ad
Deshabhimani

Articles

നിയമസഭാ തെരഞ്ഞെടുപ്പ്

തുരുമ്പെടുക്കുന്ന നാലാംതൂണ്

medias
കെ വി സുധാകരൻ

Published on May 13, 2026, 09:41 PM | 4 min read

അമേരിക്കൻ മാധ്യമചിന്തകനും എഴുത്തുകാരനുമായ റോബർട്ട് ഡബ്ല്യു മക് ചെസ്‌നി (Robert W McChesney) ആധുനിക മാധ്യമങ്ങളുടെ ജനാധിപത്യവിരുദ്ധതയെ വിശകലനം ചെയ്ത്‌ രചിച്ച പുസ്തകമാണ് ‘സമ്പന്ന മാധ്യമങ്ങൾ ദരിദ്ര ജനാധിപത്യം' (Rich Media Poor Democracy). ഈ പുസ്തകത്തെ ഓർമിപ്പിക്കുന്ന മട്ടിലാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങൾ പ്രവർത്തിച്ചത്.


മെയ്‌ 12ന്റെ മലയാള മനോരമയുടെ ഒന്നാംപേജിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ വായനക്കാരോട്‌ ചതുരംഗക്കളിയിൽ ഏർപ്പെടാൻ അഭ്യർഥിച്ചിരിക്കുന്നത്‌ കണ്ടു. നാട്ടുകാരെ കളിപ്പിക്കുന്നതിനുപകരം മനോരമ, സോണിയ ഗാന്ധിക്കോ രാഹുൽ ഗാന്ധിക്കോ ഒരു ഉപദേശം നൽകിയിരുന്നെങ്കിൽ മുഖ്യമന്ത്രി ആരെന്ന് ഫലംവന്ന് അഞ്ചു മിനിറ്റുകൊണ്ട് തീരുമാനമാകുമായിരുന്നു. നുണകൾ പറഞ്ഞും കഥകൾ മെനഞ്ഞും വസ്തുതകൾ മറച്ചുവച്ചും വ്യാജ ബോധനിർമിതി നടത്തിയും യുഡിഎഫിനെ ജയിപ്പിച്ചെടുക്കാൻ കണ്ണിലെണ്ണയൊഴിച്ച് മറ്റേതു ഘടകകക്ഷിയേക്കാളും പ്രവർത്തനനിരതരായത് മനോരമയടക്കമുള്ള മുൻനിര പത്രങ്ങളും ചില വാർത്താചാനലുകളുമായിരുന്നല്ലോ.


​കോൺഗ്രസും യുഡിഎഫും ഓരോ ദിവസവും എന്തെല്ലാം വ്യാജങ്ങൾ പറയണം, എന്തെല്ലാം നുണകൾ പ്രചരിപ്പിക്കണം, എന്തെല്ലാം സത്യങ്ങൾ മറച്ചുവയ്ക്കണം എന്നൊക്കെ വാർത്തയായും കുറിപ്പുകളായും ലേഖനങ്ങളായും കൊടുത്തുകൊണ്ടിരുന്നത് ഈവക മാധ്യമങ്ങളാണ്. 1957ലെ ആദ്യ ഇ എം എസ് സർക്കാരിനെ താഴെയിറക്കാൻ അന്നത്തെ വലതുപക്ഷ മാധ്യമങ്ങൾ സംഘടിതമായി രംഗത്തുവന്നതിനു സമാനമായിട്ടായിരുന്നു ഇ‍ൗ തെരഞ്ഞെടുപ്പിൽ ഇത്തരം മാധ്യമങ്ങൾ വാശിയോടെ നിലകൊണ്ടത്. ഇ എം എസ്‌ സർക്കാരിൽനിന്ന്‌, കേരളസമൂഹത്തെയും ജീവിതത്തെയും മൗലികമായി മാറ്റിത്തീർത്ത നടപടികളുണ്ടായപ്പോഴാണ് വലതുപക്ഷമാധ്യമങ്ങളുടെ ഇടപെടൽ തുടങ്ങിയത്. ആ ഘട്ടത്തിലാണ് മനോരമ പത്രാധിപർ കെ എം ചെറിയാൻ പറഞ്ഞത്, ‘കേരളം കമ്യൂണിസത്തിനു കീഴ്‌പ്പെട്ടാൽ ഭാവിയിൽ ഇന്ത്യയിലും അത്‌ വരും. ഇന്ത്യ അങ്ങനെവന്നാൽ മറ്റു രാജ്യങ്ങളും കമ്യൂണിസത്തിലേക്കു തിരിയും.' ഈ പ്രസ്താവന അമേരിക്കയെയടക്കം പ്രകോപിപ്പിച്ചുവെന്നും ഇതേത്തുടർന്നാണ് വിമോചനസമരത്തിന് അമേരിക്കൻ ചാരസംഘടനയായ സിഐഎ പണമൊഴുക്കിയത് എന്നുമുള്ള പഠനങ്ങൾ വന്നിട്ടുണ്ട്. പല സമരങ്ങളും ഒരുവിധം കെട്ടടങ്ങുന്ന സ്ഥിതിയായപ്പോഴാണ് 1958ൽ ദേവികുളം ഉപതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി റോസമ്മ പുന്നൂസ് വിജയിച്ച് സർക്കാരിനെ കൂടുതൽ ബലിഷ്ഠമാക്കിയത്. ഇതിനുശേഷമായിരുന്നു വിമോചനസമരത്തിന് സംഘടിതസ്വഭാവം കൈവരുന്നത്.


