Deshabhimani

Articles

അതിവേഗം ജനദ്രോഹം

അതിവേഗം ജനദ്രോഹം

VD Satheshan
avatar
എം വി ഗോവിന്ദൻ

Published on Nov 13, 2026, 01:30 AM | 4 min read

കേരളപ്പിറവിയുടെ 70–ാം വാർഷിക ദിനമായ നവംബർ ഒന്നിന് മാറ്റത്തിന്റെ പുതുയുഗമാണ് മുഖ്യമന്ത്രി കേരളത്തിന് വാഗ്‌ദാനം ചെയ്‌തത്. പുതിയ വേഗത്തിൽ പുതിയ കാഴ്‌ചപ്പാടോടെ മാറ്റത്തിന്റെ യുഗത്തിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവയ്‌ക്കാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങളിലായി പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് കേരളത്തെ പുതുയുഗത്തിലേക്കല്ല, ഇരുണ്ട യുഗത്തിലേക്കാണ് അതിവേഗം നയിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്.

​

മുഖ്യമന്ത്രിപദത്തിൽ എത്ര കാലം തുടരാൻ കഴിയുമെന്നതിന് ഒരുറപ്പും ഇല്ലാത്തതിനാൽ അനർഹമായ പരമാവധി സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള വഴിവിട്ട ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്. സ്വകാര്യവൽക്കരണത്തിലും കോർപറേറ്റുവൽക്കരണത്തിലും ഊന്നുന്ന നവ ഉദാര നയത്തിനെതിരെ ലോകം മുഴുവൻ വിദ്യാർഥികളും സാമാന്യജനങ്ങളും തെരുവിലിറങ്ങുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാർ അതിവേഗം തെറ്റായ പാതയിലൂടെ നീങ്ങുന്നത്.


ഇതിനായി മുഖ്യമന്ത്രി ആദ്യം ചെയ്യുന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നശിപ്പിക്കലാണ്. വകുപ്പുമന്ത്രിമാർ അറിയാതെ, മന്ത്രിസഭയുടെ അംഗീകാരമില്ലാതെ വൻ അഴിമതി സംശയിക്കുന്ന പല തീരുമാനങ്ങളും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കൈക്കൊള്ളുകയാണ്. യുഡിഎഫിലോ കോൺഗ്രസ് പാർടിയിലോ ചർച്ച ചെയ്യാതെ സ്വന്തമായി തീരുമാനങ്ങളെടുത്ത് ആരെയും അറിയിക്കാതെ ഇതെല്ലാം നടപ്പാക്കാനാണ് മുഖ്യമന്ത്രി തുനിയുന്നതെന്ന്‌ യുഡിഎഫ് നേതാക്കളും മന്ത്രിമാരും പരാതിപ്പെടുന്നു. അധികാരമേറുമ്പോൾ ടീം യുഡിഎഫിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്, ആ ടീം എന്നു പറഞ്ഞാൽ താൻ വി ഡി സതീശൻ മാത്രമാണെന്നാണ്.

​

കഴിഞ്ഞാഴ്‌ചയുണ്ടായ ഏതാനും സംഭവങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. അതിലൊന്ന് വൈദ്യുതി വാങ്ങൽ കരാറാണ്. ഒരു നടപടിക്രമവും പാലിക്കാതെ -ടെൻഡറോ റെഗുലേറ്ററി കമീഷന്റെ അനുവാദമോ- ഇല്ലാതെ കൂടിയ വിലയ്‌ക്ക് ജനറൽ നെറ്റ്‌വർക്ക്‌ ആക്‌സസ്‌ (ജിഎൻഎ) പ്ലാറ്റ്ഫോമിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിയത്. സ്വന്തമായി വൈദ്യുതി ഉൽപ്പാദനമോ വൈദ്യുതി വിൽപ്പനയ്‌ക്ക് ലൈസൻസോ ഇല്ലാത്ത ഒടിസി ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമായ കമ്പനിക്കാണ് ഇത്രയും വലിയ തുകയുടെ കരാർ നൽകാൻ മുഖ്യമന്ത്രി താൽപ്പര്യപ്പെട്ടത്.


