ജനവിരുദ്ധതയ്ക്കെതിരെ സമരസജ്ജരാകണം

എം വി ശശിധരൻ
Published on Jun 09, 2026, 10:55 PM | 3 min read
സംസ്ഥാന ജീവനക്കാരുടെ സംഘശക്തിയായ കേരള എൻജിഒ യൂണിയന്റെ 63–-ാം സംസ്ഥാന സമ്മേളനം ജൂൺ 11, 12, 13 തീയതികളിൽ കോട്ടയത്ത് നടക്കുകയാണ്. 63 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ അഞ്ചാംതവണയാണ് അക്ഷരനഗരി സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. കഴിഞ്ഞവർഷം ആലപ്പുഴയിൽ ചേർന്ന 62–-ാം സംസ്ഥാന സമ്മേളനത്തിനുശേഷമുള്ള പൊതുസാഹചര്യങ്ങളെ വിലയിരുത്തി, ഏറ്റെടുത്ത സമരസംഘടനാ പ്രവർത്തനങ്ങൾ പരിശോധിച്ച്, വർത്തമാനകാല വെല്ലുവിളികളെ മുറിച്ചുകടന്ന് കരുത്തുറ്റ ഭാവിയിലേക്ക് മുന്നേറാനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാകും.
ഭരണത്തിൽ വ്യാഴവട്ടക്കാലം പൂർത്തിയാക്കിയ മോദിസർക്കാരിന്റെ നയങ്ങൾ രാജ്യത്തെ സർവമേഖലകളെയും പിന്നോട്ടടിപ്പിച്ചിരിക്കുകയാണ്. രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കുന്നു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണാതീതമായി. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അടിക്കടി വില വർധിപ്പിച്ച് കേന്ദ്രസർക്കാർ എരിതീയിൽ എണ്ണയൊഴിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളെ ചവിട്ടിമെതിച്ച്, കോർപറേറ്റുകൾ നിയന്ത്രിക്കുന്ന മതരാഷ്‌ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടികളാണ് മോദിസർക്കാർ സ്വീകരിക്കുന്നത്.
തൊഴിലാളികൾ ദീർഘകാലത്തെ ത്യാഗപൂർണമായ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത 29 തൊഴിൽനിയമങ്ങളെ നാല് ലേബർ കോഡുകളാക്കി മാറ്റി. വേണ്ടത്ര കൂടിയാലോചനകളോ ചർച്ചയോ കൂടാതെ പാസാക്കിയ ലേബർ കോഡുകൾ എട്ടുമണിക്കൂർ ജോലി, മിനിമം വേതനം, സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവസരം തുടങ്ങിയ തൊഴിലാളികളുടെ മൗലികാവകാശങ്ങൾപോലും നിഷേധിക്കുന്നു. സ്ഥിരം തൊഴിൽ എന്ന സങ്കൽപ്പംതന്നെ ഇല്ലാതാക്കുന്ന ലേബർ കോഡുകൾ, രാജ്യത്തെ സിവിൽ സർവീസിനും കടുത്ത ഭീഷണിയാണ്. സ്ഥിരനിയമനങ്ങൾ ഏതാണ്ട് പൂർണമായും നിർത്തലാക്കിയും കരാർ കാഷ്വൽ നിയമനങ്ങൾ സാർവത്രികമാക്കിയും പെൻഷൻ ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിച്ചും സിവിൽ സർവീസിനെ ദുർബലപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടികൾക്ക് ആക്കംകൂട്ടുന്നതാകും ലേബർ കോഡുകൾ.
കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നു. വിസ്‌മയകരമായ വികസന–ക്ഷേമ പ്രവർത്തനങ്ങളാൽ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറിയ പത്തുവർഷമാണ് കടന്നുപോയത്. സിവിൽ സർവീസിലും അനുപമമായ നേട്ടങ്ങളുടെ കാലമായിരുന്നു. അവകാശങ്ങൾ നിഷേധിച്ചും ആനുകൂല്യങ്ങൾ കവർന്നെടുത്തും രാജ്യത്താകെ സിവിൽ സർവീസിനെ ശിഥിലമാക്കുമ്പോൾ, കേരളത്തിൽ 3,15,515 പിഎസ്‌സി നിയമന ശുപാർശകൾ നൽകിയും 40,000ലധികം പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചും എൽഡിഎഫ് സർക്കാർ മാതൃക കാട്ടി.