കേരള മോഡൽ വികസനത്തിന് അടിത്തറപാകിയ നിയമനടപടികൾ സ്വീകരിച്ച സർക്കാരിനെയാണ് അന്നു പുറത്താക്കാൻ മാധ്യമങ്ങൾ കോപ്പുകൂട്ടിയതെങ്കിൽ ഇപ്പോഴും എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവ് ഏതുവിധേനയും ഒഴിവാക്കാൻ കൊണ്ടുപിടിച്ച്‌ പരിശ്രമിക്കുകയായിരുന്നു ഈ മാധ്യമങ്ങൾ. 2016–-21ലെ ആദ്യ പിണറായി സർക്കാർ നിപാ, ഓഖി, കോവിഡ്, മഹാപ്രളയം എന്നിങ്ങനെ ദുരന്തങ്ങളെയെല്ലാം അതിജീവിച്ച് കേരളത്തെ സംരക്ഷിച്ചപ്പോൾ ആ ഭരണത്തിന്‌ തുടർച്ച ലഭിച്ചു. വർധിത പിന്തുണയോടെ 2021 മെയ് 21ന് പിണറായി സർക്കാർ തുടർഭരണത്തിലെത്തി.


രണ്ടാം പിണറായി സർക്കാർ നവകേരള മിഷനിലൂടെയും റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലൂടെയും അതിദാരിദ്ര്യമുക്തിയിലൂടെയും കിഫ്ബിയിലൂടെയും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും സാധ്യമാകാത്ത വികസനത്തിന്റെ നെറുകയിലേക്ക് കേരളത്തെ നടത്തിച്ചു. 62 ലക്ഷംപേർക്ക്‌ നൽകുന്ന സാമൂഹ്യക്ഷേമ പെൻഷനടക്കം സമൂഹത്തിലെ ഏതാണ്ടെല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫ് സർക്കാരിന്റെ കരുതലിന്റെയും കൈത്താങ്ങിന്റെയും കുടക്കീഴിലായി. കേന്ദ്ര ബിജെപി സർക്കാരിന്റെ ശാസ്ത്രീയ വികസന സൂചികകളിലെല്ലാം കേരളം സ്ഥിരമായി ഒന്നാംസ്ഥാനത്തായി. ഈ സ്ഥിതി മുന്നോട്ടുപോയാൽ കേരളം എൽഡിഎഫ് സർക്കാരിന്റെ ബലിഷ്ഠകരങ്ങളിൽത്തന്നെ മുന്നേറുമെന്ന സ്ഥിതിയായി. അതുകൊണ്ട് എൽഡിഎഫ് സർക്കാർ മൂന്നാംതവണയും വരുന്നത് എങ്ങനെയും തടയണമെന്നത് യുഡിഎഫിനെയും ബിജെപിയെയുംപോലെ, വലതുപക്ഷ മാധ്യമങ്ങളുടെയും മുഖ്യ അജൻഡയായി. അതുകൊണ്ടുതന്നെ നുണകളും വ്യാജപ്രചാരണങ്ങളുംകൊണ്ട് പത്രത്താളുകളും ചാനൽ സ്ക്രീനുകളും നിറയ്‌ക്കുക, വായനക്കാർക്കും കേൾവിക്കാർക്കും ന്യായാന്യായങ്ങൾ വ്യവച്ഛേദിച്ച് മനസ്സിലാക്കാൻ കഴിയാത്തവണ്ണം വ്യാജ വാർത്തകളുടെ മലവെള്ളപ്പാച്ചിൽ സൃഷ്‌ടിക്കുക, അതിൽത്തന്നെ ജനങ്ങളെ കുരുക്കിയിടുക– ഈ തെരഞ്ഞെടുപ്പുകാലത്ത് ഭൂരിപക്ഷം മാധ്യമങ്ങളുടെയും വാർത്താമുറികളിൽ അരങ്ങേറിയത് ഈ ആസൂത്രിതശ്രമമായിരുന്നു.


