ബിജെപി ഭരണത്തിലോ കേരളം


എം വി ഗോവിന്ദൻ
Published on Aug 10, 2026, 02:29 AM | 5 min read
ഭരണമേറ്റ് രണ്ടു മാസത്തിനകം യുഡിഎഫ് സർക്കാർ എല്ലാരംഗത്തും മോദി സർക്കാരിന്റെ വഴിയിലാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കുംവിധം ബിജെപി നയം പരസ്യമായി നടപ്പാക്കുകയാണ് വി ഡി സതീശൻ സർക്കാർ. ബിജെപിക്ക് മൂന്ന് എംഎൽഎമാരേ ഉള്ളൂവെങ്കിലും അവരുടെ ഇംഗിതമനുസരിച്ചുള്ള ഭരണമാണ് യുഡിഎഫ് നേതൃത്വത്തിൽ നടക്കുന്നത്. ആരാണ് ബിജെപിക്ക് കൂടുതൽ വഴങ്ങുക എന്നതിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്‌പരം മത്സരിക്കുന്ന പരിതാപകരമായ കാഴ്‌ചയാണ്; മുസ്ലിംലീഗ് മന്ത്രിമാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
വിദ്വേഷത്തിലും വെറുപ്പിലും അധിഷ്‌ഠിതമായ സംഘപരിവാർരാഷ്ട്രീയത്തിന് പൊതുസമ്മതി നേടിക്കൊടുക്കുകയെന്ന കർത്തവ്യത്തിലാണ് യുഡിഎഫ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് യുഡിഎഫ് സർക്കാർ ചുക്കാൻപിടിക്കുന്നത്, ബിജെപി സഹായത്താലാണ് അവർക്ക് അധികാരം ലഭിച്ചത് എന്നതിനാലാണ്. പകൽപോലെ വ്യക്തമായ യുഡിഎഫ്–-ബിജെപി ഡീലിന്റെ ചില ഉദാഹരണങ്ങളാണ് ഇവിടെ പറയുന്നത്.
ജനഗണമനയേക്കാൾ പ്രധാനം വന്ദേമാതരം
ദേശീയഗീതമായ വന്ദേമാതരം സ്വാതന്ത്ര്യദിനത്തിൽ പൂർണമായും ആലപിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് മോദിസർക്കാരിനെയും ആർഎസ്എസിനെയും പ്രീണിപ്പിക്കാനാണ്. വന്ദേമാതരം പൂർണമായും പാടാൻ കേന്ദ്രനിർദേശം ഇല്ലാതിരിക്കെയാണ് ഈ പ്രീണനനിലപാട്. ആഗസ്‌ത് ഒമ്പതുമുതൽ 17 വരെ ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ പൊതുചടങ്ങുകൾക്കും വന്ദേമാതരത്തിന്റെ ആറ് ചരണവും ആലപിക്കാനാണ് ഉത്തരവ്. രബീന്ദ്രനാഥ ടാഗോറിന്റെ ജനഗണമനയേക്കാൾ ദേശാഭിമാനം നിറഞ്ഞതാണ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ വന്ദേമാതരം എന്ന ആർഎസ്എസ് വാദത്തെയാണ് സതീശൻ സർക്കാരും അരക്കിട്ടുറപ്പിക്കുന്നത്. 1937ൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗമാണ് വന്ദേമാതരത്തെ ദേശീയഗീതമായി പരിഗണിച്ച് അതിന്റെ ആദ്യത്തെ രണ്ട് ചരണംമാത്രം -ആലപിച്ചാൽ മതിയെന്ന് നിശ്ചയിച്ചത്.
എല്ലാവരെയും ഉൾക്കൊള്ളുന്ന സംഘടനയെന്ന നിലയിലാണ് അന്ന് കോൺഗ്രസ് ഈ തീരുമാനം കൈക്കൊണ്ടത്. വന്ദേമാതരം പ്രസിദ്ധീകരിച്ചതിന്റെ 150–ാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി കോൺഗ്രസിന്റെ അന്നത്തെ തീരുമാനം "അനീതി"യാണെന്ന് വിശേഷിപ്പിച്ചു. മോദി ചൂണ്ടിക്കാണിച്ച ഈ ‘അനീതി’ നീക്കാനായിരിക്കാം സതീശൻ സർക്കാർ വന്ദേമാതരത്തിലെ എല്ലാ ചരണങ്ങളും പാടാൻ ഉത്തരവിറക്കിയത്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിലും വന്ദേമാതരം പൂർണമായും ആലപിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞത് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നാണ്. തെറ്റ് ആവർത്തിച്ചത് യാദൃച്ഛികമാണെന്ന് കരുതാനാകില്ല. ആലോചിച്ച് ഉറച്ചെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവ്. ഇതിനോടുള്ള കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണം എന്താണ്. ഹിന്ദുത്വവഴിയിലൂടെ ചരിക്കുന്ന വി ഡി സതീശന്റെ നിലപാടാണോ കോൺഗ്രസിനുള്ളത്.
