ad
Deshabhimani

Articles

നാട് മുന്നേറാൻ ഇടതുപക്ഷം

നാട് മുന്നേറാൻ ഇടതുപക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം

നാട് മുന്നേറാൻ ഇടതുപക്ഷം

avatar
എം വി ഗോവിന്ദൻ

Published on Apr 08, 2026, 11:09 PM | 4 min read

അസമിനും പുതുച്ചേരിക്കുമൊപ്പം കേരളത്തിലും ഇന്ന് വോട്ടെടുപ്പാണ്. കേരളത്തിൽ സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫും കോൺഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും മത്സരരംഗത്തുണ്ട്. ഏതു മുന്നണിക്ക് വോട്ട് ചെയ്യണമെന്ന ചോദ്യം ഈ ഘട്ടത്തിൽ പ്രസക്തമാണ്. നൂറുവർഷത്തെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്നത്‌ ഇന്നു കാണുന്ന കേരളത്തെ നിർമിച്ചെടുക്കുന്നതിൽ കമ്യൂണിസ്റ്റ്–ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌ എന്നതാണ്. മതനിരപേക്ഷതയുടെ തുരുത്തായി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുള്ള സംസ്ഥാനമായി വളർന്നതിനുപിന്നിലും ഈ സ്വാധീനം കാണാം.


1956 ജൂൺ 22, 23, 24 തീയതികളിൽ തൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന സമ്മേളനം "പുതിയ കേരളം പടുത്തുയർത്താനുള്ള കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശങ്ങൾ’ എന്ന നയരേഖ അംഗീകരിച്ചു. ഭൂപരിഷ്കരണം, കൂട്ടായ വിലപേശലിലൂടെ കൂലി ഉയർത്താനുള്ള അവകാശം, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യസുരക്ഷ തുടങ്ങി 1957ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ പ്രകടനപത്രിക ഈ രേഖ ആധാരമാക്കിയായിരുന്നു. 60 ശതമാനംപേരും ദാരിദ്ര്യത്തിൽ കഴിയുന്ന, ഭൂരിപക്ഷത്തിനും ഭൂമിയോ വീടോ ഇല്ലാത്ത സംസ്ഥാനമായിരുന്നു അന്ന് കേരളം. കുടിയൊഴിപ്പിക്കൽ നിരോധിക്കുകയും ഭൂപരിഷ്കരണം നടപ്പാക്കുകയും ചെയ്തതോടെയാണ് ഭൂരിപക്ഷത്തിനും സ്വന്തമായി ഭൂമി ലഭിച്ചത്. ആ ഭൂമിയിൽ ചവിട്ടിനിന്നാണ് അധഃസ്ഥിത ജനത പട്ടിണി മാറ്റിയതും മക്കളെ വിദ്യാഭ്യാസത്തിന് അയച്ചതും.


ആബാലവൃദ്ധം ജനങ്ങളെ അക്ഷരവെളിച്ചത്തിലേക്ക് നയിച്ചത് 1987ലെ നായനാർ സർക്കാരിന്റെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിലൂടെയായിരുന്നു. 1991ൽ നരസിംഹറാവു സർക്കാർ നവ ഉദാരനയം നടപ്പാക്കിയപ്പോൾ അതിനുള്ള ബദൽ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിരുന്നു 1996ലെ നായനാർ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണം. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി ക്ഷേമാനുകൂല്യങ്ങൾ നടപ്പാക്കാൻ ആരംഭിച്ചതും ഇടതുപക്ഷ സർക്കാരുകൾതന്നെയാണ്. 1980ൽ നായനാർ സർക്കാരാണ് 45 രൂപ കർഷകത്തൊഴിലാളി പെൻഷൻ ആരംഭിച്ചത്.


അതാണിന്ന് 63 ലക്ഷംപേർ വാങ്ങുന്ന 2000 രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി മാറിയത്. ഇത് 60 രൂപയാക്കിയതും 120 രൂപയാക്കിയതും നായനാർ സർക്കാരായിരുന്നു. 2006ൽ വി എസ് സർക്കാരാണ് 380 രൂപ വർധിപ്പിച്ച് 500 രൂപയാക്കിയത്. ഇതിനിടയിൽ രണ്ടുതവണവീതം കരുണാകരനും ആന്റണിയും ഒരുതവണ ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായെങ്കിലും ഒരു രൂപപോലും വർധിപ്പിച്ചില്ല. 2011ൽ വീണ്ടും ഉമ്മൻചാണ്ടി അധികാരത്തിൽ വന്നപ്പോഴാണ് 100 രൂപ കൂട്ടിയത്. 2000 രൂപയിൽ ഈ 100 രൂപമാത്രമാണ് യുഡിഎഫിന്റെ സംഭാവന. 600ൽനിന്ന്‌ 1600 രൂപയാക്കിയതും പിന്നീട് 2000 ആക്കിയതും പിണറായി സർക്കാരാണ്. കുടുംബശ്രീ പദ്ധതിക്ക് തുടക്കമിട്ടതും മാവേലി സ്റ്റോറുകൾ ആരംഭിച്ചതും നായനാർ സർക്കാർതന്നെ. കേരളീയരുടെ നിത്യജീവിതത്തെ മെച്ചപ്പെട്ടതാക്കിയ ഓരോ നടപടിക്കും തുടക്കംകുറിച്ചത് എൽഡിഎഫ് സർക്കാരുകളാണെന്നു കാണാം.