​നുണ നൂറുവട്ടം ആവർത്തിച്ചുപറഞ്ഞ് സത്യമാക്കി അവതരിപ്പിക്കുന്ന തന്ത്രംമാത്രമല്ല ഗീബൽസ് പയറ്റിയത്. അത്യന്തം സങ്കീർണമായ പ്രശ്നങ്ങളെ ലളിതവൽക്കരിച്ച് (simplification) അവതരിപ്പിക്കുകയായിരുന്നു ഒരു രീതി. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽപ്പെട്ടവർക്ക് 100 വീടുകൾ നിർമിച്ചുനൽകുമെന്നു പറഞ്ഞ് കബളിപ്പിച്ചതിനുശേഷം, വീടുപണി നടത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ വി ഡി സതീശൻ ആവർത്തിച്ചുപറഞ്ഞ നുണവർത്തമാനത്തെ എത്ര ലളിതവൽക്കരിച്ചാണ് മാധ്യമങ്ങൾ അവതരിപ്പിച്ചതെന്നോർക്കുക.


വൈകാരികമായ ഉണർവുണ്ടാക്കുക (emotional appeal)യാണ് മറ്റൊരു മാർഗം. ഭയം, ദേഷ്യം, അഭിമാനം തുടങ്ങിയ വികാരങ്ങളിൽ ജനങ്ങളെ കുരുക്കിയിടുകയാണ് മാർഗം. ഇവിടെ എൽഡിഎഫ് സർക്കാർ മൂന്നാംതവണയും അധികാരത്തിൽ വന്നാൽ സിപിഐ എം എന്ന പാർടിതന്നെ തകരാൻ പോകുന്നു എന്ന പ്രതീതി സൃഷ്‌ടിച്ച് വ്യാജപ്രചാരണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയും ശരീരഭാഷയും മഹാ കുഴപ്പംപിടിച്ചതാണെന്ന വ്യാജനിർമിതി സൃഷ്‌ടിച്ചു. അതേസമയം, വി ഡി സതീശൻ മാധ്യമങ്ങൾക്കെതിരെ നടത്തിയ ആക്രോശങ്ങൾ കേവലം നിരുപദ്രവകരമായ തമാശപോലെ മാധ്യമങ്ങൾ അവതരിപ്പിച്ചു.


ചില സവിശേഷ കാര്യങ്ങളിൽ ദുരാഖ്യാനം (false narration) നടത്തുകയാണ് മറ്റൊരു ടെക്‌നിക്. ഇതിനായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചു ഗ്യാരന്റികളെ സമർഥമായി ഉപയോഗിച്ചു. അതിൽ ആദ്യത്തേതായിരുന്നു വനിതകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുമെന്നത്. പഠനത്തിനും ജോലിക്കുമായി ബംഗളൂരുവിലേക്കുംമറ്റും ആയിരങ്ങൾ ചെലവഴിച്ച്‌ യാത്ര ചെയ്യുന്ന പെൺകുട്ടികളെയും കബളിപ്പിക്കാൻ മാധ്യമങ്ങൾക്ക്‌ കഴിഞ്ഞു.


മറ്റൊരു വാഗ്ദാനമാണ് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്. എന്തെങ്കിലും യാഥാർഥ്യബോധമുള്ള വാഗ്ദാനമാണോ ഇത്? സർക്കാരിന്റെ ഔദ്യോഗിക പോർട്ടൽപ്രകാരം കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 3.58 കോടിയും കുടുംബങ്ങളുടെ എണ്ണം 90 ലക്ഷവുമാണ്. ഇവരെ മുഴുവൻ സൗജന്യമായി ഇൻഷുർ ചെയ്യണമെങ്കിൽ ഒരു കുടുംബത്തിന് ഏറ്റവും ചുരുങ്ങിയത് 8000 രൂപയെങ്കിലും വാർഷിക പ്രീമിയം നൽകണം. ഒരുവർഷത്തെ നമ്മുടെ ബജറ്റ് തുക പൂർണമായി വിനിയോഗിച്ചാൽപ്പോലും ഈ പദ്ധതി നടപ്പാക്കാനാകില്ല. ഇത്തരമൊരു പൊള്ളത്തരം തൊണ്ട നനയാതെ വിഴുങ്ങുകയും അത് ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയുമാണ് മാധ്യമങ്ങൾ ചെയ്തത്.