ഈ അനധികൃത നീക്കത്തെ എതിർത്തു എന്ന കാരണത്താൽ കെഎസ്ഇബി സിഎംഡി സ്ഥാനത്തുനിന്ന്‌ എം ജി രാജമാണിക്യത്തെ നീക്കാനും മുഖ്യമന്ത്രി തയ്യാറായി. ഈ ഇടപാടിന്റെ കാര്യത്തിൽ കെപിസിസി പ്രസിഡന്റുകൂടിയായ വൈദ്യുതിമന്ത്രിയുടെ എതിർപ്പുപോലും മുഖ്യമന്ത്രി അവഗണിച്ചതിനുപിന്നിലുള്ള താൽപ്പര്യമെന്താണ്?

​

ഈ കരാർ സംശയത്തിന്റെ നിഴലിലാകാൻ ഇതുമാത്രമല്ല കാരണം. കേരളത്തിൽ വൈദ്യുതിപ്രതിസന്ധിയുണ്ടെന്ന് പ്രചരിപ്പിച്ചാണ് സംസ്ഥാനത്തിന് 903 കോടിയുടെ (കെഎസ്‌ഇബി കൊമേഴ്സ്യൽ ആൻഡ്‌ താരിഫ് വിഭാഗത്തിന്റെ കണക്ക്) നഷ്‌ടം ഉണ്ടാക്കുന്ന കരാറിനായി മുഖ്യമന്ത്രി നിലകൊണ്ടത്. 2027 ഏപ്രിൽവരെ വൈദ്യുതിലഭ്യതയുണ്ടെന്നും നിലവിൽ പ്രതിസന്ധിയില്ലെന്നും ഒക്ടോബർ 10ലെ വൈദ്യുതി റെഗുലേറ്ററി കമീഷൻ ഉത്തരവ് നിലനിൽക്കെയാണ് വൈദ്യുതിപ്രതിസന്ധി എന്ന പ്രചാരണം മാധ്യമങ്ങളെ ഉപയോഗിച്ച് സർക്കാർ നടത്തിയത്. വൈദ്യുതിക്ഷാമം പവർകട്ടിന്‌ കാരണമാകുമെന്ന് ഉപഭോക്താക്കളെ ഭയപ്പെടുത്തി അഴിമതി ഇടപാടിന് അനുകൂലമായ പൊതുബോധ നിർമാണത്തിനാണ് മുഖ്യമന്ത്രി തയ്യാറായത്. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു വസ്‌തുതകൂടിയുണ്ട്.


കൃത്രിമ വൈദ്യുതിക്ഷാമം സൃഷ്ടിക്കാൻ ജലവൈദ്യുതി ഉൽപ്പാദനം വെട്ടിക്കുറച്ചുവെന്നും ഹിമാചലിലെ പൊതുമേഖലാ സ്ഥാപനത്തിൽനിന്ന്‌ വൈദ്യുതി നൽകാമെന്ന് സമ്മതിച്ചിട്ടും നിശ്ചിതസമയത്ത് മറുപടി നൽകാതെ സ്വകാര്യ മേഖലയുമായി കച്ചവടത്തിന് വഴിതുറക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിച്ചുവെന്നുമാണ് മാധ്യമവാർത്തകൾ. ഇതിനെല്ലാം പുറമെ ഇൻസൈഡർ ട്രേഡിങ് കേസിലും ഓഹരി തട്ടിപ്പിലും ഉൾപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ്‌ എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കേസ് നേരിടുന്ന സ്ഥാപനവുമായാണ് അഴിമതി ഇടപാടിന് മുഖ്യമന്ത്രി നീക്കം നടത്തിയത്.


