ആരോഗ്യകേരളം പ്രതിസന്ധിയിലേക്ക്

മീര നിമേഷ്
Published on Aug 24, 2026, 01:30 AM | 3 min read
കേരളത്തിന്റെ പൊതുജനാരോഗ്യരംഗം ലോകത്തിനുതന്നെ മാതൃകയായി ഉയർത്തിക്കാട്ടപ്പെടുന്നതിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ശക്തമായ പൊതുആരോഗ്യസംവിധാനവും സാമൂഹിക ബോധവും ആരോഗ്യപ്രവർത്തകരുടെ അർപ്പണബോധവും അതിൽ പ്രധാനമാണ്. ഈ നേട്ടങ്ങളുടെ അടിത്തറയിൽ പ്രവർത്തിക്കുന്ന വലിയ വിഭാഗമാണ് ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ. ആരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെ വ്യാപിച്ചുകിടക്കുന്ന ഇൗ സേവന ശൃംഖലയിൽ ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, കൗൺസലർമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങി പതിനേഴായിരത്തോളം വരുന്ന ജീവനക്കാരാണ് എൻഎച്ച്എമ്മിന് കീഴിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഇവരുടെ സേവനം അനിവാര്യമാണ്.
കോവിഡ് മഹാമാരിയും നിപാ പ്രതിരോധ പ്രവർത്തനങ്ങളും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളും കേരളം വിജയകരമായി കൈകാര്യം ചെയ്തതിൽ എൻഎച്ച്എം ജീവനക്കാരുടെ പങ്ക് നിർണായകമായിരുന്നു. ജീവൻ പണയംവച്ചും കുടുംബത്തെപ്പോലും മറന്നും അവർ നിർവഹിച്ച സേവനം കേരള ജനത എന്നും ഓർക്കും. കോവിഡ് സമയങ്ങളിൽ ഉണ്ടായിരുന്ന സിഎഫ്എൽടിസിയിൽ ഭൂരിഭാഗവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന എൻഎച്ച്എം ജീവനക്കാരായിരുന്നു. എന്നാൽ ഇന്ന് ഈ മേഖലയാകെ വലിയ പ്രതിസന്ധിയിലാണ്. വർഷങ്ങളായി സേവനം ചെയ്യുന്ന ജീവനക്കാർ തൊഴിൽ സുരക്ഷയില്ലായ്മ, പിരിച്ചുവിടൽ ഭീഷണി, ശമ്പള കുടിശ്ശിക, സ്ഥിരനിയമനത്തിന്റെ അഭാവം, സാമൂഹ്യ സുരക്ഷാ പരിരക്ഷകളുടെ കുറവ് തുടങ്ങി പ്രശ്നങ്ങൾ നേരിടുകയാണ്.
സംസ്ഥാനത്ത് നിരവധി എൻഎച്ച്എം ജീവനക്കാർ 10 മുതൽ 20 വർഷംവരെ സേവനം ചെയ്തവരാണ്. അവരുടെ ഭാവി ഓരോ വർഷവും കരാർ പുതുക്കലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇതൊരു തൊഴിലാളി വിഭാഗത്തോടുള്ള അനീതിമാത്രമല്ല, പൊതുജനാരോഗ്യ സംവിധാനത്തിന്റെ സ്ഥിരതയെയും ബാധിക്കുന്ന വിഷയമാണ്. കരാർ പുതുക്കുന്നതുതന്നെ പെർഫോമൻസ് അപ്രൈസൽ മുഖേനയാണ്. ഇതിന് പുറമേ തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കാത്ത അവസ്ഥയും തുടരുകയാണ്. സ്ഥിരം ജീവനക്കാർ ചെയ്യുന്ന അതേ ജോലികൾ നിർവഹിക്കുന്ന എൻഎച്ച്എം ജീവനക്കാർക്ക് വളരെ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ജീവനക്കാരുടെ കാലാവധി ഒരു വർഷത്തിൽനിന്ന് കേവലം മൂന്നു മാസമായി ചുരുക്കിയത്.
കുടുംബജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ചെലവുകൾ, വായ്പാ തിരിച്ചടവുകൾ എന്നിവയെ എല്ലാം ഇത് ബാധിക്കും. ജീവിതത്തിന്റെ മികച്ച കാലഘട്ടം ആരോഗ്യമേഖലയ്ക്ക് സമർപ്പിച്ച തൊഴിലാളികൾക്ക് വാർധക്യത്തിൽപ്പോലും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥ ആശങ്കാജനകമാണ്. ഇതോടൊപ്പം, ജീവനക്കാരുടെ കുറവ് കാരണം ജോലിഭാരവും വർധിച്ചുവരികയാണ്. ഒരു ജീവനക്കാരൻതന്നെ പല ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ട സാഹചര്യമാണ്. അതിനാൽ എൻഎച്ച്എം മേഖലയെ ശക്തിപ്പെടുത്തുന്നതിന് പകരം ജീവനക്കാരെ പിരിച്ചുവിടുകയോ പദ്ധതി ചുരുക്കുകയോ ചെയ്യുന്ന സമീപനം ആരോഗ്യരംഗത്തിന് വലിയ തിരിച്ചടിയാകും. ശമ്പളവിതരണം തടസ്സപ്പെടുന്നതും നിയമനങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതും പൊതുജനാരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയെ ബാധിക്കും.