എന്നാൽ, 2011ൽ വന്ന ഉമ്മൻചാണ്ടി സർക്കാർ ഉദാരവൽക്കരണപാതയിലൂടെ അതിവേഗം മുന്നേറുകയും കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ആസിയാൻ കരാർ ഒപ്പുവച്ചതിനെ അനുകൂലിക്കുകയും ചെയ്തു. ഇതേനയത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകൾ അവഗണിക്കപ്പെട്ടു. ആയിരത്തോളം സ്കൂളുകൾ പൂട്ടാൻ ശ്രമിച്ചു. നാല് സ്കൂളുകൾക്ക് താഴിട്ട് തുടക്കംകുറിച്ചു. മരുന്നും ഡോക്ടറും ചികിത്സയുമില്ലാതെ ആരോഗ്യമേഖലയും തകർന്നടിഞ്ഞു. കെഎസ്ആർടിസി കട്ടപ്പുറത്തായി. നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്‌ക്കലും വന്നു. പെൻഷൻ 18 മാസം കുടിശ്ശികയാക്കി. ലോഡ്ഷെഡിങ് നിത്യജീവിതത്തിന്റെ ഭാഗമായി. ദേശീയപാതാ വികസനം ഉപേക്ഷിച്ച് ഓഫീസ് പൂട്ടി. ഗെയിൽ പദ്ധതി ഉപേക്ഷിച്ചു.


കോൺഗ്രസിനെ ഭരണം ഏൽപ്പിച്ചാൽ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും മുന്നേറ്റങ്ങളും തടയപ്പെടുമെന്ന് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ ജനത 2016ൽ വർധിച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റി. "മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നത്. അന്ന് പ്രകടനപത്രികയിൽ മുന്നോട്ടുവച്ച 600 വാഗ്ദാനങ്ങളിൽ 580ഉം നടപ്പാക്കിയാണ് 2021ൽ വീണ്ടും ജനവിധി തേടിയത്. ഒന്നും സാധ്യമല്ലെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാഴ്ചപ്പാട് തിരുത്തി പലതും സാധ്യമാണെന്ന ആത്മവിശ്വാസം കേരളീയർക്ക് പകർന്നുനൽകാൻ ഒന്നാം പിണറായി സർക്കാരിന് കഴിഞ്ഞു.


ക്ഷേമപദ്ധതികൾമാത്രമല്ല, ഹൈവേ വികസനവും ഗെയിൽ പദ്ധതിയും കൂടംകുളം പദ്ധതിയും പവർ ഹൈവേയുംമറ്റും സർക്കാർ മുന്നോട്ടുകൊണ്ടുപോയി. നൂറ്റാണ്ടിലെ വലിയ പ്രളയവും ഓഖിയും നിപായും കോവിഡും അതിജീവിച്ച സർക്കാർ, ജനങ്ങൾക്ക്‌ പുതിയ പ്രതീക്ഷകൾ നൽകി. ഈ പശ്ചാത്തലത്തിലാണ് കേരളചരിത്രത്തിലാദ്യമായി എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. 2016ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുമായാണ് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. ഈ സർക്കാർ മുന്നോട്ടുവച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയാണ് ഇപ്പോൾ ജനവിധി തേടുന്നത്. 1957ലെ ഇ എം എസ് സർക്കാരിനുശേഷം ചരിത്രത്തിലെ സുപ്രധാന സംഭവമാണ് തുടർഭരണം.


