പിഎസ്സിക്കെതിരായ നീക്കം ആസൂത്രിതം


പി രാജീവ്
Published on Nov 13, 2026, 01:30 AM | 5 min read
ബ്രസീലിലെ തെരഞ്ഞെടുപ്പുവിജയശേഷം പ്രസിഡന്റ് ലുല ഡ സിൽവ തന്റെ വിജയത്തെ നുണകൾക്കും നിഷേധവാദ (denialism)ത്തിനും ജനങ്ങൾ സമ്മാനിച്ച പരാജയമാണെന്നാണ് വിശേഷിപ്പിച്ചത്. തർക്കരഹിതമായ വസ്തുതകളെയും ശാസ്ത്രീയധാരണകളെയും ചരിത്രവസ്തുതകളെയും നിഷേധിക്കുകയും പടച്ചുണ്ടാക്കിയ നുണകളും ചരിത്രവിരുദ്ധ ആശയങ്ങളും പകരം സ്ഥാപിക്കുകയും ചെയ്യുന്നതാണ് നിഷേധവാദം. കേരളത്തിൽ നുണ വിജയിച്ച തെരഞ്ഞെടുപ്പിനുശേഷവും നുണനിർമാണ ഫാക്ടറികൾ ശക്തമാണ്.
അതിനായി നേരത്തേ സൃഷ്ടിക്കാൻ ശ്രമിച്ച ആഖ്യാനം അവർ പിന്തുടരുന്നു. ഏറ്റവും കൂടുതൽപേർ തൊഴിലിനായി പരീക്ഷ എഴുതുന്ന സംവിധാനമാണ് പിഎസ്സി. ഓരോ പരീക്ഷയിലും കൂടുതൽപേരും പുറന്തള്ളപ്പെടുകയും ചുരുക്കംപേർ പട്ടികയിൽ ഇടംതേടുകയും ചെയ്യും, ഒരാൾ നന്നായി എഴുതാത്തതുകൊണ്ടല്ല മറ്റൊരാൾ അതിനേക്കാൾ നന്നായി എഴുതുന്നതുകൊണ്ടും അഭിമുഖത്തിൽ മികച്ച പ്രകടനം നടത്തുന്നതുകൊണ്ടുമാണ് റാങ്ക്പട്ടികയിൽ ഇടംപിടിക്കുന്നത്.
എന്നാൽ, പിഎസ്സിയിൽ നടക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന പ്രചാരവേല പൊതുബോധമാക്കിയാൽ തങ്ങൾ പട്ടികയിൽ ഉൾപ്പെടാതെ പോയത് ഇതുകൊണ്ടാണെന്ന് ലക്ഷക്കണക്കിനാളുകൾ ചിന്തിച്ചുപോകുമെന്ന് ഇവർക്ക് അറിയാം. അതുവഴി ഇടതുപക്ഷവിരുദ്ധത ശക്തിപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യം.
പിഎസ്സിക്കെതിരായ അന്വേഷണം നിയമവിരുദ്ധം
പിഎസ്സി ചെയർമാനും അംഗങ്ങൾക്കുമെതിരെ പൊലീസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്നത് നിയമവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനവുമാണ്. 2018ൽ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തി കൂട്ടിച്ചേർത്ത 17A(3) പ്രകാരം, വഹിക്കുന്ന സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ അധികാരമുള്ള സംവിധാനത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായ പ്രവൃത്തികളിൽ അന്വേഷണം നടത്താൻ പാടില്ല.
യശ്വന്ത് സിൻഹയുടെ ഉൾപ്പെടെ നിരവധി കേസുകളിൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പിഎസ്സിയെ സംബന്ധിച്ച് നീക്കംചെയ്യാൻ അധികാരമുള്ള സ്ഥാപനം രാഷ്ട്രപതിയാണ്. ഉദ്യോഗസ്ഥരെ സംബന്ധിച്ചാണെങ്കിൽ അത് പിഎസ്സിതന്നെയാണ്. അഴിമതി നിരോധന നിയമത്തിൽ 17A(1) പ്രകാരം സംസ്ഥാന സർക്കാരിന് സംസ്ഥാന ജീവനക്കാരെ സംബന്ധിച്ച അന്വേഷണത്തിന് അനുമതി നൽകാൻമാത്രമാണ് അവകാശം. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ സംസ്ഥാന സർക്കാർ സ്ഥാപനമാണെന്ന നിലയിൽ കണക്കാക്കി നൽകിയ ഉത്തരവ് നിയമവിരുദ്ധമാണ്.
പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടന്നാൽ അന്വേഷിക്കേണ്ടതില്ലേ?
ഏതു പരീക്ഷയേക്കാളും യുവത പ്രതീക്ഷയോടെ കാണുന്നതാണ് പിഎസ്സിയുടേത്. അതുകൊണ്ടുതന്നെ ഏതെങ്കിലും പരാതി വന്നാൽ ഗൗരവമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിന് നിയമാനുസൃതസംവിധാനങ്ങളുണ്ട്. ഗവർണറുടെ മുൻകൂർ അംഗീകാരത്തോടെ നിയമിക്കുന്ന എസ്പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നയിക്കുന്ന വിജിലൻസ് സംവിധാനവും പ്രവർത്തിക്കുന്നു. ഇപ്പോൾ വിവാദമായ ആസൂത്രണ ബോർഡിലെ ചീഫ് പരീക്ഷയിൽ മൂല്യനിർണയത്തിൽ ഗൗരവമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. അത് നിയമാനുസൃതം അന്വേഷിക്കുകയും ബോധപൂർവമാണ് വീഴ്ചയെങ്കിൽ കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരികയും ചെയ്യണം.
എന്നാൽ, മൂല്യനിർണയത്തിന് ഉത്തരവാദികളാകാനിടയുള്ളവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് ചെയർമാനെയും അംഗങ്ങളെയും ലക്ഷ്യമിട്ടത് എന്തുകൊണ്ട്? പിഎസ്സി മാന്വലിൽ പരീക്ഷാനടത്തിപ്പിന്റെയും മൂല്യനിർണയത്തിന്റെയും ഉത്തരവാദിത്വം 11–ാം അധ്യായത്തിൽ കൃത്യമായി നിർവചിക്കുന്നുണ്ട്. അപേക്ഷ സ്വീകരിക്കുന്നതുമുതൽ പരീക്ഷ നടത്തി റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തി അഡ്വൈസ് മെമ്മോ അയക്കുന്നതുവരെ ഓരോ പ്രവൃത്തിയുടെയും വ്യത്യസ്ത തലങ്ങളിലുള്ള ചുമതലകൾ ആരൊക്കെയാണ് നിർവഹിക്കുന്നതെന്ന് മാന്വലിൽ വ്യക്തമാക്കുന്നു. താഴെതലത്തിലുള്ള ഉദ്യോഗസ്ഥർമുതൽ പരീക്ഷാ കൺട്രോളറും സെക്രട്ടറിയും വരെയുള്ളവരുടെ ചുമതലകൾ അധ്യായം ആറിലും റീജണൽ ഓഫീസിന്റെയും ജില്ലാതല ഓഫീസിന്റെയും ചുമതലകൾ തുടർ അധ്യായങ്ങളിലും വിശദീകരിക്കുന്നു.
മൂല്യനിർണയത്തിലെ പ്രശ്നം ചർച്ചയായപ്പോൾ നേരിട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരെയൊന്നും പരാമർശിക്കാതെ ചെയർമാനെയും അംഗങ്ങളെയും ലക്ഷ്യമിട്ടത് എന്തുകൊണ്ട്? കോൺഗ്രസ് അനുകൂല സംഘടനയുടെ നേതാവായിരുന്നയാളാണ് ഇപ്പോഴത്തെ സെക്രട്ടറിയെന്ന് ഒരു മാധ്യമവും ഇതുവരെ റിപ്പോർട്ട് ചെയ്തതായി കണ്ടില്ല. പരീക്ഷകളുടെ പൂർണനിയന്ത്രണമുള്ള കൺട്രോളറും ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനും അതേ സംഘടനയിൽപ്പെട്ടവരാണെന്ന വസ്തുതയും ബോധപൂർവം മറച്ചുവച്ചു.
