Deshabhimani

Articles

തീരവും റിയൽ എസ്റ്റേറ്റിന്‌

തീരവും റിയൽ എസ്റ്റേറ്റിന്‌

maritme
വിഎൻ വാസവൻ

Published on Nov 14, 2026, 01:00 AM | 3 min read

കേരളത്തിന്റെ തീരദേശം കോർപറേറ്റുകൾക്ക്‌ കൈമാറുന്നതിന്റെ ആദ്യപടിയെന്ന നിലയിൽ മാരിടൈം ഭേദഗതി ബിൽ നിയമസഭ പാസാക്കിയിരിക്കുകയാണ്‌. ദീർഘമായ കടൽത്തീരങ്ങളും ഒട്ടേറെ തുറമുഖങ്ങളും കേരളത്തിന്റെ സവിശേഷതയാണ്‌. ഇതെല്ലാം കോർപറേറ്റുകൾക്ക്‌ ഇഷ്ടദാനം ചെയ്യാൻ കഴിയുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി രൂപീകരിച്ച ബിൽ ദശലക്ഷക്കണക്കിന്‌ തീരദേശവാസികളുടെ ജീവിതത്തെ ബാധിക്കും.


​അധികാരമെല്ലാം മുഖ്യമന്ത്രിക്ക്‌


​തുറമുഖമേഖലയും തീരപ്രദേശങ്ങളും മാരിടൈം ബോർഡിന് ഏറ്റെടുക്കാനും വിവിധ പദ്ധതികൾക്കായി കൈമാറാനും കഴിയുന്ന വ്യവസ്ഥകളാണ്‌ ബില്ലിലുള്ളത്‌. ഇതുവഴി, ഭരിക്കുന്നവർക്ക്‌ താൽപ്പര്യമുള്ള കോർപറേറ്റ്‌ സ്ഥാപനങ്ങളുടെ കൈകളിലേക്ക്‌ തീരപ്രദേശങ്ങൾ എത്തിച്ചേരും. ഇതിനായി സർക്കാർ അധീനതയിലുള്ള ഭൂമി ഉൾപ്പെടുത്തി മാരിടൈം ലാൻഡ് ബാങ്ക് രൂപീകരിക്കും. ഭൂമി മറ്റ്‌ വകുപ്പുകളുടെ ഉടമസ്ഥതയിലാണെങ്കിലും ബോർഡിന്‌ കൈമാറണമെന്ന്‌ വ്യവസ്ഥയുണ്ട്‌. ഫലത്തിൽ തുറമുഖ അനുബന്ധ ഭൂമി മുഴുവൻ മാരിടൈം ബോർഡിനുകീഴിലാകും. ഇ‍ൗ ഭൂമി വിട്ടുനൽകുന്നതടക്കം എല്ലാ തീരുമാനവും ബോർഡ്‌ കൈക്കൊള്ളും. ഇതിന്റെ അധികാരമത്രയും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കും. നിലനിന്ന മാരിടൈം ബോർഡിനെ മൂന്നുവർഷംകൂടി കാലാവധി ശേഷിക്കവെ സർക്കാർ പിരിച്ചുവിട്ടിരുന്നു. ലക്ഷ്യം ഇതിൽനിന്ന്‌ വ്യക്തമാണ്‌.


