വൈറ്റ് പേപ്പറല്ല, കേന്ദ്രത്തെ വെളുപ്പിക്കുന്ന ‘വൈറ്റ് വാഷ് ’


പിണറായി വിജയൻ
Published on Jun 08, 2026, 12:00 AM | 4 min read
പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയാണ്, കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഭരണഘടന ഉറപ്പുനൽകുന്ന സഹകരണാത്മക ഫെഡറലിസത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ നിലപാട് എടുത്തുപോന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാരുകളെ നയിച്ച മുന്നണികൾ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന നിലയുണ്ടായി. ദേശീയതലത്തിൽ ബിജെപിയുടെ പ്രധാന എതിരാളിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണ് കേരളത്തിൽ അധികാരത്തിലെത്തിയത്. സംസ്ഥാനങ്ങൾക്കെതിരെ സാമ്പത്തിക ഞെരുക്കം സൃഷ്‌ടിക്കുന്നതും രാഷ്‌ട്രീയ വിവേചനം കാട്ടുന്നതുമായ കേന്ദ്രസർക്കാരിന്റെ ജനാധിപത്യ–ഫെഡറൽ വിരുദ്ധ നയങ്ങൾക്കെതിരെ ചെറുപ്രതിഷേധമെങ്കിലും കേരളത്തിലെ യുഡിഎഫ് സർക്കാരിൽനിന്നും ഉണ്ടായോ? ഇനി ഉണ്ടാകുമോ? ഉണ്ടായിട്ടില്ല, ഉണ്ടാകില്ല എന്നാണ് കൃത്യമായ ഉത്തരം.
കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തുവച്ച വൈറ്റ് പേപ്പർ (ധവളപത്രം) എന്ന വിളിപ്പേരുള്ള ധനകാര്യ തൽസ്ഥിതി റിപ്പോർട്ട് ഇതിന്റെ സാക്ഷ്യപത്രമാണ്. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നതിനെതിരെ ഒറ്റവരി പ്രതിഷേധംപോലും ധവളപത്രത്തിലില്ല. കേരളം നടത്തിയ നിയമപോരാട്ടങ്ങളെപ്പറ്റി മിണ്ടാട്ടമില്ല. സംസ്ഥാനത്തിന്റെ അർഹമായ കടമെടുപ്പ് പരിധി, ഭരണഘടനാവിരുദ്ധമായി മുൻകാല പ്രാബല്യത്തോടെ കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കി. 2022-ൽ മാർച്ച് 31ന് കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കിയായിരുന്നു ഇത്. മുമ്പുതന്നെ സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാൻ കേന്ദ്രം പല ആയുധങ്ങളാണ് പുറത്തെടുത്തത്. കിഫ്ബിയും പെൻഷൻ കമ്പനിയും കടമെടുക്കുന്ന തുക ‘ഓഫ് ബജറ്റ് ബോറോയിങ്' ആയി പരിഗണിക്കുമെന്നും അത് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പായി കണക്കാക്കുമെന്നുമായിരുന്നു കേന്ദ്രസർക്കാരെടുത്ത നിലപാട്.
കേന്ദ്രസർക്കാരിനുകീഴിലെ നാഷണൽ ഹൈവേ അതോറിറ്റി, നാഷണൽ തെർമൽ പവർ കോർപറേഷൻ തുടങ്ങിയ ഏജൻസികൾ എടുക്കുന്ന വായ്‌പ കേന്ദ്രത്തിന്റെ അക്കൗണ്ടിൽപ്പെടുത്താത്തപ്പോഴാണ് സംസ്ഥാനത്തിനെതിരെ ഇങ്ങനൊരു നയം. അതേസമയം, കിഫ്ബി, പെൻഷൻ കമ്പനി മുതലായവയുടെ വായ്‌പകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 293 (3)ന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ പരിധിയിൽ വരുമോ എന്നത് അടിസ്ഥാനപരമായ ഭരണഘടനാപ്രശ്നമായി സുപ്രീംകോടതിയിൽ ഉന്നയിക്കാനാണ് കേരളം തയ്യാറായത്. സുപ്രീംകോടതി ആ വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടുണ്ട്. അപ്പോഴും കേരള നിയമസഭ തള്ളിക്കളഞ്ഞ കിഫ്ബിയെക്കുറിച്ചുള്ള സിഎജിയുടെ പരാമർശങ്ങൾ അതേപടി ആവർത്തിക്കാനാണ് ധവളപത്രം തയ്യാറായത്.
