കോൺഗ്രസിൽ വേണുഗോപാൽ കളം പിടിക്കുമ്പോൾ


സി കെ ദിനേശ്
Published on Oct 16, 2025, 02:55 AM | 2 min read
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡന ആരോപണങ്ങളുടെ ശരവർഷമുണ്ടായപ്പോൾ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അതികർശന നിലപാട് എടുത്തുവെന്നാണ് വാർത്ത വന്നത്. എന്നിട്ടും അത് വകവയ്ക്കാതെ മാങ്കൂട്ടത്തിൽ മുന്നോട്ടുപോയത് കേരളം കണ്ടു. സതീശൻ പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും തൊടാനായില്ല. ഡൽഹിയിൽനിന്ന് നിർദേശം വന്നതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനമെങ്കിലും രാജിവച്ചത് എന്നതും യാഥാർഥ്യം. രാഹുലിന്റെ നേതാവ് ഷാഫി പറന്പിലാണ്. ഷാഫിയുടെ തലതൊട്ടപ്പൻ കെ സി വേണുഗോപാലും! കെപിസിസി യോഗത്തിൽ പ്രതിപക്ഷനേതാവ് ‘തെരഞ്ഞെടുപ്പ് പ്ലാൻ 25–26’ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ എ പി അനിൽകുമാർ ചാടിയെഴുന്നേറ്റ് തടഞ്ഞത് വാർത്തയായിരുന്നു: ‘ആരോട് ചോദിച്ച്, എവിടെ ചർച്ച ചെയ്താണ് പ്ലാൻ?’ ക്ഷുഭിതനായ സതീശൻ പ്ലാൻ താഴെവച്ചു.
മുതിർന്ന നേതാക്കൾക്ക് കാര്യം മനസ്സിലായി. അനിൽ, കെ സി പക്ഷമാണ്. അടുത്തിടെ കെപിസിസി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിതന്നെ ക്ഷുഭിതയായി പറഞ്ഞു: ‘എന്തുകൊണ്ട് ഡൽഹിയിൽനിന്ന് കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കുന്നില്ല, അത്ഭുതം തോന്നുന്നു’. ഉന്നം ഹൈക്കമാൻഡിലെ ചിലരെത്തന്നെയായിരുന്നു. കെ സി വേണുഗോപാൽ അറിയാതെ ഒരിലപോലും അനങ്ങില്ലെന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തീരുമാനം. തൂണും ചാരി നിന്നവൻ പ്രസിഡന്റ് സ്ഥാനം അടിച്ചോണ്ട് പോയി എന്നാണ് യൂത്ത് കോൺഗ്രസിൽനിന്നുതന്നെ ഉയരുന്ന ആക്ഷേപം. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ ഐഡി കാർഡ് പടച്ചുണ്ടാക്കി ഭൂരിപക്ഷം തട്ടിക്കൂട്ടിയില്ലായിരുന്നെങ്കിൽ അന്നേ പ്രസിഡന്റാകേണ്ടിയിരുന്ന ആളാണ് അബിൻ വർക്കി. തെരഞ്ഞെടുപ്പിലൂടെ 1.7 ലക്ഷം വോട്ട് നേടി രണ്ടാമതെത്തിയ യുവനേതാവ്. പക്ഷേ, വർക്കിയെ കറിവേപ്പിലപോലെ പുറത്തേക്കിട്ടാണ് കാര്യമായി രംഗത്തേ ഇല്ലാതിരുന്ന ജനീഷിനെ പ്രസിഡന്റാക്കിയത്. കാരണം, കെ സിയുടെ ആളാണ്. പുതുതായി സൃഷ്ടിച്ച വർക്കിങ് പ്രസിഡന്റ് സ്ഥാനമെങ്കിലും അബിന് കൊടുക്കേണ്ടതായിരുന്നില്ലേ? ഇല്ല, അത് ബിനു ചുള്ളിയിലിനാണ്. ഏത് ഗ്രൂപ്പാണ്? കെ സി ഗ്രൂപ്പ്. എ, ഐ തുടങ്ങി കേരളത്തിലുള്ള സകല ഗ്രൂപ്പുകളും അബിനുവേണ്ടി ചെണ്ട കൊട്ടിയിട്ടും ഫലമുണ്ടായില്ല. യൂത്ത് കോൺഗ്രസ് ഭാരവാഹികളെ കണ്ടെത്താൻ രാഹുൽഗാന്ധി മുന്നോട്ടുവച്ച നിയമാവലിപോലും അട്ടിമറിച്ചാണ് പ്രഖ്യാപനം! ഇനിയും മനസ്സിലാകാത്ത കോൺഗ്രസുകാരുണ്ടെങ്കിൽ ആലപ്പുഴയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന പരിപാടികൾ ശ്രദ്ധിച്ചാൽ മതി. മാരത്തൺ പരിപാടികളുടെ പടതന്നെയാണവിടെ. മറ്റൊരു എംപിയും ഇത്ര ആസൂത്രിതമായി ആളെ കൂട്ടി പരിപാടികൾ നടത്തുന്നില്ല.