വി ഡി സവർക്കറെ മഹത്വവൽക്കരിക്കൽ
വി ഡി സതീശനിൽനിന്ന് വി ഡി സവർക്കറിലേക്ക് അധികം ദൂരമില്ലെന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. ആർഎസ്‌എസ് തലവനായിരുന്ന ഗോൾവാൾക്കറുടെ ഫോട്ടോയ്‌ക്കു മുമ്പിൽ വിളക്കു കത്തിച്ച് കൈകൂപ്പിയ നേതാവിന്റെ പേരാണ് വി ഡി സതീശൻ. ഇപ്പോഴിതാ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് കുട്ടികൾക്കായി തയ്യാറാക്കിയ ക്വിസിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ജയിലിൽ കിടന്ന വ്യക്തി വി ഡി സവർക്കറാണെന്ന മഹത്വവൽക്കരണം നടത്തിയിരിക്കുന്നു. കാസർകോട്ട് സംഘടിപ്പിച്ച ക്വിസിന്റെ ചോദ്യപേപ്പറിലാണ് സവർക്കറെ മഹത്വവൽക്കരിച്ചത്. ബ്രിട്ടീഷ് ജയിലിൽ കിടക്കവേ ഏഴുതവണ മാപ്പപേക്ഷ എഴുതുകയും വിട്ടയച്ചശേഷം ബ്രിട്ടീഷുകാരുടെ വിനീത ദാസനായി ജീവിക്കുകയും ചെയ്ത വ്യക്തിയെക്കുറിച്ച് ചോദ്യം ഉൾപ്പെടുത്തിയത് ആർഎസ്‌എസ് വിധേയത്വത്തിന് തെളിവാണ്.
പിഎം ശ്രീയിലെ വഞ്ചന
അധികാരമേറ്റാൽ അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. ഇൗ മന്ത്രിസഭയുടെ ആദ്യയോഗംതന്നെ പദ്ധതി നടപ്പാക്കാൻ പച്ചക്കൊടി വീശിയിരുന്നു. വിവാദമായതോടെ അടുത്ത മന്ത്രിസഭാ യോഗം ഉപസമിതി രൂപീകരിച്ചു. വിദ്യാഭ്യാസമന്ത്രി കൺവീനറായ സമിതി റിപ്പോർട്ട് നൽകുംമുമ്പേ യുഡിഎഫ് യോഗം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. മുൻ സർക്കാർ അംഗീകരിച്ചതിനാൽ പിന്മാറാനാകില്ലെന്ന കള്ളം പറഞ്ഞാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്ന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ മുസ്ലിംലീഗിലെ പി വി അബ്ദുൾ വഹാബിനെ അറിയിക്കുകയുണ്ടായി. 2025 ഒക്ടോബർ 23ന് കേരളം ധാരണപത്രത്തിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോയിട്ടില്ലെന്നും സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടില്ലെന്നും ഇതേ മന്ത്രി കോൺഗ്രസിലെ ജെബി മേത്തറെയും രാജ്യസഭയിൽ അറിയിച്ചു. പദ്ധതിയിൽ ചേരാതിരിക്കുകയോ പിന്മാറുകയോ ചെയ്‌താൽ പിഎം ശ്രീ പദ്ധതി ഫണ്ട് മാത്രമേ നഷ്ടമാകൂ എന്നും മറ്റ് ഫണ്ടുകൾക്ക് ഇത് ബാധകമല്ലെന്നും രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. അതായത് വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്ന ബിജെപി നയം ലീഗും കോൺഗ്രസും ചേർന്ന് നടപ്പാക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന് കൈയടിക്കുന്നു.
വഖഫ് ബോർഡിൽ അമുസ്ലിങ്ങളാകാമെന്ന്
മോദി സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയിൽ ഏറ്റവും അപകടംപിടിച്ചത് കേന്ദ്ര-, സംസ്ഥാന വഖഫ് ബോർഡുകളിൽ കുറഞ്ഞത് രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന 14–-ാം വകുപ്പാണ്. ഇതനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നാണ് യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലം. കഴിഞ്ഞ മാർച്ചിൽ എൽഡിഎഫ് സർക്കാർ നിയമിച്ച വഖഫ് ബോർഡിൽ അമുസ്ലിം അംഗമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സത്യവാങ്‌മൂലം നൽകിയതോടെ നിലവിലെ ബോർഡ് നയപരമായ തീരുമാനമെടുക്കുന്നത് ഹൈക്കോടതി വിലക്കി. ഈ വിധിക്കെതിരെ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് വഖഫ് നിയമത്തിലെ പതിനാലാം വകുപ്പ് നടപ്പാക്കാനാണ് താൽപ്പര്യമെന്ന് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളും സുപ്രീംകോടതിയിലും പറഞ്ഞത്.
