എങ്ങും സന്തോഷം


പിണറായി വിജയൻ
Published on Oct 31, 2025, 11:43 PM | 5 min read
കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്. ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട സുപ്രധാന പ്രഖ്യാപനത്തിനുകൂടി കേരളം സാക്ഷ്യംവഹിക്കുകയാണ്. ലോകത്തിലെതന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍മാത്രം കൈവരിച്ചതും ഏതൊരു പുരോഗമനസമൂഹവും സ്വപ്‌നം കാണുന്നതുമായ ‘അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് ഉയരുകയാണ്. കണക്കുകളിലെ നേട്ടത്തിനപ്പുറം, ഭക്ഷണമില്ലാത്ത, വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം. ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവികമാതൃകയാണിത്.
ആദ്യ മന്ത്രിസഭായോഗ തീരുമാനം
2021ല്‍ അധികാരത്തില്‍വന്ന എൽഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തില്‍ത്തന്നെ എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജനം. 1032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ ക്ലേശഘടകങ്ങളായി കണക്കാക്കി കണ്ടെത്തിയത്. അവരെയാണ് അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കുന്നത്.
കേവലം സാമ്പത്തികസഹായം നല്‍കുന്ന ക്ഷേമപദ്ധതിയല്ല അതിദാരിദ്ര്യനിര്‍മാര്‍ജന ദൗത്യം. മറിച്ച്, ദാരിദ്ര്യത്തെ അതിന്റെ എല്ലാ രൂപത്തിലും നിര്‍വചിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്ത ഒരു സമഗ്ര ജനകീയമുന്നേറ്റമാണിത്. ദാരിദ്ര്യത്തെ വരുമാനം എന്ന ഒറ്റ അളവുകോലില്‍ ഒതുക്കാതെ, വിശപ്പ്, രോഗം, ഭവനം, തൊഴില്‍ തുടങ്ങിയ സാമൂഹ്യവും ആരോഗ്യപരവുമായ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഏറ്റവും ദുര്‍ബലരായ 64,006 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. അവർക്കായി സൂക്ഷ്‌മപദ്ധതി തയ്യാറാക്കി. ഭക്ഷണം, ആരോഗ്യ പരിരക്ഷ, സുരക്ഷിത ഭവനം എന്നിവയ്ക്കുപുറമെ സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള ഉപജീവനമാര്‍ഗങ്ങളും ഉള്‍പ്പെടുത്തി. സാമൂഹ്യസുരക്ഷാ സംവിധാനങ്ങളില്‍പ്പോലും ഉള്‍പ്പെടാത്ത, അരികുവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തിയുള്ള ഈ സര്‍ക്കാര്‍നടപടി, നവകേരളം മുന്നോട്ടുവയ്‌ക്കുന്ന മാനുഷികവും സമഗ്രവുമായ വികസനകാഴ്‌ചപ്പാടിന്റെ അടിത്തറയാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും തദ്ദേശഭരണസ്ഥാപനങ്ങളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ജനകീയ ഇടപെടലാണ് ഈ നേട്ടത്തിനുപിന്നില്‍. എല്ലാ പൗരന്മാര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് വെളിവാകുന്നത്.

ഒരുപതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന നവകേരള നിര്‍മാണപ്രക്രിയയുടെ സ്വാഭാവികമായ തുടര്‍ച്ചയാണ് അതിദാരിദ്ര്യനിര്‍മാര്‍ജന നേട്ടം. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, പശ്ചാത്തലസൗകര്യ വികസനം എന്നീ മേഖലകളിലെ പ്രധാന മിഷനുകളിലൂടെയാണ് നാം സാമൂഹ്യവികസനത്തില്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞംവഴി പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി. ആര്‍ദ്രം പദ്ധതിവഴി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ ശക്തിപ്പെടുത്തി സമഗ്രമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. നെല്‍വയലുകളും ജലാശയങ്ങളും വീണ്ടെടുത്തു. ഹരിതകേരളം പദ്ധതിയിലൂടെ നാടിന്റെ ഹരിതാഭ തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിച്ചു.
