പ്ലീസ് ഇതൊരു 'പ്രോസസ്സ്' ആണ്

പ്ലീസ് ഇതൊരു 'പ്രോസസ്സ്' ആണ്

സി കെ ദിനേശ്
Published on May 07, 2026, 10:37 PM | 2 min read
തലയെണ്ണിക്കൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ‘പ്രോസസ്’ നടക്കുന്ന കോൺഗ്രസിനുള്ളിൽനിന്നുതന്നെ ഉയരുന്ന പ്രധാന ചോദ്യം, തലയുടെ എണ്ണം മാത്രമാണോ മാനദണ്ഡം എന്നാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് തുടക്കത്തിലേ നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തം.മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന മൂന്നുപേരും വാളെടുത്തുനിൽക്കുന്നതിനാൽ തീപ്പൊരി ചിതറുമോ? സംസ്ഥാനം ഉറ്റുനോക്കുന്നതും അതാണ്.
മുതിർന്ന നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ കെ സുധാകരൻമുതൽ അടുത്തിടെ ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തി വളരെ പെട്ടെന്ന് എംഎൽഎയാവുകയും ചെയ്ത സന്ദീപ് വാര്യർവരെ പറയുന്ന ഒരു കാര്യമുണ്ട്. അത് കെ സി വേണുഗോപാലിന്റെ മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയാണ്. ഭരണപരിചയമില്ലേ, യുഡിഎഫിലെ ഘടകകക്ഷികളെയും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളെയും മാനേജ് ചെയ്ത് കോ ഓർഡിനേഷൻ ചെറിയ കാര്യമാണോ, കെഎസ്‌യുമുതൽ എഐസിസി ജനറൽ സെക്രട്ടറിവരെ എത്തിയ സംഘടനാപ്രവർത്തന പരിചയം തള്ളിക്കളയാമോ?
എന്നാൽ മറുവിഭാഗം ചോദിക്കുന്നത്, രമേശ് ചെന്നിത്തലയെപ്പോലുള്ള സീനിയറായ നേതാവിനെ തള്ളാനാകുമോ എന്നാണ്. വളരെ ചെറുപ്പത്തിലേ മന്ത്രിയായി, ദേശീയതലത്തിൽ ദീർഘകാലത്തെ പ്രവർത്തനപരിചയം, എംപി ആയി, പ്രതിപക്ഷനേതാവായി. സമുദായനേതാക്കളുടെ പിന്തുണയുമുണ്ട്. മാത്രമല്ല, വിവിധ ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടുപോകാൻ ചെന്നിത്തലയ്ക്കല്ലേ കഴിയൂ. കെപിസിസി പ്രസിഡന്റായിരുന്ന കാലവും നേതാക്കൾ ഓർമിപ്പിക്കുന്നു.
ഇനി യുഡിഎഫ് ചെയർമാൻ സാക്ഷാൽ വി ഡി സതീശൻ നേരിട്ട് ലേഖനമെഴുതി കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നതും അനുയായികൾ ചൂണ്ടിക്കാണിക്കുന്നു. അത് കെപിസിസിയും ഹൈക്കമാൻഡും മറക്കണ്ടാന്ന്. എന്താണതിൽ പറയുന്നത്? ഇപ്പോൾ വേണ്ടത് ഒരു ടീമിനെ നയിക്കലാണ്, അതിന് ആരാണ് കേമൻ? ജെൻ സീക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കണം; ആരാണ് അതിന് യോഗ്യൻ? മറ്റൊരു പ്രധാന കാര്യം, ഒരു കാഴ്‌ചപ്പാടുള്ള മുഖ്യമന്ത്രിയെയാണ് വേണ്ടത്.