കേന്ദ്രനിയമത്തിനെതിരെ എൽഡിഎഫ് ഭരണകാലത്ത് നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയിരുന്നു. ഭേദഗതി സംബന്ധിച്ച ഹർജി സുപ്രീംകോടതിയിലായതിനാൽ അമുസ്ലിം അംഗങ്ങളെ ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ ബോർഡ് രൂപീകരിച്ചത്. മുസ്ലിങ്ങളല്ലാത്തവരെ ബോർഡിൽ നിയമിക്കരുതെന്നും പുതിയ വഖഫ് നിയമം ഭരണഘടനാവിരുദ്ധവുമാണെന്നുമുള്ള നിലപാടാണ് എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. ഈ കേസ് നിലവിലിരിക്കെ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് അനുകൂലനിലപാട് സ്വീകരിച്ചാൽ കേസ് ദുർബലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണ് മുസ്ലിംലീഗടക്കമുള്ള യുഡിഎഫ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണ് അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷ സംരക്ഷകരെന്ന് നടിച്ച് ന്യൂനപക്ഷങ്ങളെ സംഘപരിവാറിന് ഒറ്റുകൊടുക്കുകയാണ് യുഡിഎഫ് നേതൃത്വം. വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തള്ളിയെന്നും അതിനാൽ രണ്ട് അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തിൽ വന്നെന്നും മുഖ്യമന്ത്രി പച്ചക്കള്ളം തട്ടിവിട്ടു. ഹർജികൾ കേൾക്കാൻ സുപ്രീംകോടതി ലിസ്റ്റ് ചെയ്‌തിരിക്കെയാണ് മുഖ്യമന്ത്രിയുടെ പെരുംനുണ. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന സമീപനമല്ലാതെ മറ്റെന്താണിത്.
വെറുപ്പിന്റെ രാഷ്ട്രീയത്തോട് മൃദുസമീപനം
രാജ്യത്തെ കുത്തഴിഞ്ഞ വിദ്യാഭ്യാസ–പരീക്ഷാ സമ്പ്രദായങ്ങൾക്കെതിരെ നടന്ന വിദ്യാർഥി സമരത്തോട് സംസ്ഥാനത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ച വിദ്യാർഥികളെ പൊലീസ് മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും ചെയ്തു. അയ്യായിരം പേർക്കെതിരെയാണ് കേസെടുത്തത്. വിദ്യാർഥികൾക്കെതിരെ കേസെടുത്ത ഏക ബിജെപിയിതര സർക്കാരാണ് കേരളത്തിലേത്.
സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവച്ച് കൊല്ലാൻ ആഹ്വാനംചെയ്‌ത, ഇടതുപക്ഷ–മതനിരപേക്ഷ സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന് മൊഴിഞ്ഞ ബിജെപി ബൗദ്ധികവിഭാഗം മുൻ തലവൻ ടി ജി മോഹൻദാസിനെതിരെ കേസെടുക്കാൻ ദിവസങ്ങൾ വേണ്ടിവന്നു. ജൂലൈ 26നാണ് യുട്യൂബ് ചാനലിൽ വിവാദ പരാമർശം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച എസ്എഫ്‌ഐ, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഉടനടി കേസെടുക്കുകയും ചെയ്തു.
കാപ്പ കേസ് പ്രതിക്കും സംരക്ഷണം
കാപ്പ കേസ് പ്രതിയായ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ സുഗതന് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് അവസരമുണ്ടായത് സർക്കാരിന്റെ കാവി അജൻഡയ്‌ക്ക് മറ്റൊരു ഉദാഹരണം. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ഭരണം നിലനിർത്താനുള്ള കൈസഹായമാണിത്. കൗൺസിലർക്ക് അയോഗ്യത കൽപ്പിക്കാതിരിക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവധിയും അനുവദിച്ചു. സമൂഹത്തിന് ആപത്തുണ്ടാക്കുമെന്നതിനാൽ ആഭ്യന്തരവകുപ്പ്തന്നെ ജയിലിൽ അടച്ചയാളെ സംരക്ഷിക്കുന്നത് സംഘപരിവാർ സംരക്ഷണ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്.
