ഹൃദയപക്ഷത്തുടിപ്പ്

ഹൃദയപക്ഷത്തുടിപ്പ്

പിണറായി വിജയൻ
Published on Apr 07, 2026, 10:52 PM | 4 min read
എല്ലാ തെരഞ്ഞെടുപ്പുകളും നിർണായകമാണെങ്കിലും ഇൗ നിയമസഭാ തെരഞ്ഞെടുപ്പ് അതിലും നിർണായകമാണ്. കാരണം, കേരളം കൈവരിച്ചതും ഇപ്പോൾ അനുഭവിക്കുന്നതുമായ വികസന–ക്ഷേമ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ സാമൂഹ്യജീവിതം മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് നാടിനെ കൊണ്ടുപോകണമോ എന്നതാണ് വിഷയം.
വികസന–ക്ഷേമ പ്രവർത്തനങ്ങളുടെ വസന്തംതന്നെ സൃഷ്ടിക്കുകയും എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കുകയും ചെയ്ത് പുതിയൊരു സമത്വസുന്ദരകേരളം സാക്ഷാൽക്കരിക്കുന്ന എൽഡിഎഫ് സർക്കാരിന് അഭിമാനകരമായ ഹാട്രിക് വിജയം സമ്മാനിക്കണമെന്നാണ് വോട്ടർമാരോട് അഭ്യർഥിക്കാനുള്ളത്.
അപ്പുറത്ത്, ഇതിനോടെല്ലാം മുഖംതിരിച്ച് യാഥാർഥ്യബോധമില്ലാത്തതും പ്രായോഗികമല്ലാത്തതുമായ വാഗ്ദാനങ്ങൾ നൽകിയും കള്ളം ആവർത്തിച്ചുപറഞ്ഞും എല്ലാ കാലത്തും ചെയ്യുന്നതുപോലെ ജനങ്ങളെ കബളിപ്പിച്ച് വോട്ടുതട്ടാൻ ശ്രമിക്കുകയാണ് യുഡിഎഫ്. ബിജെപി നയിക്കുന്ന എൻഡിഎ സഖ്യവും മത്സരരംഗത്തുണ്ട്.
ദേശീയ സ്വാതന്ത്ര്യസമരത്തിലോ കേരളത്തിന്റെ സാമൂഹ്യപുരോഗതിയിലോ ഒരുതുള്ളി വിയർപ്പുപോലും ചെലവാക്കാത്ത ബിജെപി വലിയ വ്യാമോഹങ്ങൾ ജനങ്ങൾക്ക് നൽകിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു വ്യാഴവട്ടമായി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും കേരളത്തെ സഹായിക്കാനുള്ള ഭരണഘടനാപരമായ ചുമതല നിർവഹിക്കുകയോ ന്യായമായി ലഭിക്കേണ്ട നികുതിവിഹിതമടക്കമുള്ള ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യാതെ, ഇനി തങ്ങൾ പലതും ചെയ്യുമെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി നിൽക്കുന്നത്.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും പദ്ധതിവിഹിതങ്ങളും ഹനിക്കപ്പെട്ടപ്പോൾ കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. ഇൗ സവിശേഷ സന്ദർഭത്തിൽ എൽഡിഎഫിനെ വീണ്ടും ജയിപ്പിക്കേണ്ടതിന്റെ അനിവാര്യത എന്തൊക്കെയാണെന്ന് പറയാനാണ് ആഗ്രഹിക്കുന്നത്. എൽഡിഎഫ് കഴിഞ്ഞ 10 വർഷം നടപ്പാക്കിയ എല്ലാ വികസന–-ക്ഷേമ പ്രവർത്തനങ്ങളും വിശദീകരിക്കാൻ സ്ഥലപരിമിതിയുണ്ട്.
സുപ്രധാനമായ ചിലതുമാത്രം സൂചിപ്പിക്കട്ടെ. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചും അവരുടെ ദൈനംദിനജീവിതത്തിൽ വികസനത്തിന്റെയും ക്ഷേമത്തിന്റെയും വെളിച്ചം പ്രസരിപ്പിച്ചുമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. കേവലം വാഗ്ദാനങ്ങളോ പ്രതീക്ഷകളോ നൽകുകയല്ല, മറിച്ച് പൊതുജനം അനുഭവിച്ചറിഞ്ഞ പാഠങ്ങൾ പറഞ്ഞാണ് എൽഡിഎഫ് വോട്ട് തേടുന്നത്.
1957ലെ ഇ എം എസ് സർക്കാരിന്റെ ചുവടുപിടിച്ച് കേരളത്തെ മൗലികമായി മാറ്റാനും പുരോഗതിയിലേക്ക് കൊണ്ടുപോകാനുമുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് 10 വർഷമായി എൽഡിഎഫ് തുടരുന്നത്. ഭൂരഹിതർക്ക് ഭൂമി നൽകാനും വിദ്യാഭ്യാസം ജനാധിപത്യവൽക്കരിച്ച് സാർവത്രികമാക്കാനും ഇ എം എസ് സർക്കാരാണ് നടപടികളെടുത്തത്.
