുടെകാലത്ത് ഇന്ത്യൻ തൊഴിലാളികൾ പൊരുതിനേടിയ അവകാശങ്ങളത്രയും റദ്ദാക്കാനുള്ള തൊഴിൽ നിയമഭേദഗതിയുടെ അതേമട്ടിൽ കോർപറേറ്റുകൾക്കെതിരെ കോടതി കയറാനുള്ള കർഷകരുടെ അവകാശം റദ്ദാക്കിക്കളയുന്ന ബില്ലിന്റെ പേരാണ് വിലയുറപ്പാക്കൽ ബിൽ. സ്വാഭാവികമായും ഇരുവിഭാഗം നിയമങ്ങളുടെയും മൂലാധാരം ഒന്നാണെന്ന് തിരിച്ചറിഞ്ഞ കർഷകരും തൊഴിലാളികളും അതിനെതിരായി ഒറ്റക്കെട്ടായി പൊരുതാനിറങ്ങി. 56 ഇഞ്ചിന്റെവഴി അത്ര സുഗമമല്ല എന്ന പാഠമാണ് ആ സമരം ഇന്ത്യയെ പഠിപ്പിച്ചത്.
ഏകാധിപതികൾ കരുതും ; എന്തുമാകാം പക്ഷേ, എത്രകാലം
പക്ഷേ, എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും നോക്കുകുത്തിയാക്കിയ ഏകാധിപതികൾ ജനേച്ഛയ്‌ക്ക് ഒപ്പം നിൽക്കണമെന്നില്ലല്ലോ. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിനുതന്നെ തീരാക്കളങ്കം ചാർത്തി ലേബർകോഡുകളും കാർഷിക നിയമങ്ങളും ശബ്ദവോട്ടിന് പാസാക്കിയെടുക്കുകയായിരുന്നു. ബിൽ വോട്ടിനിടണം എന്ന ആവശ്യമുയർത്തിയ ഇടതുപക്ഷഅംഗങ്ങളെ വളഞ്ഞുപിടിച്ച് മർദിക്കുകയും പാർലമെന്റിൽനിന്ന് പുറത്താക്കുകയുമായിരുന്നു.
ലേബർ കോഡ് നടപ്പാകുമ്പോൾ
കോഴികൾ എത്രബഹളം വച്ചാലെന്ത്? കുറുക്കസ്നേഹം അത്ര പെട്ടെന്ന് ഇല്ലാതാകുമോ? കൊളോണിയൽ കാലത്തെ നടപ്പ് ദുശീലങ്ങളാണത്രെ മാറ്റുന്നത്. എത്രയെത്രായിരം ദിവസങ്ങളാണ് പണിമുടക്കിൽ തുലഞ്ഞുപോകുന്നത്? ആകയാൽ ഇനി പണിമുടക്കം വേണ്ട. മുടക്കിയാൽ ജയിൽ. സഹായിച്ചാൽ ഫൈൻ. ഏത് പണിമുടക്കിനും നോട്ടീസ് നിർബന്ധം. നോട്ടീസ് ലേബർ ഡിപ്പാർട്ട്മെന്റിന് കിട്ടിയാൽ അന്നുമുതൽ ചർച്ച എന്നനുമാനം. ചർച്ച തുടങ്ങിയാൽ പണിമുടക്ക് പാടില്ല. എന്നാൽ പണിമുടക്കേ ഇല്ലാതാകും. എത്ര കൂലിയാണ് ലാഭിക്കുക എന്ന സന്തോഷത്തിൽ മുതലാളിമാർ. 100 ൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്ടറി പൂട്ടണമെങ്കിൽ ഇപ്പോൾ സർക്കാർ സമ്മതം വാങ്ങണം. അത് 300 ആക്കി. എന്നു വച്ചാൽ സമ്മതമേ വേണ്ടാന്ന്.
തൊഴിലാളി മതി തൊഴിലാളി നേതാവാകാൻ. പുറത്തുള്ളവർ പുറത്തായതുതന്നെ. ഇപ്പോൾ പണിചെയ്യുന്ന തൊഴിലാളി നേതാവ് നേതാവല്ലാതാകാൻ ഒറ്റപ്പണി മതി. പിരിച്ചുവിട്ടാൽ ആൾ പുറത്തുള്ളവനായി. കച്ചറക്കാർക്ക് പറഞ്ഞ പണിയല്ല നേതൃസ്ഥാനം. ഇമ്മാതിരി തമാശകൾ എഴുതിനിറച്ച നാല് കോഡുകളിലെ വിശദാംശങ്ങൾ വായിച്ചാൽ മതി, അടുത്ത കാലത്തൊന്നും ഒരു കോമഡി സിനിമയും കാണേണ്ടതില്ല. അത്രയ്‌ക്ക് ധിക്കാരപൂർവം, ഔദ്ധത്യപൂർവമാണ് ഈ നിയമങ്ങൾ തയ്യാറാക്കപ്പട്ടത്. ആ ലേബർ കോഡാണ് ചട്ടങ്ങൾ തയ്യാറാക്കി നടപ്പിലാക്കുകയാണ് എന്ന് ഇപ്പോൾ പ്രഖ്യാപനം നടത്തിയത്. അതിനിടയ്‌ക്ക് പാർലമെന്ററി ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത അപമാനക്കറ പേറി, തങ്ങൾ തന്നെ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ബിജെപി നിർബന്ധിതമായി.
പാസാക്കിയെടുത്തു എന്നതുകൊണ്ട് നിയമം നടപ്പാക്കാനാകണം എന്നില്ല. ഇന്ത്യയിലെ സമ്പത്തുൽപ്പാദകരായ തൊഴിലാളികളും കർഷകരും ഈ കരിനിയമത്തിനെതിരെ ത്യാഗപൂർണമായ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ കപട ദേശീയതയുടെ മുദ്രാവാക്യത്തിനു പിന്നിൽ അണിനിരത്തി അനന്തകാലം മുന്നോട്ടു പോകാൻ ആർഎസ്എസിനുമാകില്ല. ഇപ്പോൾ ചിരിക്കുന്നവർ ഭയാനകമായ വാർത്തകൾ കേൾക്കാതിരിക്കുന്നതേയുള്ളൂ.