​തുറമുഖമേഖലയിലുള്ളതും എന്നാൽ മറ്റ് സർക്കാർ വകുപ്പുകളുടെ (റവന്യു, ഫിഷറീസ് ഉൾപ്പെടെ) ഉടമസ്ഥതയിലുള്ളതുമായ ഭൂമിയുടെ അവകാശം ബോർഡിന് കൈമാറേണ്ടിവരും. തുറമുഖപരിധി എവിടെവരെയെന്ന് ബിൽ പറയുന്നില്ല. അത് പിന്നീട് ചട്ടങ്ങളിൽ നിശ്ചയിക്കുമെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്‌. എത്രമാത്രം ഭൂമിയെ ബാധിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ല. ഭൂമിയുടെ അവകാശം ബോർഡിലേക്ക് പോയാൽ റവന്യുഭൂമിയിൽ പട്ടയം അനുവദിച്ച മത്സ്യത്തൊഴിലാളികൾക്ക് ഭാവിയിൽ പട്ടയം ലഭിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. പാട്ടത്തിൽനിന്ന് വ്യത്യസ്‌തമായി ഉടമസ്ഥാവകാശംതന്നെ മാറുന്നതിനാൽ തിരിച്ചെടുക്കൽ എളുപ്പമല്ല. വകുപ്പ്‌ ഏഴ്‌ എയിലെ "സംയോജിത ടൗൺഷിപ് ചുമതല'യോട് ചേർത്തുവായിച്ചാൽ ഇത് വാണിജ്യ–റിയൽ എസ്റ്റേറ്റ് ഉപയോഗത്തിലേക്ക് വഴിതുറക്കുമെന്ന്‌ മനസ്സിലാക്കാം. പുതിയ ഭേദഗതിയിൽ കോസ്റ്റൽ റെഗുലേഷൻ സോൺ, തദ്ദേശ കൂടിയാലോചന, പുനരധിവാസം എന്നിവയ്ക്ക് വ്യവസ്ഥയില്ല.


​തദ്ദേശീയ ഉപദേശകസമിതികൾ ഇല്ലാതാക്കി


​2017-ലെ നിയമത്തിലെ 103–-ാംവകുപ്പ് പ്രാദേശിക അംഗങ്ങളുള്ള ഉപദേശകസമിതികൾ സംബന്ധിച്ചുള്ളതായിരുന്നു. പുതിയ ബിൽ അതിനെ പൂർണമായി ഇല്ലാതാക്കി തുറമുഖ പ്രദേശ വികസന അതോറിറ്റി (പിഎഡിഎ) കൊണ്ടുവന്നു. പിഎഡിഎ പ്രത്യേക പ്രദേശത്തിന് പ്ലാൻ തയ്യാറാക്കും. ആ പ്രദേശങ്ങൾ മിക്കവാറും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരപരിധിയിലായിരിക്കും. തദ്ദേശസ്ഥാപനത്തിന്‌ അധികാരം നഷ്ടമാകുമോ എന്ന ചോദ്യത്തിന് സർക്കാരിന്‌ മറുപടിയില്ല. അതോറിറ്റിയുടെ ഘടനപോലും പിന്നീടുണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിട്ടിരിക്കുകയാണ്‌.

തുറമുഖപരിധിയിലെ ജലാശയങ്ങളുടെ ഉപയോഗത്തിന് റോയൽറ്റി ചുമത്താൻ ബോർഡിന് (സർക്കാർ അനുമതിയോടെ) അധികാരം നൽകുന്നുണ്ട്‌. ഇത് ആരിൽനിന്ന്, എത്രയെന്ന്‌ വ്യക്തമല്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും നാടൻവള്ളങ്ങളെയും റോയൽറ്റിയിൽനിന്ന്‌ ഒഴിവാക്കുമോയെന്നും ബിൽ പറയുന്നില്ല. ഇത്‌ വലിയ ആശങ്കയാണ്‌ ഉയർത്തുന്നത്‌.


കൺസഷൻ 
അനന്തമായി നീളും


​പിപിപി കൺസഷൻ നീട്ടലിന്‌ പുതിയ ഭേദഗതിയിൽ പരിധിയും നിശ്ചയിച്ചിട്ടില്ല. മത്സരമോ നിയമസഭാ മേൽനോട്ടമോ ഇല്ല. സർക്കാരും മാധ്യമങ്ങളും 45 വർഷംവരെ എന്നു പറയുന്നു. എന്നാൽ, ബില്ലിൽ 30 വർഷത്തിനുശേഷം "ഒരു അധിക കാലയളവ്' എന്നേ പറയുന്നുള്ളൂ. ദൈർഘ്യം എത്രയെന്ന്‌ പറയുന്നില്ല. നീട്ടാനുള്ള കാരണങ്ങൾ നിർവചിച്ചിട്ടില്ല, പുതിയ ബിഡ്ഡിങ് ഇല്ല. കൺസഷനിൽനിന്നുള്ള "ഉയർന്ന പ്രീമിയം' വരുമാനമായി കണക്കാക്കുന്നതിനാൽ, നീട്ടിക്കൊടുക്കാൻ അത്‌ പ്രേരണയാകും. ഭൂമി ഓഹരിയായി നൽകി സ്വകാര്യനിക്ഷേപം ആകർഷിക്കാനാണ് ഉദ്ദേശ്യമെന്ന്‌ സർക്കാർ പറയുന്നു. അങ്ങനെയെങ്കിൽ പൊതുഭൂമിയുടെ വിലനിർണയം ആര് നടത്തുമെന്ന ചോദ്യമുയരും.

‌‌

ബോർഡ്‌ തന്നെ എല്ലാം ചെയ്യും


​ഭേദഗതിയിലൂടെ ബോർഡിന് സ്വയംഭരണാധികാരം നൽകുമെന്നു പറയുന്നു. എന്നാൽ, അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ വകുപ്പുമന്ത്രിയുമായതിനാൽ തീരുമാനങ്ങൾ പൂർണമായും രാഷ്ട്രീയസ്വാധീനത്താലാകും. നിലവിൽ ഇത്‌ രണ്ടും ഒരാൾതന്നെയാണ്‌. ബോർഡ് തന്നെയാണ് ലൈസൻസ് നൽകുന്നതും ഫീസ് പിരിക്കുന്നതും. ബോർഡിലെ അംഗങ്ങൾ 13-ൽനിന്ന് 21 ആയി. വിദഗ്‌ധർ നാലുമാത്രം. മത്സ്യത്തൊഴിലാളിയോ തദ്ദേശസ്ഥാപന പ്രതിനിധികളോ ഇല്ല. ഓഹരി, കൺസഷൻ നീട്ടൽ, റോയൽറ്റി, പുതിയ തുറമുഖം, നയങ്ങൾ എന്നിവയ്ക്ക് ഇപ്പോഴും സർക്കാർ അനുമതി വേണം. അതിനാൽ "കാലതാമസം ഒഴിവാക്കൽ' എന്ന അവകാശവാദവും വിശ്വസനീയമല്ല.

സിഇഒ ആയി ഐഎഎസ്‌/അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥരെമാത്രം നിയമിക്കുമെന്നാണ്‌ പറയുന്നത്‌. ഇക്കാര്യം ഭേദഗതിയിൽ വ്യക്തമാക്കുന്നില്ല.


പുറത്തുനിന്നുള്ള ഓഡിറ്ററെ നിയമിക്കുന്നത് സർക്കാരാണ്. സിഎജിക്ക്‌ കാര്യമായി ഒന്നും ചെയ്യാനില്ല. സിഎജി-യുമായി ആലോചനമാത്രമേ ഉണ്ടാകൂ. ഓഡിറ്റ്‌ റിപ്പോർട്ട് ബോർഡിനുമുമ്പാകെ മാത്രമാണ്‌ വരിക. ഇത്‌ നിയമസഭയിൽ വയ്‌ക്കണമെന്ന് വ്യവസ്ഥയില്ല. ബോർഡ്‌ പരമാധികാരിയാകുന്നു.


​നിയമസഭയിലേക്കുപോലും വരാൻ സാധ്യതയില്ലാത്ത ചട്ടങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ്‌ പുതിയ ഭേദഗതി. എൻഫോഴ്‌സ്‌മെന്റ്‌ വിങ്, പിഎഡിഎ, ഭൂമി പാട്ടനിരക്ക്, ഓപ്ഷൻ ഫോറം, തുറമുഖപരിധി എന്നിങ്ങനെ നിർണായക കാര്യങ്ങൾ ചട്ടങ്ങൾക്ക് വിട്ടു. ചട്ടങ്ങൾ സഭയുടെ പരിശോധനയ്ക്ക് വരുമോയെന്ന് ഉറപ്പില്ല. സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെ, ഇൻഷുറൻസ് നടപടികൾ എങ്ങനെ, ബോർഡ് ചുമത്തുന്ന പിഴയ്ക്കെതിരായ അപ്പീൽ നൽകാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ എന്നിവ സംബന്ധിച്ചൊന്നും ബിൽ വ്യക്തമാക്കുന്നില്ല.


​വിവിധ വകുപ്പുകളുടെ അധികാരങ്ങൾ പരസ്‌പരം കൂടിക്കലരാനിടയാക്കുന്ന ബില്ലാണിത്‌. ഫിഷറീസ്‌, റവന്യു, ടൂറിസം, ജലസേചനം, ഷിപ്പിങ്‌, കസ്റ്റംസ്‌, തദ്ദേശസ്ഥാപനങ്ങൾ എന്നീ വകുപ്പുകളുടെ ചുമതലകൾ പരസ്‌പരം കൂടിക്കുഴഞ്ഞ നിലയിലാകും. ഇതിനൊരു ഏകോപന സംവിധാനമില്ല.


​അധികബാധ്യത ഇല്ലെന്നാണ്‌ സർക്കാരിന്റെ അവകാശവാദം. ചെലവ് ബോർഡിന്റെ പൊതുനിധിയിൽനിന്നാണ് എടുക്കുക. അത് പൊതുപണമാണ്. വരുമാനമാർഗങ്ങളായി ചൂണ്ടിക്കാട്ടുന്നത് റോയൽറ്റി, ഫീസ്, പിഴ, പ്രീമിയം, ഓഹരിവരുമാനം എന്നിവയാണ്. ഇതിൽ വലിയൊരു ഭാഗത്തിന്റെ ഭാരം ഒടുവിൽ തീരദേശജനങ്ങളും ഉപയോക്താക്കളുമാണ്‌ വഹിക്കേണ്ടിവരിക.


​ഉടൻ ചെയ്യേണ്ട കാര്യങ്ങൾ


​തുറമുഖപരിധി, പിഎഡിഎ ഘടന, ഭൂമി പാട്ടനിരക്ക്, റോയൽറ്റി, എൻഫോഴ്‌സ്‌മെന്റ് വിങ് എന്നിവയുടെ കരടുചട്ടങ്ങൾ പൊതുജനാഭിപ്രായത്തിന് പ്രസിദ്ധീകരിക്കണം. സഭാസമിതിയുടെ പരിശോധനയ്ക്ക് വയ്ക്കുകയും വേണം. അതുവരെ ലാൻഡ് ബാങ്കിലേക്ക് ഭൂമി വിജ്ഞാപനം ചെയ്യരുത്.


​പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും നാടൻവള്ളങ്ങളെയും വാട്ടർഫ്രണ്ട് റോയൽറ്റിയിൽനിന്ന് ഒഴിവാക്കണം. ലാൻഡ് ബാങ്കിൽ ഉൾപ്പെടുന്ന ഭൂമിയുടെ വിസ്‌തൃതി, ജില്ലയും വില്ലേജും തിരിച്ച്‌ വിശദമാക്കി പ്രസിദ്ധപ്പെടുത്തണം. ബന്ധപ്പെട്ട വകുപ്പ് ഏത്‌, ജനസംഖ്യ എത്ര എന്നിങ്ങനെയുള്ള കണക്കുകൾ സഭയിൽ വയ്ക്കണം. ഉപദേശകസമിതികൾ പുനഃസ്ഥാപിക്കണം. ബോർഡിലും പിഎഡിഎ-യിലും മത്സ്യത്തൊഴിലാളി, തദ്ദേശസ്ഥാപന പ്രതിനിധികളെ ഉൾപ്പെടുത്തണം. കൺസഷൻ നീട്ടലിന് പരിധി നിശ്ചയിക്കണം. ഒപ്പം മത്സരാധിഷ്ഠിത സംവിധാനം, സ്വതന്ത്ര വിലനിർണയം എന്നിവ നിയമത്തിൽ ചേർക്കുകയും വേണം.


​പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും അവകാശങ്ങളും സംരക്ഷിക്കേണ്ടത്‌ സർക്കാരാണ്‌. എന്നാൽ അത്‌ പരിഗണിക്കാതെ, തീരദേശഭൂമിയും തുറമുഖങ്ങളും വാണിജ്യതാൽപ്പര്യംമാത്രം മുൻനിർത്തി സ്വകാര്യനിക്ഷേപത്തിന്‌ വിട്ടുകൊടുക്കുന്നത്‌ ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ല.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home