ad
Deshabhimani

Articles

വിജ്ഞാനാധിഷ്ഠിത വികസന നവകേരളം

വിജ്ഞാനാധിഷ്ഠിത വികസന നവകേരളം

development kerala banner
avatar
പിണറായി 
വിജയൻ

Published on Dec 31, 2025, 10:08 PM | 4 min read

വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ നവകേരളത്തിലേക്കുള്ള ചുവടുവയ്‌പുകളുമായി ഒരു പുതിയ വർഷത്തിലേക്കുകൂടി പ്രവേശിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന കാലമാണിത്. ഒരു ദശാബ്ദക്കാലമായി കേരളം സാക്ഷ്യംവഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്. എൽഡിഎഫ്‌ സർക്കാരിന്റെ നേതൃത്വത്തിൽ വികസനത്തിന്റെയും സാമൂഹ്യസുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ലോകശ്രദ്ധ ആകർഷിക്കുന്ന ‘കേരളമാതൃക' നാം സൃഷ്ടിച്ചു. ഇത് ഭരണപരമായ ഇടപെടൽമാത്രമല്ല, മറിച്ച് മതനിരപേക്ഷതയിലും സമഭാവനയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ സാമൂഹ്യമുന്നേറ്റംകൂടിയാണ്.


ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് സാമൂഹ്യസുരക്ഷാരംഗത്തെ ഇടപെടലുകൾ. സാമൂഹ്യസുരക്ഷാ പെൻഷനുകൾ 2000 രൂപയായി വർധിപ്പിച്ചത് ആ കരുതലിന്റെ തെളിവാണ്. ഇതിനുപുറമെ, മറ്റ് വരുമാനമാർഗങ്ങളില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശാക്തീകരണരംഗത്തെ നാഴികക്കല്ലാണ്.

ആരോഗ്യ -ശുചിത്വ പ്രവർത്തനങ്ങളിൽ രാപകൽ പണിയെടുക്കുന്ന ആശാ വർക്കർമാർ അടക്കമുള്ള സ്‌കീം വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് അവരുടെ അധ്വാനത്തിന് നൽകുന്ന അംഗീകാരമാണ്.


വിവിധ മത്സരപരീക്ഷകളിലോ നൈപുണ്യപരിശീലനത്തിലോ പങ്കെടുക്കുന്ന യുവതീ-യുവാക്കൾക്കായി കണക്ട് ടു വർക്ക് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചതും വിദ്യാഭ്യാസമേഖലയിലെ പൊതുനിക്ഷേപം വർധിപ്പിച്ചതും നവകേരളത്തിന്റെ അടിത്തറ ഭദ്രമാക്കാനാണ്. ഒരുവശത്ത് കേന്ദ്രസർക്കാർ ജനക്ഷേമ പദ്ധതികളിൽനിന്ന് പിന്മാറുമ്പോൾ, മറുവശത്ത് സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ഈ ജനപക്ഷബദലാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; അതും വികസനത്തിൽ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടുതന്നെ.


പത്തുവർഷത്തിനുള്ളിൽ ആരോഗ്യ, -വിദ്യാഭ്യാസ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ലോകത്തിനുതന്നെ അത്ഭുതമാണ്. ആർദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറി. ഏറ്റവും ആധുനിക ചികിത്സാസൗകര്യങ്ങൾ സാധാരണക്കാരന് സൗജന്യമായി ലഭ്യമാക്കി. ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും ശരാശരി ആയുർദൈർഘ്യം ഉയർത്തുന്നതിലും വികസിതരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നേട്ടമാണ് നാം സ്വന്തമാക്കിയത്.


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സർക്കാർവിദ്യാലയങ്ങൾ ഹൈടെക്കായി. ലോകോത്തര നിലവാരമുള്ള ലാബുകളും സ്മാർട്ട് ക്ലാസ്‌മുറികളും. കേരളത്തെ ഒരു ആഗോള വൈജ്ഞാനികസമൂഹമായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഗൗരവമായ ഇടപെടലുകളാണ് സർക്കാർ നടത്തിയത്.


