Deshabhimani

Articles

കിടപ്പാടം പോകില്ല, സേവനം അവകാശമാകും

കിടപ്പാടം പോകില്ല, സേവനം അവകാശമാകും

KIDAPADA SAMRAKSHANA BILL
avatar
പി രാജീവ്

Published on Nov 05, 2025, 07:41 AM | 3 min read

നിയമസഭ പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബില്ലും സേവനാവകാശ ബില്ലും ഗവർണർ ഒപ്പുവച്ചതോടെ രണ്ടു ചരിത്രനിയമങ്ങളാണ് കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ പ്രധാന രണ്ടു തീരുമാനങ്ങളായിരുന്നു അതിദാരിദ്ര്യനിർമാർജനവും ഏക കിടപ്പാട സംരക്ഷണ നിയമനിർമാണവും. അത്യാവശ്യ കാര്യങ്ങൾക്കായി വായ്പയെടുത്ത് തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി ഏക കിടപ്പാടം ജപ്തി ചെയ്യപ്പെട്ട്‌ നിസ്സഹായരായി തെരുവിലേക്ക്‌ ഇറങ്ങേണ്ടിവരുന്ന കാഴ്ച ഏതൊരാളെയും വേദനിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സർഫാസി നിയമം, ഒരുലക്ഷത്തിനു മുകളിൽ വായ്പ എടുത്തവരെയെല്ലാം ഒരേപോലെയാണ് കാണുന്നത്. ഒരുലക്ഷം കോടി രൂപ വായ്പ എടുത്തവരെ, ബാങ്കുകൾ ബാധ്യത എഴുതിത്തള്ളി സഹായിക്കുമെങ്കിലും സാധാരണക്കാർക്ക് പെരുവഴിമാത്രമാണ് ശരണം. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത്, സർഫാസി നിയമം ഭേദഗതി ചെയ്യണമെന്നും സഹകരണ ബാങ്കുകളെ ഈ നിയമത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്നും പ്രമേയത്തിലൂടെ നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർഫാസി നിയമത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് ശുപാർശ ചെയ്യുന്നതിന് നിയമസഭാ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലും സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. പക്ഷേ, അനുകൂലനടപടികളൊന്നും ഉണ്ടായില്ല.

ഈ പശ്ചാത്തലത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ഏക കിടപ്പാട സംരക്ഷണനിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചത്.

നേരത്തേ സൂചിപ്പിച്ചതുപോലെ ആദ്യ മന്ത്രിസഭായോഗം ഇക്കാര്യം പഠിക്കുന്നതിന് ഒരു സീനിയർ അഭിഭാഷകൻകൂടി ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ചു. ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിലാണ് ബാങ്കിങ്‌ ഉൾപ്പെടുന്നത്. അതുകൊണ്ട് ഇതുസംബന്ധിച്ച നിയമനിർമാണത്തിന് പാർലമെന്റിനാണ് അധികാരമുള്ളത്. സർഫാസി നിയമം ഭേദഗതി ചെയ്യുന്നതിന് സംസ്ഥാന നിയമസഭയ്‌ക്ക് അധികാരമില്ലെന്ന് ആവർത്തിച്ച കമ്മിറ്റി, കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻമാത്രമേ കഴിയൂയെന്ന് വ്യക്തമാക്കി. സുപ്രീംകോടതി മുൻ ജസ്റ്റിസ് മദൻ ലൂക്കൂറിൽനിന്ന്‌ നിയമോപദേശം തേടിയിരുന്നു. വീടിനുള്ള അവകാശം പൗരന്റെ അടിസ്ഥാന അവകാശമാണെന്ന് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി. മറ്റൊരു കിടപ്പാടവുമില്ലാത്ത പാവപ്പെട്ടവരെ വീട്ടിൽനിന്ന്‌ ഇറക്കിവിടുന്നത് അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു.

