നീളുന്ന ‘അക്കോമഡേഷൻ’ പട്ടിക


സി കെ ദിനേശ്
Published on Oct 23, 2025, 11:03 PM | 2 min read
ഒരുകാലത്ത് ഏറെ വാർത്താപ്രാധാന്യം കിട്ടിയിരുന്നതാണ് കെപിസിസിയുടെ ഏക വൈസ് പ്രസിഡന്റ് എന്ന പദവി. പിന്നീടത് മൂന്ന് വൈസ് പ്രസിഡന്റായി. ഇന്നത് ഒറ്റയടിക്ക് പതിമൂന്നിലേക്ക് എത്തി. ജനറൽ സെക്രട്ടറിമാർ 59ൽ എത്തി. മുരളീധരനെ തൃപ്തിപ്പെടുത്താനുംമറ്റുമായി ഇനിയും ജനറൽ സെക്രട്ടറിമാർ വരും, 65 വരെ പോകാം. നൂറിലധികം സെക്രട്ടറിമാരുടെ പട്ടികയുമായി. എക്സിക്യൂട്ടീവ് അംഗങ്ങൾ വേറെ വരും. അതുകൂടി ആയാൽ കെപിസിസിയുടെ സമ്പൂർണയോഗം ചേരാൻ ഇന്ദിരാഭവൻ മതിയാകില്ല
കെപിസിസി ഭാരവാഹികളുടെ യോഗം വിളിച്ചതുമാത്രമേ പ്രസിഡന്റ് സണ്ണി ജോസഫിന് ഓർമയുള്ളൂ. അതുവരെ ക്ഷമിച്ചിരുന്ന നേതാക്കളടക്കം പ്രതിഷേധിക്കുകമാത്രമല്ല, പട്ടികയിലുള്ളവർ ചുമതലയേൽക്കില്ലെന്നും ഭീഷണി. അനിശ്ചിതമായി യോഗം മാറ്റി. അസാധ്യമെന്ന് അറിയാമായിരുന്നിട്ടും, എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നു പറഞ്ഞ് വന്ന സണ്ണിക്ക് ദിവസങ്ങൾക്കുള്ളിൽ കെ സി വേണുഗോപാൽപക്ഷ നിറം പരസ്യമാക്കേണ്ടിവന്നു. അതോടെ നീറിപ്പുകയുന്ന പ്രശ്നമായി പുനഃസംഘടന മാറി.
എ, ഐ വിഭാഗങ്ങളിലെ പ്രമുഖരാണ് മറുഭാഗത്തുള്ളത്. അവരുടെ വിമർശങ്ങൾ ഇവയാണ്: പാര്‍ടിക്കുവേണ്ടി കഠിനയത്നം നടത്തിയവരെ തഴഞ്ഞ് സ്ഥിരം മുഖങ്ങള്‍ക്ക് വീണ്ടും സ്ഥാനമാനങ്ങള്‍. 77 പേരുടെ പട്ടികയിൽ ഭൂരിപക്ഷവും പതിവുകാർ. കോണ്‍ഗ്രസിന്റെ ശക്തനായ വിമര്‍ശകരായിരുന്നവർക്ക് അനര്‍ഹ പരിഗണന. വനിതാ പിന്നാക്ക പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പ്രസംഗംമാത്രം. മുതിർന്ന നേതാവായ കൊടിക്കുന്നിൽ സുരേഷ് പരസ്യമായിത്തന്നെ ദളിത് അവഗണനയിൽ എതിർപ്പ് ഉന്നയിക്കുന്നയാളാണ്.

രാഷ്‌ട്രീയകാര്യസമിതി എന്ന സങ്കൽപ്പംതന്നെ പൊളിക്കുന്നതരത്തിൽ വീതംവയ്പിന്റെ ഭാഗമായി കുത്തിനിറച്ചു എന്നാണ് മുതിർന്ന നേതാക്കളുടെ മറ്റൊരു വിമർശം. നേതൃത്വത്തെ പരസ്യമായി വിമർശിക്കാൻ മടിയില്ലാത്തവരെ കുടിയിരുത്താനുള്ള ‘അ ക്കോമഡേഷൻ സമിതി’ ആക്കി. 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരുഭാഗത്തും കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മറുഭാഗത്തും നിന്നായിരുന്നല്ലോ ‘യുദ്ധം’. അന്ന് സർക്കാരും പാർടിയുമായുള്ള ഏകോപനത്തിനായി രൂപീകരിച്ചതാണ് സമിതി. പിന്നീടത് രാഷ്ട്രീയകാര്യസമിതിയായി മാറി.
അന്ന് പോര് അതിരൂക്ഷമായി, പാര്‍ടിയും സര്‍ക്കാരും രണ്ട് വഴിക്കായി. ഒടുവിൽ രമേശിന് ആഭ്യന്തരമന്ത്രിസ്ഥാനം നൽകേണ്ടിവന്നു. തുടർന്ന് വന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരനാകട്ടെ മറ്റൊരു വഴിക്ക് സർക്കാരിനെതിരെ യുദ്ധമാരംഭിച്ചു. കുപ്രസിദ്ധമായ ‘ബാർ നിരോധനം’ അന്ന് ആരംഭിച്ചു. കോണ്‍ഗ്രസിന്റെ ഭരണഘടനയിലില്ലാത്ത നയരൂപീകരണസമിതി അന്നും ഉന്നതർമാത്രമുള്ള കമ്മിറ്റിയായിരുന്നു.

ഒരുകാലത്ത് ഏറെ വാർത്താപ്രാധാന്യം കിട്ടിയിരുന്നതാണ് കെപിസിസിയുടെ ഏക വൈസ് പ്രസിഡന്റ് എന്ന പദവി. പിന്നീടത് മൂന്ന് വൈസ് പ്രസിഡന്റായി. ഇന്നത് ഒറ്റയടിക്ക് പതിമൂന്നിലേക്ക് എത്തി. ജനറൽ സെക്രട്ടറിമാർ 59ൽ എത്തി. മുരളീധരനെ തൃപ്തിപ്പെടുത്താനുംമറ്റുമായി ഇനിയും ജനറൽ സെക്രട്ടറിമാർ വരും, 65 വരെ പോകാം. നൂറിലധികം സെക്രട്ടറിമാരുടെ പട്ടികയുമായി. എക്സിക്യൂട്ടീവ് അംഗങ്ങൾ വേറെ വരും. അതുകൂടി ആയാൽ കെപിസിസിയുടെ സമ്പൂർണയോഗം ചേരാൻ ഇന്ദിരാഭവൻ മതിയാകില്ല.
എന്നിട്ടും പരാതി ബാക്കിയാണ്. തങ്ങളെ നിഷ്‌കാസനം ചെയ്യാനുള്ള അജൻഡയ്ക്കെതിരെയാണ് പോരാടുന്നത് എന്നാണ് എ, ഐ നേതാക്കൾ പറയുന്നത്. ഇരുകൂട്ടരിലുള്ളവരും ഹൈക്കമാൻഡിന് നൽകിയ പരാതികളും സമാനസ്വഭാവത്തിലുള്ളതാണ്. ശിഥിലമായി കിടക്കുന്ന എ, ഐ ഗ്രൂപ്പുകള്‍ പൂർവാവസ്ഥയിലാക്കാനുള്ള ജോലികൾ അണിയറയിൽ നടക്കുന്നുണ്ട്. ദുർബലമായ എ ഗ്രൂപ്പ് വീണ്ടെടുക്കാൻ ചാണ്ടി ഉമ്മന് കഴിയുമോ? കെ കരുണാകരന്റെ മരണത്തോടെ അപ്രസക്തമായ ഐ ഗ്രൂപ്പ് കൂട്ടിച്ചേർത്ത് ശക്തമാക്കാൻ നേരത്തേ കെ മുരളീധരനും രമേശ് ചെന്നിത്തലയും ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. മുരളി ഏതാണ്ട് പൂർണമായും വേണുഗോപാലിന് കീഴടങ്ങി.

കെ സുധാകരന്റെ കാലഘട്ടത്തിലാണ് മറിമായങ്ങളെല്ലാം നടന്നതെന്ന് ഇപ്പോൾ നേതാക്കൾ തിരിച്ചറിയുന്നു. സുധാകരനെ മുന്നിൽ നിർത്തി പച്ചയ്ക്ക് കബളിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടെന്ന് ധരിച്ചിരുന്ന ജയന്ത്, ലിജു തുടങ്ങിയവരുടെയെല്ലാം കൂറ് ഡൽഹിയിലായിരുന്നു. ഒടുവിൽ വന്ന കെപിസിസി പട്ടികയിലും സുധാകരനെ സുന്ദരമായി പറ്റിച്ചു. ഏകദേശം തന്റെകൂടെ നിൽക്കുമെന്നു കരുതിയ 33 പേരുടെ പട്ടികയാണ് ആദ്യം നൽകിയത്. ഷോർട്ട് ലിസ്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ ഉറപ്പായും കൂടെനിൽക്കുന്ന 11 പേരുടെ പട്ടിക നൽകി. അതൊരു കെണിയായിരുന്നുവെന്ന് സുധാകരന് മനസ്സിലായുമില്ല. അവസാനം കൊടുത്ത 11ൽനിന്ന് രമ്യ ഹരിദാസിനെമാത്രം എടുത്തശേഷം പഴയ 33ൽ വേണുവിനോട് കൂറ് പ്രഖ്യാപിച്ചവരെ ഭാരവാഹികളാക്കി. സന്ദീപ് വാര്യരും ടോമി കല്ലാനിയും ബി ആർ എം ഷെരീഫും അടക്കമുള്ള പലരും സുധാകരന്റെ ചെലവിൽ വേണുഗോപാലിന്റെ പട്ടികയിൽ കയറുകയായിരുന്നു. കോൺഗ്രസ് എന്നും കോൺഗ്രസ്‌തന്നെയെന്ന് മനസ്സിലാക്കാത്ത ചില നേതാക്കൾ ഇപ്പോഴും മഴയത്ത് നിൽക്കുന്നു.