കണ്ണൂരിൽ ചേർന്ന 23–-ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി എറണാകുളത്ത് ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനം "നവകേരളസൃഷ്ടിക്കായുള്ള പാർടി കാഴ്ചപ്പാട്’ അവതരിപ്പിച്ചത് ഈ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടാണ്. "ഇന്ത്യയിലെ ബൂർഷ്വാ -ഭൂപ്രഭു ഭരണകൂടത്തിൻകീഴിലെ ഫെഡറൽ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കുക എന്ന പരിമിതിയുണ്ടെങ്കിലും സോഷ്യലിസ്റ്റ് ലോകത്തിന് നിലവിലിരിക്കുന്ന ഇടതുപക്ഷ സർക്കാരുകളിൽ ഒന്നാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ’ എന്ന് ഈ രേഖ വിലയിരുത്തി. ഈ വിലയിരുത്തൽ പൂർണമായും ഉൾക്കൊണ്ടാണ് നവ ഉദാര സാമ്പത്തികനയത്തിനെതിരെ സാധ്യമായ ഇടതുപക്ഷ ബദൽ ഉയർത്താൻ എൽഡിഎഫ് സർക്കാർ പ്രവർത്തിച്ചത്.


ബജറ്റിനുപുറത്ത് കിഫ്ബി വഴി പണം കണ്ടെത്തി പശ്ചാത്തലസൗകര്യ വികസനത്തിൽ മുമ്പെങ്ങുമില്ലാത്തവിധം കേരളം മുന്നേറി. വിഴിഞ്ഞം പദ്ധതി നടപ്പാക്കി. രാജ്യത്തെ ആദ്യത്തെ ജലമെട്രോയ്‌ക്ക് തുടക്കമിട്ടു. അതേപ്രാധാന്യത്തോടെ ക്ഷേമപ്രവർത്തനങ്ങളും നടത്തി. സാമൂഹ്യ ക്ഷേമ പെൻഷനുപുറമെ സ്ത്രീസുരക്ഷാ പദ്ധതി, ഉന്നതവിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ പരിശീലനത്തിന് സാമ്പത്തികസഹായം തുടങ്ങി പല പദ്ധതികളും നടപ്പാക്കി. ചൈനയ്‌ക്കുശേഷം ലോകത്തിൽ ആദ്യമായി കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. രാഷ്ട്രീയവിരോധം പുലർത്തി കേന്ദ്രസർക്കാർ അർഹമായ സഹായംപോലും നിഷേധിച്ച് സാമ്പത്തികമായി ഞെരുക്കുമ്പോഴാണ് ഈ രീതിയിൽ മുന്നേറിയത്. നിതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ ഒന്നാമതാണ് കേരളം. ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനമാണ്. ശിശുമരണനിരക്ക്‌ കുറയ്‌ക്കുന്നതിൽ അമേരിക്കയെപ്പോലും പിന്നിലാക്കി. തുടർഭരണം കേരളത്തെ അതിവേഗം മുന്നോട്ടുനയിക്കുന്നതിന് വഴിവെട്ടുകയാണ് ചെയ്തത്.


ഈ പശ്ചാത്തലത്തിലാണ് "നവകേരള നിർമാണത്തിനുള്ള പുതുവഴികൾ’ എന്ന നയരേഖ കൊല്ലത്ത് ചേർന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സിപിഐ എം അംഗീകരിച്ചത്. അടുത്ത 25 വർഷംകൊണ്ട് അടിസ്ഥാനസൗകര്യങ്ങളും ജീവിതനിലവാരവും വികസിത രാജ്യങ്ങൾക്കുസമാനമായി ഉയർത്തി വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമാണ് ഈ രേഖ മുന്നോട്ടുവച്ചത്. ഈ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടനപത്രികയിലെ പല നിർദേശങ്ങളും ഈ വഴിക്കുള്ളതാണ്.


കുട്ടികൾക്ക് ലോകോത്തര വിദ്യാഭ്യാസം, അതോടൊപ്പം ജോലി ഉറപ്പാക്കൽ, എല്ലാവർക്കും വീട്, വ്യവസായങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും വളർച്ച തുടങ്ങി നിരവധി നിർദേശങ്ങൾ പ്രകടനപത്രികയിലുണ്ട്. ജനങ്ങളുടെ ക്ഷേമവും പുരോഗതിയോടൊപ്പം വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ലക്ഷ്യം. 1957 മുതൽ കേരളത്തെ മുന്നോട്ടുനയിക്കുന്നതിന് വ്യക്തമായ കർമപദ്ധതി ആവിഷ്കരിക്കുകയും അത് നടപ്പാക്കിയെന്ന് ഉറപ്പുവരുത്തിയുമാണ് എൽഡിഎഫ് ജനവിധി തേടിയിട്ടുള്ളത്. ഈ സമീപനം ഒരിക്കലും കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. അതിനാൽ കേരളം മുന്നേറണമെന്ന് ആഗ്രഹിക്കുന്നവർ അവരുടെ വിലയേറിയ സമ്മതിദാനാവകാശം എൽഡിഎഫിന് നൽകും.



Deshabhimani
Home