കാലഹരണപ്പെട്ട, അങ്ങേയറ്റം യാഥാസ്ഥിതിക പൊതുധനകാര്യ കാഴ്‌ചപ്പാടിലൂടെയാണ് ധവളപത്രം വസ്‌തുത വിശകലനം ചെയ്യുന്നത്. കടത്തെ ആഭ്യന്തര വരുമാനത്തിന്റെ അനുപാതമായി കണക്കാക്കാതെ കേവല കണക്കുകൾ നിരത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. കേരളത്തിന്റെ ആകെ കടം-–ആഭ്യന്തര വരുമാന അനുപാതം 39 ശതമാനം ആയിരുന്നത് കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 33.6 ശതമാനമായി കുറഞ്ഞകാര്യം ബോധപൂർവം തമസ്‌കരിക്കുകയാണ്. കടഭാരത്തിന്റെ കണക്കിൽ രാജ്യത്തെ ആദ്യ പത്തുസംസ്ഥാനങ്ങളിൽ കേരളമില്ലെന്നതും ചേർത്തുവായിക്കണം.
കോവിഡ് കാലത്ത് അനുവദനീയമായ ധനകമ്മിപരിധി പല സംസ്ഥാനങ്ങളും വിനിയോഗിക്കാത്ത സ്ഥിതിയായിരുന്നു. എന്നാൽ, ജനങ്ങളുടെ അതിജീവന പോരാട്ടത്തിനൊപ്പം കൈകോർത്തുപിടിക്കാനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. സൗജന്യ ചികിത്സ, വാക്‌സിൻ ലഭ്യത, കമ്യൂണിറ്റി കിച്ചൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ, ഭക്ഷ്യകിറ്റ് എന്നിങ്ങനെ എൽഡിഎഫ് സർക്കാർ അക്കാലത്ത് നടത്തിയ ക്ഷേമ ഇടപെടലുകളെ യാഥാസ്ഥിതിക പൊതുധനകാര്യ കണക്കപ്പിള്ളമാർ ധനകമ്മി വർധിപ്പിക്കുന്ന പാഴ്‌ച്ചെലവുകളായാണ് കണക്കാക്കുന്നത്. എന്നാൽ, എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച് ദുരിതകാലത്ത് ജനക്ഷേമം ഉറപ്പുവരുത്തലായിരുന്നു മുൻഗണന. അതേസമയം, കോവിഡ് കാലത്തെ 5.31 ശതമാനത്തിൽനിന്നും നിലവിൽ ധനകമ്മി 3.16 ശതമാനത്തിൽ എത്തിനിൽക്കുന്നകാര്യം ധവളപത്രം മറച്ചുവച്ചു.
റവന്യു കമ്മിയുടെ കാര്യത്തിലും പതിവ് നവഉദാര പരിവേദനങ്ങൾ പങ്കുവച്ചതായി കാണാം. കേരളത്തിന്റെ റവന്യു ചെലവിന്റെ സിംഹഭാഗവും ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ ചെലവഴിക്കുന്ന തുകയും ശമ്പളവും പെൻഷനുംകൂടി ഉൾപ്പെടെയാണെന്നും സാമൂഹ്യ മേഖലയ്‌ക്ക് നൽകുന്ന ഈ മുൻഗണനയാണ് കേരള വികസന പരിപ്രേക്ഷ്യത്തിന്റെ ആണിക്കല്ലെന്നും റിപ്പോർട്ട് തയ്യാറാക്കിയവർ മറന്നുപോയി. കിഫ്ബി വഴി നടത്തിയ മൂലധനച്ചെലവും ത്രിതല പഞ്ചായത്തുകൾ വഴി നടത്തുന്ന മൂലധനച്ചെലവും കണ്ടില്ലെന്നുനടിച്ചാണ് സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് കുറവാണെന്ന് ധവളപത്രത്തിൽ എഴുതിച്ചേർത്തത്. എന്നാൽ, വസ്‌തുത മറ്റൊന്നാണ്. 