തുടർന്ന് അധികാരത്തിലിരുന്ന ഇടതുപക്ഷസർക്കാരുകൾ ക്ഷേമ പെൻഷനുകൾ ആവിഷ്‌കരിച്ചും സംസ്ഥാനത്തെ സമ്പൂർണ സാക്ഷരതയിലെത്തിച്ചും അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പാക്കിയും കുടുംബശ്രീ സംവിധാനം കുറ്റമറ്റതാക്കിയും ഐടി വികസനസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് മുന്നേറിയത്.
ഇതിന്റെ തുടർച്ചതന്നെയാണ് നിലവിലുള്ള എൽഡിഎഫ് സർക്കാരും ചെയ്തത്. 2016 മേയിൽ അധികാരമേറ്റെടുത്ത സർക്കാർ, അതിനുമുമ്പുള്ള അഞ്ചുവർഷം യുഡിഎഫ് ഭരണം കുളംതോണ്ടിയ കേരളത്തെ പുനരുജ്ജീവിപ്പിക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുത്തത്. അതിനായി നാലു മിഷനുകൾ ആവിഷ്‌കരിച്ചു. ആരോഗ്യമേഖലയിൽ ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് വിദ്യാകിരണം, ഭവനനിർമാണത്തിന് ലൈഫ്, കാർഷികമേഖലയുടെ നവീകരണത്തിന് ഹരിതകേരളം എന്നിവയാണ് അവ.
ഇതിനിടയിൽ നിപായും ഓഖിയും കോവിഡും മഹാപ്രളയവും വന്നു. അത്തരം ദുരന്തമുഖങ്ങളിൽ പതറാതെ എല്ലാ മനുഷ്യരെയും സർക്കാർ ചേർത്തുപിടിച്ചു. നാട് പ്രതിസന്ധികളെയും മഹാമാരികളെയും അഭിമുഖീകരിച്ചപ്പോൾ കേന്ദ്രം കൈമലർത്തി. ബിജെപിയുടെ കേരളവിരുദ്ധയ്‌ക്ക് ചൂട്ടുപിടിക്കുകയായിരുന്നു കോൺഗ്രസും യുഡിഎഫും. ഈ വെല്ലുവിളികളെയെല്ലാം എൽഡിഎഫ് സർക്കാർ അതിജീവിച്ചു.
ഇതിനായി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന സംവിധാനം കൊണ്ടുവന്നു. ബജറ്റിനുപുറത്ത് അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബിയും കൊണ്ടുവന്നു. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, വിനോദസഞ്ചാര വികസനകേന്ദ്രങ്ങൾ തുടങ്ങിയവ തിളക്കത്തോടെ നിറഞ്ഞുനിന്നു. ദേശീയപാത 66ന്റെ വികസനം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യുഡിഎഫ് കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ച പദ്ധതിയാണ് യാഥാർഥ്യമാകുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാനം 5580 കോടി രൂപയാണ് നൽകിയത്. ദേശീയപാത വികസനത്തിനായി അങ്ങോട്ട് പണം നൽകേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണ്. 62 ലക്ഷം ആളുകൾക്ക് 2000 രൂപവീതം മാസംതോറും പെൻഷൻ നൽകുന്നു. ഇതിനുപുറമെ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ നൽകുന്നു. ക്ഷേമ പെൻഷനുകൾ കുടിശ്ശികയായ യുഡിഎഫ് കാലത്തുനിന്ന്, വീട്ടുപടിക്കൽ പെൻഷനെത്തിക്കുന്ന രീതിയിലേക്ക് കേരളം മാറി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അഭിമാനകരമായി മുന്നേറുന്നു. ഗെയിൽ പൈപ്പ്‌ലൈനും കൊച്ചി–ഇടമൺ കോറിഡോറും യാഥാർഥ്യമാക്കി. കാലത്തിന്റെ അനിവാര്യതകൾ ഉൾക്കൊണ്ട് കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരമാക്കി. ബിരുദതലംവരെ വിദ്യാഭ്യാസം സൗജന്യമാക്കി. നാലരലക്ഷത്തിലേറെ പട്ടയം ലഭ്യമാക്കി. മലയോരഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനും പതിച്ചുനൽകിയ ആവശ്യങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുകയും ചെയ്യുന്ന ഭൂപതിവു ഭേദഗതി നിയമം പാസാക്കി. ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തി കേരളത്തെ അതിദാരിദ്ര്യമുക്തമാക്കി.
അഞ്ചുലക്ഷത്തിലേറെപ്പേർക്ക് ലൈഫ് ഭവന പദ്ധതിവഴി വീടുകൾ നൽകി. മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതരെ ടൗൺഷിപ് പണിത് പുനരധിവസിപ്പിച്ചു. കഴിഞ്ഞ 10 വർഷവും ലോഡ്ഷെഡിങ്, പവർകട്ട് എന്നീ വാക്കുകൾപോലും കേരളം കേട്ടില്ല. വർഗീയസംഘർഷങ്ങളോ കലാപങ്ങളോ ഇല്ലാതെ സ്വസ്ഥമായ സാമൂഹികജീവിതം ഉറപ്പുവരുത്തി. കേന്ദ്രസർക്കാരിന്റെതന്നെ ഔദ്യോഗിക കണക്കുകളിൽ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, പാർപ്പിടം തുടങ്ങിയ മേഖലകളിലുള്ള റാങ്കിങ്ങുകളിൽ രാജ്യത്തെ നമ്പർ വൺ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കി.