മറ്റു രണ്ടുപേർക്കും കാഴ്‌ചപ്പാടൊന്നുമില്ലെന്ന് വ്യംഗ്യം. ഇത് കസേരകളിയാണ്, കോൺഗ്രസല്ലേ അവർക്ക് ഇതൊക്കെയാകാം തുടങ്ങിയ പരിഹാസങ്ങളൊക്കെ ചില മാധ്യമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതിനൊന്നും സമയായിട്ടില്ലെന്നുതന്നെയാണ് സീനിയർ നിരീക്ഷകരുടെ വാദം. അതുകൊണ്ട് അവരൊക്കെ മാത്യു കുഴൽനാടന്റെ റിക്വസ്റ്റാണ് എടുത്തുകാണിക്കുന്നത്. ‘പ്ലീസ്... ഇതൊരു പ്രോസസ് അല്ലേ, അതൊന്നു കഴിഞ്ഞോട്ടെ. മുസ്ലിംലീഗ് എന്നല്ല മറ്റൊരു പാർടിയും കോൺഗ്രസ് പാർടിയുടെ കാര്യത്തിൽ അഭിപ്രായം പറയണ്ട. നിങ്ങൾ അലമ്പുണ്ടാക്കല്ലേ.’ കീശയിൽ തന്റെ ‘മുഖ്യമന്ത്രി’യുടെ ചിത്രമുണ്ടെങ്കിലും അതിലും ശരിയില്ലേ?
യുഡിഎഫിനെ കൊണ്ടുവരാൻ അഹോരാത്രം പണിയെടുത്ത മാധ്യമങ്ങൾതന്നെ ഇപ്പോൾ കോൺഗ്രസിന്റെ തീരാത്ത ‘പ്രോസസി’നെ പരിഹസിക്കുന്നത് ശരിയാണോ. പക്ഷേ, ആലപ്പുഴയിൽ ആരെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് വ്യാമോഹിക്കുന്നുണ്ടെങ്കിൽ നടക്കില്ലെന്ന ഭീഷണി ആരും കാണാതിരിക്കണ്ട. അത്തരം മനസ്സിലിരിപ്പുകാരുടെ ഒരു ബാനറും ആലപ്പുഴയിൽ വച്ചുവാഴിക്കില്ലെന്ന് അവ കീറി റോഡിലെറിഞ്ഞുകൊണ്ടാണ് തെളിയിച്ചത്. എങ്കിലിരിക്കട്ടെ എന്ന മൂച്ചോടെ എറണാകുളം ഡിസിസിയുടെ മുന്നിൽ കെ സി വേണുഗോപാലിന്റെ കൂറ്റൻ കട്ടൗട്ട് വച്ച് മറുപടി.
ഇതിനിടയിലാണ് വ്യാഴാഴ്‌ച നിയമസഭാ കക്ഷിയോഗം ചേർന്നത്. കെപിസിസി ഓഫീസിലേക്ക് ഒഴുകിയെത്തിയ മുതിർന്ന നേതാക്കൾക്കും എംഎൽഎമാർക്കും ചാനൽ മൈക്കുകൾ തട്ടിമാറ്റി അകത്തുകേറുക എളുപ്പമായിരുന്നില്ല. ഒരവകാശംപോലെതന്നെ അവർ ചോദിച്ചു: എന്നുണ്ടാകും മുഖ്യമന്ത്രി, കേരളത്തിലെ ഫ്ലക്സ് യുദ്ധവും സമൂഹമാധ്യമപ്പോരും നേതാക്കൾ കാണുന്നില്ലേ, എംഎൽഎമാരിൽനിന്നാണോ അതോ പുറത്തുനിന്നാണോ മുഖ്യമന്ത്രി...?
‘അച്ഛന് കഷായം മതി’ എന്ന സിനിമാ ഡയലോഗ് പോലെ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു: ‘എനിക്ക് ഹൈക്കമാൻഡ് ആണിഷ്ടം.’
സീനിയർ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആകാശത്തേക്ക് കൈ ഉയർത്തി പറഞ്ഞു: ‘എല്ലാം അവിടുന്ന് തീരുമാനിക്കട്ടെ.’
ദൈവത്തെയാണോ ഉദ്ദേശിച്ചത്?– മാധ്യമപ്രവർത്തകർ ചോദിച്ചു.
‘അല്ല, ഹൈക്കമാൻഡ്’!
ഇതാണ് ഞങ്ങ പറഞ്ഞ ‘പ്രോസസ്!’