സ്വന്തം വീട് എന്ന സ്വപ്‌നം
ലൈഫ് മിഷന്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരിടം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി. ഭവനനിര്‍മാണത്തില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര വേഗത്തിലാണ് ലൈഫ് മിഷന്‍ മുന്നോട്ടുപോയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച്, ലോകം ഉറ്റുനോക്കുന്ന പദ്ധതിയായി വളര്‍ന്ന ലൈഫ് മിഷന്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് സമ്മാനിച്ചത്. അഞ്ചുലക്ഷത്തോളം വീടുകള്‍ നല്‍കി. ഒന്നരലക്ഷത്തോളം വീടുനിര്‍മാണം പുരോഗമിക്കുകയാണ്.
ക്ഷേമകാര്യങ്ങളില്‍ സമാനതകളില്ലാത്ത ഇടപെടലുകളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. 62 ലക്ഷംപേര്‍ക്കാണ് മാസംതോറും 1600 രൂപവീതം ക്ഷേമപെന്‍ഷൻ നല്‍കുന്നത്. ഇന്നുമുതല്‍ 2000 രൂപയായി. കുടിശ്ശിക വരുത്താതെ ഇത്രയുംപേര്‍ക്ക് ഇത്രയും ഉയര്‍ന്ന തുക ക്ഷേമപെന്‍ഷനായി നല്‍കുന്ന, ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാ പദ്ധതിയുള്ള ഏകസംസ്ഥാനമാണ് കേരളം.

നിലവിലെ ക്ഷേമപദ്ധതികള്‍ക്കുപുറമെ ചിലതിനുകൂടി തുടക്കമിടുകയാണ്. ഇതിലേറ്റവും പ്രധാനമാണ് സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി. 35 മുതല്‍ 60 വയസ്സുവരെയുള്ള, ഏതെങ്കിലും സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത എഎവൈ (മഞ്ഞക്കാര്‍ഡ്), പിഎച്ച്എച്ച് (മുന്‍ഗണനാ വിഭാഗം പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് എല്ലാ മാസവും 1000 രൂപവീതം നല്‍കും. 31.34 ലക്ഷംപേരാണ് ഗുണഭോക്താക്കള്‍. വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപെൻഡ് അഥവാ സാമ്പത്തികസഹായം നല്‍കുന്നതിനായി കണക്ട് ടു വര്‍ക് സ്‌കോളര്‍ഷിപ് എന്ന പദ്ധതിയും ആരംഭിക്കുകയാണ്. 18 മുതല്‍ 30 വയസ്സുവരെയുള്ള യുവജനങ്ങള്‍ക്ക് മാസംതോറും 1000 രൂപവീതം ധനസഹായം ലഭിക്കും.
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അവയുടെ ഫലമായി എട്ട് സര്‍വകലാശാലകള്‍ക്കും 359 കോളേജുകള്‍ക്കും നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. ഇതില്‍ 82 കോളേജുകള്‍ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് ഇത് ലഭിച്ചത്. മികച്ച കോളേജുകളുടെ ആദ്യത്തെ നൂറ് റാങ്കിനുള്ളില്‍ സംസ്ഥാനത്തെ 16 കോളേജുകളുണ്ട്. അവയില്‍ നാലെണ്ണം സര്‍ക്കാര്‍ കോളേജുകളാണ്.