ഗവർണർക്ക് എന്തുമാകാം
ഗവർണറുടെ തെറ്റായ ഇടപെടലിനെതിരെ രാഷ്ട്രീയമായും നിയമപരമായും ഏതറ്റംവരെ പോയും പൊരുതുകയെന്ന എൽഡിഎഫ് സർക്കാരിന്റെ നയം പാടേ ഉപേക്ഷിച്ച് ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്താൻ ഗവർണർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന നയമാണ് യുഡിഎഫ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്. മഹാത്മാഗാന്ധി സർവകലാശാലയുടെയും കാർഷിക സർവകലാശാലയുടെയും താൽക്കാലിക വിസിമാരായി സംഘപരിവാർ അധ്യാപക സംഘടനകളുടെ നേതാക്കളെ ഗവർണർ രാജേന്ദ്ര ആർലേക്കർ തെരഞ്ഞെടുത്തപ്പോൾ അതിനെ എതിർക്കാൻ സർക്കാർ തയ്യാറായില്ല. കേന്ദ്രവുമായി ഏറ്റുമുട്ടലിന് താൽപ്പര്യമില്ലെന്ന തൊടുന്യായം ഉയർത്തിയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഫെഡറൽ തത്വങ്ങളുടെ ഹത്യക്ക് കൂട്ടുനിന്നത്.
മഹാത്മാഗാന്ധി സർവകലാശാല സെനറ്റിൽ സംഘപരിവാറുമായി ബന്ധമുള്ള 19 പേരെ തിരുകിക്കയറ്റാൻ ഗവർണർക്ക് കഴിഞ്ഞത് ഇതിന്റെ ഫലമായാണ്. ഇതേനയത്തിന്റെ തുടർച്ചയാണ് യോഗദിനത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണർനടപടിയെ സർക്കാർ വിമർശിക്കാത്തത്.
ധവളപത്രത്തിലോ ബജറ്റ് പ്രസംഗത്തിലോ കേന്ദ്രവിമർശം പൂർണമായും ഒഴിവാക്കപ്പെട്ടത് മറ്റൊരു ഉദാഹരണംമാത്രം. അതിവേഗ റെയിൽ പദ്ധതിയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും കേന്ദ്രസർക്കാർ ഉപേക്ഷിച്ചപ്പോഴും വി ഡി സതീശന് മൗനമായിരുന്നു.
നിയമനങ്ങളിലെ കാവിവൽക്കരണം
ബിജെപി സർക്കാർ നിയോഗിച്ച ഗവർണറായിരുന്ന ആരിഫ് മൊഹമ്മദ് ഖാന്റെ നിയമോപദേഷ്‌ടാവാണ് ഇപ്പോഴത്തെ അഡ്വക്കറ്റ് ജനറൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൽ ശേഷാദ്രിനാഥനെ നിയമിച്ചത് സംഘപരിവാർ വിധേയത്വത്തിന്റെ ഫലമാണെന്ന് പറഞ്ഞത് കെപിസിസി ജനറൽ സെക്രട്ടറിയാണ്. മന്ത്രിമാരുടെ സ്റ്റാഫിലും സംഘികൾക്ക് ഇടംനൽകിയെന്ന് കോൺഗ്രസിൽത്തന്നെ പരാതി ഉയർന്നു.
വീടുകളിൽ മോദിപടം
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ പടവും ലോഗോയും വയ്‌ക്കാൻ അനുവദിക്കുന്ന തീരുമാനത്തിലും സംഘപരിവാർ വിധേയത്വമാണ്. സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന അഭിമാനബോധം തല്ലിക്കെടുത്തി ആരോ കൊടുത്ത വീട്ടിലാണ് കഴിയുന്നതെന്ന അഭിമാനക്ഷതത്തിലേക്ക് ഗുണഭോക്താക്കളെ നയിക്കുന്ന നടപടിയാണ് തദ്ദേശമന്ത്രിയിൽനിന്നുണ്ടായത്. മോദിയുടെ പടവും പദ്ധതി ലോഗോയും പതിച്ച്, വീട്ടുകാരുടെ ആത്മാഭിമാനത്തെ തകർക്കാൻ കൂട്ടുനിൽക്കില്ലെന്ന ധീര നിലപാടാണ് ഇക്കാര്യത്തിൽ എൽഡിഎഫ് സ്വീകരിച്ചത്.
ബിജെപിക്ക് പഠനശിബിരം നടത്താൻ കെപിസിസിയുടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് വിട്ടുനൽകുന്നതിൽവരെയെത്തി കാര്യങ്ങൾ. ഇനി എന്നാണ് കെപിസിസി ആസ്ഥാനംതന്നെ ബിജെപിക്കായി തുറന്നിടുക എന്നേ അറിയാനുള്ളൂ. കേരളത്തിൽ ബിജെപിയാണോ അധികാരത്തിലുള്ളതെന്ന് സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിക്കുപോലും സംശയം തോന്നുന്ന സാഹചര്യമാണ് വി ഡി സതീശൻ സൃഷ്ടിച്ചിരിക്കുന്നത്.