കെഎസ്ആർടിസിയെ ശാസ്ത്രീയ പരിഷ്‌കാരങ്ങളിലൂടെ ലാഭത്തിലേക്കും ജനപ്രീതിയിലേക്കും നയിക്കാൻ സാധിച്ചു. ഗതാഗതരംഗത്ത് ആധുനിക സാങ്കേതികവിദ്യകൾ നടപ്പാക്കിയും പുതിയ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയും പരിസ്ഥിതിസൗഹൃദ ഗതാഗതത്തിന് തുടക്കംകുറിച്ചു. അഴിമതിരഹിത ഭരണനിർവഹണവും കൃത്യമായ ആസൂത്രണവുംവഴി പൊതു ഗതാഗതസംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും സാമ്പത്തികമായി സുസ്ഥിരമാക്കാനും സാധിച്ചു.


കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവി. സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ഭക്ഷ്യസുരക്ഷ, ആരോഗ്യസംരക്ഷണം, വരുമാനമാർഗങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് ദാരിദ്ര്യത്തിന്റെ വേരുകൾതന്നെ അറുത്തുമാറ്റി.


പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. ‘നിക്ഷേപസൗഹൃദ കേരളം' എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് പ്രായോഗികമായ യാഥാർഥ്യമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ കൈവരിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണ്. തൊഴിൽസൗഹൃദ അന്തരീക്ഷമാണ് ഇവിടെയുള്ളത്. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിൽ സംഭവിച്ചിട്ടുള്ള മാറ്റം നമ്മുടെ നാടിന്റെ സാമ്പത്തികഭദ്രത വർധിപ്പിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ലോകത്തിലെതന്നെ മികച്ച സ്റ്റാർട്ടപ് കേന്ദ്രങ്ങളിലൊന്നായി കേരളം മാറി. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. ഐടി മേഖലയ്ക്കപ്പുറം കൃഷി, മത്സ്യബന്ധനം, ഡിജിറ്റൽ ഗവേണൻസ്, ആതുരസേവനം തുടങ്ങിയ മേഖലകളിലും സ്റ്റാർട്ടപ്പുകൾ വിപ്ലവം സൃഷ്ടിക്കുകയാണ്.


കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും വായ്പപരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. എന്നിട്ടും കേരളം തകരാതെ പിടിച്ചുനിൽക്കുന്നു. തനത്‌ വരുമാനം വർധിപ്പിക്കുന്നു.


കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുന്നവർക്കുള്ള മറുപടി നമ്മുടെ വളർച്ചാകണക്കുകളാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ 15 വർഷംകൊണ്ട് മൂന്നരമടങ്ങ് വളർന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തരോൽപ്പാദനം 2011-–12ലെ 3.64 ലക്ഷം കോടി രൂപയിൽനിന്ന് 2024-–25ൽ 12.49 ലക്ഷം കോടിയായാണ് വളർന്നത്. കേരളത്തിന്റെ കടം കുറയുകയാണെന്നും രാജ്യത്തെ സംസ്ഥാനങ്ങളിൽ കടത്തിന്റെ കണക്കിൽ 15–ാംസ്ഥാനത്തുമാത്രമാണ് കേരളം എന്നുമുള്ള രേഖകളും കേന്ദ്രസർക്കാർതന്നെ ഔദ്യോഗികമായി പുറത്തുവിട്ടു.


സംസ്ഥാനങ്ങളുടെ പ്രതിശീർഷവരുമാനത്തിന്റെ കണക്കിൽ 11–ാംസ്ഥാനത്തുനിന്ന് ഏഴാംസ്ഥാനത്തേക്ക് കേരളം ഉയർന്നു. ഇതെല്ലാം മലയാളിക്ക് അഭിമാനം പകരുന്ന വാർത്തകളാണ്. നമ്മുടെ സാമ്പത്തികരംഗത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണിവ. കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർഥത്തിൽ ഭയപ്പെടുന്നത് ‘ഇടതുപക്ഷ ബദൽ'നയങ്ങളെയാണ്.

