പോർമുഖം ചുവപ്പിക്കും കൂത്തുപറമ്പ്


വി കെ സനോജ്
Published on Nov 25, 2025, 02:49 AM | 4 min read
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ത്യാഗോജ്വല സ്മരണകൾക്ക് 31 വർഷം തികയുകയാണ്. പണമുള്ളവൻമാത്രം പഠിച്ചാൽ മതിയെന്ന സാമ്പത്തിക പ്രത്യയശാസ്ത്രത്തിനെതിരെ ഇന്ത്യയിൽ നടന്ന ഉജ്വലപോരാട്ടമായിരുന്നു കൂത്തുപറമ്പ് സമരം. നവ ഉദാരനയത്തിന്റെ ലാഭക്കൊതിപൂണ്ട നയങ്ങളെ പിൻപറ്റി വിദ്യാഭ്യാസത്തെ കേവലം കച്ചവടവസ്തുവായി കണ്ട അന്നത്തെ യുഡിഎഫ് സർക്കാരിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ ഐതിഹാസിക സമരമായിരുന്നു അത്. വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്കുനേരെ 1994 നവംബർ 25ന് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പൊലീസ് വെടിവയ്‌ക്കുകയായിരുന്നു. രാജീവൻ, മധു, റോഷൻ, ബാബു, ഷിബുലാൽ എന്നിവരും 30 വർഷത്തോളം നട്ടെല്ല് തകർന്ന് ശയ്യാവലംബിയായി ജീവിച്ച് വിടപറഞ്ഞ സഖാവ് പുഷ്‌പനും അങ്ങനെ ആറു രക്തനക്ഷത്രങ്ങൾ ജീവിതംകൊണ്ട്, പോരാട്ടവീര്യംകൊണ്ട് അനീതിക്കെതിരായ സമരങ്ങളുടെ പ്രതീകമായി കൂത്തുപറമ്പിനെ അടയാളപ്പെടുത്തി.
ഇന്ത്യൻ സാമ്പത്തികരംഗത്ത് ആഗോളവൽക്കരണ–ഉദാരവൽക്കരണ നയങ്ങൾ കൊണ്ടുവരാൻ തൊണ്ണൂറുകളിൽ രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. തത്ഫലമായി സേവനമേഖലകളിൽനിന്ന് സർക്കാർ പതിയെ പിന്മാറി സ്വകാര്യവൽക്കരണനയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും വിദ്യാഭ്യാസമേഖല ഉൾപ്പെടെ കച്ചവടകേന്ദ്രമാക്കി മാറ്റാനും തുടങ്ങി. കേന്ദ്രത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് ഭരണകൂടത്തിന്റെ സാമ്പത്തികനയം കേരളത്തിൽ അതേപടി നടപ്പാക്കാനാണ് അന്ന് കെ കരുണാകരൻ നേതൃത്വം നൽകിയ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. അതിന്റെ ഫലമായി വിദ്യാഭ്യാസമേഖലയിൽ സ്വകാര്യവൽക്കരണവും കച്ചവടവൽക്കരണവും ത്വരിതപ്പെട്ടു. വിദ്യാഭ്യാസം വഴിവാണിഭം ചെയ്യപ്പെട്ടു. സർക്കാർ ഗ്രാന്റോടെ കണ്ണൂർ പരിയാരത്ത് ആരംഭിച്ച സഹകരണ മെഡിക്കൽ കോളേജ് കരുണാകരനും എം വി രാഘവനുംമറ്റും ചേർന്ന് ഒരു സ്വകാര്യസ്വത്താക്കി. ഇതിനെതിരെ ഉജ്വലമായ വിദ്യാർഥി–യുവജന സമരങ്ങൾ രൂപപ്പെട്ടു. ആ സമയത്ത് കണ്ണൂർ ജില്ലാ ബാങ്ക് നിയമനം സംബന്ധിച്ച അഴിമതി പുറത്തുവന്നു. കേരളമാകെ സമരങ്ങൾ ആളിപ്പടർന്നു. മന്ത്രിമാരെ കരിങ്കൊടി കാണിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ തീരുമാനിച്ചു. അതിന്റെ ഭാഗമായി 1994 നവംബർ 25ന് അന്നത്തെ സഹകരണമന്ത്രി എം വി രാഘവൻ കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ശക്തമായ യുവജനപ്രതിഷേധമുയർന്നു.