ഇതൊക്കെ വിരൽചൂണ്ടുന്നത് ജിഎൻഎയ്‌ക്ക്‌ കരാർ നൽകാൻ നടന്ന ആസൂത്രിതവും ബോധപൂർവവുമായ നീക്കത്തിലേക്കാണ്. ഒക്‌ടോബറിൽ വിഇഎൻ ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന് ടെൻഡറോ റെഗുലേറ്ററി കമീഷന്റെ അനുമതിയോ ഇല്ലാതെ 200 മെഗാവാട്ട് യൂണിറ്റിന് 11 രൂപ നിരക്കിൽ വാങ്ങിയതും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തരമാണെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇക്കാര്യത്തിൽ കെഎസ്ഇബി ചെയർമാന്റെ റിപ്പോർട്ടിന്മേൽ അന്വേഷണം പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ശ്രമം.


യഥാർഥത്തിൽ അന്വേഷിക്കേണ്ടത് മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ചാണ്. ജിഎൻഎയുമായി കരാറിൽ ഏർപ്പെടാനും വിമർശം ശക്തമായപ്പോൾ അത്‌ ഉപേക്ഷിക്കാനും സർക്കാർ (മുഖ്യമന്ത്രി) തീരുമാനിച്ച കാര്യം മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നാണ് വകുപ്പുമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുള്ളത്. മേൽപ്പറഞ്ഞ ഓരോ വിഷയവും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നതാണ്. അതിനാൽ ഇക്കാര്യത്തിൽ ഹൈക്കോടതി ജഡ്‌ജി നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണംതന്നെ നടത്തണം. അതിന് സർക്കാർ തയ്യാറാകണം.

​

എക്‌സൈസ് വകുപ്പിലും നടന്നത് അഴിമതിക്കുള്ള നീക്കമാണ് . വകുപ്പുമന്ത്രി എം ലിജു അറിയാതെ മുഖ്യമന്ത്രി നേരിട്ടാണ് അഴിമതി മണക്കുന്ന നടപടികൾ കൈക്കൊള്ളുന്നതെന്നാണ് ആരോപണം. എന്നാൽ, ഇത് പൂർണമായും വിശ്വസിക്കാൻ കഴിയാത്ത വസ്‌തുതകളും പുറത്തുവരികയുണ്ടായി. ബാർ ഉടമകളിൽനിന്ന്‌ പണം വാങ്ങുന്നവരുടെ പേരുകൾ എക്‌സൈസ് കമീഷണർ വെളിപ്പെടുത്തിയപ്പോൾ അതിൽ വകുപ്പുമന്ത്രിക്ക് ബന്ധമുള്ള ബാർ ഏതെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി.


വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാൻ തീരുമാനിച്ചതും വിമാനത്താവളത്തിൽ ട്രാൻസിറ്റ് ലോഞ്ചിലൂടെ യാത്ര ചെയ്യുന്നവർക്ക് മദ്യം വിൽക്കാൻ ബാർ തുറക്കാൻ അനുവദിച്ചതും മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലെ ബാറുകൾക്ക് ശരവേഗത്തിൽ ലൈസൻസ് പുതുക്കിനൽകിയതുംമറ്റും വിരൽചൂണ്ടുന്നത് അഴിമതിയിലേക്കാണ്. പ്രതിപക്ഷവിമർശം ശക്തമായപ്പോൾ പല തീരുമാനങ്ങളും പിൻവലിക്കേണ്ടി വന്നു. രോഷാകുലരായ മുഖ്യമന്ത്രിയും മന്ത്രിയും എൽഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങളാണ് എഫ്എൽ7 ലൈസൻസ് നൽകാൻ എക്‌സൈസ് കമീഷണർക്ക് അധികാരം നൽകിയതെന്ന പച്ചക്കള്ളം തട്ടിവിട്ടു. ഉമ്മൻചാണ്ടി സർക്കാരാണ് തീരുമാനം എടുത്തതെന്ന് വ്യക്തമായതോടെ ഇവർക്ക് മിണ്ടാട്ടമില്ലാതായി.


​ഇതിന്റെ തുടർച്ചതന്നെയാണ് ഉന്നതവിദ്യാഭ്യാസരംഗത്തും നടക്കുന്നത്. സ്വാശ്രയ മാനേജ്മെന്റുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെ, ഈ മന്ത്രിസഭ സെപ്‌തംബറിൽ പുറത്തിറക്കിയ ഉത്തരവ് പിച്ചിച്ചീന്തി സ്വകാര്യ, സ്വാശ്രയ കോളേജുകൾക്ക് ഇഷ്ടംപോലെ കോഴ്സുകൾ അനുവദിക്കാമെന്ന പുതിയ ഉത്തരവ് ഇറക്കി. അഴിമതി ലക്ഷ്യമിട്ടുള്ള ഈ തീരുമാനം ഉന്നതവിദ്യാഭ്യാസമേഖലയെ തകിടംമറിക്കുന്നതാണ്. പാവപ്പെട്ട കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്നതിലേക്ക് നയിക്കുന്ന തീരുമാനമാണിത്. സർക്കാർ, എയ്ഡഡ് കോളേജുകളുടെ നിലനിൽപ്പുപോലും ഇത് അപകടത്തിലാക്കും.


ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടായിരുന്ന സർക്കാർ മേൽനോട്ടവും നിയന്ത്രണവും ഇല്ലാതാകുന്നതോടൊപ്പം, സാമൂഹ്യനീതി നടപ്പാക്കുമെന്ന മുൻസർക്കാരിന്റെ ഗ്യാരന്റിയുമാണ് ഇല്ലാതാകുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണം അതിവേഗം നടപ്പാക്കുന്ന യുഡിഎഫ് സർക്കാർ ഇപ്പോൾ വാണിജ്യവൽക്കരണത്തിനും കളമൊരുക്കിയിരിക്കുകയാണ്. കേരളത്തിലും ജന്തർമന്തറിന് സമയമായി. കാലടി സർവകലാശാലയിൽ അതിന്റെ ആരംഭംകുറിച്ചിരിക്കുകയാണ്.

​

പൊതുജനാരോഗ്യമേഖലയെ തകർത്ത് സ്വകാര്യമേഖലയ്‌ക്ക് വഴിതുറക്കുന്നതിനെക്കുറിച്ച് ഇതേ പംക്തിയിൽ മുമ്പ്‌ പരാമർശിച്ചതാണ്. ഇപ്പോൾ നിർമാണമേഖലയിലെ ഊരാളുങ്കൽ സൊസൈറ്റിയെ തകർത്ത് സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാവുകയാണ് സർക്കാർ. റേഷൻ സംവിധാനത്തിൽനിന്ന്‌ ഗുണഭോക്താക്കളെ കൂട്ടത്തോടെ പുറത്താക്കുന്നു. ആസൂത്രണംപോലും സ്വകാര്യ കൺസൾട്ടൻസി വഴിയാക്കാനാണ് നീക്കം. സ്വകാര്യ മൂലധനത്തിന് അനുകൂലമായ വഴികൾ ഒരുക്കാനാണിത്.


ജനങ്ങൾ കേന്ദ്രബിന്ദുവാകാത്ത ‘സ്‌മാർട്ട്‌’ ആസൂത്രണമായതിനാൽ സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറാക്കുന്ന ചർച്ചകളിൽനിന്ന്‌ മന്ത്രിമാരെയും പുറത്തുനിർത്തിയിരിക്കുകയാണ്. സർക്കാർ പുറമ്പോക്കുഭൂമിയിലെ പാറഖനനം ടെൻഡർ ഒന്നുമില്ലാതെ ക്വാറിമാഫിയകൾക്ക് നൽകുകയാണ്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ തകർത്ത് പിൻവാതിൽ നിയമനം നടത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളും അടച്ചിടാനാണ് നീക്കം. ആറുമാസം മാത്രം പ്രായമാകുന്ന സർക്കാർ കൈക്കൊണ്ടുവരുന്ന ഇത്തരം ജനദ്രോഹ വികസനവിരുദ്ധ നടപടികളിൽനിന്ന് പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട് 26ന് മണ്ഡലം കേന്ദ്രമാക്കി നടത്തുന്ന എൽഡിഎഫ് പ്രക്ഷോഭം വിജയിപ്പിക്കാൻ ജനങ്ങൾ മുന്നോട്ടുവരേണ്ടതുണ്ട്‌.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home