എൻഎച്ച്എം ദുർബലമായാൽ അതിന്റെ ആഘാതം ആദ്യം അനുഭവിക്കുക സാധാരണ ജനങ്ങളായിരിക്കും. ഗ്രാമീണ മേഖലയിലെ ആരോഗ്യസേവനങ്ങൾ ദുർബലമാകും. ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം വർധിക്കും. പ്രതിരോധ ആരോഗ്യപ്രവർത്തനങ്ങൾ പിന്നോട്ടുപോകും. സാധാരണ ജനങ്ങൾ കൂടുതൽ സ്വകാര്യ ആരോഗ്യമേഖലയെ ആശ്രയിക്കേണ്ടിവരും. ഇത് ആരോഗ്യച്ചെലവ് വർധിപ്പിക്കുകയും സാധാരണ കുടുംബങ്ങളെ സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും. കേരളത്തിൽ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ നിരവധി ഇടപെടലുകൾ നടന്നിട്ടുണ്ട്. ആർദ്രം മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ വഴി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും ആരോഗ്യ സേവനങ്ങളുടെ ലഭ്യതയും നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്തു. ഈ മാറ്റങ്ങൾ യാഥാർഥ്യമാക്കുന്നതിൽ എൻഎച്ച്എം ജീവനക്കാരുടെ പങ്ക് നിർണായകമായിരുന്നു.
അതുകൊണ്ടുതന്നെ എൻഎച്ച്എം ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഒരു തൊഴിലാളി വിഭാഗത്തിന്റെ ആവശ്യം മാത്രമല്ല; കേരളത്തിന്റെ പൊതുജനാരോഗ്യ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണ്. തൊഴിൽ സുരക്ഷ ഉറപ്പാക്കുക, സമയബന്ധിതമായി ശമ്പളം വിതരണം ചെയ്യുക, ദീർഘകാലം സേവനം ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ നീതിപൂർവവും യുക്തിസഹവുമാണ്.
പൊതുജനാരോഗ്യ പരിപാലനം ജനങ്ങളുടെ അവകാശമായി കണ്ടുള്ള സമീപനമാണ് ഈ മേഖലയെ മുന്നോട്ട് നയിക്കാൻ വേണ്ടത്. ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തുകയും അതിനായി പ്രവർത്തിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്വം. നിലവിലെ ആരോഗ്യസംവിധാനത്തിന് വെല്ലുവിളിയാണ് പടർന്നുകൊണ്ടിരിക്കുന്ന ഷിഗല്ല എന്ന രോഗം, ആരോഗ്യസംവിധാനങ്ങൾ ഒരുമിച്ചുനിന്നാൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാകുകയുള്ളൂ. അതിനുപകരം ജീവനക്കാരുടെ മനോവീര്യത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ ചെയ്യുന്നത്.
സമാന പ്രോജക്ടുകളിൽ ജോലി ചെയ്യുന്നവർക്കും ഇതേ അനുഭവമാണ് നേരിടുന്നത്. വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരെ അകാരണമായി പിരിച്ചുവിടുകയും കൂട്ടമായി സ്ഥലംമാറ്റുകയും ചെയ്യുന്നതിനെതിരെ വൻ പ്രക്ഷോഭമാണ് സിഐടിയു ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുക എന്ന സമീപനമാണ് കഴിഞ്ഞകാലങ്ങളിൽ എല്ലാം സ്വീകരിച്ചിരിക്കുന്നത്. ആർദ്രം മിഷൻ കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, നിപാ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ആരോഗ്യരംഗത്തെ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.
പൊതുജനാരോഗ്യം അവകാശമാണെന്നും സർക്കാർ ഉത്തരവാദിത്വമാണെന്നുമുള്ള കാഴ്ചപ്പാടാണ് ഈ ഇടപെടലുകൾക്കു പിന്നിൽ ഉണ്ടായിരുന്നത്. അതുകൊണ്ടാണ് കേരളത്തിന് ദേശീയതലത്തിൽ ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്. എന്നാൽ ഇന്ന് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന സമീപനം തികച്ചും നിരാശാജനകവും ആശങ്ക ഉണ്ടാക്കുന്നതുമാണ്. സേവനങ്ങൾ ചുരുക്കാനും ചെലവ് കുറയ്ക്കാനുമുള്ള സമീപനം ശക്തമാകുകയാണ്. വെറും പണം ചെലവിടലായി മാത്രം ആരോഗ്യരംഗത്തെ കാണുന്ന സമീപനം ജനങ്ങളുടെ ആരോഗ്യ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ്. ആരോഗ്യരംഗം രാഷ്ട്രീയവൽക്കരിക്കുന്ന നടപടികൾ ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
(ലേഖിക എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷൻ- (സിഐടിയു) ജനറൽ സെക്രട്ടറിയാണ്)