എന്നാൽ, അതുകൊണ്ട് ബോധപൂർവം മൂല്യനിർണയത്തിൽ ഇടപെട്ടതായി പറയാൻ കഴിയില്ല. പക്ഷേ, ചെയർമാനും അംഗങ്ങൾക്കും പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോൺഗ്രസ് അനുകൂല സംഘടനാ അംഗങ്ങളെക്കൂടി ആശ്രയിക്കാതെ കഴിയില്ലെന്നു ചുരുക്കം. എന്നാൽ, സാമാന്യബുദ്ധിയനുസരിച്ച് ചിന്തിച്ചുനോക്കിയാൽ ലഭിക്കുന്ന ചിത്രം എന്തായിരിക്കും? മൂല്യനിർണയത്തിൽ ഒഴിവാക്കപ്പെട്ട ചോദ്യങ്ങൾ കഴിഞ്ഞുള്ളവയിൽ മറ്റെല്ലാവരേക്കാളും ഉയർന്ന മാർക്ക് ലഭിക്കുമെന്ന് പരീക്ഷ എഴുതുമ്പോൾത്തന്നെ ഉറപ്പുണ്ടെങ്കിലേ മാധ്യമങ്ങളിൽ ചിലത് റിപ്പോർട്ട് ചെയ്തതുപോലെ ഉദ്യോഗാർഥിക്ക് ആ ചോദ്യങ്ങൾ ഉത്തരമെഴുതാതെ വിടാൻ കഴിയുകയുള്ളൂ.
അല്ലെങ്കിൽ മൂല്യനിർണയ ക്യാമ്പിൽത്തന്നെ ഈ ചോദ്യങ്ങൾ ഒഴിവാക്കിയാൽ ജോലി ലഭിച്ചയാൾക്ക് ഒന്നാമതാകാൻ കഴിയുമെന്ന് മാർക്ക് കൂട്ടിനോക്കുന്നതിനുമുമ്പ് ഉദ്യോഗസ്ഥരിലൂടെ ചെയർമാനും അംഗങ്ങളും അറിഞ്ഞ് ഇടപെടണം. ഇത് വായിക്കുമ്പോൾത്തന്നെ തലപുകയാൻ തുടങ്ങും. ഇനി ഈ അത്ഭുതകരമായ പ്രവൃത്തി ചെയ്തുവെന്ന് പറയുന്ന ചെയർമാൻ നയിക്കുന്ന ഇന്റർവ്യൂ ബോർഡ് എത്ര ക്രൂരമായാണ് പ്രവർത്തിച്ചത്! ജോലി കൊടുക്കാൻ ഇത്രയും റിസ്ക് എടുത്ത ഉദ്യോഗാർഥിക്ക് അഭിമുഖത്തിൽ ഒന്നാംറാങ്ക് കൊടുത്തിട്ടുണ്ടാകുമെന്നാണ് മാധ്യമങ്ങൾ പറയാതെ പറഞ്ഞത്. ഇപ്പോൾ മാർക്ക് പൊതുമാധ്യമങ്ങളിലുണ്ട്.
രണ്ടുപേർക്ക് 23 മാർക്കും ഒരാൾക്ക് 19 മാർക്കും നൽകിയ ബോർഡ് ഈ വിവാദ ഉദ്യോഗാർഥിക്ക് നൽകിയത് 18 മാർക്ക് മാത്രം. അതിനേക്കാൾ കുറവ് 16 മാർക്ക് വീതം ലഭിച്ച രണ്ടുപേർക്കുമാത്രം. അഴിമതി നടത്തി ഇടതുപക്ഷ സംഘടനാ നേതാവിന് ജോലി കൊടുക്കാൻ കഷ്ടപ്പെട്ട പിഎസ്സിയാണ് 18 മാർക്ക് മാത്രം അഭിമുഖത്തിൽ നൽകിയതെന്നു ചുരുക്കം. ഈ സംഘടനാ നേതാവ് വഹിക്കുന്ന സ്ഥാനംമാത്രം അന്വേഷണാത്മക പത്രപ്രവർത്തകർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
എല്ലാം ഫിഷറീസിലെ എസ്എഫ്ഐക്കാർക്കാണോ
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്ക് നടന്ന പിഎസ്സി പരീക്ഷവഴി പട്ടികയിൽപ്പെട്ടവർ ഭൂരിപക്ഷവും ഫിഷറീസ് സർവകലാശാലയിൽ പഠിച്ചവരും എസ്എഫ്ഐക്കാരുമാണെന്നാണ് മറ്റൊരു ആരോപണം. 1979ലാണ് പനങ്ങാട് ഫിഷറീസ് കോളേജ് ആരംഭിക്കുന്നത്. 2010ൽ അത് സർവകലാശാലയായി ഉയർത്തി. 1980കൾമുതൽ ഫിഷറീസ് സയൻസ് ബിരുദധാരികൾ അപേക്ഷിക്കുന്ന തസ്തികകളിൽ സുവോളജിക്കാർക്കുംമറ്റും പരീക്ഷയെഴുതാൻ സൗകര്യമുണ്ടെങ്കിലും റാങ്ക്പട്ടികയിൽ ഉൾപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും ഇവിടെനിന്ന് ബിരുദം നേടുന്നവരാണ്.