ഇതെല്ലാം പരിഗണിച്ചാണ് ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. ഇത്രയും പ്രാധാന്യമുള്ള നിയമനിർമാണപ്രക്രിയയിൽ യുഡിഎഫ് എംഎൽഎമാർ ആരുംതന്നെ പങ്കെടുക്കുകയുണ്ടായില്ല. ഈ നിയമം സർഫാസി നിയമത്തിനുള്ള ഭേദഗതിയല്ല, മറിച്ച് ആ നിയമത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന നിയമമാണ്. ഇരയുടെ സാമ്പത്തികബാധ്യത സർക്കാർ ഏറ്റെടുത്ത് ഏക കിടപ്പാടം സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

നഗരത്തിൽ അഞ്ചുസെന്റും ഗ്രാമത്തിൽ പത്തുസെന്റും മാത്രം സ്ഥലമുള്ള, അഞ്ചുലക്ഷം രൂപവരെ വായ്‌പ എടുക്കുകയും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി പത്തുലക്ഷം രൂപവരെ കുടിശ്ശികയായി ജപ്തി നേരിടുന്ന കുടുംബത്തിന്, ഈ നിയമപ്രകാരം രൂപീകരിക്കുന്ന ജില്ലാ കമ്മിറ്റിക്ക് അപേക്ഷ നൽകാം. ജില്ലാ ഉദ്യോഗസ്ഥരും ജില്ലാ ലീഡ്ബാങ്ക് പ്രതിനിധിയും ഉൾക്കൊള്ളുന്ന കമ്മിറ്റി അപേക്ഷ പരിശോധിക്കും. കുടുംബത്തിന് മറ്റ് സ്വത്തുക്കൾ ഉണ്ടാകാൻ പാടില്ല. അമ്മ, അച്ഛൻ, മകൻ, മകൾ, ഭാര്യ, ഭർത്താവ് എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്. ബോധപൂർവം തിരിച്ചടവിൽ വീഴ്ചവരുത്തിയവർ (willfull defaulter)ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തിരിച്ചടവിന് മറ്റ്‌ സാധ്യതകൾ ഇല്ലെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ അവർ സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്യും. അവർ ശുപാർശ അംഗീകരിച്ചാൽ കലക്ടർ കുടിശ്ശിക ബാങ്കിന് കൈമാറി രേഖകൾ തിരിച്ചുവാങ്ങും. ഈ നിയമത്തിന്റെ ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളോടെ ഉടമയ്‌ക്ക് രേഖകൾ നൽകി കിടപ്പാടം തിരിച്ചുനൽകും.

ജീവിതത്തിൽ ഒരുതവണമാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകളുടെയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്ന ധനകാര്യസ്ഥാപനങ്ങളുടെയും വായ്പകൾക്ക്‌ ഈ നിയമം ബാധകമാകും. സമാനമായ കേസുകളിൽ ജപ്തി നേരിടുന്ന ജാമ്യക്കാരനും ഇതേ ആനുകൂല്യം ലഭിക്കും. മരണമോ മാരകരോഗമോ വന്ന് തിരിച്ചടവ് മുടങ്ങി ഏക കിടപ്പാടം ജപ്തിയിലായി തെരുവിലേക്ക്‌ ഇറങ്ങേണ്ടിവരുന്ന പാവപ്പെട്ടവർ, ഇങ്ങനെയൊരു കാഴ്ച കാണാനില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി ഇ‍ൗ നിയമത്തിന്റെ പിൻബലത്തിൽ കേരളം മാറുന്നു.

അതുപോലെതന്നെ സവിശേഷപ്രാധാന്യമുള്ളതാണ് സേവനാവകാശനിയമം. ഒരു ദശകത്തിലധികമായി സേവനാവകാശനിയമം പ്രാബല്യത്തിലുണ്ടെങ്കിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നതായിരുന്നു യാഥാർഥ്യം. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുസംബന്ധിച്ച് പഠിക്കുന്നതിന് ഐഎംജി ഡയറക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടുപ്രകാരം 83ൽ 65 ഡിപ്പാർട്ട്മെന്റുകൾമാത്രമേ സേവനങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളൂ. അതിൽ 32 ഡിപ്പാർട്ട്മെന്റുകളും ഒന്നിനും പതിനൊന്നിനുമിടയിലുള്ള സേവനങ്ങൾമാത്രമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. സേവനങ്ങൾ വിജ്ഞാപനം ചെയ്യാത്തത് കുറ്റകരമാക്കുന്ന വ്യവസ്ഥ നിയമത്തിലില്ലാതിരുന്നത് കുറവായിരുന്നു. സേവനം സമയബന്ധിതമായി നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 500 മുതൽ 5000 രൂപവരെ പിഴ ചുമത്താൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നെങ്കിലും ആർക്കും ഇതുവരെ പിഴ ചുമത്തിയിട്ടില്ല. ജനങ്ങളിൽ ഈ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നതും ഉദ്യോഗസ്ഥർതന്നെയാണ് അപ്പീലിൽ തീരുമാനമെടുക്കുന്നതെന്നതും ഇതിന്‌ കാരണമാണ്. ഈ റിപ്പോർട്ടിന്റെ ശുപാർശകളുടെയും നിയമപരിഷ്കരണ കമീഷന്റെ റിപ്പോർട്ടിന്റെ യും അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.