യുഡിഎഫ് സർക്കാരിന്റെ ദുർനയങ്ങളുടെ ആദ്യ ഇരകളായി മാറിയത് കേരളത്തിലെ ജീവനക്കാരാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുംമുമ്പ് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ജീവനക്കാരെ സ്ഥലംമാറ്റാൻ ആരംഭിച്ചു. ചില സർവീസ് സംഘടനകൾ ലെറ്റർഹെഡിൽ നൽകുന്ന കത്തുകളെയും നേതാക്കളുടെ കുറിപ്പടികളെയും സൂചനകളാക്കി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയുള്ള ഉത്തരവുകൾ ഇറക്കി. നിത്യരോഗികൾ, ഭിന്നശേഷിക്കാർ, വിരമിക്കാൻ ഒരാഴ്‌ചപോലും ബാക്കിയില്ലാത്തവർ, ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾ, വിധവകൾ, ഗുരുതര രോഗത്തിന് ചികിത്സയിലിരിക്കുന്നവർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളെപ്പോലും മനുഷ്യത്വരഹിതമായി സ്ഥലംമാറ്റി. 2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ സർവീസ് സംഘടനകളുടെ ഏകകണ്ഠമായ നിർദേശങ്ങൾകൂടി പരിഗണിച്ച് ജീവനക്കാരുടെ സ്ഥലംമാറ്റത്തിനായി പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് 2017 ഫെബ്രുവരി 25ന് 3/2017 ഉത്തരവ് പുറപ്പെടുവിച്ചത്. അതനുസരിച്ച് മാനദണ്ഡപ്രകാരം പരാതിരഹിതമായി നടന്നുവന്ന ജീവനക്കാരുടെ സ്ഥലംമാറ്റമാണ് പുതിയ സർക്കാർ അധികാരമേൽക്കുംമുമ്പ് അട്ടിമറിച്ചത്.
കേരളത്തിന്റെ സാമ്പത്തികാരോഗ്യം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് എന്ന പേരിൽ വസ്‌തുത വളച്ചൊടിക്കുന്നതും തെറ്റിദ്ധാരണാജനകവുമായ ധവളപത്രം നിയമസഭയിൽ വച്ചത് കഴിഞ്ഞദിവസമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെ മാനിക്കാതെയും അർഹതപ്പെട്ട സാമ്പത്തികവിഹിതം നിഷേധിച്ചും കേരളത്തെ ശ്വാസംമുട്ടിച്ച കേന്ദ്രസർക്കാർ നടപടികളെ ധവളപത്രത്തിൽ പേരിനുപോലും വിമർശിക്കുന്നില്ല. അതേസമയം, കഴിഞ്ഞ പത്തുവർഷം സർവമേഖലകളിലും കൈവരിച്ച നേട്ടങ്ങളെ തമസ്‌കരിക്കുന്നു. കേരളം ഒരുവിധത്തിലും മുന്നോട്ടുപോകാനാകാത്ത വിധമുള്ള സാമ്പത്തികപ്രതിസന്ധിയിലാണെന്ന പൊതുബോധം സൃഷ്‌ടിച്ച് ജനങ്ങളിൽ ആശങ്കയും ഭീതിയും പടർത്തി ഇടതുപക്ഷ പുരോഗമന സർക്കാരുകളുടെ കാലത്ത് പടിക്കുപുറത്തുനിർത്തിയ ജനവിരുദ്ധ നവഉദാര നയങ്ങളെ തിരികെകൊണ്ടുവരാനാണ് ധവളപത്രത്തിലൂടെ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്.
