കോൺഗ്രസിൽ സീറ്റുയുദ്ധം

എം വി ഗോവിന്ദൻ
Published on Mar 20, 2026, 11:24 PM | 3 min read
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം 20 ദിവസമാണ് ബാക്കി. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പുതീയതി പ്രഖ്യാപിച്ച് ഒരുമണിക്കൂറിനകം സിപിഐ എമ്മും സിപിഐയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടുദിവസത്തിനകം എൽഡിഎഫ് ഘടകകക്ഷികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു. ഭൂരിപക്ഷം മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളുടെ റോഡ് ഷോ നടക്കുകയും പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലം കൺവൻഷനിൽ ഞാനും പങ്കെടുത്തു. ബെന്യാമിൻ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരും സാമൂഹ്യപ്രവർത്തകരും എൽഡിഎഫ് സ്ഥാനാർഥികൾക്ക് കെട്ടിവയ്‌ക്കാനുള്ള തുക നൽകി പിന്തുണയുമായി രംഗത്തുവന്നത് മലയാളികൾ എങ്ങനെയാണ് പിണറായി സർക്കാരിനെ കാണുന്നത് എന്നതിനുള്ള ഉദാഹരണമാണ്.
പ്രചാരണത്തിൽ ബഹുദൂരം മുന്നോട്ടുപോകാൻ എൽഡിഎഫിന് കഴിഞ്ഞു. തർക്കങ്ങളോ അസ്വാരസ്യമോ ഇല്ലാതെ എൽഡിഎഫിൽ സീറ്റുവിഭജനം പൂർത്തിയാക്കാനും മത്സരിക്കേണ്ട സീറ്റിനെക്കുറിച്ച് ധാരണയിലെത്താനും കഴിഞ്ഞു. തുടർന്ന് ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ നിർണയിച്ചു. മന്ത്രിമാരും മുൻ മന്ത്രിമാരും സിറ്റിങ് എംഎൽഎമാരും പുതുമുഖങ്ങളും യുവാക്കളും സ്ത്രീകളുമെല്ലാം എൽഡിഎഫ് പട്ടികയിലുണ്ട്. മികച്ച സ്ഥാനാർഥികളെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. ഓരോ മണ്ഡലത്തിലും എൽഡിഎഫ് കമ്മിറ്റികൾ നേരത്തേതന്നെ നിലവിൽവരികയും ബൂത്തുതലംവരെ പ്രവർത്തനം സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, മുഖ്യ പ്രതിപക്ഷമായ യുഡിഎഫിന്റെ സ്ഥിതിയെന്താണ്? തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ച് അഞ്ചുദിവസം കഴിഞ്ഞിട്ടും സ്ഥാനാർഥികളെ പൂർണമായും നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവർത്തിച്ച് പറഞ്ഞത് പുതുയുഗയാത്ര പൂർത്തിയാകുന്നതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു. അതുണ്ടായില്ല. തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പിന്നീട് പറഞ്ഞു. അതിനും കഴിഞ്ഞില്ല. പുതുയുഗയാത്ര സമാപിച്ച് ഒരാഴ്ചയ്‌ക്കുശേഷമാണ് തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചത്. ആ ഘട്ടത്തിൽ കെപിസിസി നേതൃത്വം പറഞ്ഞത് 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നായിരുന്നു. അതാണിപ്പോൾ അഞ്ചുദിവസത്തിലേക്ക് നീണ്ടത്.
സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള കോൺഗ്രസിന്റെ ആദ്യ സ്ക്രീനിങ് കമ്മിറ്റി ഫെബ്രുവരി 18ന് തുടങ്ങിയതാണ്. ഒരുമാസമായിട്ടും സ്ഥാനാർഥികളെ നിശ്ചയിക്കാൻപോലും കഴിഞ്ഞില്ല. വ്യാഴാഴ്‌ച വൈകിയാണ് കോൺഗ്രസിന്റെ രണ്ടാംലിസ്റ്റ് പുറത്തുവന്നത്. കണ്ണൂർ ചോദിച്ച കെ സുധാകരന് സീറ്റ് നൽകാൻ നേതൃത്വം തയ്യാറായിട്ടില്ല. പെരുമ്പാവൂരിലെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല. ഇവരൊക്കെ എന്തു നിലപാട് എടുക്കുമെന്ന ആധിയാണ് കോൺഗ്രസിനെ വേട്ടയാടുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റുമ്പോൾ നിയമസഭയിൽ മത്സരിക്കാൻ അനുവദിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വാക്ക് നൽകിയിരുന്നുവെന്നും അതിപ്പോൾ ലംഘിക്കപ്പെട്ടുവെന്നുമാണ് സുധാകരന്റെ പരാതിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂരിപക്ഷം എംപിമാരും മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്ന പൊതുതീരുമാനം ഹൈക്കമാൻഡ് സ്വീകരിച്ചുവെന്നാണ് കോൺഗ്രസ് ഭാഷ്യം. അങ്ങനെയെങ്കിൽ ലോക്‌സഭാംഗം ഗൗരവ് ഗൊഗോയ്‌ക്ക് അസം നിയമസഭയിലേക്ക് സീറ്റ് നൽകിയത് എന്തിനെന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നുണ്ട്. ഇതിൽനിന്ന് മനസ്സിലാകുന്നത് നിയമസഭയിലേക്ക് മത്സരിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹം പ്രകടിപ്പിച്ച സുധാകരനെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും തഴയാനാണ് ഹൈക്കമാൻഡ് കെപിസിസിക്കുമാത്രം ബാധകമായ "തീരുമാനം’ കൈക്കൊണ്ടതെന്നർഥം.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ഇനി രണ്ടു പ്രവൃത്തിദിവസം മാത്രമാണ് പത്രികാസമർപ്പണത്തിനുള്ളത്. എൽഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകുക പിണറായിയാണെന്ന് സിപിഐ എമ്മും എൽഡിഎഫും നേരത്തേ വ്യക്തമാക്കിയതാണ്. എന്നാൽ, നേതാവ് ആരെന്ന ചോദ്യത്തിന് മറുപടി നൽകാൻ കോൺഗ്രസിനോ യുഡിഎഫിനോ അവരെ തുണയ്‌ക്കുന്ന മാധ്യമങ്ങൾക്കോ കഴിഞ്ഞിട്ടില്ല. വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും നേതൃസ്ഥാനത്തിന് പരസ്യമായ പോരിൽ ഏർപ്പെട്ടിരിക്കുകയാണ്.
