എന്തരോ മഹാനുഭാവുലു...

സി കെ ദിനേശ്/പൊളിറ്റോറിയല്
Published on Jun 08, 2026, 09:48 PM | 2 min read
‘ഠപ്പേ’ന്നാണ് മാധ്യമങ്ങൾ മാറിയതത്രേ! ശബ്‌ദംകേട്ട് ആരോ തിരിഞ്ഞുനോക്കി, അതാ മുറ്റത്തൊരു മുതിർന്ന മാധ്യമപ്രവർത്തകൻ. യുഡിഎഫ് പത്രത്തിന്റെ ‘മുൻ സിംഹം’ എന്നു പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാകും. ‘തെരഞ്ഞെടുപ്പ് ഫലം വന്നു, വി ഡി സതീശൻ മുഖ്യമന്ത്രിയായി. പിറ്റേന്ന് പുലർച്ചെ ഏതാണ്ട് ഒന്നരമുതൽ കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ പ്രതിപക്ഷത്തായി!’ എന്നാണ് ഇൗ മുൻ സിംഹത്തിന്റെ പ്ര...വചനം. അതാണത്രേ കേരളത്തിലെ മാധ്യമചരിത്രം.
എൽഡിഎഫ് സർക്കാരിനെതിരെ ഇനി പറയാനൊന്നുമില്ലാത്തവിധം അസത്യങ്ങളും അർധസത്യങ്ങളും വിളമ്പിയവരുടെ സുവിശേഷം. ഒരു മാറ്റം വേണം, ധാർഷ്‌ട്യം തട്ടി കേരളത്തിൽ നടക്കാൻ വയ്യ, കമ്യൂണിസംതന്നെ ഇല്ലാതാകുന്നതിന്റെ വിഷമം സഹിക്കാൻ വയ്യേ... തുടങ്ങി നേരത്തേ, പയറ്റിയ നരേറ്റീവുകളുടെ പുതിയ പതിപ്പ്; മാധ്യമങ്ങൾ പ്രതിപക്ഷത്തായിരിക്കുന്നുവെന്ന്. തെരുവുനായ ഒരാളുടെ കണ്ണ് കടിച്ച് പറിച്ചെടുക്കുന്ന അവസ്ഥയെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുന്നുണ്ട്. തലങ്ങും വിലങ്ങും ആന ചവിട്ടിക്കൊല്ലുന്നതും കാണുന്നുണ്ട്. കടിച്ച നായയും ചവിട്ടിയ ആനയും എൽഡിഎഫ് പാളയത്തിൽനിന്ന് വന്നതാണെന്നല്ലേ ഭാവം! ആരോഗ്യമേഖലയെ താറടിക്കാൻ ഉഗാണ്ടയിൽനിന്ന് ലോബി വന്നെന്ന മന്ത്രിയുടെ വചനവും കൂട്ടിവായിക്കാം. മാധ്യമ മുൻ സിംഹം തുടരുന്നു: ‘ഇനി ഏത് മാധ്യമം എതിരായാലും വി ഡി സതീശൻ എന്ന മുഖ്യമന്ത്രി അതൊക്കെ നേരിടും. അത്ര യുക്തിസഹമാണ് അദ്ദേഹത്തിന്റെ വാദങ്ങളും മറുപടികളും.’ ഇപ്പോൾ ഏതാണ്ട് കാര്യങ്ങൾ വ്യക്തമായി വരുന്നില്ലേ? പല അക്കാദമികളിലും കസേര ‘ഫിൽ’ ആയിട്ടില്ല. അടിക്കാൻ വടി ഒടിച്ചിട്ടേയുള്ളൂ. സിഎം ഓഫീസിൽ വേറൊരു മുൻ സിംഹം കയറിക്കൂടിയതിനാൽ ആ കസേര ജസ്റ്റ് മിസ്സായതാണ് ടിയാന്. പതപ്പിച്ചുകൊണ്ടിരുന്നാലല്ലേ വല്ലതും തടയൂവെന്ന് അറിയാത്തവരല്ലല്ലോ തലസ്ഥാനത്തെ... മുമ്പ് പതപ്പിച്ച് കസേര കയറിയവരുടെ പട്ടികതന്നെയുണ്ടല്ലോ മുൻ സിംഹങ്ങളുടെ കൈയിൽ. ഏതായാലും വാഴ്‌ത്തുപാട്ട് മുടക്കണ്ട ‘എന്തരോ മഹാനുഭാവുലു...’
