ad
Deshabhimani

Articles

യുഡിഎഫ് ഗ്യാരന്റി മുക്കുപണ്ടം

യുഡിഎഫ് ഗ്യാരന്റി മുക്കുപണ്ടം

ldf manifesto health

യുഡിഎഫ് ഗ്യാരന്റി മുക്കുപണ്ടം

avatar
എം വി ഗോവിന്ദൻ

Published on Apr 07, 2026, 10:58 PM | 4 min read

കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾമാത്രം. ചൊവ്വ വൈകിട്ട് പരസ്യപ്രചാരണത്തിന് അന്ത്യമായി. ഈ ഘട്ടത്തിലും ഉറപ്പിച്ചുപറയാൻ കഴിയുന്നത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫാണ് ഏറെ മുന്നിൽ എന്നുതന്നെയാണ്. റാലികൾക്കും റോഡ് ഷോകൾക്കും പൊതുയോഗങ്ങൾക്കും അപ്പുറം ജനങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്ന പ്രചാരണരീതിക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്.


അതുകൊണ്ടുതന്നെ പിണറായി സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെയ്ത കാര്യങ്ങൾ എണ്ണിപ്പറഞ്ഞും ചെയ്യാനുള്ളത്‌ അക്കമിട്ടുനിരത്തിയുമാണ്‌ സിപിഐ എമ്മും എൽഡിഎഫും മുന്നോട്ടുപോകുന്നത്‌. തികഞ്ഞ ആത്മവിശ്വാസത്തോടെയും വ്യക്തമായ ലക്ഷ്യബോധത്തോടെയുമാണ് എൽഡിഎഫിന്റെ പ്രചാരണം. എന്നാൽ, മറുവശത്ത് വ്യക്തമായ നേതൃത്വമില്ലാതെ വിവാദങ്ങളിൽനിന്ന്‌ വിവാദങ്ങളിലേക്ക് കൂപ്പുകുത്തുന്ന യുഡിഎഫിനെയാണ് കാണുന്നത്. ആരാണ് യുഡിഎഫിന്റെ നേതാവ് എന്നതിന് ഇനിയും വ്യക്തമായ ഉത്തരമില്ല. യുഡിഎഫ് തോറ്റാൽ പ്രതിപക്ഷനേതാവ് വാക്കുപാലിച്ച് രാഷ്ട്രീയവനവാസത്തിന് പോകണമെന്ന് മുൻ കെപിസിസി പ്രസിഡന്റ്‌ പറഞ്ഞു.


ചെന്നിത്തലയ്‌ക്കുവേണ്ടി ബാറ്റ് ചെയ്യാനും ഇതേ നേതാവ് തയ്യാറായി. ബിജെപി ഭരിക്കുന്ന അസമിലേക്ക് തിരിഞ്ഞുനോക്കാതെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കേരളത്തിൽ പ്രചാരണം നടത്തുന്നത് തർക്കം രൂക്ഷമാക്കിയിട്ടുമുണ്ട്‌. ​പ്രചാരണം അവസാനദിവസങ്ങളിലേക്ക് കടന്നപ്പോൾ കേരളം ഒന്നടങ്കം ചർച്ച ചെയ്തത് പ്രതിപക്ഷത്തിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസ് നടത്തിയ വൻ അഴിമതിയെക്കുറിച്ചാണ്. സാധാരണനിലയിൽ അധികാരത്തിലുള്ള സർക്കാരിനെതിരെ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നതാണ്‌ കാണാറുള്ളത്. അതിന് കടകവിരുദ്ധമായി കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് 10 വർഷം പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് നടത്തിയ അഴിമതിയെക്കുറിച്ചാണ്.


ഇത്‌ ചർച്ച ചെയ്യാൻ പ്രധാന കാരണം ആ അഴിമതിയിലെ മനുഷ്യത്വരാഹിത്യമാണ്. മുണ്ടക്കൈ–-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നശിച്ച മനുഷ്യരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയാണ് കോൺഗ്രസ് നേതാക്കൾ തട്ടിയെടുത്തത്. കാർഗിൽ യുദ്ധത്തിൽ മരിച്ച സൈനികരെ അടക്കംചെയ്യാനുള്ള ശവപ്പെട്ടി വാങ്ങുന്നതിൽ അഴിമതി നടത്തിയ എൻഡിഎ സർക്കാരിനെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. അതിനേക്കാളും ഭയാനക അഴിമതിയാണ് കോൺഗ്രസ് നടത്തിയത്. സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിനൊപ്പം ദുരന്തബാധിതർക്കായി കോൺഗ്രസിന്റെ വീടുകളും ഉയരുമെന്ന്‌ നേരത്തേ പറഞ്ഞവർ, ഇപ്പോൾ പറയുന്നത് ആകെ സമാഹരിച്ചത്‌ 5.38 കോടി രൂപയാണെന്നും വീടിനായി വീണ്ടും പണപ്പിരിവ് നടത്തണമെന്നുമാണ്.


യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗ് 40 കോടിയും ഡിവൈഎഫ്ഐ 20 കോടിയും (ആക്രി പെറുക്കി വിറ്റും അധ്വാനിച്ച് ലഭിച്ച കൂലി സമാഹരിച്ചും നേടിയ തുക) സ്വരൂപിച്ചപ്പോൾ കോൺഗ്രസ് 5.38 കോടി രൂപമാത്രമാണ് പിരിച്ചത്‌ എന്നുപറഞ്ഞാൽ ആർക്കും വിശ്വസിക്കാനാകില്ല. ദുരന്തമുണ്ടായി മൂന്നാഴ്ചയ്‌ക്കകം 9.30 ലക്ഷം രൂപ ചെലവാക്കി പ്രത്യേക ആപ്പുമായി രംഗത്തുവന്നവർ ഇപ്പോൾ പറയുന്നത് വീടുമില്ല, ആപ്പുമില്ല എന്നാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ച വയനാട് മണ്ഡലത്തിലാണ് ഇതൊക്കെ നടക്കുന്നത്. എന്നിട്ടുപോലും ഹൈക്കമാൻഡ് ഈ തട്ടിപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.


ഇക്കാര്യം വിവാദമായപ്പോൾ കോൺഗ്രസുകാർതന്നെ പുറത്തുവിട്ട സ്ക്രീൻഷോട്ട് പ്രകാരം 54 കോടി പിരിച്ചെടുത്തിട്ടുണ്ട്. മാധ്യമങ്ങളിൽ വന്ന മറ്റൊരു കണക്ക് 150 കോടിയോളം പിരിച്ചു എന്നാണ്. ഇത് ശരിയാണെങ്കിൽ 145 കോടിയാണ് കോൺഗ്രസ് നേതാക്കൾ പോക്കറ്റിലാക്കിയത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചൂണ്ടിക്കാട്ടി ഇത്രയും വലിയ തുക കീശയിലാക്കാൻ മടിയില്ലാത്തവർക്ക് സർക്കാർ ഖജനാവിന്റെ താക്കോൽ ലഭിച്ചാൽ എന്തായിരിക്കും സ്ഥിതി. അതുകൊണ്ടാണ് കോൺഗ്രസ് പറയുന്ന ഇന്ദിര ഗ്യാരന്റികൾപോലും ജനങ്ങൾ വിശ്വാസത്തിലെടുക്കാത്തത്.


തെലങ്കാനയിൽ സ്ത്രീകൾക്ക് മാസംതോറും 2500 രൂപ നൽകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ കോൺഗ്രസ്, വർഷം രണ്ടു കഴിഞ്ഞിട്ടും ഒരു രൂപപോലും നൽകിയിട്ടില്ല. ഒരു കാര്യം വ്യക്തമാണ്; കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ല. മൃതദേഹംപോലും വിറ്റ് കാശാക്കാൻ മടിയില്ലാത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. അവർ നേതൃത്വം നൽകുന്ന മുന്നണിയെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ അധികാരമേൽപ്പിക്കുമെന്ന് ഞാൻ കരുതുന്നില്ല. പ്രചാരണത്തിലുടനീളം എൽഡിഎഫ് മുന്നേറുന്നു എന്നു കണ്ടപ്പോഴാണ് "ഡീൽ’ ആരോപണവുമായി യുഡിഎഫ്‌ രംഗത്തുവന്നത്‌. പലതവണ അക്കാര്യം പരാമർശിച്ചതിനാൽ വിശദമാക്കുന്നില്ല.


എങ്കിലും ഈ "ഡീൽ’ ആരു തമ്മിലാണെന്ന് തൃശൂർ നാട്ടികയിലെ കോൺഗ്രസ് നേതാവുതന്നെ വ്യക്തമാക്കി. കോൺഗ്രസ്‌ നാട്ടിക ബ്ലോക്ക് വൈസ് പ്രസിഡന്റ് വി എ ഫിറോസ് പറയുന്നത് മണലൂരിലെ കോൺഗ്രസ് സ്ഥാനാർഥിയും എഐസിസി സെക്രട്ടറിയുമായ ടി എൻ പ്രതാപനും ബിജെപി നേതാക്കളുമായി ഡീലുണ്ടെന്നാണ്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കാൻ കാരണവും കോൺഗ്രസ്–ബിജെപി ഡീലാണെന്ന സിപിഐ എമ്മിന്റെ നിഗമനവും ഫിറോസ് ശരിവയ്‌ക്കുന്നു.


രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് വോട്ട് മറിക്കാൻ എട്ടുകോടി രൂപ പ്രതാപൻ കൈപ്പറ്റിയെന്നാണ് ഫിറോസ് വെളിപ്പെടുത്തിയത്. നാട്ടികയിലും കൊടുങ്ങല്ലൂരിലും പ്രതാപൻ വിജയിച്ചത് ബിജെപി വോട്ട് വാങ്ങിയാണെന്നും പ്രതാപൻ പകൽ കോൺഗ്രസും രാത്രി ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. ഈ ബാന്ധവം മറച്ചുവയ്‌ക്കാനാണ് ഞായറാഴ്ച വാടാനപ്പള്ളിയിലുണ്ടായ കിറ്റ് വിവാദമെന്നും ബിജെപിവിരുദ്ധനാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻവേണ്ടി ബിജെപി നേതൃത്വവുമായി ആസൂത്രണം ചെയ്തതാണ് ഇതെന്നും ഫിറോസ് ആരോപിക്കുന്നു. കേരളത്തിലുടനീളം ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ടുകച്ചവടം നടക്കുന്നുവെന്ന ഇടതുപക്ഷ ആരോപണം ശരിവയ്‌ക്കുന്നതാണ് ഈ വെളിപ്പെടുത്തൽ.


1967ൽ പട്ടാമ്പിയിൽ ഇ എം എസിനെ തോൽപ്പിക്കാൻ തുടങ്ങിയ ഈ വോട്ടുകച്ചവടം പിന്നീട് പാലക്കാട്ടും വടകരയിലും ബേപ്പൂരിലും നേമത്തും തൃശൂരിലും മറ്റത്തൂരിലും ആവർത്തിച്ചു. ഈ തെരഞ്ഞെടുപ്പിലും പലയിടത്തും ധാരണയോടെയാണ് കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത്. കോൺഗ്രസിന്റെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴുകോടി രൂപ നേരിട്ട് കൈപ്പറ്റിയതായി പരാതി ഉയർന്നു. എന്നിട്ടും ഒരു നടപടിയും കൈക്കൊള്ളാൻ അമിത് ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ് തയ്യാറാകാത്തത് എന്തുകൊണ്ടാണ്. രാജസ്ഥാനിൽനിന്ന്‌ രാജ്യസഭയിലേക്ക് ഒരു ബിജെപി എംപിയെ സംഭാവന ചെയ്യാൻ സഹായിച്ച കെ സി വേണുഗോപാലിനോടുള്ള മമതയാണോ നടപടി വൈകാൻ കാരണം.


ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്‌ക്ക് ഒരു മുന്നേറ്റവും ഉണ്ടാക്കാൻ ഈ തെരഞ്ഞെടുപ്പിലും കഴിയില്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനത്തിൽ വലിയ ഇടിവുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വോട്ടുചോർച്ച തുടരും. "മാറാത്തത് മാറും’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഈ മാറ്റം മുന്നോട്ടല്ല പിന്നോട്ടാണെന്ന് പ്രചാരണകാലത്ത് തെളിയുകയുണ്ടായി. അതിലൊന്ന് നേമത്ത് മത്സരിക്കുന്ന ബിജെപിയുടെ പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖർ, ഒരു നഗ്നസന്യാസിയെ പ്രചാരണത്തിനായി കൊണ്ടുവന്നതാണ്.


മറ്റൊന്ന്, തൃശൂരിലെ രണ്ടു മണ്ഡലങ്ങളിൽ കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻ നടത്തിയ ശ്രമമാണ്. ബിജെപിക്ക് സ്വാധീനമുള്ള ഉത്തരേന്ത്യയിൽ നടക്കുന്ന രീതിയിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണവും വസ്തുക്കളും നൽകുന്ന രീതി കേരളത്തിലേക്കും ഇറക്കുമതി ചെയ്യുകയാണ് ബിജെപി. കേരളത്തിന് പരിചിതമല്ലാത്ത ഇത്തരം വൃത്തികെട്ട രീതികളാണ് മാറ്റമായി ബിജെപി അവതരിപ്പിക്കുന്നത്. അതോടൊപ്പം വർഗീയതയും ഇവർ തരാതരംപോലെ ചേരുംപടിയായി ചേർക്കുന്നു.


ഗുരുവായൂരിൽ വിജയിക്കുന്ന സ്ഥാനാർഥികളുടെ മതം സൂചിപ്പിച്ച് ബിജെപി നേതാവ് നടത്തിയ പരാമർശംതന്നെ ഉദാഹരണം. അതായത്, ബിജെപിയുടെ മാറ്റമെന്ന മുദ്രാവാക്യത്തിന്റെ അർഥം ഇന്നുവരെ നേടിയ നേട്ടങ്ങളെ, അത് ജനാധിപത്യവ്യവസ്ഥയിലായാലും രാഷ്ട്രീയത്തിലായാലും സാമൂഹ്യജീവിതത്തിലായാലും - പിന്നോട്ടുനയിക്കുക എന്നതാണ്. കേരളത്തെ പിന്നോട്ടുനടത്താൻ ജനം അനുവദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.



Deshabhimani
Home