print edition വഖഫ്: പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മ

കൊച്ചി : വഖഫ് വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിക്കാനൊരുങ്ങി കേരള മഹല്ല് കൂട്ടായ്‌മ. സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും 24ന് പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്താനാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ അനുകൂല നിലപാട് അറിയിച്ചതിനെതിരെയാണ് പ്രതിഷേധം.
കഴിഞ്ഞദിവസം സുപ്രീംകോടതിയിലും സമാന നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു. ഇത് വഖഫ് ബോർഡിന്റെ സ്വയംഭരണാവകാശത്തെയും സ്വത്തുക്കളുടെ നിയമപരമായ സംരക്ഷണത്തെയും ദുർബലപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതേവിഷയത്തിൽ കേരളം, തമിഴ്‌നാട് സംസ്ഥാന സർക്കാരുകളും സമസ്‌ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിനാൽ, യുഡിഎഫ് സർക്കാരിന്റെ വിരുദ്ധനിലപാട് കോടതിയുടെ പരിഗണനയിലുള്ള കേസുകളെ ദുർബലപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ രക്ഷാധികാരി വി എച്ച് അലിയാർ ഖാസിമി, ചെയർമാൻ മുഹമ്മദ് വെട്ടത്ത്, അർഷദ് ബദരി, ടി എ മുജീബ് റഹ്മാൻ, ടി എം ഷാജഹാൻ ഹാജി, എം എം നാദിർഷ എന്നിവർ പങ്കെടുത്തു.
അമുസ്ലിങ്ങളെ ഉൾപ്പെടുത്തിയാൽ ഉത്തരവാദി മുസ്ലിംലീഗ്: കെ എസ് ഹംസ
വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തിയാൽ ഉത്തരവാദി മുസ്ലിംലീഗാണെന്ന് ബോർഡ് ചെയർമാൻ കെ എസ് ഹംസ. കേന്ദ്ര നിയമപ്രകാരം അമുസ്ലിങ്ങളെയും ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ലീഗ് നേതാവും മലപ്പുറം ജില്ലാപഞ്ചായത്ത് അംഗവുമായ അഷ്ഹർ പെരുമുക്ക് ആണ്. അദ്ദേഹം എംഎസ്‌എഫ് അഖിലേന്ത്യാ നേതാവ് മുഖേന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം സജീവമായത്. ഇക്കാര്യത്തിൽ ബിജെപി അനുകൂല നിലപാടിലേക്ക് യുഡിഎഫ് സർക്കാരിനെ എത്തിക്കുന്നതിൽ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നിയമോപദേഷ്‌ടാവായിരുന്ന ഇപ്പോഴത്തെ എ ജിക്കും പങ്കുണ്ടെന്ന് കെ എസ് ഹംസ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മാതൃകയാക്കുന്നത് മധ്യപ്രദേശിലെ ബിജെപി സർക്കാരിനെയാണ്. അമുസ്ലിം അംഗങ്ങളെക്കൂടാതെ ബിജെപി പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് ബോർഡ് രൂപീകരിച്ചത്. കേരളത്തിൽ നിലവിലുള്ള ബോർഡ് പിരിച്ചുവിടണമെന്നാണ് സംസ്ഥാനസർക്കാരിന്റെ ആവശ്യം. അതിനായി എ ജി കോടതിയോട് പലവട്ടം കെഞ്ചിയെങ്കിലും അനുവദിച്ചില്ല. നിലവിലെ ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത, തൃപ്‌തികരമായ വിധിയാണ് ഹൈക്കോടതിയിൽനിന്നുണ്ടായത്. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് എൽഡിഎഫ് സർക്കാർ ബോർഡ് രൂപീകരിച്ചത്. അമുസ്ലിങ്ങളെ ഉൾപ്പെടുത്താതെയാണ് ബോർഡ് രൂപീകരണം. പൂർണ അംഗബലമില്ലാതെ ബോർഡ് പ്രവർത്തിക്കുന്നതിന് തടസ്സമില്ല. എന്നാൽ, കേന്ദ്ര താൽപ്പര്യം സംരക്ഷിക്കാൻ ബോർഡിനെ കൈപ്പിടിയിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട യുഡിഎഫിന് ഇതൊന്നും പ്രശ്‌നമായില്ല. കേരളത്തിലെ സമുദായ സൗഹാർദവും സമാധാനാന്തരീക്ഷവും തകർക്കുന്നതാണ് ഇൗ നീക്കമെന്നും കെ എസ് ഹംസ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കപടമുഖം വെളിപ്പെട്ടു: പിഡിപി
വഖഫ് ബോര്‍ഡ് രണ്ട് അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കാന്‍ സന്നദ്ധമാണെന്ന് ഹൈക്കോടതിയില്‍ നിലപാടറിയിച്ചതിലൂടെ യുഡിഎഫ് സര്‍ക്കാരിന്റെ കപടമുഖം വെളിപ്പെട്ടെന്ന് പിഡിപി. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ക്ക് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് മുസ്ലിം സമുദായത്തോടുള്ള വഞ്ചനയാണ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയെന്ന പച്ചക്കള്ളമാണ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുസ്ലിംലീഗിന്റെ പിന്തുണയിലാണ് മുഖ്യമന്ത്രി മുസ്ലിം സമുദായത്തിന്റെ വിശ്വാസ അവകാശങ്ങളെ ചോദ്യംചെയ്യുന്നത്. ലീഗ് നേതാക്കളുടെ അധികാര ദുര്‍വിനിയോഗത്തിന് മുസ്ലിം സമുദായം കനത്ത വിലനല്‍കേണ്ട ഗതികേടിലാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് പറഞ്ഞു.










0 comments