കൂത്തുപറമ്പുപോരാളികളെ നാം സ്മരിക്കുമ്പോൾ എൽഡിഎഫ് സർക്കാർ ജനകീയ വിദ്യാഭ്യാസത്തിന്റെയും യുവജനക്ഷേമത്തിന്റെയും നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. കൂത്തുപറമ്പുപോരാളികളുടെ മുദ്രാവാക്യം അന്വർഥമാക്കുംവിധം പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തു
സമാധാനപരമായ സമരത്തിനുനേരെ പൊലീസ് വെടിയുതിർത്തു. ഡിവൈഎഫ്ഐയുടെ ഉശിരരായ പോരാളികളായ രാജീവൻ, റോഷൻ, ബാബു, ഷിബുലാൽ, മധു എന്നീ അഞ്ച് യൗവനങ്ങൾ രക്തസാക്ഷികളായി. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന പുഷ്പൻ, നട്ടെല്ലിന് വെടിയേറ്റ് 30 വർഷത്തെ ത്യാഗപൂർണമായ ജീവിതത്തിനുശേഷം ഓർമയായി. കൂടാതെ, നിരവധി യുവജനങ്ങൾക്കും വിദ്യാർഥികൾക്കും വെടിവയ്‌പിലും ലാത്തിച്ചാർജിലും പരിക്കേറ്റു. ഒരു സർക്കാരും ഇത്ര മനുഷ്യത്വരഹിതമായി ജനകീയസമരത്തെ നേരിട്ടിട്ടില്ല. ആ നിലയിൽ ഇന്ത്യയിലെതന്നെ വലിയ യുവജനപോരാട്ടവും രക്തസാക്ഷിത്വവുമായി കൂത്തുപറമ്പ് മാറി. കൂത്തുപറമ്പുപോരാളികളെ നാം സ്മരിക്കുമ്പോൾ എൽഡിഎഫ് സർക്കാർ ജനകീയ വിദ്യാഭ്യാസത്തിന്റെയും യുവജനക്ഷേമത്തിന്റെയും നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. കൂത്തുപറമ്പുപോരാളികളുടെ മുദ്രാവാക്യം അന്വർഥമാക്കുംവിധം പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും യുവജനങ്ങൾക്ക് തൊഴിലും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാർ വലിയ മുന്നേറ്റമാണ് നടത്തിയത്. ഏറ്റവും കൂടുതൽ പിഎസ്‌സി നിയമനങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇൗ സർക്കാർ 1,33,692 നിയമന ശുപാർശകളാണ് നൽകിയത്. കഴിഞ്ഞ ഒന്പതരവർഷത്തിനുള്ളിൽ ഓരോ ദിവസവും ശരാശരി 87 പേർക്ക് പിഎസ്‌സി നിയമനം ലഭിക്കുന്നുണ്ട്. ആകെ 3,02,202 നിയമനങ്ങൾ നടന്നു. ഇന്ത്യയിൽ നൂറു നിയമനങ്ങൾ നടക്കുന്പോൾ അതിൽ 62 എണ്ണം കേരളത്തിലാണെന്നാണ് യുപിഎസ്‌സി പുറത്തുവിട്ട കണക്കുകൾ.
സ്ത്രീകൾ ഉൾപ്പെടുന്ന യുവജനങ്ങൾക്ക് പുതിയ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. യുവതലമുറയ്‌ക്ക് കണക്ട് ടു വർക് സ്‌കോളർഷിപ്പിന്റെ ഭാഗമായി മാസംതോറും 1000 രൂപയാണ് പ്രഖ്യാപിച്ചത്. 18–30 വയസ്സിനിടയിലുള്ള അഞ്ചുലക്ഷം പേർക്കാണ് ഇൗ ധനസഹായം ലഭിക്കുക. പ്രതിവർഷം 600 കോടി രൂപയാണ് ഇതിനായി സർക്കാർ നീക്കിവച്ചിട്ടുള്ളത്. അതേസമയം, സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്ന കേന്ദ്രസർക്കാർ കോർപറേറ്റ് ശക്തികൾക്ക് അനുകൂലമായ നയങ്ങൾ നടപ്പാക്കുന്നതിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാക്കുകയാണ്. റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരം നിയമനങ്ങൾ ഇല്ലാതാവുകയും കരാർനിയമനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ യുവജനങ്ങളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്‌നത്തിനുമുകളിൽ കത്തിവയ്‌ക്കുകയാണ് കേന്ദ്രസർക്കാർ.
വികേന്ദ്രീകൃതമായ നമ്മുടെ വിദ്യാഭ്യാസനിയമങ്ങളെ ഇല്ലാതാക്കാൻവേണ്ടി കേന്ദ്രസർക്കാർ ശ്രമിക്കുകയും പുതിയ യുജിസി നിയമപ്രകാരം രാജ്യത്തെ സർവകലാശാലകളിൽ അനധികൃതമായി അധികാരം സ്ഥാപിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനും ശ്രമിക്കുന്നു. അതിനെതിരായി ശക്തമായ ചെറുത്തുനിൽപ്പാണ് കേരളം നടത്തുന്നത്
ഒരുവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദി തൊഴിലൊന്നും നൽകിയില്ലെന്നുമാത്രമല്ല, നിലവിലുണ്ടായിരുന്നതുകൂടി ഇല്ലാതാക്കി. ഇത്രയും യുവജനവിരുദ്ധമായ ഒരു ഭരണകൂടം ഇന്ത്യയിൽ മുന്പ് അധികാരത്തിൽ ഇരുന്നിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ തങ്ങളുടെ വർഗീയ അജൻഡ നടപ്പാക്കാൻ ഭരണഘടനാതത്ത്വങ്ങളെപ്പോലും കാറ്റിൽപ്പറത്തുകയാണ്. ഉന്നതവിദ്യാഭ്യാസമേഖല തകർക്കുന്നതിനായി രാജ്യത്ത് സർവകലാശാലകളിൽ ആർഎസ്എസിന്റെ നോമിനികളെ വൈസ് ചാൻസലർമാരായി നിയമിക്കുകയും ഗവർണർമാരെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുകയും ചെയ്യുകയാണ്. കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് സർവകലാശാലകളെ ഇല്ലാതാക്കാനുള്ള കേന്ദ്രശ്രമത്തിനെതിരെ ശക്തമായ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിന് നാം നേതൃത്വം നൽകി. വികേന്ദ്രീകൃതമായ നമ്മുടെ വിദ്യാഭ്യാസനിയമങ്ങളെ ഇല്ലാതാക്കാൻവേണ്ടി കേന്ദ്രസർക്കാർ ശ്രമിക്കുകയും പുതിയ യുജിസി നിയമപ്രകാരം രാജ്യത്തെ സർവകലാശാലകളിൽ അനധികൃതമായി അധികാരം സ്ഥാപിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനും ശ്രമിക്കുന്നു. അതിനെതിരായി ശക്തമായ ചെറുത്തുനിൽപ്പാണ് കേരളം നടത്തുന്നത്.
കേരളംപോലെയുള്ള സംസ്ഥാനങ്ങളുടെ അവകാശമായ നികുതിവരുമാനം പിടിച്ചുവയ്ക്കുകയും വിദ്യാഭ്യാസമേഖലയിലെ ഫണ്ടുകൾ തടഞ്ഞുവയ്‌ക്കുകയും ചെയ്ത് തങ്ങളുടെ അജൻഡ നിർബന്ധിതമായി നടപ്പിൽവരുത്തണമെന്ന് നിഷ്കർഷിക്കുന്ന കേന്ദ്രം ഭരണഘടനയ്‌ക്കെതിരായ പ്രവർത്തനമാണ് നടത്തുന്നത്. കേരളംപോലുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിലുള്ള വർഗീയ അജൻഡകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. യുവജനങ്ങൾ ഈ പോരാട്ടത്തിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണ്. കോർപറേറ്റുവൽക്കരിക്കപ്പെട്ട പുതിയ തൊഴിൽസാഹചര്യങ്ങളിൽ യുവജനങ്ങളുടെ തൊഴിലിടങ്ങളിലെ വിവിധങ്ങളായ പ്രശ്നങ്ങളിൽ ഡിവൈഎഫ്ഐ ഈ കാലഘട്ടത്തിൽ ഇടപെടുന്നുണ്ട്. തൊഴിലിടങ്ങളിലെ അമിതജോലിഭാരവും കോർപറേറ്റ് പീഡനങ്ങളും കാരണം യുവജനങ്ങൾ മരിക്കുന്ന സാഹചര്യം രാജ്യത്ത് സംജാതമായിട്ടുണ്ട്.
തൊഴിൽസമയത്തിനുശേഷം തന്റെ തൊഴിലുടമയിൽനിന്നും തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്നും മാറിനിൽക്കാനും സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഇടപെടാനും ഒരു തൊഴിലാളിക്ക് റൈറ്റ് ടു ഡിസ്കണക്ട് എന്ന അവകാശം ഉണ്ടാകണമെന്ന് രാജ്യത്ത് ഉയർത്തിക്കൊണ്ടുവരാൻ ഡിവൈഎഫ്ഐക്ക് സാധിച്ചു. ഡൽഹിയിൽ നടന്ന ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ സമരപ്രഖ്യാപന കൺവൻഷനിൽ ഈ രണ്ട് വിഷയങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യുകയും സ്വകാര്യമേഖലയിലെ തൊഴിൽപീഡനം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് നാന്ദികുറിക്കുകയും ചെയ്തു.
ഇത്തരത്തിൽ വിവിധ സമരപ്രവർത്തനങ്ങൾക്കും സർഗാത്മക ഇടപെടലുകൾക്കും നമുക്ക് ഊർജവും പ്രചോദനവും നൽകുന്നത് രാജ്യത്തെ യുവജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി മരിച്ച ധീരരായ രക്തസാക്ഷികളുടെ ഓർമകളാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമപുതുക്കുന്ന ഈ കാലഘട്ടത്തിൽ രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് വ്യത്യസ്തമായ ഇടപെടലുകളുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുകയാണ്. വർഗീയതയ്ക്കും തൊഴിലില്ലായ്മയ്‌ക്കും തൊഴിൽപീഡനങ്ങൾക്കും അഴിമതിക്കുമൊക്കെ എതിരായി നാം നടത്തുന്ന പോരാട്ടങ്ങൾക്ക്, ചെറുത്തുനിൽപ്പുകൾക്ക്, സമരങ്ങൾക്ക് എന്നും ഊർജമാകാൻ കൂത്തുപറമ്പ് സമരപോരാളികളുടെ സ്‌മരണ ആവേശം പകരും.

