2022–23ൽ 21,635 കോടിയായിരുന്ന യഥാർഥ മൂലധനച്ചെലവ് 2026–27ൽ 30,969 കോടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2026 മാർച്ച് 31-ൽ സർക്കാർ കൊടുത്തുതീർക്കേണ്ട കുടിശ്ശിക 48,733 കോടി രൂപയാണെന്ന പരാമർശം ധവളപത്രത്തിലുണ്ട്. ഇതിലെ സപ്ലൈകോ, യുജിസി, പട്ടികവിഭാഗ സ്‌കോളർഷിപ് എന്നിവയുടെ കുടിശ്ശിക 4770 കോടി രൂപയിൽ വലിയ അളവും കേന്ദ്രത്തിൽനിന്നും ലഭിക്കാനുള്ളതാണ്. ബിഡിഎസ് കുടിശ്ശികയായി പറയുന്ന 3431 കോടി രൂപ എല്ലാ ആറുമാസം കൂടുമ്പോഴും ഷെഡ്യൂൾ അനുസരിച്ച് ബാങ്കുകൾക്ക് നൽകുന്ന തുകയാണ്. പിന്നെയുള്ളത് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കുടിശ്ശികയായ 36,057 കോടിയാണ്. കോവിഡ് കാലത്ത് ഇന്ത്യയിൽ ശമ്പളപരിഷ്‌കരണം നടത്തിയ ഏക സംസ്ഥാനമാണ് കേരളം. എന്നാൽ, കേന്ദ്രനയങ്ങൾ ശ്വാസംമുട്ടിച്ചപ്പോൾ ജീവനക്കാർക്കുള്ള ഡിഎ കുടിശ്ശികയായി. അതേസമയം, ഇപ്പോഴുള്ള കുടിശ്ശിക കൊടുത്തുതീർക്കാൻ കൃത്യമായ പദ്ധതി തയ്യാറാക്കി ബജറ്റിൽ തുക വകയിരുത്തിയശേഷമാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. ശമ്പളപരിഷ്‌കരണം പത്തുവർഷത്തിൽ ഒരിക്കലാക്കണമെന്നാണ് യുഡിഎഫ് സർക്കാർ ധവളപത്രത്തിൽ പറയുന്നതെന്നതും ഇതിനോട് കൂട്ടിവായിക്കണം.
പട്ടികജാതി/വർഗ സ്‌കോളർഷിപ് ഇനത്തിൽ 5326 കോടി രൂപയാണ് 2021-–26ലെ സർക്കാരിന്റെ കാലത്ത് നൽകിയത്. കൂടാതെ, പട്ടികജാതി/വർഗ പ്ലാൻ ഇനത്തിൽ 3200- കോടിയോളം രൂപ പ്രതിവർഷം ചെലവഴിച്ചു. പഞ്ചായത്തുകൾക്ക് നൽകേണ്ട മൂന്നാം ഗഡുവായ 1982 കോടി രൂപ മുടങ്ങിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടംമൂലമാണ്. 2024–25ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ നീക്കിവച്ചത് റവന്യു ചെലവിന്റെ 9.01 ശതമാനമാണെങ്കിൽ യുഡിഎഫ് സർക്കാരിന്റെ അവസാനവർഷം 2015–-16ൽ ഇത് 6.01 ശതമാനം മാത്രമാണ്.