കോൺഗ്രസിൽമാത്രമല്ല, മുസ്ലിംലീഗിലും ഇക്കുറി പൊട്ടലും ചീറ്റലും ദൃശ്യമായി. സീറ്റിനായി കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കനും ദീപ്തി മേരി വർഗീസും അലോഷ്യസ് സേവ്യറും നടത്തിയ നാടകങ്ങൾ മാധ്യമങ്ങളിലൂടെ നാം കണ്ടു. കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫും ജനറൽ സെക്രട്ടറി കെ ഗോപകുമാറും രാജിവച്ചു. കോൺഗ്രസ് നേതൃത്വം സീറ്റ് വിറ്റ് കാശാക്കിയെന്നാണ് ആരോപണം.
പുനലൂർ സീറ്റ് ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. പാറശാലയിൽ മുൻ എംഎൽഎയായിരുന്ന എ ടി ജോർജ് പത്രിക നൽകുമെന്ന് ഉറപ്പായിട്ടുണ്ട്. അഞ്ചു ദശാബ്‌ദം നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് പുറത്തുപോയത്. തൃക്കരിപ്പൂരിൽ മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർക്ക് സീറ്റ് നൽകിയതിൽ അമർഷം പുകയുകയാണ്. സണ്ണി എം കപിക്കാട്, സി കെ ജാനു എന്നിവർക്കും സീറ്റ് നൽകുമെന്ന് പറഞ്ഞ് കൂടെനിർത്തിയ കോൺഗ്രസ് അവസാനം അവരെ ചതിച്ചു. ആർഎസ്എസിന് വഴങ്ങിയാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് സണ്ണി എം കപിക്കാട് പ്രതികരിച്ചിട്ടുള്ളത്. മുസ്ലിംലീഗിലും ഇക്കുറി പ്രശ്നങ്ങൾ ഏറെയാണ്. എന്റെ സുഹൃത്തും എംഎൽഎയും ലീഗിന്റെ ശക്തനായ വക്താവുമായ അബ്ദുൾ റഹ്മാൻ രണ്ടത്താണിക്ക് സീറ്റ് നിഷേധിച്ചു. പകരം സീറ്റ് നൽകിയത് ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളിൽപ്പെട്ട പി എം എ സമീറിനാണ്. വനിതാലീഗിന് സീറ്റ് നൽകാത്തതിൽ സംഘടനയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിതന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കുറ്റ്യാടി, മങ്കട, കൊടുവള്ളി മണ്ഡലങ്ങളിലും ലീഗിൽ പ്രശ്‌നങ്ങളാണ്.
വ്യക്തമായ നേതൃത്വമില്ലാതെ അധികാരത്തിനായി അടിപിടികൂടുന്ന ഒരുസംഘം മാത്രമായി യുഡിഎഫ് അധഃപതിച്ചിരിക്കുന്നു. കോവിഡ്, നിപാ, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ ഉണ്ടായാൽ ഈ സംഘമാണ് അധികാരത്തിലുള്ളതെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ആലോചിച്ചുനോക്കൂ. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് കേരളത്തിന്റെ നേട്ടങ്ങൾ നിലനിർത്താനും കൂടുതൽ മുന്നേറാനും എൽഡിഎഫിനെത്തന്നെ അധികാരത്തിലേറ്റണമെന്ന്. കാര്യക്ഷമവും സുസ്ഥിരവുമായ ഒരു ഭരണം കാഴ്ചവയ്‌ക്കാൻ എൽഡിഎഫിനേ കഴിയൂ. കഴിഞ്ഞ 10 വർഷത്തെ ഭരണം അതിന് ഉദാഹരണമാണ്. അതിനാൽ കേരളത്തിന്റെ പുരോഗതിയും നന്മയും വികസനവും ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും എൽഡിഎഫിനെ പിന്തുണയ്‌ക്കണമെന്ന് അഭ്യർഥിക്കുന്നു.