വ്യവസായവികസനം
അഭൂതപൂര്‍വമായ നേട്ടങ്ങളാണ് വ്യവസായമേഖലയില്‍ നാം കൈവരിച്ചത്. 2016ല്‍ കേരളത്തിന്റെ വ്യാവസായികവളര്‍ച്ച 12 ശതമാനമായിരുന്നത്, ഇന്ന് 17 ശതമാനമായി ഉയര്‍ന്നു. മാനുഫാക്ചറിങ് സെക്ടറിന്റെ സംഭാവന 2016ല്‍ 9.8 ശതമാനമായിരുന്നു. ഇന്നത് 14 ശതമാനമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് കേരളം എത്തുന്ന നിലയിലേക്ക് സര്‍ക്കാര്‍ വ്യവസായമേഖലയെ വളര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കെ- സ്വിഫ്റ്റ് എന്ന സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനത്തിന്റെയും വ്യവസായസ്ഥാപനങ്ങളില്‍ പരിശോധനാസംവിധാനത്തിന്റെയും ഒക്കെ ഫലമായാണ് ഈ നേട്ടം. സംരംഭകവര്‍ഷം പദ്ധതി ദേശീയപ്രശംസ പിടിച്ചുപറ്റി. 3,56,016 സംരംഭങ്ങള്‍ ആരംഭിച്ചു. 22,900 കോടി രൂപയുടെ നിക്ഷേപവും 7,56,508 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഒരുലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകളാണ്. ഇപ്പോള്‍ സംരംഭങ്ങളുടെ എണ്ണം നാലുലക്ഷത്തിലേക്ക് എത്തുകയാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഒന്പതരവര്‍ഷത്തിനുള്ളില്‍ 7200ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരികയും വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്തു. പരമ്പരാഗത വ്യവസായമേഖലയെ കൈപിടിച്ചുയര്‍ത്താനും സര്‍ക്കാരിന് കഴിഞ്ഞു. പരമ്പരാഗതമേഖലയ്ക്കുള്ള ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിന് 2011-–16 കാലത്ത് 210 കോടി രൂപമാത്രമായിരുന്നു വകയിരുത്തിയതെങ്കില്‍ കഴിഞ്ഞ ഒന്പതുവര്‍ഷത്തിനിടെ 700 കോടിയോളം രൂപ ചെലവഴിച്ചു.

കാര്‍ഷികമേഖലയും വൻവളര്‍ച്ച രേഖപ്പെടുത്തിയ ഭരണകാലമാണിത്. 2016ല്‍ രണ്ടുശതമാനമായിരുന്ന കാര്‍ഷിക വളര്‍ച്ചനിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍, ഇന്നത് രണ്ടരലക്ഷം ഹെക്ടറിലേക്ക് വളർന്നു. നെല്ലിന്റെ ഉൽപ്പാദനക്ഷമത ഹെക്ടറിന് 4.56 ടണ്ണായി വര്‍ധിച്ചു. പച്ചക്കറി ഉൽപ്പാദനം ഏഴുലക്ഷം മെട്രിക് ടണ്ണായിരുന്നത് 16 ലക്ഷം മെട്രിക് ടണ്ണായി. കാര്‍ഷിക മൂല്യവര്‍ധന ലക്ഷ്യംവച്ചുള്ള പാര്‍ക്കുകള്‍ക്ക് തുടക്കംകുറിച്ചു. രാജ്യത്ത് ആദ്യമായി പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും താങ്ങുവില ഏര്‍പ്പെടുത്തി. ഒമ്പതരവര്‍ഷംകൊണ്ട് 15,000 കോടിയോളം രൂപ വിപണി ഇടപെടലിനുമാത്രമായി ചെലവഴിച്ചു.
കഴിഞ്ഞ നാലുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ തനത് നികുതിവരുമാനം 47,000 കോടി രൂപയില്‍നിന്ന് 81,000 കോടിയായി വര്‍ധിച്ചു. ആകെ തനത് വരുമാനമാകട്ടെ 55,000 കോടിയില്‍നിന്ന് 1,04,000 കോടിയായി. എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. ഈ സാമ്പത്തികവര്‍ഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം വഹിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. പിഎസ്‌സിയിലൂടെ ഒമ്പതുവര്‍ഷംകൊണ്ട് മൂന്നുലക്ഷത്തോളം നിയമനം നടത്തി. ഉദ്ദേശം 40,000 തസ്തിക സൃഷ്ടിച്ചു. ഭിന്നശേഷിക്കാര്‍ക്ക് നാലുശതമാനം സംവരണം ഉറപ്പാക്കി. സര്‍ക്കാര്‍ ഓഫീസുകളിൽ ഇ-–ഓഫീസും ഓണ്‍ലൈന്‍ പോര്‍ട്ടലുകളുംവഴി ഫയല്‍നീക്കവും അപേക്ഷാനടപടികളുമെല്ലാം ഓണ്‍ലൈനാക്കി.