ഈ നിയമപ്രകാരം ആറുമാസത്തിനുള്ളിൽ ഓരോ വകുപ്പും സേവനങ്ങളും അവ നൽകേണ്ട സമയവും വിജ്ഞാപനം ചെയ്യണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന്‌ തൃപ്തികരമല്ലാത്ത വിശദീകരണമാണെങ്കിൽ 10,000 വരെ പിഴ ഈടാക്കും. ഈ വിജ്ഞാപനം പരസ്യപ്പെടുത്താത്ത ഓഫീസ് ചുമതലക്കാർക്കും സമാനമായ ശിക്ഷയുണ്ടായിരിക്കും. പ്രത്യേക സേവനങ്ങൾ വിജ്ഞാപനം ചെയ്യണമെന്നതാണ് പുതിയ നിയമത്തിലെ ശ്രദ്ധേയമായ വകുപ്പ്. പ്രത്യേക സേവനങ്ങൾ വിജ്ഞാപനത്തിൽ പറയുന്ന ദിവസത്തിനുള്ളിൽ ലഭിക്കുന്നില്ലെങ്കിൽ നിശ്ചിത സമയപരിധി അവസാനിച്ച് അഞ്ചുദിവസത്തിനുള്ളിൽ പ്രസ്തുത സേവനം ലഭ്യമാക്കിയതായി കരുതുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ലഭിക്കേണ്ട സേവനം സംബന്ധിച്ച രേഖകൾ അപേക്ഷകന് നൽകണം.

പ്രത്യേക സേവനങ്ങൾ അല്ലാത്തവ സമയപരിധിക്കുള്ളിൽ നൽകുന്നില്ലെങ്കിൽ 30 ദിവസത്തിനകം അപ്പീൽ നൽകാം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് 1000 മുതൽ 10,000 രൂപവരെ പിഴ ചുമത്താം. ഒന്നാം അപ്പീൽ അധികാരി നിശ്ചിതസമയത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ രണ്ടാം അപ്പീൽ നൽകാം. വീഴ്ചവരുത്തിയ ഒന്നാം അപ്പീൽ അധികാരിക്ക് 2000 മുതൽ 12,000 രൂപവരെ പിഴ ചുമത്താം.

എന്നാൽ, ഈ അപ്പീൽ അധികാരികളെല്ലാം സർക്കാർ ഉദ്യോഗസ്ഥരായതുകൊണ്ട് ചില പരിമിതികൾ ഉണ്ടായെന്നുവരാം. അതുകൊണ്ടാണ് സേവനാവകാശ കമീഷൻ രൂപീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാന സർക്കാരിൽ സെക്രട്ടറിതലത്തിലോ ഉയർന്നതോ ആയ ചുമതലവഹിച്ച വ്യക്തിയായിരിക്കണം സേവനാവകാശ കമീഷൻ. സേവനം സമയത്തിന്‌ ലഭിക്കാത്ത പ്രശ്നങ്ങളിൽ സ്വമേധയാ പരിശോധിക്കാനും വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി ശുപാർശ ചെയ്യാനും കമീഷന് അധികാരമുണ്ട്. രണ്ടാം അപ്പീൽ അധികാരി വീഴ്ചവരുത്തുന്ന കേസുകളിൽ 3000 മുതൽ 15,000 രൂപവരെ പിഴ ചുമത്താനും അധികാരമുണ്ട്. ഓഫീസുകൾ പരിശോധിക്കുന്നതും വിജ്ഞാപനങ്ങളിൽ മാറ്റങ്ങൾ നിർദേശിക്കുന്നതും ഉൾപ്പെടെ വിപുലമായ അധികാരങ്ങളാണ് കമീഷനുള്ളത്. അധികാരമുള്ള വ്യക്തികളേക്കാൾ ശക്തി ജനങ്ങൾക്കുള്ള അധികാരമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് പുതിയ സേവനാവകാശനിയമം.​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home