നീറ്റ് പ്രവേശനപരീക്ഷ എഴുതി വിജയിച്ച് പ്രവേശനം കിട്ടുന്ന മിടുക്കരായ വിദ്യാർഥികൾ സവിശേഷമായി പഠിക്കുന്ന വിഷയത്തിൽ നടത്തുന്ന പിഎസ്സി പരീക്ഷയിൽ അവരെ മറികടക്കാൻ സാധാരണ ഗതിയിൽ എളുപ്പമല്ല. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പരീക്ഷയിലും ഹയർ സെക്കൻഡറി ടീച്ചർ പരീക്ഷയിലുംമറ്റും 100 ശതമാനവും ഫിഷറീസിലെ വിദ്യാർഥികൾതന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യൻ സിവിൽ സർവീസിൽ ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ടവരിൽവരെ എസ്എഫ്ഐ പ്രവർത്തകർ കടന്നുവരുന്നത് അവരുടെ മികവുകൊണ്ടാണ്. ഇത്തവണ ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽവരെ ഫിഷറീസുകാരെ സഹായിക്കാൻ ഇപ്പോഴത്തെ ചെയർമാൻമാത്രമല്ല മുമ്പുള്ളവരും ഇടപെട്ടുവത്രേ! അങ്ങനെ ഫിഷറീസിലുള്ളവർക്കെല്ലാം ചോദ്യപേപ്പർ കിട്ടിയിട്ടുണ്ടാകുമെന്ന് പരോക്ഷമായി പ്രചരിപ്പിക്കുന്നവർ അതിന്റെ കട്ട് ഓഫ് മാർക്ക് വെറും 43 ശതമാനം മാത്രമാണെന്നതെങ്കിലും അറിയേണ്ടതല്ലേ?
ഗവർണർക്ക് എന്താണ് അധികാരം
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത് മന്ത്രിസഭ അറിഞ്ഞിട്ടില്ലത്രേ. എന്നാൽ, തങ്ങളുമായി കൺസൾട്ടേഷൻ നടത്തിയിട്ടില്ലെങ്കിലും അതുകൊണ്ട് പിഎസ്സിയിലെ തെറ്റായ കാര്യങ്ങൾ മൂടിവയ്ക്കാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഭരണഘടനയനുസരിച്ച് ഗവർണർ പ്രവർത്തിക്കേണ്ടത് സർക്കാരിന്റെ ഉപദേശവും സഹായവും അനുസരിച്ചായിരിക്കണം; അല്ലാതെ മുഖ്യമന്ത്രി പറയുന്ന കൺസർട്ടേഷൻ അനുസരിച്ചല്ല.
ഇവിടെ യുവമോർച്ചയുടെ പരാതിയാണ് മന്ത്രിസഭയുടെ ശുപാർശയ്ക്കുപകരമായി പരിഗണിച്ചതായി കാണുന്നത്. എത്ര ലജ്ജാകരമാണ്. ഭരണഘടനയുടെ 170 (2) പ്രകാരം പ്രസിഡന്റ് റഫറൻസിനായി സുപ്രീംകോടതിക്ക് റഫർ ചെയ്താൽ ഗവർണർക്ക് പിഎസ്സി ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാം.