​എല്ലാവർക്കും വീട് എന്ന ലക്ഷ്യം ലൈഫ് മിഷനിലൂടെ നാം സാക്ഷാൽക്കരിക്കുകയാണ്. ഇതുവരെ നാലേമുക്കാൽലക്ഷത്തോളം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. മുണ്ടക്കൈ-–ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ 200 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. മുഴുവൻ വീടുകളുടെ കോൺക്രീറ്റ് ജനുവരി 15നുമുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വികസനനേട്ടങ്ങളെപ്പോലെതന്നെ പ്രധാനമാണ് ഇവിടത്തെ സാമൂഹ്യ അന്തരീക്ഷം. ഇന്ത്യയുടെ പലഭാഗങ്ങളിലും വർഗീയവിദ്വേഷവും വിഭാഗീയതയും വേരുപിടിക്കുമ്പോൾ, മതനിരപേക്ഷതയുടെ കരുത്തുറ്റ കോട്ടയായി കേരളം നിലകൊള്ളുന്നു. ഈ മതനിരപേക്ഷ ചിന്താഗതിയാണ് വികസനത്തിന്റെ ആധാരശില.


വർഗീയത നാടിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ നമുക്ക് സാധിക്കണം. അധികാരത്തിനുവേണ്ടി വർഗീയശക്തികളുമായി സന്ധിചെയ്യുന്ന അവസരവാദരാഷ്ട്രീയത്തിനല്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷബദലിനാണ് പ്രസക്തി. ഇതാണ് ഈ സർക്കാരിന്റെയും നിലപാട്.


ഇന്ന് നാം നേരിടുന്ന ചോദ്യം ലളിതമാണ്: വികസനവും സമാധാനവും തുടരണോ, അതോ വർഗീയതയും വികസനവിരുദ്ധതയും നാടിനെ തകർക്കണോ? നവകേരള നിർമിതിക്ക് വേഗംകൂട്ടാനും മതനിരപേക്ഷകേരളത്തെ കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷബദലുകൾ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ സർക്കാരിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘വിഷൻ 2031'.


വരുംവർഷങ്ങളിൽ കേരളത്തിന്റെ ആഭ്യന്തരോൽപ്പാദനം ഇരട്ടിയാക്കാനും ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിതരാഷ്ട്രങ്ങൾക്ക് സമാനമാക്കാനുമാണ് ലക്ഷ്യമിടുന്നത്. നിർമിത ബുദ്ധി, ഡാറ്റ സയൻസ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളിൽ കേരളത്തെ ആഗോള കേന്ദ്രമാക്കുക, ഉന്നതവിദ്യാഭ്യാസമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, കാർഷിക–-വ്യാവസായിക മേഖലകളിൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് വിഷൻ 2031-ലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.


ഭാവിതലമുറയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ എൽഡിഎഫ്‌ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ ഉപഭോക്തൃസംസ്ഥാനമായി നിലനിർത്താതെ, ലോകത്തിന് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്ന കേന്ദ്രമാക്കി മാറ്റാൻ നാം മുന്നിട്ടിറങ്ങുകയാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും തുല്യമായി എത്തുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തും.


നാടിന്റെ ഭാവിവികസനത്തിനുള്ള നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽനിന്ന്‌ സ്വരൂപിക്കുന്നതിനായി സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്നൊരു പദ്ധതി പുതുവർഷദിനത്തിൽ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ മനസ്സിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകമാണ്. നവകേരളസൃഷ്ടിക്ക് കരുത്തുപകരുന്ന പദ്ധതിയോട് പൊതുസമൂഹമാകെ നല്ല നിലയിൽ സഹകരിക്കണം.


നാടിന്റെ ഐക്യവും വികസനക്കുതിപ്പും തകർക്കാൻ ശ്രമിക്കുന്നവർക്കുമുന്നിൽ കേരളം കൂടുതൽ കരുത്തോടെ നിലകൊള്ളും. തടസ്സങ്ങൾ പലതുണ്ടാകാമെങ്കിലും, അചഞ്ചലമായ ഇച്ഛാശക്തിയോടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂന്നുന്ന നവകേരള നിർമിതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യർ എന്ന നിലയിൽ ഒരുമയോടെ പുതിയ വർഷത്തിലേക്ക് നമുക്ക് നീങ്ങാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.



Deshabhimani
Home