ad
Deshabhimani

ബത്തേരിയിലെ ‘ശരി’കൾ !!!

kpcc wayanad meet
avatar
സി കെ ദിനേശ്‌

Published on Jan 06, 2026, 11:03 PM | 2 min read


സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ്‌ ‘ ലക്ഷ്യ 2026 ’ നേതൃക്യാമ്പ്‌ സംഘടിപ്പിച്ചത്‌ പഞ്ചനക്ഷത്ര ഹോട്ടലിലായിപ്പോയി എന്നത്‌ ചില അസൂയാലുക്കളെ മാത്രം അലട്ടുന്ന പ്രശ്നമായിട്ടേ ‘ ഗാന്ധിയന്മാർ ’ കണ്ടിട്ടുള്ളു. ‘ ലാളിത്യമാണ്‌ സാർവത്രികതയുടെ സത്ത ’ എന്നൊക്കെ ഒരു പണിയുമില്ലാതിരുന്നപ്പോൾ ഗാന്ധിജി എഴുതിവച്ചതല്ലേ.


കനുഗോലുവിനേക്കാൾ വലിയ ഗാന്ധിയനോ ?

​പക്ഷേ, അറിയാതെപോലും സമ്മേളനം നടന്ന സ്ഥലവും മുറികളും ഭക്ഷണഹാളും മറ്റും ദൃശ്യങ്ങളിൽ വരാതിരിക്കാനുള്ള കരുതൽ നമ്മുടെ ഭൂരിപക്ഷം മാധ്യമങ്ങളും എടുത്തുവെന്നത്‌ അഭിനന്ദനീയം തന്നെ. സിപിഐ എം സമ്മേളനത്തിൽ ‘ ബഹുരാഷ്‌ട്ര കുത്തകയുടെ ലേബൽ ഉള്ള വാട്ടർ ബോട്ടിൽ ! ’ കണ്ടു എന്ന ചർച്ചകൊണ്ട്‌ ഒരു സീസൺ ഓടിച്ചത്‌ വെറുതെ ഓർത്തെന്നു മാത്രം. ഭരണമില്ലാത്തതുകൊണ്ട്‌ ‘ തേങ്ങയ്ക്കു പകരം ചെരട്ടയാണ്‌ കോൺഗ്രസ്‌ ചെരകുന്നത്‌ ’ എന്ന്‌ വേണുവണ്ണൻ പറഞ്ഞതും കളത്തിലുണ്ട്‌. ഏതായാലും നമ്മുടെ വിഷയത്തിലേക്ക്‌ വരാം.


​കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെയടക്കം മൂലയ്ക്കിരുത്തി കനുഗോലു എന്ന തന്ത്രജ്ഞന്റെ കൈകളിലായിരുന്നു ‘ ലക്ഷ്യ 2026 ’. മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതുപ്രകാരം രണ്ട്‌ കാര്യങ്ങളാണുണ്ടായത്‌. ഒന്ന്‌, പറയപ്പെടുന്ന അനുകൂല സാഹചര്യങ്ങളൊന്നും കോൺഗ്രസിനില്ലെന്ന്‌ നേതാക്കൾ തിരിച്ചറിയണം. ‘ നല്ല ഐക്യം ’ ആയതിനാൽ ഉള്ളതുപോലും കിട്ടുമെന്നും ഉറപ്പില്ല. അതുകൊണ്ട്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും മറ്റ്‌ പലയിടത്തും ഉണ്ടാക്കിയ ‘ കൊടുക്കൽ വാങ്ങൽ ’ ശക്തമാക്കണം എന്നതാണ്‌ രണ്ടാമത്തെ കാര്യം. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ വേണമെങ്കിൽ ‘ മറ്റത്തൂർ ’ മോഡലുമാകാമല്ലോ. അതായത്‌ കനുഗോലു കൃത്യമായി ബോധ്യപ്പെടുത്തി, അധികാരത്തിൽ വരിക എളുപ്പമല്ല, ബിജെപിയുമായി പരസ്പരം സഹകരിച്ച്‌ നിൽക്കണം. മലപ്പുറത്ത്‌ ലീഗ്‌ നോക്കും എന്ന്‌.


എന്നിട്ട്‌ നേതൃത്വത്തെ കനുഗോലു ഉപദേശിച്ചു: ഇതൊക്കെ തന്നെയാണ്‌ ശശി തരൂർ ദേശീയതലത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ബിജെപി ഏത്‌, കോൺഗ്രസ്‌ ഏത്‌ എന്ന്‌ തിരിച്ചറിയാത്ത വിധം നിലകൊള്ളുകയാണ്‌ ഇന്നത്തെ രാഷ്‌ട്രീയതന്ത്രം. അതുകൊണ്ട്‌ തരൂരുമായി യോജിച്ച്‌ നിൽക്കണം. അപ്പോഴാണ്‌ നേതാക്കൾ ഞെട്ടിയത്‌; ‘ തരൂരോ ? ’


വന്ന വാർത്തകൾ ഓർത്തു: മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്‌ പറഞ്ഞു, ‘ കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ രാജ്യത്തിന് നല്ലതാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ആ നയങ്ങളെയാണ് പിന്തുടരേണ്ടത്. പിന്നെ എന്തിനാണ് നിങ്ങൾ കോൺഗ്രസിൽ തുടരുന്നത് തരൂർ ? ' -


രമേശ്‌ ചെന്നിത്തല: ‘‘ തരൂർ നൂറുശതമാനം കോൺഗ്രസല്ല. (മിക്സിങ്‌ ഉണ്ടെന്ന്‌ ! ) ’’ രാജ്മോഹൻ ഉണ്ണിത്താൻ: ‘ ശശി തരൂരിനെതിരെ നടപടി വേണം, തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന്. ’ എംഎം ഹസ്സൻ: ‘ ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയത്. അദ്വാനിയെ പുകഴ്‌ത്താൻ കോൺഗ്രസിന്റെ നേതാക്കളെ ഇകഴ്‌ത്തി കാണിച്ചു. ’ ഒടുവിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കം തരൂരിനെതിരെ ഹൈക്കമാൻഡിനോട്‌ പരാതിപ്പെട്ടു എന്നും വാർത്ത. എന്നാൽ, ശശി തരൂരിന് പിന്തുണയുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല രംഗത്തെത്തിയത്‌ ദേശീയ വാർത്തയുമായി.


നേതാക്കൾ പരസ്പരം മുഖത്തു നോക്കി. അങ്ങനെ തരൂർ ഒരു സംഘപരിവാർ നീക്കുപോക്കിൽ കോംപ്ലിമെന്റ്‌സാക്കി !


​ബത്തേരിയിൽ തരൂർ ഒരുപദേശംകൂടി കേരളത്തിലെ നേതാക്കൾക്ക്‌ നൽകി: ‘‘ ഭിന്നാഭിപ്രായങ്ങൾ പാർടിക്കുള്ളിൽ തന്നെ പറയണം, എന്നേ പോലെ. താൻ പാർടി ലൈനിൽനിന്നും അകന്നു പോയിട്ടില്ലെന്ന്‌ ഇപ്പോൾ ( കനുഗോലു പറഞ്ഞപ്പോൾ ) മനസ്സിലായില്ലേ ? ’’


​ആരും ചിരിക്കണ്ട. ഇതു താനടാ 
കോൺഗ്രസ്‌ !​



Deshabhimani
Home