ക്ഷേമരാഷ്‌ട്രത്തിലേക്കുള്ള ചുവട്


പിണറായി വിജയൻ
Published on Jan 29, 2026, 11:29 PM | 2 min read
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും സർവമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നൽകുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ആധുനികവും വികസിതവുമായ മധ്യവരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എൽഡിഎഫ് സർക്കാർ പത്തുവർഷമായി പരിശ്രമിക്കുന്നത്. 2022ലെ പതിനാലാം പഞ്ചവത്സര പദ്ധതിയിലാണ് ഈ ലക്ഷ്യം നിർവചിച്ചത്. മധ്യവരുമാന സമൂഹം രണ്ടു കാലിലാണ് നിൽക്കേണ്ടത്. ഭരണഘടന വിഭാവനംചെയ്യുന്ന നിർദേശക തത്വങ്ങൾക്കനുസൃതമായി ജനങ്ങൾക്കുവേണ്ടിയുള്ള ക്ഷേമരാഷ്‌ട്രം നിർമിക്കുക എന്നതാണ് അതിലൊന്നാമത്തേത്. സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താൻ മൂലധന നിക്ഷേപവും പശ്ചാത്തലസൗകര്യവും വർധിപ്പിച്ച് വികസിപ്പിക്കുക എന്നതാണ് രണ്ടാമത്തേത്. ഈ രണ്ടു ലക്ഷ്യങ്ങളിലേക്കും കേരളം അതിവേഗം നടന്നുകയറുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പത്തുവർഷമായി നടപ്പാക്കാൻ കഴിയാത്തത് ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചു എന്ന ചില പ്രതികരണങ്ങൾ വരികയുണ്ടായി. നിരാശയിൽനിന്ന് ഉടലെടുത്ത ബാലിശമായ ആരോപണം മാത്രമാണത്. ഒരിക്കലും സാധ്യമല്ലെന്നു കരുതിയ പദ്ധതികൾ പലതും യാഥാർഥ്യമായത് കഴിഞ്ഞ പത്തുവർഷംകൊണ്ടാണ്. ദേശീയപാതാ വികസനംമുതൽ വിഴിഞ്ഞം രണ്ടാംഘട്ടംവരെ ഉദാഹരണങ്ങൾ. കൺമുമ്പിലുള്ള ഇത്തരം യാഥാർഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ആർക്കുമാവില്ല.
ക്ഷേമപ്രവർത്തനങ്ങൾക്കും കഴിഞ്ഞ പത്തുവർഷം വലിയ പരിഗണനയാണ് നൽകിയത്. ബജറ്റിനു മുൻപുതന്നെ ആശാവർക്കർമാർക്ക് ആയിരംരൂപ ഓണറേറിയം വർധിപ്പിച്ചിരുന്നു. ബജറ്റിൽ മറ്റൊരു ആയിരംകൂടി വർധിപ്പിച്ചു. അംഗനവാടി വർക്കർമാർ, പ്രീപ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവർക്കും ആയിരം രൂപ വീതം പ്രതിമാസ വേതനം വർധിപ്പിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗഡുക്കൾ പൂർണമായും നൽകാനാണ് ബജറ്റിലെ പ്രഖ്യാപനം. ഒരു ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭ്യമാക്കും. പങ്കാളിത്ത പെൻഷൻ പദ്ധതിക്കുപകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കുകയാണ്. ക്ഷേമപെൻഷൻ കുടിശിക പൂർണമായി കൊടുത്തുതീർക്കും എന്ന് 2024 ജൂലൈയിൽ നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്‌താവനയടക്കം നിറവേറ്റിയാണ് മുന്നോട്ടുപോകുന്നത്.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് 100 കോടി രൂപ വകയിരുത്തിയുള്ള ചരിത്രപരമായ പ്രഖ്യാപനവും ബജറ്റിലുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് മുൻവർഷങ്ങളിൽനിന്ന് അധികമായി ആയിരം കോടിരൂപ അനുവദിച്ചു.
ഓട്ടോറിക്ഷ സ്റ്റാന്റുകൾ സ്‌മാർട്ടാക്കുന്നതിനും ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടി ഗിഗ് ഹബ്ബുകൾ സ്ഥാപിക്കാനും തുക വകയിരുത്തി. സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ ബിരുദപഠനം സൗജന്യമാക്കിയതും കണക്‌ട് ടു വർക്ക് സ്‌കോളർഷിപ്പിനായി 400 കോടി വകയിരുത്തിയതും വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കുമുള്ള കൈത്താങ്ങാണ്. ഇത്തരത്തിൽ തൊഴിലാളികൾ, കർഷകർ, മധ്യവർഗം, സർക്കാർ ജീവനക്കാർ, വ്യാപാര വ്യവസായ സമൂഹം എന്നിങ്ങനെ എല്ലാ മേഖലകളിലുള്ളവർക്കും ആശ്വാസം പകരുന്നതാണ് ബജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.