ഇനി ബിജെപിയും കോൺഗ്രസും പറയുന്ന ഗ്യാരന്റികൾ പരിശോധിക്കാം. 2016ൽ 600 രൂപ പെൻഷൻ 18 മാസം കുടിശ്ശികയാക്കിയ യുഡിഎഫ് ഇപ്പോൾ 3000 രൂപ പെൻഷൻ കൊടുക്കുമെന്നു പറയുന്നതിന് എന്തടിസ്ഥാനം. ഒരുവർഷത്തെ ബജറ്റ് തുക മൊത്തമെടുത്താൽപ്പോലും തികയാത്ത 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. മുണ്ടക്കൈ-–ചൂരൽമല ദുരന്തബാധിതരുടെ പേരിൽ കോടികൾ പിരിച്ചെടുത്തിട്ട് ഒരു കല്ലുപോലും ഇടാൻ കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്.
ഒടുവിൽ വീടുവയ്ക്കാൻ ഇനി പണമില്ലെന്ന് സമ്മതിച്ചിരിക്കുന്നു. പണം പിരിക്കാൻവേണ്ടി ഒന്പതുലക്ഷം കൊടുത്ത് തയ്യാറാക്കിയ ആപ് ആവിയായി. ദുരന്തബാധിതർക്കായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയവരെ എങ്ങനെ വിശ്വസിക്കും.
കോൺഗ്രസ് നയിക്കുന്ന കർണാടക സർക്കാരല്ലേ യെലഹങ്കയിൽ പാവപ്പെട്ട മനുഷ്യരുടെ, അതും മുസ്ലിം ന്യൂനപക്ഷങ്ങളുടെ നൂറുകണക്കിന് വീടുകൾ ഇടിച്ചുനിരപ്പാക്കി അവരെ തെരുവിലേക്ക് ഇറക്കിവിട്ടത്? കോൺഗ്രസ് ജനങ്ങളെ വീടുകൾ തകർത്ത് വഴിയാധാരമാക്കുമ്പോൾ, ഇവിടെ എൽഡിഎഫ് പാവപ്പെട്ടവർക്ക് വീടുവച്ചുനൽകുന്നു. കോൺഗ്രസ് മനുഷ്യരെ കണ്ണീര് കുടിപ്പിക്കുമ്പോൾ എൽഡിഎഫ് കണ്ണീരൊപ്പുന്നു.
കോൺഗ്രസും യുഡിഎഫും വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുമ്പോൾ, എൽഡിഎഫ് വാഗ്ദാനങ്ങൾ പാലിച്ച് ആത്മവിശ്വാസത്തോടെ നിലകൊള്ളുന്നു. യുഡിഎഫ് നുണമാത്രം പറയുമ്പോൾ, എൽഡിഎഫ് തികച്ചും സുതാര്യസമീപനം സ്വീകരിക്കുന്നു. ബിജെപിയാകട്ടെ, ദുരന്തകാലത്തുപോലും കേരളത്തെ സഹായിക്കാൻ കൂട്ടാക്കാതെ തെരഞ്ഞെടുപ്പുസമയത്ത് വാഗ്ദാനങ്ങൾ പറഞ്ഞ് വോട്ടുതട്ടാൻ ശ്രമിക്കുന്നു.
കോൺഗ്രസും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. രണ്ടു കൂട്ടർക്കും കേരളത്തിലെ വികസന-–ക്ഷേമ പ്രവർത്തനം ചർച്ചയാക്കാൻ താൽപ്പര്യമില്ല. അത് ചർച്ചയാക്കിയാൽ രണ്ടു കൂട്ടരുടെയും പൊള്ളത്തരം കുറെക്കൂടി വ്യക്തമായി ജനങ്ങൾക്ക് മനസ്സിലാകും. ഇൗ പശ്ചാത്തലത്തിലാണ് എൽഡിഎഫ് 10–ാംവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അടക്കം പ്രസിദ്ധീകരിച്ച് ജനങ്ങളെ സമീപിക്കുന്നത്.
‘പ്രിയമപരപ്രിയം' എന്ന് ശ്രീനാരായണഗുരു പറഞ്ഞതുപോലെ, ഏവരെയും ചേർത്തുപിടിച്ച്, ക്ഷേമവും വികസനവും ഉറപ്പാക്കി കേരളത്തെ ഇനിയും ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ വീണ്ടും വരണം. തീർച്ചയായും കഴിഞ്ഞ 10 വർഷങ്ങളിലെ അനുഭവസാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കേരളജനത എൽഡിഎഫിന് 2021ലേതിനേക്കാൾ മികച്ച വോട്ടും സീറ്റും നൽകി വീണ്ടും അധികാരത്തിലേറ്റുമെന്ന് ഉറപ്പ്.