വേക്കൻസിയുണ്ടോ... വേക്കൻസി എന്ന് സമൂഹമാധ്യമങ്ങളിൽ നീട്ടിവിളിച്ച് പലരും കണ്ണെറിയുന്നുണ്ട്. പിഎസ്‌സിയിലേക്കോ കെഎസ്‌ആർടിസിയിലേക്കോ ഒന്നുമല്ല, മന്ത്രിമന്ദിരത്തിലേക്കാണ്; ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ അശോക ഭവനം! ‘ഫണ്ണി ജോസഫ്’ എന്ന വിളിപ്പേര് വീണ സാക്ഷാൽ സണ്ണി ജോസഫിന്റെ ബന്ധുബലമുള്ള വീടാണ്. ബന്ധുവായാൽ എല്ലാവർക്കും നിയമനം നൽകുന്നുവെന്ന് കേട്ട് അങ്ങോട്ടും യുവതീയുവാക്കളുടെ പ്രവാഹമുണ്ടായിക്കൂടായ്കയില്ല. അവിടെയെവിടെയെങ്കിലും എ ന്തെങ്കിലും ബന്ധുത്വം കിട്ടുമോ എന്നാണ് സ മൂഹമാധ്യമ ചർച്ച. കാരണം മറ്റൊന്നുമല്ല, അളിയനെ നിയമിച്ചതുവഴി ഒന്നിലധികം ഗോളുകളാണ് സണ്ണി ജോസഫിന്റെ വകയായി പുറത്തുവന്നത്. ഇപ്പോൾത്തന്നെ വിവിധ സ്ഥാപനങ്ങളിൽ പത്തു ബന്ധുക്കൾ ജോലി ചെയ്യുന്നുണ്ട്. ഒരളിയനെ നിയമിച്ചതോടെ പത്തെണ്ണം പുറത്തുവന്നെങ്കിൽ അളിയൻ കസേരയിൽ ഇരുന്നാൽ എത്ര പുറത്തുവരും? ആരോ ബുദ്ധി ഉപദേശിച്ചുകൊടുത്തു, അളിയനോട് രാജിവച്ചോളാൻ പറഞ്ഞു. കൂട്ടത്തിൽ ഉപദേശവും; അകത്തിരിക്കുന്നതിനേക്കാൾ കൊയ്‌ത്ത് പുറത്തിരിക്കുമ്പോഴാണ്.
അളിയൻ രാജിവച്ചെങ്കിലും മറ്റു ബന്ധുക്കളെ എങ്ങനെ രാജിവയ്‌പിക്കുമെന്ന ചിന്ത കൂലങ്കഷമായി നടക്കുന്ന സിംഹഭവനം കണ്ണൂരിലുള്ളതിനാൽ സണ്ണിച്ചന് ഇനി ഉറക്കം കമ്മിയായിരിക്കും. ശാഫിക്ക ബന്ധുനിയമനത്തെക്കുറിച്ച് മുമ്പെഴുതിയ പ്രബന്ധം നിയമസഭാരേഖകളിൽ കാണുന്നുണ്ട്. അദ്യം പ്രസംഗിക്കുമ്പോൾ, സണ്ണി ജോസഫും പ്രതിപക്ഷനിരയിലുണ്ട്. അന്ന് തീരുമാനിച്ചതാണ് ബന്ധുബലം വർധിപ്പിക്കണമെന്ന്!
ഫാസ്റ്റ് കണ്ട് ആരും പനിക്കണ്ടാന്ന് മന്ത്രി സി പി ജോൺ പറഞ്ഞതുപോലൊരു സംശയം ചില മാധ്യമങ്ങൾ ഉന്നയിച്ചുവെങ്കിലും ഫലിച്ചില്ല. ‘‘താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ...’’ എന്നമട്ടിൽ താത്വികൻകൂടിയായ മന്ത്രി ഒരു കാച്ച്. അന്യസംസ്ഥാന നഗരങ്ങളിലേക്കും തീർഥാടനകേന്ദ്രങ്ങളിലേക്കും ഉൾപ്പെടെ സൗജന്യയാത്ര സ്വപ്‌നംകണ്ട് പെട്ടിമുറുക്കിയ സ്‌ത്രീകളോടാണ് സർക്കാരിന്റെ വഹ ‘ഓർഡിനറി ടിക്കറ്റ്!’ അല്ല സാറേ, യുഡിഎഫ് തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞത് ശരിക്കും മുഴുവൻ കെഎസ്‌ആർടിസി ബസിലും സ്‌ത്രീകൾക്ക് സൗജന്യം നൽകുമെന്നല്ലേ. ഹഹഹ... പ്രകടനപത്രിക നടപ്പാക്കാനുള്ളതല്ലെന്ന് മുമ്പ് പറഞ്ഞതൊന്നും ഓർമയില്ലേ? ഇനിയും ആവർത്തിക്കണോ? എന്തരോ... മഹാനു...