അടിസ്ഥാനസൗകര്യത്തിന് കിഫ്ബി
ഇതിനുപുറമെ അടിസ്ഥാനസൗകര്യ മേഖലയെ പാടേ മാറ്റിമറിച്ച് കിഫ്ബി മുന്നേറ്റം തുടരുകയാണ്. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ അപ്രത്യക്ഷമാക്കുന്നതില്‍ കിഫ്ബി വലിയ പങ്കുവഹിച്ചു. 90,000 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി മുഖേനമാത്രം അടിസ്ഥാനസൗകര്യ മേഖലയിലുണ്ടായി. സ്‌കൂളുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയും സര്‍ക്കാര്‍ ആശുപത്രികളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് മെച്ചപ്പെടുത്തിയും പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിച്ചും കിഫ്ബി മുന്നേറുകയാണ്. തീരദേശ, മലയോര ഹൈവേകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നമ്മുടെ ഗതാഗത ഭൂപടംതന്നെ മാറ്റിവരയ്ക്കുകയാണ്.

സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്ന നിരവധി മറ്റ് വന്‍കിട പദ്ധതികളും യാഥാര്‍ഥ്യമായി. ദീര്‍ഘകാലമായി മുടങ്ങിയ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കി. ദേശീയപാതാ വികസനം നാല്, ആറ് വരികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നത് സാമ്പത്തികവളര്‍ച്ചയ്ക്ക് പുതിയ ഊര്‍ജം നല്‍കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തെ ആഗോള വാണിജ്യ ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റും. കൂടാതെ കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ഉറപ്പാക്കുന്ന കെ–-ഫോണ്‍ യാഥാര്‍ഥ്യമാക്കിയതിലൂടെ കേരളം ഒരു ‘ഡിജിറ്റല്‍ ഹൈവേ'തന്നെ സൃഷ്ടിച്ചു.
സാധാരണക്കാർക്ക് ആശ്വാസം
നവകേരളം എന്ന ലക്ഷ്യം ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ നിയമസഭ പാസാക്കിയ അഞ്ച് സുപ്രധാന ബില്ലുകള്‍ ജനജീവിതത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നവയാണ്. കേരള പൊതു സേവനാവകാശ ബില്‍, 2025 വഴി പൗരന്മാര്‍ക്ക് സമയബന്ധിതമായി സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുകയും കാലതാമസമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥയും ചെയ്യുന്നു. വീടും പുരയിടവും ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള സംരക്ഷണം കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍ ഉറപ്പുനല്‍കുന്നു. ചെറിയ അളവിലുള്ള അധിക ഭൂമി കൈവശമുള്ളവര്‍ക്ക് ഉടമസ്ഥാവകാശം ക്രമവൽക്കരിച്ച് നല്‍കി പതിറ്റാണ്ടുകളായുള്ള ഭൂമിപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതാണ് കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവൽക്കരണ) ബില്‍. ഭരണതലത്തിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും മലയാളഭാഷയുടെ ഉപയോഗം നിര്‍ബന്ധമാക്കുന്ന മലയാളഭാഷാ ബില്‍ നമ്മുടെ മാതൃഭാഷാ സംരക്ഷണത്തിനും ഭരണസംവിധാനം സാധാരണക്കാരന് കൂടുതല്‍ പ്രാപ്യമാക്കുന്നതിനും ഉപകാരപ്രദമാണ്. വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വന്യജീവി ആക്രമണങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കേരള വന (ഭേദഗതി) ബില്‍.
സാമൂഹ്യപുരോഗതിയുടെയും വികസനത്തിന്റെയും സൂചികകളില്‍ കേരളം എപ്പോഴും ഇന്ത്യക്ക് മാതൃകയായി നിലകൊള്ളുന്നു. മികച്ച ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, കുറഞ്ഞ ശിശുമരണനിരക്ക് എന്നിവയിലെല്ലാം കേരളം മുന്‍പന്തിയിലാണ്. അതിദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കുക എന്ന ചരിത്രപരമായ പ്രഖ്യാപനത്തോടെ, നാം ലോകത്തിനുമുന്നില്‍ ഒരു പുതിയ മാതൃകകൂടി സ്ഥാപിച്ചിരിക്കുകയാണ്.
സമത്വം, സാമൂഹ്യനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില്‍ അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവിദിനത്തില്‍ ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവിദിനാശംസകള്‍!