കേന്ദ്ര നികുതി വിഹിതം കുറയുമ്പോഴും തനത് നികുതി വരുമാനം കൂട്ടിയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയത്. കഴിഞ്ഞ അഞ്ചുവർഷത്തിൽ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 47,000 കോടിയിൽനിന്ന് ഉദ്ദേശ്യം 80,000 കോടിക്ക് മുകളിലാക്കാൻ കഴിഞ്ഞു. 5400 കോടിയിലേറെ ഖജനാവിൽ നീക്കിയിരിപ്പ് വച്ചുകൊണ്ടാണ് സർക്കാർ അധികാരമൊഴിഞ്ഞത്. എൽഡിഎഫ് സർക്കാർ നടത്തിയ നിരന്തര സമ്മർദത്തിന്റെകൂടി ഫലമായി 16–ാം ധനകമീഷൻ കേരളത്തിനുള്ള കേന്ദ്രവിഹിതത്തിൽ വർധന വരുത്തി. ഡിവിസിബിൾ പൂളിന്റെ 1.92 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോൾ 2.38 ശതമാനമായി വർധിച്ചിരിക്കുകയാണ്. ഓരോ വർഷവും ചുരുങ്ങിയത് 10,000ൽ അധികം കോടി രൂപയാണ് ഇതിലൂടെ സംസ്ഥാന ഖജനാവിൽ അധികമായി ലഭിക്കുക. 2026 മുതൽ 2031 വരെയുള്ള ഈ നിരക്ക് വർധനയുടെ ഗുണഭോക്താക്കൾ പുതിയ യുഡിഎഫ് സർക്കാരാണ്. അതുകൊണ്ട് പണമില്ല എന്നുപറഞ്ഞ് ഓടിയൊളിക്കാൻ ഈ സർക്കാരിന് കഴിയില്ല. എന്നാൽ, ഖജനാവ് കാലിയാണെന്ന വ്യാജപ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. അതിനുള്ള സൈദ്ധാന്തിക വ്യായാമമാണ് നിയമസഭയിൽ വച്ച ധവളപത്രം. സർക്കാരിൽ നിക്ഷിപ്തമായ ധനപരമായ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനും ക്ഷേമ, സേവന, വികസന കാര്യങ്ങൾ കൈയൊഴിയാനുമാണ് ഈ ധവളപത്രവും അടിവരയിടുന്നത്.
കേരളത്തിന്റെ ഇന്നത്തെ പരിമിത ധനകാര്യസ്ഥിതിക്ക് കാരണക്കാരായ കേന്ദ്രസർക്കാർ നയങ്ങളെ ‘വൈറ്റ് വാഷ്’ ചെയ്യുന്നുവെന്ന് മാത്രമല്ല; സംസ്ഥാനത്തെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളിവിടുന്ന ചികിത്സാവിധികളാണ് വിദഗ്‌ധരുടെ കുറിപ്പടികളിലുള്ളത്. ‘സാമ്പത്തിക പ്രതിസന്ധി' മറികടക്കാൻ ഇവർ നിർദേശിക്കുന്ന മറുമരുന്ന് പരിപൂർണമായ സ്വകാര്യവൽക്കരണ അജൻഡയാണ്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കരിമണൽ ഖനനം തുടങ്ങി തന്ത്രപ്രധാന മേഖലകളിലാണ് കണ്ണ്. നെഹ്റുവിയൻ ലെഫ്റ്റ് എന്ന് വീമ്പുപറയുന്നവരാണ് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്‌ക്കാനും സബ്സിഡി നിർത്തലാക്കാനുമുള്ള നയപരമായ തീരുമാനങ്ങളിലേക്ക് കടക്കുന്നത്. കേരളത്തിന്റെ തീരവും തുറമുഖവും വിമാനത്താവളങ്ങളും ആരോഗ്യ–- ഊർജ മേഖലകളും സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുള്ള അണിയറ നീക്കങ്ങളാണ് ധവളപത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ ഉപരോധ സമാനമായ സാമ്പത്തിക വിവേചനത്തെ ‘വൈറ്റ് വാഷ്’ ചെയ്യാനും അതേസമയം, ജനങ്ങൾക്കുമേൽ നവഉദാര സാമ്പത്തിക പരിഷ്‌കാരങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള യുഡിഎഫ് സർക്കാരിന്റെ യഥാർഥ നയപ്രഖ്യാപനമാണ് ധവളപത്രം. സ്വകാര്യവൽക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കലുമാണ് ഇതിന്റെ മുഖമുദ്ര. അതാകട്ടെ, കേരളം നാളിതുവരെ നേടിയെടുത്ത സമസ്‌തമേഖലയിലെയും നേട്ടങ്ങളെ അതിവേഗം പിന്നോട്ടടിപ്പിക്കുന്നതുമാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ പൊതുസ്വത്ത് സ്വകാര്യ മൂലധനത്തിന് തീറെഴുതാനുള്ള കുറിപ്പടിയാണ് യുഡിഎഫ് സർക്കാർ നിയമസഭയിൽ വച്ചത്.












