‘ അതൊരു പരമരഹസ്യം ! ’


മധു നീലകണ്ഠൻ
Published on Jan 31, 2026, 12:00 AM | 2 min read
ധനപരമായ കാര്യങ്ങളിൽ കൂടുതൽ ഉദാരമായ സമീപനമാണ് കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാന സർക്കാരുകൾ എപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാൽ, കേരളത്തോട് മോദിഭരണം ഒട്ടും ഉദാരമല്ലാത്ത നിലപാട് സ്വീകരിച്ചുവെന്നുമാത്രമല്ല, ശത്രുതാപരമായ നടപടികളെടുക്കുകയും ചെയ്തു. ഓഖി, നിപാ, പ്രളയം, കോവിഡ്, വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തം തുടങ്ങിയ പ്രതിസന്ധികളുടെ നടുക്കടലിൽ നിൽക്കുമ്പോൾപ്പോലും കേരളത്തിന് അർഹമായ സഹായവും വിഹിതങ്ങളും നിഷേധിച്ചു.
എങ്ങനെയും കേരളത്തെ തോൽപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, കേരളം തോറ്റില്ല. സാമൂഹ്യനേട്ടങ്ങളാകെ സംരക്ഷിച്ച്, സാമൂഹ്യസുരക്ഷാ നടപടികൾ കൃത്യമായി നടപ്പാക്കി, സർവാശ്ലേഷിയായ വികസനത്തിന്റെ പാതയിലൂടെ സംസ്ഥാനം അതിജീവിച്ചു, ഏറെ മുന്നേറി. ഇതെങ്ങനെ സാധിച്ചു? ‘അതൊരു പരമരഹസ്യമായിരുന്നു' എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പറയുന്നുണ്ട്. ആ രഹസ്യം മന്ത്രി വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ബജറ്റ് പ്രസംഗത്തിൽ മന്ത്രിയുടെ വാക്കുകൾ..."ഇടതുപക്ഷ സർക്കാരിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് തുടക്കത്തിലേ കണക്കുകൂട്ടിയിരുന്നു. നമ്മളൊക്കെ അരിയാഹാരമല്ലേ കഴിക്കുന്നത്. അതുകൊണ്ട് അപകടം മുൻകൂട്ടി കാണാൻ കഴിഞ്ഞു. സർക്കാരിന്റെ ചെലവുകൾ ക്രമീകരിച്ചും തനതുവരുമാനം വർധിപ്പിച്ചും പ്രതിരോധക്കോട്ട കെട്ടുകയാണ് ഞങ്ങൾ ചെയ്തത്.’
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തനത് നികുതിവരുമാനത്തിൽ ഏതാണ്ട് 1,27,747 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു. മൊത്തം തനത് നികുതിവരുമാനത്തിന്റെ കാര്യമല്ല ഇത്. തനതുവരുമാനത്തിൽ ഇത്രയും തുക അധികമായി കണ്ടെത്താൻ കഴിഞ്ഞു എന്നാണ്. 2025-–26ലെ കണക്കുകൾ അന്തിമമായി പരിഗണിക്കുമ്പോൾ തുക ഇതിലും കൂടുതലായിരിക്കും. 2016-–17 മുതൽ 2020-–21 വരെ പ്രതിവർഷ ശരാശരി തനത് നികുതിവരുമാനം 47,453 കോടി രൂപയായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് പ്രതിവർഷ ശരാശരി തനതുവരുമാനം 73,002 കോടിയാണ്. 2025-–26 ലെ തനത് നികുതിവരുമാനമായി ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത് 83,731 കോടി. തനത് നികുതിയേതര വരുമാനത്തിലും അഭിമാനകരമായ വളർച്ചയുണ്ടായി. നികുതിയേതര തനതുവരുമാനത്തിൽ 24,898 കോടിയോളം അധികമായി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തനത് നികുതിയേതര വരുമാനത്തിന്റെ വാർഷിക ശരാശരി 15,435 കോടിയാണ്. 2025-–26ലെ അവസാന കണക്കുകൾ വരുമ്പോൾ തുക ഇതിലും കൂടുതലാകും. ചുരുക്കിപ്പറഞ്ഞാൽ സ്വന്തം കാലിൽനിന്നുകൊണ്ടാണ്, ഉപരോധസമാനമായ കേന്ദ്രവിവേചനത്തെ കേരളം നേരിട്ടത്, സംസ്ഥാനം പിടിച്ചുനിന്നത്.

കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന പാരമ്യത്തിലെത്തിയ നാളുകളിലൂടെയാണ് ഈ സർക്കാർ കടന്നുപോയത്. സംസ്ഥാന ഖജനാവിൽ ‘പൂച്ച പെറ്റുകിടക്കും’, ‘ട്രഷറി അടച്ചിടും’, ‘ശമ്പളം മുടങ്ങും’ തുടങ്ങിയ പരിഹാസപ്രവചനങ്ങളും അടിക്കടിയുണ്ടായി. അതൊന്നും സംഭവിച്ചില്ല. അപ്പോൾ, വികസന -ക്ഷേമ ചെലവുകൾ വെട്ടിക്കുറച്ചും അമിതമായി കടം വാങ്ങിയുമാണ് കേരളം പിടിച്ചുനിന്നത് എന്ന ആരോപണങ്ങളുണ്ടായി. ഇപ്പോൾ, ഈ രണ്ട് വാദങ്ങളും ആരും ഉന്നയിക്കുന്നില്ല. കേന്ദ്രസർക്കാരുമായും മറ്റ് സംസ്ഥാന സർക്കാരുകളുമായും താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ സാമ്പത്തിക- ധനകാര്യ ആരോഗ്യം ഒട്ടും മോശമല്ലെന്ന് ഏവർക്കും ബോധ്യമായിട്ടുണ്ട്. റിസർവ് ബാങ്കും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതെ, കേരളത്തിന്റെ ബദൽനിലപാടുകളുടെ അർഥപൂർണമായ വിജയമാണ് വെളിപ്പെടുന്നത്.