കേരളത്തിന്റെ വളർച്ചയ്‌ക്കും സാമൂഹ്യമുന്നേറ്റത്തിനും കാരണമായ പൊതുസേവനമേഖലകളെ സ്വകാര്യവൽക്കരിക്കാനും പൊതുമേഖലാ സ്ഥാപനങ്ങളെ വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യാനും നിർദേശിക്കുന്ന ധവളപത്രം സിവിൽ സർവീസിനെ സംബന്ധിച്ച് തെറ്റായ പ്രതീതി സൃഷ്‌ടിക്കാനും ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും ശമ്പളവും പെൻഷനും പലിശയും നൽകാനായി വിനിയോഗിക്കുന്നതിനാൽ വികസനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാകുന്നില്ല എന്ന വിമർശം വസ്‌തുതകൾക്ക് നിരക്കുന്നതല്ല. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ പകുതിയോളമോ അൽപ്പം കൂടുതലോ മാത്രമാണ് മേൽപ്പറഞ്ഞ ചെലവുകൾക്കായി വിനിയോഗിക്കുന്നത്. അതിൽത്തന്നെ സിംഹഭാഗവും ചെലവഴിക്കുന്നത് പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്കാണ്.
ഫലത്തിൽ ഇന്നു കാണുന്ന കേരളത്തെ സൃഷ്‌ടിക്കുന്നതിലും അതിനെ മുന്നോട്ടുനടത്തുന്നതിലും സിവിൽ സർവീസ് വഴി നൽകുന്ന സേവനങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്ന വസ്‌തുത മറച്ചുപിടിക്കുകയാണ് ധവളപത്രം. പെൻഷൻ പ്രായം ഉയർത്തിയും ശമ്പളപരിഷ്‌കരണം പത്തുവർഷത്തിലൊരിക്കലാക്കിയും സാമ്പത്തികലാഭം ഉണ്ടാക്കാൻ നിർദേശിക്കുന്ന ധവളപത്രത്തിലെ ശുപാർശകൾ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നതാണ്. ജീവനക്കാർ വലതുപക്ഷ സർക്കാരുകളോട് നിരന്തരം സമരം ചെയ്‌ത് നേടിയെടുത്ത അഞ്ചുവർഷ തത്വം പാലിച്ചുള്ള ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെ അതിശക്തമായ ചെറുത്തുനിൽപ്പ് ഉയർത്തേണ്ടതുണ്ട്.
ആശാവർക്കർമാരുടെ വേതനവർധന, പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാന നികുതി വേണ്ടെന്നുവയ്‌ക്കൽ, പിഎം ശ്രീ പദ്ധതിനടത്തിപ്പ് എന്നിവയിൽ മുമ്പ് പറഞ്ഞതിൽനിന്ന് ഒരു ലജ്ജയുമില്ലാതെ യു ടേൺ അടിക്കാൻ തയ്യാറായ യുഡിഎഫ്, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ കെടുകാര്യസ്ഥതയുടെ വിളംബരം നടത്തിക്കഴിഞ്ഞു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചും എംജി സർവകലാശാല വൈസ് ചാൻസലറായി സംഘപരിവാർ അധ്യാപക സംഘടനാ നേതാവിനെ അവരോധിക്കാനും സെനറ്റിലേക്ക് ബിജെപി നേതാക്കളെ നോമിനേറ്റ് ചെയ്യാനും ഗവർണർക്ക് ഒത്താശ ചെയ്‌തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉദ്ദിഷ്‌ടകാര്യത്തിന് ഉപകാരസ്‌മരണ നടത്തി യുഡിഎഫ് സർക്കാർ മതനിരപേക്ഷ കേരളത്തെ വെല്ലുവിളിക്കുകയാണ്. ഇത്തരത്തിൽ സിവിൽ സർവീസിന്റെ സംരക്ഷണത്തിനായി ശക്തമായ ഇടപെടൽ അനിവാര്യമായ സാഹചര്യത്തിലുള്ള സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ട്. വർത്തമാനകാല പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും വസ്‌തുനിഷ്ഠമായി വിലയിരുത്തി വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും കൈക്കൊള്ളുന്നതാകും സമ്മേളനം.
കേരള എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ














