പാവങ്ങളുടെ ആതുരാലയമാണ്, തകർക്കരുത്


എൻ ചന്ദ്രൻ
Published on Jul 17, 2025, 12:30 AM | 3 min read
കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം ദുർബലപ്പെട്ടാൽ ബുദ്ധിമുട്ടുന്നത് കർഷകത്തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളാണ്. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലകളെ ഏറ്റവും ആശ്രയിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. സ്വാതന്ത്ര്യത്തിനുമുമ്പും ഐക്യകേരള പ്രസ്ഥാനത്തിലൂടെ ആധുനിക കേരള സംസ്ഥാനം രൂപീകരിച്ച് ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആരോഗ്യമേഖലയിൽ സമഗ്രമായ ഇടപെടൽ നടത്തുന്നതുവരെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ആരോഗ്യസുരക്ഷ ചോദ്യചിഹ്നമായിരുന്നു.
1957ലെ ഇ എം എസ് സർക്കാർ ആരോഗ്യമേഖലയിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കി. സൗജന്യ ചികിത്സയും മരുന്ന് വിതരണവുമടക്കമുള്ള പദ്ധതികൾ നടപ്പാക്കി. മികച്ച ചികിത്സകൾക്ക് ജനങ്ങൾ ആശ്രയിച്ചിരുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിനെയായിരുന്നു. കൊച്ചി–മലബാർ പ്രദേശങ്ങളിലുള്ളവർക്ക് തിരുവനന്തപുരം അപ്രാപ്യമായിരുന്നു. 1959ൽ ഇ എം എസ് സർക്കാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആരംഭിച്ചപ്പോൾ മലബാറിലെ പാവങ്ങൾക്ക് അത് ഏറെ സഹായകമായി. കേരളത്തിന്റെ ആരോഗ്യമേഖലയിൽ അത് വലിയ കുതിപ്പായിരുന്നു. ജനകീയ ആരോഗ്യ നയത്തിനാണ് 57ലെ ഇ എം എസ് സർക്കാർ തുടക്കമിട്ടത്. അതിന്റെ തുടർച്ചകളാണ് പിന്നീട് കേരളത്തിലുണ്ടായത്.

കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ തുടർന്ന് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകൾ ജനകീയ ആരോഗ്യരംഗത്തെ സജീവമായി മുന്നോട്ടുകൊണ്ടുപോയി. എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങൾ ആരോഗ്യമേഖലയിലുണ്ടാക്കാൻ നമുക്ക് സാധിച്ചു. എല്ലാ ജനവിഭാഗങ്ങൾക്കും മെച്ചപ്പെട്ട ആരോഗ്യം സാമൂഹ്യ നീതിയിലധിഷ്ഠിതമായി ചെലവ് കുറച്ച് ലഭ്യമാക്കി എന്നതാണ് കേരളത്തിന്റെ ജനകീയ ആരോഗ്യമാതൃകയുടെ സവിശേഷത. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമെമ്പാടും ചർച്ചയാകുന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിലെ ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതിൽ കർഷക-, കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾ നടത്തിയ പോരാട്ടങ്ങളും ഇ എം എസ് മന്ത്രിസഭ ഭൂപരിഷ്കരണ നിയമങ്ങളിലൂടെ ജന്മിത്തം അവസാനിപ്പിച്ചതുമൊക്കെ നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ദുർബല ജനവിഭാഗങ്ങളുടെ ഉയർന്ന അവകാശബോധവും അതിലൂടെ ചൂഷണത്തിന്റെ തോത് കുറയ്ക്കാനായതും ഉയർന്ന സാക്ഷരതയും മികച്ച പൊതുവിതരണ സമ്പ്രദായവും വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ കുതിച്ചുചാട്ടവുമൊക്കെ കേരളത്തിന്റെ ആരോഗ്യനിലവാരത്തെ മെച്ചപ്പെടുത്താൻ സഹായിച്ചു.
എന്നാൽ, കേരളത്തിൽ വലതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്ന ഘട്ടങ്ങളിലെല്ലാം ആരോഗ്യമേഖലയെ പിന്നാക്കം കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടപ്പാക്കിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾ അഴിമതിക്കും സ്വകാര്യവൽക്കരണത്തിനും വിധേയമാക്കി ആരോഗ്യമേഖലയെ ദുർബലപ്പെടുത്തി. കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ തുടക്കമിട്ട സ്വകാര്യവൽക്കരണ- ഉദാരവൽക്കരണ നയങ്ങൾ ആരോഗ്യമേഖലയിലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. കേന്ദ്രസർക്കാർ ആരോഗ്യമേഖലയിലെ മുതൽമുടക്ക് കുറച്ചുകൊണ്ടുവരാൻ തുടങ്ങി. സ്വകാര്യ ആശുപത്രികൾ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചതോടെ ആരോഗ്യരംഗത്ത് അനഭിലഷണീയമായ പ്രവണതകളും തലപൊക്കി തുടങ്ങി. വിദേശ മൂലധനശക്തികൾ നിയന്ത്രിക്കുന്ന സ്വകാര്യ ആശുപത്രികൾ മുന്നോട്ടുവച്ച സൂപ്പർസ്പെഷ്യാലിറ്റി സംസ്കാരം അമിത വൈദ്യവൽക്കരണത്തിലൂടെ കേരള സമൂഹത്തിൽ ആരോഗ്യ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാക്കി. അതിവിശിഷ്ട ചികിത്സ സമൂഹത്തിലെ സമ്പന്നർമാർക്കുമാത്രം ലഭ്യമാകുന്ന ‘അമേരിക്കൻ മോഡൽ’ കേരളത്തിലും വളരുകയാണ്. അതിനെ ശക്തിപ്പെടുത്താനാണ് സർക്കാർആരോഗ്യ സംവിധാനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. യുഡിഎഫും ബിജെപിയും കോർപറേറ്റുകളിൽനിന്ന് അച്ചാരം വാങ്ങിയാണ് പൊതു ആരോഗ്യമേഖലയ്ക്കെതിരെ തിരിയുന്നത്. സ്വകാര്യമേഖലയ്ക്ക് ലാഭം കുന്നുകൂട്ടാൻ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുകയെന്ന യുഡിഎഫ് നയമല്ല ഇടതുപക്ഷത്തിനുള്ളത്.

രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 885 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 732 എണ്ണത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. 5415 ജനകീയാരോഗ്യ കേന്ദ്രങ്ങളാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്. 760ലധികം ആരോഗ്യകേന്ദ്രങ്ങളിൽ ഇ–- ഹെൽത്ത് നടപ്പാക്കാനും സാധിച്ചു. പാവങ്ങൾക്ക് ആശ്വാസമേകിക്കൊണ്ട് കഴിഞ്ഞ നാലുവർഷംമാത്രം 25.17 ലക്ഷം പേർക്ക് 7036 കോടിയുടെ സൗജന്യ ചികിത്സയാണ് സർക്കാർ ലഭ്യമാക്കിയത്. കെഎംഎസ്സിഎൽ വഴി 3300 കോടിയിലധികം രൂപയുടെ സൗജന്യ മരുന്നും നൽകി. അപൂർവരോഗ ചികിത്സാരംഗത്ത് നിർണായക ചുവടുവയ്പായി കെയർ പദ്ധതിയും എല്ലാ കിടപ്പുരോഗികൾക്കും പരിചരണം ഉറപ്പാക്കുന്ന സമഗ്ര പാലിയേറ്റീവ് പരിചരണ പദ്ധതിയും ഈ കാലയളവിലാണ് ആരംഭിച്ചത്.
1957ലെ കമ്യൂണിസ്റ്റ് സർക്കാർ തുടക്കം കുറിച്ചതും തുടർന്ന് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കുകയും ചെയ്യുന്ന ജനകീയ ആരോഗ്യ സമീപനങ്ങളും നയങ്ങളും വലതുപക്ഷത്തെയും കോർപറേറ്റുകളെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികളെ ഇച്ഛാശക്തിയോടെ മറികടക്കാൻ ഇടതുപക്ഷ സർക്കാരിന് സാധിക്കുമെന്നതിൽ നാട്ടിലെ ജനങ്ങൾക്ക് ഒരു സംശയവുമില്ല. എല്ലാ വിഭാഗം ജനങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യപരിരക്ഷ ഉറപ്പാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കർഷകത്തൊഴിലാളികളടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചുകൊണ്ട് ആരോഗ്യ അസമത്വങ്ങൾ പരിഹരിക്കാനും ലക്ഷ്യാധിഷ്ഠിത പിന്തുണ ഉറപ്പാക്കാനും പിണറായി സർക്കാരിന് സാധിക്കുന്നുണ്ട്. സമൂഹത്തിന്റെ ആവശ്യങ്ങളോട് ശരിയായ രീതിയിൽ പ്രതികരിക്കുന്ന പൊതുആരോഗ്യ സംവിധാനത്തെ സംരക്ഷിക്കാനും അതിനെതിരായ കടന്നാക്രമണങ്ങളെയും കുപ്രചാരണങ്ങളെയും പ്രതിരോധിക്കാനും കേരളം നന്മയോടെ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന മനുഷ്യസ്നേഹികൾക്ക് ഉത്തരവാദിത്വമുണ്ട്.