എതിരാളികളെ ഭീകരരായി അവതരിപ്പിക്കുക (demonization)യായിരുന്നു ഗീബൽസിന്റെ മറ്റൊരു തന്ത്രം. ജർമനിയുടെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാർ ജൂതന്മാരും കമ്യൂണിസ്റ്റുകാരുമാണെന്ന വ്യാജപ്രതീതി സൃഷ്ടിച്ചു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനെ അത്തരത്തിൽ പ്രതിഷ്ഠിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. വെള്ളാപ്പള്ളി നടേശൻ മുസ്ലിങ്ങൾക്കെതിരാണെന്നും അങ്ങനെയുള്ള വെള്ളാപ്പള്ളിയെ പിണറായി ചേർത്തുനിർത്തുകയാണെന്നും അതുകൊണ്ട് മുസ്ലിങ്ങൾ പിണറായിക്കും എൽഡിഎഫിനും എതിരെ നിൽക്കണമെന്നുമുള്ള ആഖ്യാനം ആഴത്തിലുറപ്പിക്കാൻ മാധ്യമങ്ങൾ എത്ര പേജുകളും എത്ര സ്‌ക്രീൻ സമയവുമാണ് നീക്കിവച്ചത്? മുസ്ലിംലീഗിന്റെ രാഷ്ട്രീയനിലപാടുകൾക്കെതിരെ പറയുന്നതു മുഴുവൻ, മുസ്ലിങ്ങൾക്കെതിരാണെന്ന്‌ വരുത്തിത്തീർക്കാനും അതുവഴി ന്യൂനപക്ഷ ഏകീകരണം പ്രയോജനപ്പെടുത്താനും മാധ്യമങ്ങൾ പെട്ടപാട് ചെറുതാണോ?


പട്ടികജാതി–വർഗ വിഭാഗങ്ങളെ യുഡിഎഫിനൊപ്പം നിർത്താൻ മാധ്യമങ്ങൾ നടത്തിയ പെടാപ്പാടും ചില്ലറയാണോ? തികഞ്ഞ അംബേദ്കറിസ്റ്റും ഗാന്ധിജിയുടെ വിമർശകനുമായ സണ്ണി എം കപിക്കാടിന് വൈക്കം സംവരണസീറ്റ്‌ നൽകുമെന്നു പ്രചരിപ്പിച്ച് ആ വിഭാഗത്തെ ഒപ്പംനിർത്താൻ യുഡിഎഫ് തന്ത്രം മെനഞ്ഞു. ഇതുപോലെതന്നെയാണ് ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൂടെനിർത്താൻ ശ്രമിച്ചത്.

വോട്ടെടുപ്പിന്‌ നാലഞ്ചുദിവസംമുമ്പ് പ്രതിപക്ഷനേതാവ് തട്ടിവിട്ട തീർത്തും നിയമവിരുദ്ധമായ കാര്യങ്ങൾപോലും തികച്ചും നിഷ്‌കളങ്കമായല്ലേ മാധ്യമങ്ങൾ ആഘോഷിച്ചത്?


പുതുതലമുറ വോട്ടർമാരെ കൈയിലെടുക്കാൻ, വാഹനങ്ങളിൽ രൂപമാറ്റം ചെയ്യാൻ സഹായകമായ നടപടിയെടുക്കുമെന്നാണ് വി ഡി സതീശൻ പ്രഖ്യാപിച്ചത്. വാഹനനിയമവുമായി ബന്ധപ്പെട്ട് ഇന്ത്യ ഗവൺമെന്റ്‌ പ്രഖ്യാപിച്ചിട്ടുള്ള നിയമനടപടികളിൽനിന്ന് അൽപ്പംപോലും വ്യതിചലിക്കാൻ കഴിയില്ല എന്നറിയാത്തവരാണോ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും?


കോൺഗ്രസിലെ ഏത്‌ നേതാവ് മുഖ്യമന്ത്രിയായാലും കോൺഗ്രസും യുഡിഎഫുമല്ലേ ഭരിക്കുന്നത്? പിന്നെ എന്തിനാണ് മൂന്നുപേർ കസേരയ്ക്ക് കടിപിടി കൂടിയത്? സ്വന്തമായി എന്തെങ്കിലും ലക്ഷ്യമിട്ടാണോ? മാധ്യമങ്ങൾ എന്തേ ഇത്‌ ചോദിക്കാത്തത്? ഈ കസേരകളി കേരളത്തിലെ ജനങ്ങളുടെ മുഖത്ത് കാറിത്തുപ്പുന്നതിനു തുല്യമല്ലേ എന്ന് ഏതു മാധ്യമമാണ് ചോദിക്കുക!



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home