അതായത്, സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമാകാൻ കെ സി വേണുഗോപാൽ വരുന്നുവെന്നത് വെറും ഉമ്മാക്കിയല്ല. കെ സിയുടെതന്നെ അനുയായി പറഞ്ഞത് ‘ഒ സിയെപ്പോലെ അവസാന വാക്ക് പറയാൻ ഒരു നേതാവ് കേരളത്തിൽ വേണം’ എന്നാണ്. ഉമ്മൻചാണ്ടിയെപ്പോലെ ആകാൻ കെ സി വേണുഗോപാലിന് സാധിക്കുമോ, അങ്ങനെ ആകലാണോ പരിഹാരം എന്നൊക്കെ കോൺഗ്രസുകാർ തീരുമാനിക്കണം. പക്ഷേ, മുതിർന്ന ഒരു നിര നേതാക്കൾ സജീവമായി നിൽക്കുന്നുണ്ട് കേരളത്തിൽ. അവരുടെ കൺമുന്നിൽനിന്നാണ് കോൺഗ്രസിന്റെ പോഷകസംഘടനകളെയെല്ലാം ഓരോന്നായി വേണുഗോപാൽ പിടിച്ചെടുത്തത്. ജെബി മേത്തർ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംപിയുമായപ്പോൾ, കോൺഗ്രസിലെ സംസാരം ‘അതെല്ലാം പെയ്‌ഡ്’ ആണെന്നായിരുന്നു. പക്ഷേ, ക്രമേണ ‘കെ സി ചെന്പ്’ തെളിഞ്ഞു. കെപിസിസി പ്രസിഡന്റായപ്പോൾ കെ സുധാകരൻ ഇടവും വലവും ഭാരവാഹികളായി നിർത്തിയവർ ആരെല്ലാമായിരുന്നു? ഓർമയുണ്ടല്ലോ. അതിൽ ചിലരുടെ പേര് കേട്ടാൽ സുധാകരന്റെ നിലതെറ്റുന്ന അവസ്ഥയാണിന്ന്. തന്റെ ആളുകളാണെന്ന് ആത്മാർഥമായി വിശ്വസിച്ചാണ് ഇവർക്ക് ചെല്ലും ചെലവും നൽകിയത്. അങ്ങനെയുള്ള സുധാകരന് മാരകരോഗമാണെന്നുവരെ വാർത്ത! കെപിസിസി പ്രസിഡന്റിന്റെ തീരുമാനങ്ങളും കമന്റുകളും അബദ്ധമാണെന്നും ഭീകര ഓർമക്കുറവാണെന്നും പ്രചരിപ്പിച്ചു. പ്രസിഡന്റുകസേര പോയപ്പോഴാണ് ‘സ്വന്തം ഗ്രൂപ്പു’കാരുടെ കൂറ് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.