എന്നാൽ, 170(1) പ്രകാരം രാഷ്ട്രപതി നടപടി സ്വീകരിക്കുന്നതിനുമുമ്പായി ഗവർണർ ഏത് ശുപാർശ നൽകണമെങ്കിലും മന്ത്രിസഭയുടെ ശുപാർശ അനിവാര്യമാണ്. ഇക്കാര്യം സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് കഴിഞ്ഞ ആഗസ്തിൽ കർണാടക ഹൈക്കോടതി നടത്തിയ നിരീക്ഷണം പ്രസക്തമാണ്. “This court is unable to accept the contention that Article 317 confers an independent or personal discretion upon the Hon’ble Governor. The Constitutional text, the scheme of the Art 163 and 317, and the binding decisions of the Hon’ble Supreme Court all point to the same conclusion that while exercising powers under Article 317(1) and 317(2), the Hon’ble acts as the Constitutional Head of the state and is bound to act and advice of the council of Ministers.”( സ്വതന്ത്രമോ വ്യക്തിപരമോ ആയ എന്തെങ്കിലും വിവേചന അധികാരം അനുച്ഛേദം 317 ഗവർണർക്ക് നൽകുന്നുണ്ടെന്ന വാദം സ്വീകരിക്കാൻ കഴിയില്ല.
ഭരണഘടനയുടെ അന്തഃസത്തയും, അനുച്ഛേദങ്ങൾ 163, 317 എന്നിവയുടെ വ്യവസ്ഥയും സുപ്രീംകോടതിയുടെ ഉത്തരവുകളും ഒരേ രീതിയിൽ സുവ്യക്തമായി പറയുന്നത് അനുച്ഛേദം 317(1), 317(2) എന്നിവ പ്രകാരം ഗവർണർ അധികാരം പ്രയോഗിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം എന്നാണ്’’)– ഇത്രയും വ്യക്തമായ ഭരണഘടനാ നിലപാട് നിലനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി ഭരണഘടനാവിരുദ്ധ മൗനംപാലിക്കുന്നത്. യഥാർഥത്തിൽ ഇപ്പോൾ നടക്കുന്നത് കോൺഗ്രസ്–ബിജെപി കൂട്ടുകെട്ടിന്റെ ആസൂത്രിത പ്രവർത്തനമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടത്തുന്ന പിഎസ്സിയെ ഇരുട്ടിൽ നിർത്താൻ ശ്രമിക്കുന്നത് യുവാക്കൾക്കിടയിൽ ഇടതുപക്ഷവിരുദ്ധ പൊതുബോധം രൂപപ്പെടുത്താനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്.
പൊലീസ് പരീക്ഷയിൽ വിജയിക്കാത്തയാളാണത്രേ ഡിവൈഎസ്പി പട്ടികയിൽ
വസ്തുതകളുമായി ബന്ധമില്ലാത്ത പ്രചാരവേലയാണിതും. കഠിനമായ മത്സരപരീക്ഷയും അഭിമുഖവും കടന്ന് നിരവധി റാങ്ക്പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയെയാണ് എസ്എഫ്ഐക്കാരനാണെന്ന കാരണത്താൽ കള്ളക്കഥ ചമച്ച് അപമാനിക്കാൻ ശ്രമിച്ചത്. ഇനി താഴെ ലെവലിലുള്ള ഒരു ജോലിക്കായുള്ള പരീക്ഷയിൽ പരാജയപ്പെട്ട ഒരാൾക്ക് ഉയർന്ന ജോലിക്കായുള്ള പരീക്ഷയിൽ വിജയിക്കാൻ കഴിയില്ലെന്ന വിവരം എവിടെനിന്നാണാവോ ലഭിച്ചത്.
എൽഡിസി പരീക്ഷയിലും ബാങ്കിങ് ക്ലർക്ക് പരീക്ഷയിലും പരാജയപ്പെട്ട മലയാളി ഉൾപ്പെട്ട നിരവധിപേർ ഇന്ത്യൻ സിവിൽ സർവീസിലുണ്ടെന്ന കാര്യമൊന്നും ഇക്കൂട്ടർക്ക് അറിയില്ലായിരിക്കും. ടെസ്റ്റിൽ പുറകിലായിട്ടും അഭിമുഖത്തിൽ ഒന്നാമതായിയെന്ന കള്ളക്കഥയും ഇക്കൂട്ടർ അവതരിപ്പിച്ചു. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഒന്നാമതായ വ്യക്തിയെയാണ് അപമാനിച്ചത്. അതും യുപിഎസ്സിയിൽവരെ എഴുത്തുപരീക്ഷയിൽ കഷ്ടിച്ച് കടന്നുകൂടിയവർവരെ അഭിമുഖത്തിൽ ഒന്നാമതാകുന്നത് നമ്മുടെ കൺമുമ്പിലുള്ളപ്പോഴാണ് ഈ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നത്.














