ad
Deshabhimani

Articles

ബിജെപിക്ക്‌ കട തുറക്കാൻ രാഹുൽ ഗാന്ധി

ബിജെപിക്ക്‌ കട തുറക്കാൻ രാഹുൽ ഗാന്ധി

M V Govindan Article about 2026 kerala election
എം വി ​ഗോവിന്ദൻ

Published on Mar 11, 2026, 11:23 PM | 3 min read

കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടത്തുകയാണ്. എൽഡിഎഫിന്റെ നേതൃത്വത്തിൽ മൂന്ന് മേഖലാ ജാഥകൾ പര്യടനം പൂർത്തിയാക്കി. വികസനവും ക്ഷേമവുമാണ് പ്രധാന അജൻഡയെന്ന് ഈ ജാഥകളിലൂടെ ജനങ്ങളോട് പറയാനായി. അവർ അത് ഉൾക്കൊണ്ടു എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ ടൗൺഷിപ്പിൽ സർക്കാർ നിർമിക്കുന്ന നാനൂറിലധികം വീടുകളിൽ 178 വീടുകൾ കൈമാറിക്കഴിഞ്ഞു. വീട്‌ നൽകുമെന്ന് പറഞ്ഞ് ദുരന്തബാധിതരെ പറ്റിച്ച കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വഞ്ചന ജനങ്ങൾ തിരിച്ചറിഞ്ഞു. സിപിഐ എമ്മും ഘടകകക്ഷികളും മത്സരിക്കേണ്ട സീറ്റുകളെക്കുറിച്ചും ധാരണയിലെത്തിയിട്ടുണ്ട്. ഘടകകക്ഷികൾ അവരുടെ സ്ഥാനാർഥികളെയും നിർണയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർഥികളെയും എൽഡിഎഫ് പ്രഖ്യാപിക്കും.


ഇതിനിടയിലാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ച് നടത്തുന്ന ഈ ആക്രമണത്തിൽ വൻപ്രതിഷേധം ഉയർത്താനും എൽഡിഎഫ് ആഹ്വാനം ചെയ്‌തിരുന്നു. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും യുദ്ധവിരുദ്ധ റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഇതിനുപുറമെ സംസ്ഥാനത്തെമ്പാടും പ്രതിഷേധപ്രകടനങ്ങളും വിശദീകരണ യോഗങ്ങളും ചേർന്നു. ഇറാനെ ആക്രമിക്കുന്ന അമേരിക്കയോടൊപ്പം പരസ്യമായി അണിചേർന്ന മോദി സർക്കാരിന്റെ നയത്തെയും ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടാൻ എൽഡിഎഫിന്‌ കഴിഞ്ഞു. അതായത് ജനകീയ വിഷയങ്ങളിലൂന്നി അവരോടൊപ്പംനിന്ന് മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ് ജനങ്ങൾ കാണുന്നത്.


തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിയ മേൽക്കൈ നേടാൻ കഴിഞ്ഞതോടെ നിയമസഭയിലേക്കും അനായാസം ജയിക്കാൻ കഴിയുമെന്ന യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കോൺഗ്രസിൽ രൂക്ഷമാകുന്ന നേതൃതർക്കവും യുഡിഎഫിലെ അനൈക്യവും അവരെ വേട്ടയാടുകയാണ്. കിട്ടാക്കനിയായ മുഖ്യമന്ത്രിക്കസേരയ്‌ക്കുവേണ്ടി പ്രതിപക്ഷനേതാവ് വി ഡി സതീശനും പ്രചാരണ സമിതി അധ്യക്ഷനായ രമേശ് ചെന്നിത്തലയും സംഘടനാചുമതലയുള്ള കെ സി വേണുഗോപാലും തമ്മിലുള്ള മത്സരം അങ്ങാടിപ്പാട്ടാണ്. പ്രതിപക്ഷ നേതാവ്‌ നടത്തിയ പുതുയുഗ യാത്രപോലും ഈ ചേരിപ്പാരിന്റെ വേദിയായി മാറി. "എങ്ങുമെത്താത്ത യാത്ര, കോൺഗ്രസിൽ പോര് മുറുകുന്നു. സതീശൻ പ്രധാന തെരഞ്ഞെടുപ്പ് യോഗം ബഹിഷ്കരിച്ചു "എന്നാണ് ഈ വാർത്തയ്‌ക്ക് "ദ ന്യൂ ഇന്ത്യൻ എക്പ്രസ്’ പത്രം നൽകിയ തലക്കെട്ട്. എൽഡിഎഫിന്റെ ജാഥയുമായി താരതമ്യം ചെയ്താൽ ജനങ്ങളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ തുലോം പിന്നിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ ജാഥ. വി ഡി സതീശനുമാത്രം പ്രാധാന്യം നൽകുന്ന ജാഥയാണിതെന്നുപറഞ്ഞ് കോൺഗ്രസിൽത്തന്നെ ഒരു വലിയ വിഭാഗവും യുഡിഎഫ് ഘടകകക്ഷികളും ജാഥയെ അവഗണിച്ചു. പുതുയുഗ യാത്രയുടെ സമാപനംകുറിച്ച് കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ രാഹുൽഗാന്ധി നടത്തിയ പ്രസംഗമാകട്ടെ അവരുടെ പോരിലേക്ക് വിരൽചൂണ്ടുന്നതായി. ‘ഒറ്റയ്ക്കാരും നൃത്തം ചെയ്യേണ്ടെന്നും സംഘനൃത്തം മതി’യെന്നുമായിരുന്നു രാഹുലിന്റെ ഒളിയമ്പ്. മറ്റു നേതാക്കളെ അവഗണിച്ച് സതീശനിൽ മാത്രം കേന്ദ്രീകരിച്ച് യാത്ര നടത്തിയതിനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത് എന്നാണ് മാധ്യമഭാഷ്യം.


മൂന്നാമതും പരാജയം മണക്കുന്ന യുഡിഎഫിനെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാനുള്ള അവസാന ആയുധം എന്ന രീതിയിലാണ് രാഹുൽ അഞ്ച് ഗ്യാരന്റികൾ എന്ന ഉണ്ടയില്ലാവെടി പൊട്ടിച്ചത്. എൽഡിഎഫ് സർക്കാർ തുടങ്ങിവച്ചതും കാര്യക്ഷമമായി നടപ്പാക്കുന്നതുമായ പദ്ധതികളാണ് രാഹുൽ ഗാന്ധിയും ആവർത്തിച്ചത്. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്നതാണ് ഒരു പ്രഖ്യാപനം. 1980ലെ നായനാർ സർക്കാർ 45 രൂപ നൽകി ആരംഭിച്ച ക്ഷേമപെൻഷൻ ഇപ്പോൾ 2000 രൂപയായി ഉയർത്തി കൃത്യമായി വിതരണം ചെയ്യപ്പെടുന്നു. അതിൽ വെറും നൂറുരൂപമാത്രമാണ് യുഡിഎഫ് സർക്കാർ വർധിപ്പിച്ചത്. അതും 2016 ൽ 18 മാസം ഉമ്മൻചാണ്ടി സർക്കാർ കുടിശ്ശികയാക്കി. 1900 രൂപയും പ്രഖ്യാപിക്കപ്പെട്ടത് എൽഡിഎഫ് കാലത്താണ്. അതിൽ 1400 രൂപയും വർധിപ്പിച്ചത് പിണറായി സർക്കാരാണ്. തുടർഭരണത്തിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരുവിഭാഗം ഈ പെൻഷൻ കൈപ്പറ്റുന്നവരാണ്. തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർധിപ്പിക്കുമെന്നും കുടിശ്ശിക കൂടാതെ വിതരണം ചെയ്യുമെന്നും ജനങ്ങൾക്ക് ബോധ്യമുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളെപ്പോലെ അവരെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പറ്റിക്കാനാകില്ലെന്ന് രാഹുൽഗാന്ധി ഇനിയെങ്കിലും മനസ്സിലാക്കണം. രാഹുൽഗാന്ധി പറഞ്ഞ മറ്റു വാഗ്ദാനങ്ങളിൽ ഭൂരിപക്ഷവും എൽഡിഎഫ് സർക്കാർ നടപ്പാക്കി വരുന്നതാണ് എന്നതിനാൽ അതേക്കുറിച്ച് വിശദമായി പരാമർശിക്കുന്നില്ല. യുഡിഎഫ് സർക്കാർ വാഗ്ദാനങ്ങളൊക്കെ ലംഘിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ ജനങ്ങൾ മറന്നുകാണില്ല. ഒരുകാര്യംമാത്രം ഇവിടെ സൂചിപ്പിക്കാം. 2016 ഫെബ്രുവരി 24ന് നിയമസഭയിൽ കെ കെ ജയചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി ഉമ്മൻചാണ്ടി സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച് നടപ്പാക്കാതിരുന്ന 86 പദ്ധതികളുടെ പട്ടിക സർക്കാർ നൽകിയിരുന്നു. ഇതുമാത്രമല്ല, കെ ഫോൺ മുതൽ കിഫ്ബിവരെയുള്ള സംരംഭങ്ങളെ തകർക്കാനും കോൺഗ്രസും യുഡിഎഫും ശ്രമിച്ചതും ആരും മറന്നുപോയിട്ടുണ്ടാകില്ല. ഇതിൽനിന്നും ഒരുകാര്യം വ്യക്തം. എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നതിനപ്പുറം ഒന്നും മുന്നോട്ടുവയ്‌ക്കാൻ കോൺഗ്രസിനോ യുഡിഎഫിനോ ഇല്ല.


മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനും എതിരെ അധിക്ഷേപങ്ങളും ദുഷ്‌പ്രചാരണങ്ങളുമാണ് രാഹുൽ ഗാന്ധി പോലുള്ള നേതാക്കളിൽ നിന്നും ഉണ്ടാകുന്നത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് മോദിയാണെന്നും അതിനാലാണ് ഇഡി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്നുമാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് പ്രസംഗിച്ചത്. ബിജെപിക്കും ആർഎസ്എസിനും എതിരെ പൊരുതുന്നതിന് രാഹുൽ ഗാന്ധിയുടെ ഒരു സർട്ടിഫിക്കറ്റും സിപിഐ എമ്മിനോ എൽഡിഎഫിനോ ആവശ്യമില്ല. ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് മാറിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.


ബിജെപിയുടെ എംപിമാരിൽ പകുതിയോളവും കോൺഗ്രസ് സംഭാവന ചെയ്തവരാണ്. എ കെ ആന്റണിയുടെ മകനും കെ മുരളീധരന്റെ സഹോദരിയും പിസിസി അധ്യക്ഷന്റെ സഹോദരനും നിലവിൽ ബിജെപിയിലാണ്. ആ കോൺഗ്രസാണ്‌ ഇരുനൂറിലധികം സഖാക്കളുടെ ജീവൻ കൊടുത്തും ആർഎസ്എസ്- –ബിജെപിയെ എതിരിടുന്ന സിപിഐ എമ്മിനെക്കുറിച്ച് ഇത്തരം പ്രചാരണം നടത്തുന്നത്. ബിജെപിക്കെതിരെ ദേശീയമായി വിശാലസഖ്യമുണ്ടാക്കി പൊരുതേണ്ട കോൺഗ്രസ് ഇത്തരം പ്രസ്താവനകൾ നടത്തി ആ സഖ്യത്തെ ദുർബലപ്പെടുത്തുകയാണ്. ഡൽഹിയിൽ ബിജെപിയോടൊപ്പം ചേർന്ന് ആംആദ്മി പാർടിയെ ദുർബലമാക്കിയത് രാഹുലിന്റെ കോൺഗ്രസാണ്. കെജ്‌രിവാളിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് കോൺഗ്രസാണ്. ഫലമോ കള്ളക്കേസിൽ കെജ്‌രിവാൾ ജയിലിൽ അടയ്‌ക്കപ്പെടുകയും ബിജെപി ഡൽഹിയിൽ അധികാരത്തിൽ വരികയും ചെയ്തു. ഇങ്ങനെ ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്ന രാഹുൽ ഗാന്ധി അതേ അജൻഡയുമായി കേരളത്തിലെത്തിയാൽ സിപിഐ എമ്മും എൽഡിഎഫും ശക്‌തമായി ചെറുക്കും. ബിജെപിക്കെതിരെ പൊരുതാൻ രാഹുൽഗാന്ധിയിൽനിന്നും ഒരു പാഠവും പഠിക്കേണ്ട ഗതികേട് കേരളത്തിലെ കമ്യൂണിസ്റ്റ് - ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കില്ല.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home